കാട്ടാക്കട: വെള്ളായണി കാർഷിക കോളേജിലെ അവസാന വർഷ ബിരുദ വിദ്യാർഥികളുടെ ഗ്രാമീണ അവബോധ പ്രവൃത്തി പരിചയ പരിപാടിയുടെ ഭാഗമായിട്ടുള്ള ഗ്രാമീണ സഹവാസ പരിപാടി 'ഗ്രാമോദയ ' ഏപ്രിൽ 30 മുതൽ മെയ് 7 വരെ കാട്ടാക്കട ഗ്രാമപഞ്ചായത്തിൽവച്ച് നടക്കും. വെള്ളയാണി കാർഷിക കോളേജ്, കാർഷിക വിജ്ഞാന വ്യാപന വിദ്യാഭ്യാസ വിഭാഗം, കാട്ടാക്കട ഗ്രാമ പഞ്ചായത്ത്, കൃഷി ഭവൻ തുടങ്ങിയവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
പഞ്ചായത്തിലെ കൃഷി രീതികളെ കുറിച്ച് പഠിക്കുക, കർഷകർ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച് പരിഹാരമാർഗങ്ങൾ നിർദേശിക്കുക എന്നതാണ് പരിപാടിയുടെ പ്രധാന ലക്ഷ്യങ്ങൾ. ഗ്രാമോദയയുടെ ഭാഗമായി കാർഷിക സെമിനാറുകൾ, കാർഷിക ക്ലിനിക്, പരിശീലന പരിപാടികൾ, കർഷകരും ജനപ്രതിനിധികളുമായുള്ള ചർച്ചകൾ, അടുക്കളത്തോട്ട നിർമ്മാണം, കാർഷിക പ്രദർശനം, പാചക മത്സരം തുടങ്ങി വിവിധ പരിപാടികളാണ് കർഷകർക്കായി സംഘടിപ്പിച്ചിരിക്കുന്നത്.
മെയ് 3 ശനിയാഴ്ച രാവിലെ 9 മുതൽ 1 വരെ 8 വാർഡുകളിലായി അഗ്രി ക്ലിനിക്കും, കൊല്ലോട് വാർഡിൽ ഉച്ചയ്ക്ക് 2 മുതൽ 4 വരെ കൂൺകൃഷി പരിശീലനവും, മണ്ണ് പരിശോധനയും നടത്തുന്നു. മെയ് 5 തിങ്കളാഴ്ച കോഴി വളർത്തൽ, കർഷകരുടെ തദ്ദേശീയ അറിവുകളും അനുഭവങ്ങളും എന്നീ വിഷയങ്ങളിൽ സെമിനാറുകളും, വൈകുന്നേരം 4.30 മുതൽ 7 വരെ അടുക്കളത്തോട്ട നിർമ്മാണവും സംഘടിപ്പിക്കുന്നു. മെയ് 6 ചൊവ്വാഴ്ച വിദ്യാർഥികൾ നടത്തുന്ന കാർഷിക സെമിനാറുകളും, കർഷകർക്കായുള്ള മത്സരങ്ങളും ഉണ്ടായിരിക്കുന്നതാണ്. അവസാന ദിവസമായ മെയ് 7 ന് കാർഷിക ഉൽപ്പന്നങ്ങളുടെ പ്രദർശന വിപണന മേള, തദ്ദേശീയരുടെയും കർഷകരുടെയും കലാപ്രകടനങ്ങൾ, കുടുംബശ്രീ പ്രവർത്തകരുടെ പാചക മത്സരം, ലഹരിക്കെതിരായ അവബോധ പ്രചാരണ പ്രവർത്തനങ്ങൾ തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു.
പ്രദേശത്തെ കാർഷിക മേഖല മെച്ചപ്പെടുത്തുന്നതിനു കർഷകരുടെ തദ്ദേശീയ അറിവുകൾ, ആധുനിക കാർഷിക സാങ്കേതിക വിദ്യകൾ എന്നിവയുടെ സംയോജനം സാധ്യമാക്കുകയും, സുസ്ഥിരമായ കാർഷിക വികസനത്തിന് ഉതകുന്ന സമഗ്രമായ കാർഷിക പ്ലാൻ കർഷകരുടെയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും കൂട്ടായ പങ്കാളിത്തതോടെ തയ്യാറാക്കുകയും, അത് തുടർ വർഷങ്ങളിലെ കാർഷിക പദ്ധതികളുടെ നടത്തിപ്പിന് പ്രയോജനപ്പെടുത്തുകയും വഴി മികച്ച വികസന മാതൃക സൃഷ്ടിക്കുകയാണ് ഗ്രാമോദയ പരിപാടിയിലൂടെ കാർഷിക സർവകലാശാലയിലെ വിദ്യാർഥികൾ.
Content Highlights: Vellayani Agricultural College students partner with farmers in Kattakada for a week-long program
Published: 30 Apr 2025, 02:11 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented