
തിരുവനന്തപുരം: ഫ്‌ലോറിഡയിലെ കെന്നഡി സ്‌പെയ്സ് സെന്ററില്‍നിന്ന് ബുധനാഴ്ച ഉച്ചയ്ക്ക് കുതിച്ചുയര്‍ന്ന ആക്‌സിയം 4 മിഷനില്‍ ഇന്ത്യയില്‍നിന്ന് ശുഭാംശു ശുക്ല മാത്രമല്ല, അന്താരാഷ്ട്ര ബഹിരാകാശകേന്ദ്രത്തില്‍ എത്തുന്നത്. വെള്ളായണി കാര്‍ഷികകോളേജ് വികസിപ്പിച്ച അഞ്ച് വിത്തിനങ്ങള്‍കൂടി പ്രത്യേകം തയ്യാറാക്കിയ പേടകത്തില്‍ ബഹിരാകാശകേന്ദ്രത്തില്‍ എത്തുന്നുണ്ട്.
വലിയമല ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പെയ്സ് ആന്‍ഡ് ടെക്നോളജി (ഐഐഎസ്ടി) നടത്തുന്ന സ്‌പെയ്സ് ബയോളജി ഗവേഷണത്തിന്റെ ഭാഗമായാണ് പ്രത്യേകം തയ്യാറാക്കിയ രണ്ടു ചെറിയപെട്ടികളില്‍ വിത്തിനങ്ങള്‍ ബഹിരാകാശത്ത് എത്തിക്കുന്നത്. 'ക്രോപ് സീഡ്സ് ഓണ്‍ ഐഎസ്എസ്' എന്നതാണ് ഗവേഷണപദ്ധതി.
ഗുരുത്വാകര്‍ഷണം തീരെക്കുറഞ്ഞതോ ഒട്ടും ഇല്ലാത്തതോ ആയ അവസ്ഥയില്‍ വിത്തുകള്‍ എങ്ങനെ പ്രതികരിക്കുമെന്ന് മനസ്സിലാക്കുകയാണ് ഈ ഗവേഷണത്തിന്റെ ലക്ഷ്യം. കാര്‍ഷികകോളേജ് വികസിപ്പിച്ച ഉമ, ജ്യോതി എന്നീ നെല്ലിന്റെയും തിലകാര എന്ന എള്ളിന്റെയും വിത്തുകള്‍ക്കൊപ്പം തക്കാളി, വഴുതന, കുറ്റിപ്പയര്‍ എന്നിവയുടെ വിത്തുകളും പരീക്ഷണത്തിനായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അന്താരാഷ്ട്ര ബഹിരാകാശകേന്ദ്രത്തിലെ ആവാസവ്യവസ്ഥയില്‍ രണ്ടാഴ്ച വെച്ചതിനുശേഷം ശുഭാംശു ശുക്ല മടങ്ങുമ്പോള്‍ തിരിച്ചുഭൂമിയിലെത്തിക്കും. പിന്നീട് ഇവിടെ മുളപ്പിച്ചെടുക്കുമ്പോള്‍ രണ്ടാഴ്ചത്തെ ബഹിരാകാശവാസം എന്തുമാറ്റം ഉണ്ടാക്കിയെന്ന് കണ്ടെത്തും.
ഐഐഎസ്ടിയിലെ സ്‌പെയ്സ് ബയോളജി വിഭാഗം അധ്യാപിക ഡോ. ശ്രീജാ ലക്ഷ്മിയുടെ നേതൃത്വത്തിലാണ് ഗവേഷണം. വിത്തുകള്‍ ബഹിരാകാശത്ത് കേടുകൂടാതെ സൂക്ഷിക്കുന്നതിന് അനുയോജ്യമായ പേടകം തയ്യാറാക്കുന്നതായിരുന്നു വലിയ വെല്ലുവിളിയെന്ന് ശ്രീജാ ലക്ഷ്മി മാതൃഭൂമിയോടു പറഞ്ഞു. യൂറോപ്യന്‍ സ്‌പെയ്സ് ഏജന്‍സി ഉള്‍പ്പെടെയുള്ളവരുടെ സഹായത്തോടെയാണ് ഇതു തയ്യാറാക്കിയതെന്നും ഡോ. ശ്രീജ പറഞ്ഞു. ബഹിരാകാശകേന്ദ്രത്തില്‍ ശുഭാംശു ശുക്ല ഉള്‍പ്പെടെയുള്ളവര്‍ ഈ വിത്തുകളില്‍ നടത്തുന്ന പഠനങ്ങള്‍ തത്സമയം കാണാനുള്ള സൗകര്യം ഐഐഎസ്ടിയില്‍ ഒരുക്കിയിട്ടുണ്ട്.
ചരിത്രദൗത്യത്തില്‍ മലയാളിയുടെ പ്രമേഹ ഗവേഷണവും
ദുബായ്: ശുഭാംശു ശുക്ലയുള്‍പ്പെടെയുള്ളവര്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോകുന്ന ആക്‌സിയം-4 ദൗത്യം മലയാളിക്കും അഭിമാനമുഹൂര്‍ത്തം. പ്രമുഖ ആരോഗ്യസംരംഭകനായ ഡോ. ഷംഷീര്‍ വയലില്‍ വിഭാവനം ചെയ്ത പ്രമേഹ ഗവേഷണ പദ്ധതിയായ 'സ്വീറ്റ് റൈഡ്' ആക്‌സിയം-4 ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമാകും. ഡോ. ഷംഷീര്‍ സ്ഥാപകനും ചെയര്‍മാനുമായ ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ് ആക്‌സിയം സ്‌പെയ്സുമായി ചേര്‍ന്ന് വികസിപ്പിച്ച പദ്ധതി പ്രമേഹത്തിന്റെ പരിമിതികളെ മറികടക്കുന്നതിനുള്ള അത്യാധുനിക ഗവേഷണത്തിന് വഴിയൊരുക്കും. നാസ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ സഹായത്തോടെയാണ് ഗവേഷണം. മൈക്രോഗ്രാവിറ്റിയില്‍ ശരീരത്തിലെ ഗ്‌ളൂക്കോസ് ഉപാപചയപ്രവര്‍ത്തനത്തെപ്പറ്റിയാണ് പഠനം.
Content Highlights: shubhanshu shuklas space mission five seed verieties set to space
Published: 26 Jun 2025, 07:02 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented