കുത്തനെ വര്‍ധിപ്പിച്ച ഫീസിന്റെ ഭാരം താങ്ങാനാവാതെ സങ്കടക്കഥ ചിത്രീകരിച്ച് സാമൂഹികമാധ്യമത്തില്‍ പോസ്റ്റിട്ട്‌ വെള്ളായണി കാര്‍ഷിക കോളേജില്‍നിന്ന് പടിയിറങ്ങിയ ബിഎസ്‌സി അഗ്രിക്കള്‍ച്ചര്‍ വിദ്യാര്‍ഥിക്ക് പഠനം തുടരാനുള്ള വാഗ്ദാനങ്ങളുമായി മന്ത്രിയും സര്‍വകലാശാല-കോളേജ് അധികൃതരും രംഗത്തെത്തിയതില്‍ പ്രതികരണവുമായി പുതുപ്പാടി വാനിക്കര അര്‍ജുന്‍.

To advertise here,

തനിക്കുമാത്രമായി പ്രത്യേകപരിഗണന വേണ്ടെന്നും എല്ലാവര്‍ക്കും പഴയ ഫീസാക്കിയാല്‍മാത്രം കോളേജില്‍ തിരിച്ചുകയറുന്നത് പരിഗണിക്കുമെന്നും അര്‍ജുന്‍ അറിയിച്ചു.

ടിസി വാങ്ങി ഇറങ്ങിയ അര്‍ജുനെ അടിയന്തരമായി ബന്ധപ്പെട്ട് തിരികെ കോളേജില്‍ പ്രവേശിപ്പിക്കാന്‍ കൃഷിമന്ത്രി പി. പ്രസാദ് സര്‍വകലാശാലാ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ആശങ്കകള്‍ പരിഹരിക്കാമെന്ന് ഉറപ്പുനല്‍കിയ വെള്ളായണി കാര്‍ഷിക കോളേജ് അധികൃതര്‍, ഇക്കാര്യം വ്യക്തമാക്കി അര്‍ജുന് ഇ-മെയില്‍ അയക്കുകയും ചെയ്തു. തുടര്‍ന്നാണ് പ്രതികരണവുമായി അര്‍ജുന്‍ രംഗത്തെത്തിയത്.

'എല്ലാവര്‍ക്കും ഒരുപോലെ ഫീസാണെങ്കില്‍മാത്രം എനിക്കത് കിട്ടിയാല്‍മതി. അപേക്ഷിക്കുന്നസമയത്ത് 15,000 രൂപയോളമേ ഫീസുള്ളൂവെന്നുകണ്ടാണ് കോളേജില്‍ ചേര്‍ന്നത്. പിന്നീടാണ് അരലക്ഷം രൂപയോളം വരുമെന്നറിഞ്ഞത്. പലരും സാഹചര്യം കൊണ്ട് പിടിച്ചുനില്‍ക്കുന്നതാണ്' -അര്‍ജുന്‍ പറഞ്ഞു.

തുടര്‍പഠനത്തിന് പിന്തുണയ്ക്കുമെന്ന് ഡീനിന്റെ കത്ത്

താമരശ്ശേരി ഭാരിച്ച ഫീസിന്റെപേരില്‍ വെള്ളായണി ഗവ. കാര്‍ഷിക കോളേജിലെ ബിഎസ്‌സി അഗ്രിക്കള്‍ച്ചര്‍ പഠനം ഉപേക്ഷിച്ച അര്‍ജുന് തുടര്‍പഠനത്തിന് പിന്തുണ വാഗ്ദാനം ചെയ്ത് കോളേജ് അധികൃതര്‍. കാര്‍ഷിക കോളേജ് ഡീന്‍ ഡോ. ജേക്കബ് ജോണ്‍ ഇക്കാര്യം വിശദമാക്കി അര്‍ജുന് തിങ്കളാഴ്ച ഇ-മെയില്‍ അയച്ചു.

സംസ്ഥാനസര്‍ക്കാരിന്റെ ഇ-ഗ്രാന്റ്‌സ് പദ്ധതി മുഖേനയുള്ള സാമ്പത്തികസഹായത്തോടൊപ്പം, കാര്‍ഷികസര്‍വകലാശാല വിസിയുടെ പ്രത്യേക സ്‌കോളര്‍ഷിപ്പും അര്‍ജുന് പ്രയോജനപ്പെടുത്താമെന്ന് തന്റെ ചേംബറില്‍ നടത്തിയ ചര്‍ച്ചയില്‍ സൂചിപ്പിച്ചിരുന്നതായി ഡീനിന്റെ കത്തില്‍ പറയുന്നു.

ഇവകൂടാതെ, ഉറപ്പുനല്‍കിയതുപോലെ വെള്ളായണി കാര്‍ഷിക കോളേജിലെ പൂര്‍വവിദ്യാര്‍ഥിസംഘടന അര്‍ജുന്റെ നാലുവര്‍ഷത്തെ ബിരുദപഠനത്തിന് സഹായമേകുമെന്ന് കത്തില്‍ വാഗ്ദാനം ചെയ്യുന്നു. ആവശ്യമെങ്കില്‍ വെള്ളായണി കാര്‍ഷിക കോളേജിലെ രക്ഷാകര്‍ത്തൃ-അധ്യാപക അസോസിയേഷനും മതിയായ സാമ്പത്തിക സഹായം നല്‍കുമെന്ന് ഡീന്‍ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.