കുത്തനെ കൂട്ടിയ ഫീസിന്റെ ഭാരം താങ്ങാനാവാതെ കേരള കാര്‍ഷിക സര്‍വകലാശാലയ്ക്കു കീഴിലെ വെള്ളായണി ഗവ. കാര്‍ഷിക കോളേജില്‍ നിന്ന് ടിസി വാങ്ങി ഇറങ്ങിയ പുതുപ്പാടി വാനിക്കര അര്‍ജുന്‍ (28) ഇനിയവിടെ പഠനം തുടരില്ല. ഇത്രയൊക്കെ വിഷയങ്ങളുണ്ടായ സ്ഥിതിക്ക് അവിടെ പഠനം തുടരേണ്ടന്നുതന്നെയാണ് തീരുമാനമെന്നും കേരള കാര്‍ഷിക സര്‍വകലാശാല അധികൃതര്‍ തന്നെ 'ഫ്രോഡ്' എന്ന് വിളിച്ചത് വല്ലാതെ വിഷമിപ്പിച്ചുവെന്നും അര്‍ജുന്‍ 'മാതൃഭൂമി'യോട് പറഞ്ഞു.

To advertise here,

ആറുമാസം കഴിഞ്ഞ് നീറ്റ് പരീക്ഷയെഴുതി വെറ്ററിനറി സയന്‍സ് കോഴ്‌സില്‍ പ്രവേശനം നേടണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ഇതിനുള്ള മുന്നൊരുക്കത്തിനായി കോഴിക്കോട്ടെ സ്വകാര്യ എന്‍ട്രന്‍സ് പരീക്ഷാ പരിശീലനകേന്ദ്രത്തില്‍ വ്യാഴാഴ്ച ചേരുമെന്നും അര്‍ജുന്‍ അറിയിച്ചു.

'ഒരു ന്യൂസ് ചാനലിന് നല്‍കിയ ശബ്ദസന്ദേശത്തില്‍ വൈസ് ചാന്‍സലര്‍ എന്നെ ഫ്രോഡ് എന്നാണ് അഭിസം ബോധനചെയ്തത്. ഇ-ഗ്രാന്‍സ് ആനുകൂല്യത്തിന് അര്‍ഹതയുണ്ടെന്നിരിക്കെ തീരുമാനമുണ്ടാകുന്നതും കാത്തുനില്‍ക്കാതെ ഞാന്‍ പെട്ടെന്ന് ഇറങ്ങിയത് തെറ്റായിപ്പോയെന്ന് വേണമെങ്കില്‍ അവര്‍ക്ക് പറയാം. എന്നാല്‍, ഫ്രോഡ് എന്ന് വിളിക്കേണ്ട തരത്തിലുള്ള ഒരു പരിപാടി ഞാന്‍ അവിടെ ചെയ്തിട്ടില്ല, നല്ലൊരു സ്ഥാനംവഹിക്കുന്ന ആളുടെ വായില്‍ നിന്ന് വരേണ്ടിയിരുന്ന വാക്കല്ല അത്. ഇനി ആ കോളേജില്‍ പോയാല്‍ എന്റെ ഭാഗത്ത് എന്തെങ്കിലും ചെറിയ പിഴവുവന്നാല്‍പ്പോലും അത് ഭയങ്കരമായി ബാധിക്കും. അതില്‍ എന്നെപ്പോലെ വീട്ടുകാര്‍ക്കും ആശങ്കയുണ്ട്. അങ്ങനെയാണ് ഇനി അങ്ങോട്ടേക്ക് പോവേണ്ടെന്നു തീരുമാനിച്ചത്. എന്നെക്കാള്‍ നല്ല റാങ്കുള്ള ഒരുപാട് കുട്ടികള്‍ അവിടെയുണ്ട്. ഇനി എനിക്ക് പ്രത്യേക പരിഗണനകിട്ടി അവിടെ പഠനം തുടര്‍ന്നാല്‍ ഭാരിച്ച ഫീസ് അടയ്‌ക്കേണ്ടിവരുന്ന അവരുടെ പ്രയാസം കാണേണ്ടിവരും. ഞാന്‍ അവര്‍ക്കുകൂടി വേണ്ടിയാണ് സംസാരിച്ചത്' അര്‍ജുന്‍ പറഞ്ഞു.

താമരശ്ശേരി ചോയിയോട് ബാലഭവന്‍മുക്കിന് സമീപം താമസിക്കുന്ന വാനിക്കര സത്യരാജന്റെയും ബീനയുടെയും മകനായ അര്‍ജുന്‍ ഇക്കഴിഞ്ഞ 24-നായിരുന്നു അധ്യയനം തുടങ്ങും മുന്‍പേ പഠനം നിര്‍ത്തി വെള്ളായണി കാര്‍ഷിക കോളേജിന്റെ പടിയിറങ്ങിയത്.

സെമസ്റ്ററിന് 15,000 രൂപ ഫീസ് എന്ന് വിജ്ഞാപനത്തില്‍ക്കണ്ട് അഗ്രിക്കള്‍ച്ചര്‍ ബിരുദ കോഴ്‌സില്‍ പ്രവേശനം നേടിയ അര്‍ജുന്‍ അരലക്ഷം രൂപയാണ് ഫീസെന്നറിഞ്ഞതോടെ തന്റെ ദുരവസ്ഥ ചിത്രീകരിച്ച് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റുചെയ്തശേഷം പഠനം നിര്‍ത്തി മടങ്ങുകയായിരുന്നു. വീഡിയോ വൈറലായതോടെ സര്‍വകലാശാല, കോളേജ് അധികൃതരും കൃഷിമന്ത്രിയും പഠനം തുടരാനുള്ള സഹായവാഗ്ദാനങ്ങളുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍, തനിക്കുമാത്രമായി പ്രത്യേക പരിഗണന വേണ്ടെന്നും എല്ലാവരുടെയും ഫീസ് കഴിഞ്ഞവര്‍ഷത്തെ നിരക്കിലേക്ക് ആക്കണമെന്നുമായിരുന്നു അര്‍ജുന്റെ പ്രതികരണം.