
വര്‍ധിപ്പിച്ച ഫീസിനെക്കുറിച്ച് അര്‍ജുന്‍ പങ്കുവെച്ച വീഡിയോയില്‍ നിന്ന്
വര്‍ധിപ്പിച്ച ഫീസ് താങ്ങാനാവാതെ വിദ്യാര്‍ഥി തിരുവനന്തപുരം വെള്ളായണി സര്‍ക്കാര്‍ കാര്‍ഷിക കോളേജിലെ പഠനം അവസാനിപ്പിച്ചു. മടങ്ങുംമുന്‍പ് കോളേജിന്റെ മുന്‍പില്‍നിന്ന് തന്റെ നിസ്സഹായാവസ്ഥ വിവരിച്ച് ഒരു വീഡിയോ ചിത്രീകരിച്ചു. താമരശ്ശേരി സ്വദേശി അര്‍ജുനാണ് സര്‍വകലാശാലയുടെ ഇരുട്ടടിയില്‍ ദുഃഖകഥാപാത്രമായത്.
തനിക്കു പുതിയ ഫീസില്‍ കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ സാധിക്കില്ലെന്ന് തിരിച്ചറിഞ്ഞാണ് ടിസി വാങ്ങുന്നതെന്നും തന്നെപ്പോലെ ഒരുപാടു പേര്‍ക്ക് ഈ ഫീസ് താങ്ങാവുന്നതിനുമപ്പുറമാണെന്നും അര്‍ജുന്‍ പറയുന്നു. നീറ്റില്‍ നല്ല റാങ്ക് നേടി സര്‍ക്കാര്‍ കോളേജില്‍ പ്രവേശനം നേടുന്നവരില്‍നിന്നു സ്വകാര്യ കോളേജുകളില്‍ വാങ്ങുന്ന ഫീസ് ഈടാക്കുന്നത് ന്യായമാണോ എന്നും അര്‍ജുന്‍ ചോദിക്കുന്നു. ടിസി കാട്ടിക്കൊണ്ടുള്ള അര്‍ജുന്റെ വീഡിയോ സാമൂഹികമാധ്യമത്തില്‍ പ്രചരിക്കുന്നുണ്ട്.
സെമസ്റ്ററിന് 15,000 രൂപ ഫീസ് എന്ന് വിജ്ഞാപനത്തില്‍ കണ്ടാണ് വിഎച്ച്എസ്ഇക്കു അഗ്രിക്കള്‍ച്ചറല്‍ മുഖ്യവിഷയമായി പഠിച്ച അര്‍ജുന്‍ ബിരുദ കോഴ്‌സിന് ചേരാന്‍ അപേക്ഷ നല്‍കിയത്. മെറിറ്റില്‍ വെള്ളായണി കാര്‍ഷിക കോളേജില്‍ പ്രവേശനവും കിട്ടിയപ്പോള്‍ വലിയ പ്രതീക്ഷ നല്‍കി. എന്നാല്‍, ഇവിടെയെത്തി കോഴ്‌സിനു ചേര്‍ന്നശേഷമാണ് സെമസ്റ്റര്‍ ഫീസ് 50,000 രൂപയായി വര്‍ധിപ്പിച്ചത് അര്‍ജുന്‍ അറിയുന്നത്. ഒരു സാധാരണ കര്‍ഷക കുടുംബത്തിലെ അംഗമായ തനിക്ക് ഈ ഫീസില്‍ എട്ട് സെമസ്റ്റര്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കില്ലെന്നു മനസ്സിലാക്കി താമരശ്ശേരി പുതുപ്പാടി വാണിക്കരവീട്ടില്‍ അര്‍ജുന്‍ വെള്ളിയാഴ്ച നാട്ടിലേക്കു മടങ്ങി.
അച്ഛന്‍ സത്യരാജനും അമ്മ ബീനയും ചെറുകിട കര്‍ഷകരാണ്. കുട്ടിക്കാലംമുതല്‍തന്നെ കൃഷിയുമായി അടുപ്പമുള്ളതുകൊണ്ടാണ് കൃഷിയില്‍ ഉന്നത പഠനത്തിന് തയ്യാറെടുത്തത്. കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലെ തൃശ്ശൂര്‍, തിരുവനന്തപുരം, കാസര്‍കോട്, വയനാട് ജില്ലകളിലെ കോളേജുകളിലായി ഏകദേശം നാനൂറിലധികം വിദ്യാര്‍ഥികള്‍ ബിഎസ്സി അഗ്രിക്കള്‍ച്ചറല്‍ കോഴ്സിനു പഠിക്കുന്നുണ്ട്. ഫീസ് വര്‍ധിപ്പിച്ചതോടെ അഗ്രിക്കള്‍ച്ചറല്‍ കോഴ്സിന്റെ എട്ട് സെമസ്റ്ററുകള്‍ പൂര്‍ത്തിയാക്കി ഇറങ്ങുന്ന ഒരു വിദ്യാര്‍ഥിക്ക് നാലുലക്ഷം രൂപയോളം ചെലവു വരും. ഇതുകൂടാതെ ഹോസ്റ്റല്‍ ഫീസ് ഉള്‍പ്പെടെയുള്ള മറ്റ് ഫീസുകള്‍ വേറെയും.
Content Highlights: A student was forced to leave an agricultural college due to a steep fee increase. He shared his plight in a video, questioning the fairness of the new fees for government college admissions.
Published: 26 Oct 2025, 08:56 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented