
വര്‍ധിപ്പിച്ച ഫീസിനെക്കുറിച്ച് അര്ജുന് പങ്കുവെച്ച വീഡിയോയില്‍ നിന്ന്
താമരശ്ശേരി: “കേരളത്തിൽ എംബിബിഎസിന് ഇല്ലാത്ത ചെലവുവർധന എന്തിനാ അഗ്രിക്കൾച്ചറിന്. ഈ കോഴ്‌സ് പഠിക്കാൻ ആഗ്രഹിച്ചതാണോ തെറ്റ്. സർക്കാർ കോളേജിൽ മെറിറ്റിൽ കിട്ടിയ എനിക്ക് എന്തിനാ സാർ സ്പോൺസർഷിപ്പ്. എന്നെപ്പോലെ എത്രയോപേരുണ്ട് ഇത്രയും ഫീസ് അടയ്ക്കാനാവാത്തവരായി. അതുകൊണ്ടാ പലരും വിളിച്ചിട്ടും എനിക്കുമാത്രമായി സ്പോൺസർഷിപ്പ് വേണ്ടെന്നുപറഞ്ഞത്.” -കുത്തനെ വർധിപ്പിച്ച ഫീസിന്റെ ഭാരം താങ്ങാനാവാതെ വെള്ളായണി കാർഷിക കോളേജിൽനിന്ന് ടിസി വാങ്ങി മടങ്ങിയ അർജു(23)ന്റേതാണ് ഈ വാക്കുകൾ.
‘മാതൃഭൂമി’ വാർത്തയെത്തുടർന്ന് ഒരുപാടുപേർ സഹായ, സ്പോൺസർഷിപ്പ് വാഗ്ദാനവുമായി തന്നെ സമീപിച്ചെങ്കിലും അതെല്ലാം താൻ പൂർണമനസ്സാലേ നിരസിച്ചതായി ഈ 23-കാരൻ പറയുന്നു. “സംഭവത്തിനുശേഷം കോളേജ് അധികൃതരാരും ബന്ധപ്പെട്ടിട്ടില്ല. വർധിപ്പിച്ച ഫീസ് അടയ്ക്കാൻ പണം വേണമല്ലോ. അത്രയും കൈയിലില്ലാത്തവർ എന്തുചെയ്യും. വിവരം വീട്ടിലറിഞ്ഞപ്പോൾ അവർക്ക് സങ്കടമായി. ലോണെടുത്ത് പഠിച്ചോളൂ എന്നാണ് പറഞ്ഞതെങ്കിലും അത് വേണ്ടെന്നുവെച്ചു. ഇനി എന്തുചെയ്യണമെന്ന് ആലോചിച്ചിട്ടില്ല. അടുത്തതവണയും നീറ്റ് എഴുതണം. ഇത്ര ഫീസില്ലാത്ത വെറ്ററിനറിയിലേക്കു മാറണം. അതാണ് ഇനി ആലോചിക്കുന്നത്.”
ചോയിയോട് ബാലഭവൻമുക്കിനു സമീപത്തെ ആദ്യകാല കർഷകനായ പുതുപ്പാടി വാനിക്കര സത്യരാജന്റെയും ബീനയുടെയും മകനാണ് അർജുൻ. താമരശ്ശേരി ജിവിഎച്ച്എസ്എസിൽനിന്ന് ലൈവ് സ്റ്റോക്ക് മാനേജ്‌മെന്റിൽ വിഎച്ച്എസ്എസി പഠനം കഴിഞ്ഞ് മണ്ണുത്തി വെറ്ററിനറി കോളേജിൽനിന്ന് പൗൾട്രി പ്രൊഡക്‌ഷനിൽ ഡിപ്ലോമ നേടിയ അർജുൻ, ഇഷ്ടമുള്ള വിഷയം ആസ്വദിച്ച് മനഃസമാധാനത്തോടെ പഠിക്കാൻവേണ്ടിയാണ് കാർഷിക കോളേജിൽ ചേർന്നത്. എന്നാൽ, സെമസ്റ്ററിന് 15,000 രൂപ ഫീസ് എന്ന് വിജ്ഞാപനത്തിൽ കണ്ട് അഗ്രിക്കൾച്ചർ ബിരുദ കോഴ്‌സിൽ പ്രവേശനം നേടിയ അർജുൻ അരലക്ഷംരൂപയാണ് ഫീസെന്നറിഞ്ഞ് ഇക്കഴിഞ്ഞ 24-ന് അധ്യയനം തുടങ്ങുംമുൻപേ കാർഷിക കോളേജിന്റെ പടിയിറങ്ങുകയായിരുന്നു. കോളേജിൽനിന്ന് മടങ്ങുംമുൻപ് തന്റെ ദുരവസ്ഥ വിശദമാക്കിക്കൊണ്ട് അർജുൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് നാട് ആ സങ്കടക്കഥ അറിഞ്ഞത്. വർഷങ്ങളോളം നെൽക്കൃഷി ചെയ്തിരുന്ന കർഷകനായിരുന്നു അർജുനിന്റെ പിതാവ് സത്യരാജൻ. പിന്നീട് കുറെക്കാലം ഡ്രൈവറായി ജോലിനോക്കിയെങ്കിലും ശാരീരികാവശതകൾ കാരണം വീടിനുസമീപം ഒരു പെട്ടിക്കടയിട്ട് ഉപജീവനം കഴിക്കേണ്ടിവന്നു. വിവാഹം കഴിച്ചുപോയ ചേച്ചിയെക്കൂടാതെ വിദ്യാർഥിയായ ഒരു ജ്യേഷ്ഠസഹോദരികൂടിയുണ്ട് അർജുന്. സത്യരാജിന്റെ ചികിത്സയ്ക്കും മറ്റുമെല്ലാമായി വായ്പയെടുത്ത കടം കയറിയതോടെ, ഉണ്ടായിരുന്ന വീട് വിറ്റ് നിലവിലെ താമസസ്ഥലത്തേക്ക് ചേക്കേറുകയായിരുന്നു. ഇടയ്ക്ക് ടാക്സി ഓടിച്ചും മറ്റുമാണ് അർജുൻ തന്റെ ചെലവുകൾക്ക് പണം കണ്ടെത്തുന്നത്. എട്ട് സെമസ്റ്ററുകളിലായി നാലുലക്ഷത്തോളം രൂപയും അതിനുപുറമേ വരുന്ന ഹോസ്റ്റൽ ഫീസും തനിക്ക് താങ്ങാനാവില്ലെന്നും താൻ മറ്റുള്ള കുട്ടികൾക്കുകൂടിവേണ്ടിയാണ് സംസാരിച്ചതെന്നും അർജുൻ പറയുന്നു.
Content Highlights: A 23-year-old student left Kerala Agricultural University due to a massive fee hike, citing it as unaffordable compared to MBBS.
Published: 28 Oct 2025, 07:43 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented