
പ്രതീകാത്മകചിത്രം | നിർമിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്
ആഗോളീകരണ, ഉദാരീകരണ നയങ്ങളുടെപേരിൽ നടക്കുന്നത് കോർപ്പറേറ്റ് സൗകര്യമൊരുക്കലാണ്. എല്ലാ മേഖലയിലും ചെറുകിടക്കാർ ഇല്ലാതാകുകയും കോർപ്പറേറ്റുകൾ വളരുകയുംചെയ്യുന്നു. കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ കരട് വിത്തുബില്ലും കോർപ്പറേറ്റ് സൗകര്യമൊരുക്കലാണ്.
അപകടകരമായ സാഹചര്യം
വിത്തുമേഖലയുടെ ഇന്നത്തെ സ്ഥിതി ആശങ്കാജനകമാണ്. ലോകമെമ്പാടും വിത്തുത്പാദനത്തിന്റെയും വിതരണത്തിന്റെയും ഉടമസ്ഥാവകാശം ഏതാനും വലിയ കോർപ്പറേഷനുകളുടെ കൈകളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. കഴിഞ്ഞ 40 വർഷത്തിനിടയിൽ, ലോകത്തെ ഏറ്റവും വലിയ വിത്ത്-കീടനാശിനി കമ്പനികൾ വാണിജ്യ വിത്തുമേഖലയുടെ നിയന്ത്രണം കൈപ്പിടിയിലൊതുക്കാൻ ലോക വ്യാപാരസംഘടനയെയും ഉപോവ്, (International Union for the Protection of New Varieties of Plants ) ഐടിപിജിആർഎഫ്എ (International Treaty on Plant Genetic Resources for Food and Agriculture) കരാറുകളെയും ഉപയോഗിക്കുന്നു. ലോക വിത്തുവിപണിയുടെ 40 ശതമാനം രണ്ട് മുൻനിര കമ്പനികൾ നിയന്ത്രിക്കുന്നു. വിത്തുവിപണിയുടെ 62 ശതമാനം നാല് മുൻനിര കമ്പനികൾ നിയന്ത്രിക്കുന്നു. സ്വതന്ത്രവ്യാപാരക്കരാറുകളിൽ ഏർപ്പെടുമ്പോൾ ഉപോവ് കരാർ ഒപ്പിടണമെന്ന് അതിൽ വ്യവസ്ഥചെയ്യാൻ ഇന്ത്യപോലുള്ള മൂന്നാംലോകരാജ്യങ്ങളെ അമേരിക്കയും യൂറോപ്യൻ യൂണിയനും നിർബന്ധിക്കുന്നു. ഐടിപിജിആർഎഫ്എയിൽ പുതിയ ഭേദഗതികൾ കോർപ്പറേറ്റുകൾ സ്വാധീനംചെലുത്തി കൊണ്ടുവന്ന് ജനിതകങ്ങൾ കൈക്കലാക്കുന്നു. വിത്തുത്പാദനത്തിൽനിന്നും ഗവേഷണങ്ങളിൽനിന്നും സർക്കാർസംവിധാനങ്ങൾ പിന്മാറുന്നു. അപകടകരമായ ഈ സാഹചര്യത്തിൽ ലോകംമുഴുവൻ വിത്തുവിപണി അടക്കിവാഴുന്നവർക്ക് ഇന്ത്യയിൽ സൗകര്യമൊരുക്കലാണ് കരട് വിത്തുബിൽ വഴി കേന്ദ്രസർക്കാർ ചെയ്യുന്നത്. ഈ പ്രവണതകൾ ചെറുകിടകർഷകർക്ക് താങ്ങാനാകുന്ന വിലയിൽ ഉയർന്നനിലവാരമുള്ള വിത്തുകൾ കിട്ടുന്നത് ഇല്ലാതാക്കും. കൂടാതെ, വിത്തുകൾ സൂക്ഷിക്കാനും കൈമാറ്റംചെയ്യാനുമുള്ള അവരുടെ അവകാശങ്ങളിൽ നിയന്ത്രണങ്ങൾ വരും.
വൻകിടക്കാർക്ക് സൗകര്യം
എല്ലാ കോർപ്പറേറ്റ് വിത്തിനങ്ങളും 1966-ലെ വിത്തുനിയമവ്യവസ്ഥകൾപ്രകാരം രജിസ്റ്റർചെയ്യപ്പെട്ടിട്ടുള്ളതിനാൽ അവർ ഒട്ടുമിക്ക പ്രക്രിയയിൽനിന്നും ഒഴിവാകും. ചെറുകിടക്കാർ ഈ എല്ലാ വ്യവസ്ഥകളും ഉണ്ടാക്കണം. കേന്ദ്ര അക്രെഡിറ്റേഷൻ സംവിധാനവും അതിന്റെ ഭാഗമായി ദേശീയതലത്തിൽ അംഗീകാരം ലഭിച്ച കമ്പനികൾക്ക് എല്ലാ സംസ്ഥാനങ്ങളിലും അംഗീകാരം കിട്ടിയതായ വ്യവസ്ഥയും വൻകിട കോർപ്പറേറ്റുകൾക്ക് വളരെയധികം നേട്ടമുണ്ടാക്കുന്ന ഒരു നടപടിയാണ്.
സെക്ഷൻ 27 (ഇന്ത്യക്കുപുറത്തുള്ള പ്രദേശങ്ങളിലെ വിത്ത് സർട്ടിഫിക്കേഷൻ ഏജൻസികളുടെ അംഗീകാരം) ബഹുരാഷ്ട്രക്കമ്പനികൾക്ക് പുറത്തുള്ള വിത്തിനങ്ങൾ രജിസ്റ്റർചെയ്യാനുള്ള ഏറ്റവും നല്ല കുറുക്കുവഴിയാണ്.
സെക്ഷൻ 34 കുറ്റവും ശിക്ഷയും സംബന്ധിച്ചു പറയുന്നു. നിലവാരമില്ലാത്ത വിത്തുകൾ വിൽക്കുകയോ SATHI പോർട്ടലിൽ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാതിരിക്കുകയോ പോലുള്ള ചെറിയ കുറ്റകൃത്യങ്ങൾക്ക് ഒരുലക്ഷം രൂപമുതൽ പിഴ ഈടാക്കും. വ്യാജമായതോ രജിസ്റ്റർചെയ്യാത്തതോ ആയ വിത്തുകൾ വിൽക്കുന്നത് ഉൾപ്പെടെയുള്ള പ്രധാന ലംഘനങ്ങൾക്ക് 30 ലക്ഷംരൂപവരെ പിഴയും മൂന്നുവർഷംവരെ തടവും ലഭിക്കാം. കോടികൾ വരുമാനമുള്ള കമ്പനികൾക്ക് ഇതു നിസ്സാരകാര്യം. ചെറുകിടക്കാർക്ക് ഇതു നാശത്തിന്റെ വഴി.
കൃഷിസ്ഥലത്ത് സംരക്ഷിച്ച വിത്തുകൾ ‘വളർത്താനും വിതയ്ക്കാനും വീണ്ടും വിതയ്ക്കാനും സംരക്ഷിക്കാനും ഉപയോഗിക്കാനും കൈമാറ്റം ചെയ്യാനും പങ്കിടാനും അല്ലെങ്കിൽ വിൽക്കാനും’ വ്യക്തിഗതകർഷകന്റെ അവകാശം ബിൽ സ്ഥിരീകരിക്കുന്നു. ഇതാണ് ബില്ലിന്റെ ഒരു നല്ലവശം.
പ്രതിരോധം അസാധ്യം
ഗുണനിലവാരമില്ലാത്ത വിത്തുകൾ വിളനാശത്തിലേക്ക് നയിച്ചാൽ, കർഷകർക്ക് കോടതികളിലൂടെ നഷ്ടപരിഹാരംതേടേണ്ടിവരും. പല ചെറുകിടകർഷകർക്കും കോടതിവ്യവഹാരം അപ്രായോഗികമായ പ്രക്രിയയാണ്. നഷ്ടപരിഹാരത്തിനായി പ്രായോഗികമോ എളുപ്പം കർഷകന് നേടിയെടുക്കാവുന്നതോ ആയ ഒരുസംവിധാനവും ബിൽ വാഗ്ദാനംചെയ്യുന്നില്ലെന്നത്, ബിൽ കർഷകനുവേണ്ടിയല്ല കോർപ്പറേറ്റുകൾക്കുവേണ്ടിയാണ് എന്ന വാദത്തെ ന്യായീകരിക്കുന്നു.
വ്യക്തിഗതകർഷകർക്ക് വിത്തുകൾ സൂക്ഷിക്കാനും പങ്കിടാനും കഴിയുമെങ്കിലും കർഷക ഉത്പാദക സംഘടനകൾ, വനിതാ വിത്തുകൂട്ടായ്മകൾ, പരമ്പരാഗത വിത്തുസംരക്ഷണശൃംഖലകൾ എന്നിവപോലുള്ള കൂട്ടയ്മകളെ വാണിജ്യസ്ഥാപനങ്ങളായിമാത്രമാണ് ബിൽ പരിഗണിക്കുന്നത്. വലിയ കമ്പനികളുടെ അതേ കൂട്ടത്തിൽ ഇവയും മത്സരിക്കേണ്ടതുള്ളതുകൊണ്ട് കർഷകർക്ക് ഒരുമിച്ചുചേർന്നു കുത്തകകളെ പ്രതിരോധിക്കാനുള്ള സാധ്യത ഇല്ലാതാകുന്നു.
വിത്തുഗുണനിലവാരപരീക്ഷണങ്ങളിൽ വലിയ കമ്പനികൾ സാധാരണയായി ഉത്പാദിപ്പിക്കുന്ന ഏകീകൃത ഹൈബ്രിഡ് വിത്തുകളാണ് എളുപ്പം വിജയിക്കുക. തദ്ദേശീയവും വൈവിധ്യപൂർണവും കാലാവസ്ഥയെ പ്രതിരോധിക്കുന്നതുമായ ഇനങ്ങൾ മാനദണ്ഡങ്ങൾ പാലിക്കാൻ പാടുപെടുകയും ഔപചാരികവിപണികളിൽനിന്ന് ക്രമേണ അപ്രത്യക്ഷമാകുകയുംചെയ്തേക്കാം. വിത്തുകളുടെ വൈവിധ്യം കീടങ്ങളെ പ്രതിരോധിക്കുന്നതിൽ വളരെ പ്രധാനപ്പെട്ടതാണ്. വൈവിധ്യം നഷ്ടപ്പെടുന്നത് അതുകൊണ്ടുതന്നെ അപകടവുമാണ്.
ബിൽ വിപുലമായ ഡിജിറ്റൽ വിവരശേഖരണം വ്യവസ്ഥചെയ്യുന്നു. പരിമിതമായ ഡിജിറ്റൽസാക്ഷരതയുള്ള ചെറിയ ഗ്രാമീണ വിത്തുസൂക്ഷിപ്പുകാർക്ക് ക്യുആർ കോഡുകൾ, ഓൺലൈൻ സമർപ്പണങ്ങൾ, തുടർച്ചയായ ട്രാക്കിങ് എന്നിവ വെല്ലുവിളിയുയർത്തും.
വിദേശകമ്പനികൾക്ക്, വിദേശത്തു നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിൽ അംഗീകാരം നൽകാൻ ബിൽ അനുവദിക്കുന്നു. വിദേശവിലയിരുത്തലുകളുടെ അടിസ്ഥാനത്തിൽമാത്രം, ജനിതകമാറ്റംവരുത്തിയതോ പേറ്റന്റ് ചെയ്തതോ ആയ വിത്തുകൾ ഇന്ത്യയിലേക്ക് പ്രവേശിക്കാൻ ഇത് അനുവദിക്കുമെന്ന കാര്യത്തിൽ സംശയമില്ല. കർശനമായ മേൽനോട്ടമില്ലാതെ ജനിതകമാറ്റം വരുത്തിയതോ ജീൻ എഡിറ്റ് ചെയ്തതോ ആയ വിത്തുകൾ അനുവദിച്ചാൽ, മനുഷ്യന്റെയും ആവാസവ്യവസ്ഥയുടെയും ആരോഗ്യത്തിന് ഉണ്ടാകുന്ന അപകടങ്ങൾ വളരെ വലുതായിരിക്കും.
സൂക്ഷ്മമായി പരിശോധിച്ചാൽ കർഷകതാത്പര്യം സംരക്ഷിക്കാൻ എന്നപേരിൽ കൊണ്ടുവന്ന ബിൽ യഥാർഥത്തിൽ സംരക്ഷിക്കുന്നത് കോർപ്പറേറ്റുതാത്പര്യമാണ് എന്നു മനസ്സിലാക്കാൻകഴിയും.
(രാഷ്ട്രീയ കിസാൻ മഹാസംഘ്ദേശീയ കോഡിനേറ്ററാണ് ലേഖകൻ)
Content Highlights: Examines India`s draft Seed Bill, raising concerns about corporate dominance, its impact on small farmers, and the potential loss of biodiversity. Learn more.
Published: 28 Nov 2025, 08:26 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented