
പാലക്കാട്: കേരളത്തിലെ കർഷകരിൽനിന്ന് നെല്ല് സംഭരിക്കാൻ സാധ്യത പരിശോധിച്ച് കേന്ദ്രസർക്കാർ. ഭക്ഷ്യ-പൊതുവിതരണ മന്ത്രാലയത്തിനു കീഴിലുള്ള നാഷണൽ കോ-ഓപ്പറേറ്റീവ് കൺസ്യൂമേഴ്‌സ് ഫെഡറേഷന് (എൻസിസിഎഫ്) നെല്ലു സംഭരിക്കാനുള്ള ചുമതല നൽകിയേക്കും. ആദ്യഘട്ടത്തിൽ പാലക്കാട്, തൃശ്ശൂർ ജില്ലകളിലാകും നടപ്പാക്കുക.
സാധ്യതാപഠനത്തിനായി എൻസിസിഎഫ് എംഡി ആനീസ് ജോസഫ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള സംഘം പാലക്കാട്ടെത്തി കർഷകരുമായി ചർച്ച നടത്തി. തൃശ്ശൂരിലെ കർഷകരും യോഗത്തിൽ പങ്കെടുത്തിരുന്നു. പാലക്കാട്ടെ അഞ്ച് പഞ്ചായത്തുകളിൽനിന്നായി 500 കർഷകരുടെ സമ്മതപത്രവും എൻസിസിഎഫ് കൈപ്പറ്റി. രജിസ്ട്രേഷൻ വിവരങ്ങൾ പിന്നീട് അറിയിക്കാമെന്നാണ് കർഷകരോട് പറഞ്ഞിട്ടുള്ളത്.
28.20 രൂപയ്ക്കാണ് കർഷകരിൽനിന്ന് സപ്ലൈകോ നെല്ല് സംഭരിക്കുന്നത്. ഇപ്പോൾ 69 പൈസ കേന്ദ്രസർക്കാർ കൂട്ടിയിട്ടുണ്ട്. ഈ തുകയ്ക്കു തന്നെയായിരിക്കും എൻസിസിഎഫും നെല്ല് സംഭരിക്കുക. അതേസമയം, കയറ്റുമതിക്കടക്കം പറ്റിയ ഗുണനിലവാരമുള്ള നെല്ല് ലഭ്യമാക്കിയാൽ അതിനനുസരിച്ച് വില നൽകാമെന്ന് അധികൃതർ ഉറപ്പ് നൽകിയതായാണ് വിവരം.
ആദ്യഘട്ടത്തിൽ പാലക്കാട്, തൃശ്ശൂർ ജില്ലകളിൽനിന്നായി 50,000 ടൺ നെല്ലായിരിക്കും സംഭരിക്കുക. ഏഴുദിവസത്തിനകം കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിൽ വില ലഭ്യമാക്കും. പരമാവധി 15 ദിവസത്തിനകം നെല്ലുവില കൊടുത്തുതീർക്കുമെന്നാണ് വാഗ്‌ദാനം. കേരളത്തിൽ ഭാരത് അരി വിതരണം ചെയ്യുന്നതും എൻസിസിഎഫാണ്. സഹകരണവകുപ്പിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി അമിത്ഷായുമായി ചർച്ച നടത്തിയശേഷമാണ് എൻസിസിഎഫിനെ ചുമതലപ്പെടുത്താൻ തീരുമാനിച്ചതെന്നാണ് വിവരം.
സംസ്ഥാനത്തെ നെല്ലുസംഭരണത്തിലെ പ്രശ്നങ്ങൾ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാറടക്കമുള്ള നേതാക്കൾ നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. തുടർന്ന്, പാർട്ടി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ കേന്ദ്ര സഹമന്ത്രി ജോർജ് കുര്യനെയും കേന്ദ്ര ഭക്ഷ്യവകുപ്പുമന്ത്രി പ്രഹ്ളാദ് ജോഷിയെയും കണ്ട് ചർച്ച നടത്തിയിരുന്നു. എൻസിസിഎഫിനെ ചുമതലപ്പെടുത്തണമെന്ന് ബിജെപി നേതൃത്വം ആവശ്യപ്പെട്ടതായാണ് വിവരം.
Content Highlights: Centre to procure paddy from Kerala
Published: 17 Jun 2025, 04:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented