
നെല്ല് ഉണക്കുന്ന കർഷകർ | ഫോട്ടോ: മാതൃഭൂമി
കോട്ടയം: നെല്ലുസംഭരണത്തിന് സഹകരണസംഘങ്ങളെ ആശ്രയിക്കാനുള്ള സർക്കാർ തീരുമാനം ഈ വരുന്ന സീസണിൽ പൂർണതോതിൽ നടപ്പാക്കില്ല. പാലക്കാട് ജില്ലയിൽമാത്രം പൈലറ്റ് പ്രോജക്ടായി സംഘങ്ങളെ പങ്കെടുപ്പിച്ച് സംഭരണം നടത്തും. ബാക്കി ജില്ലകളിൽ നിലവിലെ രീതി തുടരും.
സംഘങ്ങളെക്കൊണ്ട് നെല്ലെടുപ്പിക്കുന്നതിന്റെ മുന്നൊരുക്കത്തിനായി ചീഫ് സെക്രട്ടറിയും ഭക്ഷ്യ, കൃഷി, സഹകരണ സെക്രട്ടറിമാരും ചേർന്ന സമിതിയെ നിയോഗിച്ചു. എന്നാൽ, സാങ്കേതികമായി ഒട്ടേറെ കടമ്പ കടക്കേണ്ടതുണ്ട്. വലിയൊരു കുരുക്കാണ് അഴിക്കാനുള്ളത്.
കടമ്പകൾ ഇവ
• നിലവിൽ നെല്ല് സംഭരിച്ച വകയിൽ കേരളാ ബാങ്കിന് 700 കോടി രൂപ കൊടുക്കാനുണ്ട്. 100 കോടി മൂലധനമുള്ള സംഘങ്ങളുടെ കൂട്ടായ്മ വഴി സ്വരൂപിച്ച് കടം വീട്ടണം
• സംഭരണത്തിൽ സഹകരിക്കുന്ന പൊതുമേഖലാ ബാങ്കുകൾക്ക് 2400 കോടി രൂപയോളം കൊടുക്കാനുണ്ട്. ഈ പണം കേരളാ ബാങ്ക് നബാർഡിന്റെ സാമ്പത്തിക സഹായം സ്വീകരിച്ച് അടച്ചുതീർത്ത് കടബാധ്യത ഒഴിവാക്കണം. നബാർഡ് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു
• പ്രാഥമിക സംഘങ്ങൾ നെല്ലുസംഭരിക്കും. ഇത് പുതുതായി രൂപവത്കരിക്കുന്ന നോഡൽ സംഘങ്ങൾക്ക് കൈമാറും. അവ നെല്ല് സംസ്കരിച്ച് അരിയാക്കി വിപണിയിൽ എത്തിക്കുകയോ റേഷൻ സംവിധാനത്തിലേക്ക് കൊടുക്കുകയോ ചെയ്യും. നോഡൽ സംഘങ്ങൾക്കുള്ള സാമ്പത്തിക സഹായം കേരളാ ബാങ്ക് വായ്പയായി കൊടുക്കും. അരി വിറ്റുകിട്ടുന്ന പണത്തിൽനിന്ന് കടം വീട്ടും. തവിട്, തവിടെണ്ണ, ഉമി തുടങ്ങിയ ഉപോത്പന്നങ്ങൾവഴി ലഭിക്കുന്ന തുക സംഘത്തിനു വരുമാനമാകും
• നോഡൽ സംഘങ്ങൾക്ക് മില്ല് സ്ഥാപിക്കുകയോ സ്വകാര്യമില്ലുകളുടെ സഹായം തേടുകയോ ആകാം. പക്ഷേ, പിആർഎസ് കൊടുക്കുമ്പോൾ കർഷകന് അന്നുതന്നെ പണം കൊടുക്കണം. ഇതോടെ നെല്ലുവില വായ്പയായി കൊടുക്കുന്ന രീതി അവസാനിക്കും
• ഒരു വർഷം 2004 കോടി രൂപയാണ് രണ്ടു സീസണുകളിലായി നെല്ല് സംഭരണത്തിന് വേണ്ടത്. ഇത്രയും തുക ഈ വരുന്ന സീസണിനുശേഷമുള്ള സീസണോടെ സമാഹരിക്കാൻ കേരളാ ബാങ്കിന് പറ്റുമോ എന്നതിൽ ആകാംക്ഷ.
Published: 10 Jan 2026, 07:55 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented