ആലത്തൂർ: സംസ്ഥാനത്ത് നെല്ലിന്റെ സംഭരണവില 30 രൂപയിലെത്തുന്നത് ഇതാദ്യം. 2009-ൽ താങ്ങുവിലയ്ക്ക് നെല്ലു സംഭരിച്ചുതുടങ്ങിയശേഷമുള്ള ഏറ്റവും ഉയർന്ന വിലയാണിത്. അന്ന് കേന്ദ്ര താങ്ങുവില കിലോഗ്രാമിന് 9.50 രൂപയും സംസ്ഥാന പ്രോത്സാഹന ബോണസ് 2.50 രൂപയും ചേർത്ത് 12 രൂപയ്ക്കായിരുന്നു സംഭരിച്ചത്. ഇപ്പോൾ കേന്ദ്ര താങ്ങുവില 23.69 രൂപയും സംസ്ഥാന പ്രോത്സാഹന ബോണസ് 6.31 രൂപയുമായി. 12 പൈസ കൈകാര്യച്ചെലവുകൂടി ചേർത്ത് 30.12 രൂപ കർഷകർക്ക് ലഭിക്കും. ഒന്നാംവിളസംഭരണക്കാലത്തു തന്നെ പുതിയ വില നിലവിൽ വരും.

To advertise here,

നെല്ല്‌ വിറ്റവർക്ക് വൻനഷ്ടം

കൊയ്ത്ത് തുടങ്ങി രണ്ടുമാസം പിന്നിട്ടിട്ടും സംഭരണം ആരംഭിക്കാതിരിക്കുകയും കാലം തെറ്റി മഴ ശക്തിപ്പെടുകയും ചെയ്തതോടെ നെല്ല് വിറ്റൊഴിവാക്കാൻ കർഷകർ നിർബന്ധിതരായി. ഒന്നാംവിളയുടെ പകുതിയിലേറെ നെല്ലും ഏജന്റുമാർ വാങ്ങിക്കഴിഞ്ഞു. 20 രൂപയ്ക്കുവരെ നെല്ല് വിൽക്കേണ്ടിവന്നവരാണ് കർഷകരിലേറെയും.

പുതുക്കിയ സംഭരണവില വെച്ച് കണക്കാക്കിയാൽ ഇവർക്കുണ്ടായ നഷ്ടം കിലോഗ്രാമിന് 10 രൂപയോളമാണ്. ഏക്കറിന് 1,500 കിലോ നെല്ല് കിട്ടിയവർക്ക് 15,000 രൂപയാണ് നഷ്ടം. ഈ നഷ്ടം ആരു നികത്തുമെന്നാണ് ചോദ്യം. സപ്ലൈകോയിൽ രജിസ്റ്റർ ചെയ്യുകയും ഏജന്റുമാർക്ക് വിൽക്കുകയും ചെയ്തവരുടെ നെല്ല് കർഷകരുടെ പേരിൽ സ്വകാര്യ മില്ലുകൾക്ക് അളന്ന് വർധിപ്പിച്ച സംഭരണവിലയടക്കമുള്ള വൻലാഭം കൊയ്യാനുള്ള അണിയറനീക്കം തടയാൻ സപ്ലൈകോ വിജിലൻസ് വിഭാഗം ജാഗ്രത പുലർത്തേണ്ടിവരും.

സംഭരണവില 30 രൂപയാക്കുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നെങ്കിൽ പുറത്തു വിൽക്കുന്ന നെല്ലിന് കുറച്ചുകൂടി നല്ല വില കിട്ടുമായിരുന്നു.