ആലത്തൂർ (പാലക്കാട്): സംസ്ഥാനത്തെ ഒന്നാംവിള നെല്ലുസംഭരണത്തിൽ സർക്കാരിനെയും സപ്ലൈകോയെയും തഴഞ്ഞ് കർഷകർ. മുൻവർഷത്തെ അപേക്ഷിച്ച് സംഭരണത്തിലുണ്ടായത് 70,070 ടണ്ണിന്റെ കുറവ്. മുൻപുവിറ്റതിന്റെ വിലകിട്ടാനായി ഓഫീസ് കയറിയിറങ്ങി വലഞ്ഞ കർഷകർ, ഇത്തവണ നഷ്ടംസഹിച്ചും പൊതുവിപണിയിൽ നെല്ല് വിറ്റഴിച്ചതാണ് പ്രധാനകാരണം.
സർക്കാരും സപ്ലൈകോയും പിന്നോട്ടുപോയപ്പോൾ കർഷകരെ സ്വകാര്യമില്ലുകാരും ഏജന്റുമാരും ചൂഷണംചെയ്യാനും തുടങ്ങി. പുതുക്കിയവിലയായ 30 രൂപ നിരക്കിലാണ് ഇത്തവണ സപ്ലൈകോയുടെ സംഭരണം. എന്നാൽ, പൊതുവിപണിയിൽ ഇതിൽനിന്ന് ആറുരൂപയോളം കുറച്ചാണ് നെല്ലെടുക്കുന്നത്. കുറച്ചുതുക നൽകിയശേഷം ബാക്കിത്തുക നൽകാതെ മില്ലുടമകളടക്കം കബളിപ്പിക്കുന്നതായും പരാതിയുയർന്നിട്ടുണ്ട്.
സ്വകാര്യ മില്ലുടമകളുടെ നിസ്സഹകരണത്തെത്തുടർന്ന് ഇത്തവണ സംഭരണം വൈകിയാണ് തുടങ്ങിയത്. സപ്ലൈകോയുടെ ഗുണനിലവാര നിബന്ധനകളുടെയത്ര കർശനമായിരുന്നുമില്ല സ്വകാര്യമില്ലുടമകളുടെ സംഭരണമെന്നതും കർഷകരെ മാറിച്ചിന്തിക്കാൻ പ്രേരിപ്പിച്ചു.
അഞ്ചേക്കർ വയലിൽനിന്ന് 8640 കിലോ നെല്ലാണ് കിട്ടിയത്. സപ്ലൈകോയ്ക്ക് കൊടുത്താൽ അടുത്തകാലത്തൊന്നും വിലകിട്ടില്ലെന്ന തിരിച്ചറിവിലാണ് കിലോയ്ക്ക് 24 രൂപ പ്രകാരം കച്ചവടമുറപ്പിച്ചത്. ഒക്ടോബർ 17-ന് നെല്ല് കയറ്റിവിട്ടു. വിലയായിക്കിട്ടേണ്ടത് 2,07,360 രൂപയാണ്. അധികം വൈകാതെ മില്ലുടമ ഒരുലക്ഷം രൂപ നൽകി. ബാക്കി തുകയ്ക്കായി പലതവണ മില്ലുകാരനോട് ആവശ്യപ്പെടേണ്ടിവന്നു. കഴിഞ്ഞദിവസം ഒരുലക്ഷം രൂപകൂടി കിട്ടി. ബാക്കിത്തുക എപ്പോൾകിട്ടുമെന്നറിയാത്ത സ്ഥിതിയാണ്. പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത കർഷകൻ പറഞ്ഞു.
സംഭരിച്ച് 48 മണിക്കൂറിനകം നെല്ലിന്റെ വിലനൽകണമെന്നാണ് നെൽക്കൃഷി മേഖലയിലെ പ്രശ്നങ്ങൾ പഠിച്ച കേന്ദ്രസംഘത്തിന്റെ ശുപാർശ. കഴിഞ്ഞ ഒന്നാംവിളക്കാലത്ത് സംഭരിച്ച നെല്ലിന്റെ വില സർക്കാരിൽനിന്ന് കിട്ടാൻ ആറുമാസംവരെയെടുത്തിരുന്നു. ഇത്തവണ ഒരുമാസത്തിനകം വില ലഭിക്കുന്നുണ്ട്. 33,033 കർഷകരിൽനിന്നാണ് ഇത്തവണ നെല്ലുസംഭരിച്ചത്. ഇവരിൽ 9955 കർഷകർക്ക് 88.61 കോടി രൂപ വിലയായി നൽകി.
സംഭരിക്കുന്ന നെല്ലിന്റെ അളവുകുറഞ്ഞതും കർഷകർക്ക് വിലയായി നൽകേണ്ട തുകയിലുണ്ടായ കുറവ് സപ്ലൈകോയുടെ ബാധ്യതകുറച്ചതുമാണ് ഇത്തവണ നെല്ലുവില കാലതാമസമില്ലാതെ അനുവദിക്കാൻ സഹായിച്ചത്.
Content Highlights: Kerala farmers are forced to sell paddy below MSP due to Supplyco`s reduced procurement. Discover the reasons and implications for farmers in Palakkad.
Published: 29 Dec 2025, 02:28 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented