കാസർകോട്: പുതിയ രണ്ടിനം വീതം തെങ്ങ്, കൊക്കോ തൈകൾ വികസിപ്പിച്ച് കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം (സി.പി.സി.ആർ.ഐ.). കല്പസുവർണ, കല്പശതാബ്ദി എന്നിവയാണ് തെങ്ങിനങ്ങൾ. വി.ടി.എൽ.സി.എച്ച്.-ഒന്ന്, വി.ടി.എൽ.സി.എച്ച്.-രണ്ട് എന്നിവയാണ്  കൊക്കോ ഇനങ്ങൾ.

To advertise here,

കല്പസുവർണ

അത്യുത്‌പാദനശേഷിയുള്ള കുള്ളൻ തെങ്ങിനമാണിത്‌. മധുരമുള്ള ഇളം തേങ്ങാവെള്ളം, ഗുണമേന്മയുള്ള കൊപ്ര എന്നിങ്ങനെ ഉപ ഉത്പന്നങ്ങൾക്കും സാധ്യതയുണ്ട്. നേരത്തേ കായ്ക്കുന്ന ഇനമാണ്. നടീലിനുശേഷം 30-36 മാസം.

നല്ല പരിപാലനത്തിൽ ഒരുവർഷം 108-130 തേങ്ങവരെ വിളവുണ്ടാകും. കേരളത്തിലും കർണാടകയിലും കൃഷിചെയ്യാൻ അനുയോജ്യമാണ്.

കല്പശതാബ്ദി

ഉയരമുള്ള ഈ തെങ്ങിനം നല്ല കായ്ഫലം തരുന്നതാണ്. കൊപ്ര, കരിക്ക് എന്നിവയുടെ ഉത്പാദനത്തിന് അനുയോജ്യമാണ്. ഗുണമേന്മയുള്ള ഇളനീർ കൂടുതൽ അളവിൽ (612 മില്ലിലിറ്റർ) ലഭിക്കും. കൊപ്രയുടെ ലഭ്യതയും (273 ഗ്രാം) മികച്ച രീതിയിലുണ്ടാകും. .

വി.ടി.എൽ.സി.എച്ച്.-ഒന്ന്

നേരത്തേ കായ്ക്കുന്നതും സ്ഥിരതയുള്ളതും ഉയർന്ന വിളവ് നൽകുന്നതുമായ കൊക്കോ ഹൈബ്രിഡ് ഇനമാണിത്. കവുങ്ങ്, തെങ്ങ് തോട്ടങ്ങളിൽ വളർത്താം. കൊക്കോ കായ്കൾ അന്താരാഷ്ട്ര ഗുണനിലവാരമുള്ളവയാണ്. തോട് ചീയൽ, കീടബാധ എന്നിവയെ ചെറുക്കുന്നു. ഈർപ്പം കുറഞ്ഞ ഇടങ്ങളിലും വളരും. കേരളം, കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിൽ കൃഷി ചെയ്യാം.

വി.ടി.എൽ.സി.എച്ച്.- രണ്ട്

രോഗപ്രതിരോധശേഷിയുള്ള ഈ കൊക്കോ ഹൈബ്രിഡ് ഇനം ഉയർന്നവിളവ് നൽകും. കേരളം, കർണാടക, തമിഴ്‌നാട്, ആന്ധ്ര, ഗുജറാത്ത് എന്നിവിടങ്ങളിൽ കൃഷി ചെയ്യാൻ അനുയോജ്യം.