
കോട്ടയം: വിദേശ ഫലവൃക്ഷത്തൈകളുടെ സജീവ വിപണനരംഗത്തേക്ക് കുറവിലങ്ങാട് കോഴായിലെ ജില്ലാ കൃഷിത്തോട്ടം. പ്ലാവ്, പേര, ചാമ്പ, മാവ്, റമ്പൂട്ടാൻ, ഡ്യൂറിയൻ, സപ്പോട്ട, മറ്റ് വിദേശ പഴവർഗങ്ങൾ ഉൾപ്പെടെയുള്ളവയുടെ തൈകളാണ് വിപണനത്തിനായി കൃഷിത്തോട്ടത്തിൽ തയ്യാറാക്കിയിരിക്കുന്നത്. ഇവയുടെ 200-ൽപ്പരം വ്യത്യസ്ത ഇനങ്ങളാണ് വളർത്തിയെടുക്കുന്നത്.
നിലവിൽ 50-ൽ അധികം ഇനങ്ങളുടെ തൈകൾ വിപണിയിൽ ലഭ്യമാക്കാൻ തുടങ്ങി. ശ്രീലങ്ക, മലേഷ്യ, തായ്‌ലാൻഡ്, ഇൻഡൊനീഷ്യ, ഫിലിപ്പീൻസ്, ജപ്പാൻ തുടങ്ങി 25 രാജ്യങ്ങളിലെ ഫലവൃക്ഷത്തൈകൾ ഇവിടെ ഉത്പാദിക്കുന്നുണ്ട്.
ഏതാനും മാസങ്ങൾക്കകം 200-ൽപ്പരം വിദേശ ഫലവൃക്ഷത്തൈകളുടെ വിതരണം തുടങ്ങാനാകുമെന്ന് ഫാം സൂപ്രണ്ട് ഹണി ലിസ ചാക്കോ പറഞ്ഞു. പുറത്തെ നഴ്‌സറികളിൽനിന്നു വാങ്ങുന്നതിന്റെ 30 മുതൽ 60 ശതമാനം വരെ വിലകുറച്ചാണ് തൈകൾ ഇവിടെ വിതരണംചെയ്യുന്നത്.
കൃഷിഭവനുകൾ വഴിയും ജില്ലാ കൃഷിത്തോട്ടത്തിലെ ഔട്ട്‌ലെറ്റ് വഴിയും പൊതുജനങ്ങൾക്ക് ഇവിടെ ഉത്പാദിപ്പിക്കുന്ന തൈകൾ വാങ്ങാമെന്ന് കൃഷി ഓഫീസർ കെ. അനുപമ പറഞ്ഞു. 17 ജീവനക്കാരും 77 തൊഴിലാളികളുമാണ് കൃഷിത്തോട്ടത്തിലുള്ളത്.
ഫലവൃക്ഷത്തോട്ടം
1970-ലാണ് കാർഷിക ഗവേഷണകേന്ദ്രമായിരുന്ന കോഴാ ഫാം ജില്ലാ കൃഷിത്തോട്ടമായി മാറിയത്. 67-ഏക്കർ വിസ്തൃതിയിലാണ് നിലവിൽ കൃഷിത്തോട്ടം പ്രവർത്തിക്കുന്നത്. ഇതിൽ 30 ഏക്കറിലാണ് വിദേശ ഫലവൃക്ഷത്തോട്ടം തയ്യാറാക്കിയിരിക്കുന്നത്. 2018-ലാണ് വിദേശ ഫലങ്ങളുടെ തൈകൾ വിപണനം തുടങ്ങുന്നതിന്റെ ഭാഗമായി ഇവയുടെ മാതൃവൃക്ഷത്തോട്ടം നിർമിച്ചത്. മാതൃവൃക്ഷത്തിൽനിന്നെടുത്ത കമ്പിൽ പതിവെയ്ക്കൽ (ലെയറിങ്), തൈ നടീൽ (ഫലങ്ങളിൽനിന്ന് തൈകൾ ഉത്പാദിപ്പിക്കുന്ന രീതി), ഗ്രാഫ്റ്റിങ് (ഒട്ടിക്കൽ), ബഡ്ഡിങ് (മുകുളനം) എന്നീ രീതികളിലൂടെയാണ് തൈകൾ ഉത്പാദിപ്പിക്കുന്നത്.
നിലവിൽ ലഭ്യമായ ഫലവൃക്ഷത്തൈകൾ
തായ്‌ബെൻ ചാമ്പ റെഡ്, സാഡ്‌ലെസ് നാരകം, കിലോ പേര, തായ്വാൻ പിങ്ക് പേര, കുംക്യാറ്റ്, ബുഷ് ഓറഞ്ച്, മിറക്കിൽ ഫ്രൂട്ട്, ബറാബ, മൂട്ടിപ്പഴം, കാരമ്പോള, നെല്ലി, അബിയു എന്നിവ ലഭ്യമാണ്. മാവ്പ്ലാവ് (പിങ്ക് പ്ലാവ്. സിങ്കപ്പൂർ വരിക്ക, മുട്ടംവരിക്ക, സിന്ദൂർ വരിക്ക, വിയറ്റ്‌നാം ഏർലി), റംബൂട്ടാൻ (എൻ-18, ഇ-35), സപ്പോട്ട (ക്രിക്കറ്റ് ബോൾ, കലപ്പാടി) എന്നിവയുടെയെല്ലാം വിവിധ ഇനത്തിൽപ്പെട്ട തൈകൾ തയ്യാറായിട്ടുണ്ട്. നിലവിൽ വിവിധ ഇനങ്ങളുടെ 12000-ൽ അധികം തൈകൾ വിപണനത്തിന് തയ്യാറായിട്ടുണ്ടെന്ന് ഫാമിലെ കൃഷി ഓഫീസർ വി.വിദ്യ പറഞ്ഞു.
മറ്റ് കൃഷികൾ
പച്ചക്കറിവിത്ത്, കുരുമുളകുവള്ളി, ഫലവൃക്ഷത്തൈകൾ, അലങ്കാരച്ചെടികൾ. 5.5 ഏക്കറിൽ വിവിധയിനം പച്ചക്കറികളും 2.5 ഏക്കറിൽ തെങ്ങും എട്ട് ഏക്കറിൽ കിഴങ്ങുവർഗങ്ങളും 2.5 ഏക്കർ വാഴക്കൃഷി, 10 ഏക്കർ കുരുമുളക്, അത്രതന്നെ ജാതി, രണ്ടര ഏക്കർ ഇഞ്ചി, കപ്പ, കച്ചോലം എന്ന നിലയിൽ കൃഷിചെയ്യുന്നു. ഇവയുടെയെല്ലാം തൈകളും വിളകളും വിൽക്കുന്നുണ്ട്. കാർബൺ ന്യൂട്രൽ കൃഷിത്തോട്ടമായി മാറുന്ന പ്രവർത്തനങ്ങളും ഇവിടെ നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി പശുവളർത്തൽകേന്ദ്രവും ഇവിടെ തുടങ്ങിയിട്ടുണ്ട്.
തൈകളുടെ വിലവിവരം
| റമ്പൂട്ടാൻ | 200 |
| ഗ്രാഫ്റ്റ്-പ്ലാവ്, മാവ്, സപ്പോട്ട | 75 |
| പേര | 50 |
| നാരകം | 50 |
| ചാമ്പ | 30 |
Content Highlights: Foreign fruit tree seedlings are ready for marketing
Published: 07 Jul 2024, 12:26 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented