ജെൻ സീ പിള്ളേർക്ക് വാഴ എന്നാൽ ഒന്നിനും കൊള്ളാത്തതാണ്. അവനൊരു വാഴയാണ് എന്നുപറഞ്ഞാൽ ഒന്നിനും കൊള്ളാത്തവൻ എന്നർത്ഥം. ഏകദേശം ഇതേ അർത്ഥത്തിലാണ് അടുത്തിടെ ഇറങ്ങിയ വാഴ സിനിമയുടെ ഇതിവൃത്തവും. ഉറപ്പില്ലാത്ത തണ്ടും തലയുയർത്താത്ത നിൽപ്പും മൂലം വാഴ നട്ടെല്ലില്ലായ്മയുടെ പ്രതീകമാവുന്നു. വേണേൽ ഇലയെടുക്കാം, വാഴത്തണ്ട് ഉപ്പേരിയുണ്ടാക്കാം. അതിലപ്പുറമൊന്നുമില്ല.

To advertise here,

എന്നാൽ, കുറച്ചപ്പുറത്ത് തമിഴ്നാട്ടിലെത്തിയാൽ വാഴയെക്കുറിച്ചുള്ള സങ്കൽപ്പംതന്നെ മാറും. ട്രിച്ചിയിലുള്ള ദേശീയ വാഴ ഗവേഷണ കേന്ദ്രത്തിലെത്തണമെന്നു മാത്രം. ഒരു വാഴകൊണ്ട് അവർ കാണിക്കുന്ന അദ്‌ഭുതങ്ങൾ കാണേണ്ടതാണ്. ഇത്രയധികം സാധ്യതയുള്ളതാണ് വാഴയെന്നറിയാൻ അവിടം സന്ദർശിക്കുകതന്നെ വേണം. വാഴക്കൃഷിയിലെ നൂതന രീതികളും മൂല്യവർധിത ഉത്പന്നങ്ങളുമെല്ലാം അറിയാം. വാഴയിൽനിന്ന് നിർമിക്കുന്ന ഭക്ഷണ, പാനീയങ്ങളും കരകൗശലവസ്തുക്കളും സൗന്ദര്യവർധകവസ്തുക്കളുമെല്ലാം അനേകമാണ്.

വാഴയിനങ്ങളുടെ സംരക്ഷണവും വാഴക്കൃഷിയുടെ വളർച്ചയും കർഷകരുടെ ഉന്നമനവും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന കേന്ദ്രസർക്കാർ സ്ഥാപനമാണ് ട്രിച്ചിയിലെ ദേശീയ വാഴ ഗവേഷണകേന്ദ്രം (നാഷണൽ റിസർച്ച് സെന്റർ ഫോർ ബനാന).

വാഴയൂരിൽനിന്ന് ട്രിച്ചിയിലേക്ക്

മലപ്പുറത്തെ വാഴയൂരിന് ആ പേരുവന്നതുതന്നെ വാഴയുടെ ഊരായതുകൊണ്ടാണ്. വാഴക്കൃഷിക്ക് പേരുകേട്ട പ്രദേശം. നിലവിൽ നാനൂറോളം വാഴക്കർഷകരുണ്ട്. മൂന്നു ലക്ഷത്തോളം നേന്ത്രവാഴകളാണ് ഒരോ വർഷവും കൃഷി ചെയ്യുന്നത്. കഴിഞ്ഞ വർഷം വിദേശകയറ്റുമതിയും തുടങ്ങി. കർഷകർ വാഴക്കൃഷിയെ കൂടുതൽ ഗൗരവത്തിലെടുക്കാൻ തുടങ്ങിയിട്ടുണ്ടെന്നർഥം. കയറ്റുമതി വിപുലപ്പെടുത്താൻ കൂടുതൽ കൃഷിയറിവ് നേടുന്നതിനും മൂല്യവർധിത ഉത്പന്നങ്ങളെക്കുറിച്ച് പഠിക്കുന്നതിനും കൃഷി ഓഫീസറുടെ നേതൃത്വത്തിൽ 20 അംഗ കർഷകർ അടുത്തിടെ ട്രിച്ചിയിലെ ദേശീയ വാഴ ഗവേഷണകേന്ദ്രം സന്ദർശിച്ചു. വാഴകൃഷിയിലെ നൂതനാശയങ്ങളും പലതരം മൂല്യവർധിത ഉത്പന്നങ്ങളും പരിചയപ്പെട്ടായിരുന്നു മടക്കം.

313 തരം വാഴകൾ

ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രിക്കൾച്ചർ റിസർച്ചിനു (ഐസിഎആർ) കീഴിൽ പ്രവർത്തിക്കുന്ന ദേശീയ വാഴ ഗവേഷണകേന്ദ്രത്തിൽ രാജ്യത്തെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 313 വ്യത്യസ്തയിനം വാഴകൾ നട്ടുവളർത്തുന്നു. മുന്നൂറേക്കറോളം വരുന്ന തോട്ടത്തിലാണ് ഇവ കൃഷി ചെയ്യുന്നത്. നാടൻ വാഴകളുടെ സംരക്ഷണത്തിനായി ജീൻ പൂളുമുണ്ട്. നമ്മുടെ മഞ്ചേരി കുള്ളൻ ഉൾപ്പെടെയുള്ള ഇനങ്ങൾ ഇവിടെ സംരക്ഷിച്ചിരിക്കുന്നു. രോഗങ്ങൾ തടയാൻ പുതിയയിനം വളങ്ങളും കീടനാശിനികളും ഇവിടെ കണ്ടെത്തുന്നുണ്ട്. ഇലപ്പുള്ളി രോഗത്തിനുള്ള ശാശ്വതപരിഹാരവും പിണ്ടിപ്പുഴു ആക്രമണത്തെ തടയുന്നതിന് കുത്തിവെപ്പ് നൽകുന്ന പുതിയ രീതിയും ‘ബനാന ശക്തി’ എന്ന പേരിൽ സൂക്ഷ്മമൂലകപോഷകവും ഇവിടത്തെ ശാസ്ത്രജ്ഞർ നിർമിച്ചെടുത്തിട്ടുണ്ട്. രാജ്യത്തെ വാഴക്കർഷകർ നേരിടുന്ന ഏതു പ്രശ്നത്തിനും ഇവിടെ പരിഹാരമുണ്ടാക്കും.

ടിഷ്യു കൾച്ചറിന്റെ പുതിയ പതിപ്പായ ‘ബയോ റിയാക്ടർ ടെക്നോളജി’ യിലൂടെയാണ് ഇവിടെ വാഴത്തൈകൾ നിർമിക്കുന്നത്. വാഴക്കന്നിന്റെ ചെറിയൊരു ഭാഗം ഉപയോഗിച്ച് നാനൂറോളം തൈകൾ ഉത്പാദിപ്പിക്കാനാകും. രോഗ, കീട ബാധയേൽക്കാത്ത, നല്ല ആരോഗ്യമുള്ള വാഴകളാണ് ഇതുവഴി ഉത്പാദിപ്പിക്കുന്നത്. ഇവിടെനിന്ന് വാഴത്തൈകൾ വാങ്ങാനും സൗകര്യമുണ്ട്.

ഫിഗ്, വൈൻ, അച്ചാർ, സാരി

തെങ്ങ് നമ്മുടെ കൽപ്പവൃക്ഷമാകുന്നത് അതിന്റെ ഒരു ഭാഗവും ഒഴിവാക്കാനില്ലാത്തതുകൊണ്ടുകൂടിയാണ്. അങ്ങനെയാണെങ്കിൽ വാഴയും കൽപ്പവൃക്ഷംതന്നെ എന്ന് എൻആർസിബി തെളിയിച്ചിരിക്കുകയാണ്. വാഴയുടെ ഒരുഭാഗവും ഇവിടെ കളയാനില്ല. എല്ലാംകൊണ്ടും മൂല്യവർധിത ഉത്പന്നങ്ങളുണ്ടാക്കാം. വാഴയിൽനിന്ന് 650-ലേറെ ഉത്പന്നങ്ങളുണ്ടാക്കാമെന്നാണ് തൊട്ടിയം ബനാന പ്രൊഡ്യൂസർ ഗ്രൂപ്പിന്റെ മേധാവി കല്യാണം പറയുന്നത്. അതുകൊണ്ടുതന്നെ വാഴയെ കൽപ്പവൃക്ഷമായി കരുതണമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. 1000-ലേറെ വാഴക്കർഷകർ അംഗങ്ങളായുള്ള, വർഷം കോടികളുടെ ഇടപാട് നടത്തുന്ന കൂട്ടായ്മയാണിത്.

മിഠായി പോലെ കഴിക്കാവുന്ന ഫിഗ്, അൽപം ലഹരി നൽകുന്ന വൈൻ, വാഴപ്പൂവ് ഉപയോഗിച്ചുള്ള അച്ചാർ, വാഴനാര് ഉപയോഗിച്ച കൂട, സഞ്ചി, ടോഫി, കേക്ക്, ബനാന പൗഡർ, പാലിലോ ചപ്പാത്തിയുണ്ടാക്കുമ്പോൾ മാവിലോ ചേർത്ത് കഴിക്കാവുന്ന റെഡ് ബനാന, വാഴപ്പിണ്ടിയിൽനിന്നുള്ള അച്ചാർ, വിനാഗിരി, ജ്യൂസ്, വാഴപ്പൂ ചട്നി, വാഴനാര് ഉപയോഗിച്ചുള്ള സാരി, ഐസ്‌ക്രീം, മില്ലറ്റ്, പാസ്ത, വാഴക്കായപ്പൊടി ഉപയോഗിച്ചുള്ള ന്യൂഡിൽസ് തുടങ്ങി സർവം വാഴമയമാണ് ഇവിടെ. തൊട്ടിയം ബനാന പ്രൊഡ്യൂസർ ഗ്രൂപ്പ് ആണ് ഇതെല്ലാം നിർമിച്ച് രാജ്യത്തിനകത്തും പുറത്തും വിൽക്കുന്നത്.

വാഴയൂരിന് സാധ്യതയേറേ

വാഴയൂരിന് പേരിലെ വാഴപ്രതാപം തിരിച്ചുപിടിക്കാൻ ഏറ്റവും ഉചിതമായ സമയമാണിത്. എന്ത്, എങ്ങനെ ചെയ്യണമെന്നതിന് മുന്നിൽ മികച്ച ഒരു മാതൃകയുണ്ട്. സാഹചര്യങ്ങൾക്കനുസരിച്ച് അത് പിന്തുടരുകയേ വേണ്ടൂ. കർഷകസംഘങ്ങളോ സ്ഥാപനങ്ങളോ ഈ രംഗത്തേക്ക് വരുകയാണെങ്കിൽ സാങ്കേതികസഹായമടക്കം വലിയ പിന്തുണ എൻആർസിബിയിൽ നിന്ന് ലഭിക്കുമെന്ന് കൃഷി ഓഫീസർ മുനീർ ബിലാൽ പറഞ്ഞു. വാഴയെ പൂർണമായും ഉപയോഗിച്ച് കർഷകർക്ക് വരുമാനം മെച്ചപ്പെടുത്താൻ നല്ല അവസരമാണിതെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.