
കല്പറ്റ: ‘മണ്ണാണ് പൊന്ന്, മണ്ണിനെ പുനരുജ്ജീവിപ്പിക്കുക... അത്രയേ ഉള്ളൂ’. യു.കെ.യിലെ തദ്ദേശീയ കർഷകരുടെ മനസ്സുകീഴടക്കിയതെങ്ങനെയെന്നു ചോദിച്ചാൽ വയനാട്ടിൽ പാടത്തിന്റെ കരയിലെ വീട്ടിലിരുന്ന് അഭിജിത്ത് പാടുകാണ ഇതേ പറയൂ. റീക്ലെയ്മർ ഇൻഡസ്ട്രീസ് ലിമിറ്റഡ് എന്ന അഗ്രി ബയോടെക് സ്റ്റാർട്ടപ്പിലൂടെ അഭിജിത്തും അദ്വൈത് സുരേഷും വികസിപ്പിച്ചെടുത്ത ദ്രവരൂപത്തിലുള്ള ബയോ ഓർഗാനിക് വളമാണ് ഇപ്പോൾ യു.കെ.യിലെ കർഷകരുടെ ചർച്ച. ഹാർട്ട്‌ഫോർഡ്‌ഷെയറിലെ 92 ഫാമുകളിലായി 25,000 ഹെക്ടറിലധികം കൃഷിയിടങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ വളം ഉപയോഗിച്ചു.
കീടനാശിനിയും രാസവളവും ഉപയോഗിച്ച് സ്വാഭാവികഗുണം നഷ്ടമായ മണ്ണിനെ പുനരുജ്ജീവിപ്പിക്കുകയാണ് ഈ വളം ചെയ്യുന്നത്. ഇതോടെ മണ്ണ് പൊന്നുവിളയിച്ചു. ചെടികളുടെ രോഗപ്രതിരോധശേഷിയും മെച്ചപ്പെട്ടു. യു.കെ.യിലും ഇന്ത്യയിലുമായി വളം വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഇരുവരും.
യൂണിവേഴ്സിറ്റി ഓഫ് ഹെർട്ട്ഫോർഡ്ഷെയർ ആണ് റീക്ലെയ്മറിന്റെ ഗവേഷണ-വികസന പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നത്. യൂണിവേഴ്‌സിറ്റിയുടെ മികച്ച പോസിറ്റീവ് ഇംപാക്ട് അംഗീകാരവും 2026-ലെ ഫ്ളെയർ എൻർപ്രൈസ് ചാമ്പ്യൻ അംഗീകാരവും ലഭിച്ചു. മൈസൂരു സർവകലാശാലയിൽ ബയോടെക്‌നോളജിയിൽ ഗവേഷണം നടത്തുന്ന അഭിജിത്താണ് റീക്ലെയ്മറിന്റെ ചീഫ് സയിന്റിഫിക് ഓഫീസർ. ഹാർട്ട്‌ഫോർഡ്‌ഷെയർ സർവകലാശാലയിൽ എം.എസ്‌സി. ഫിനാൻസ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് ബാങ്കിങ് പഠനം പൂർത്തിയാക്കിയ അദ്വൈതാണ് യു.കെ.യിൽ സംരംഭവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഏകോപിപ്പിക്കുന്നത്.
മണ്ണിൽ സ്വാഭാവികമായുമുണ്ടാകുന്ന ജീവാണുക്കളും 19 തരം ബാക്ടീരിയകളുമാണ് വളത്തിന്റെ അടിസ്ഥാനം. ‘‘നാട്ടിലെ കർഷകർക്കുവേണ്ടിയാണ് ആദ്യം വളം നിർമിച്ചത്. പക്ഷേ, ചുവപ്പുനാടയിൽ കുരുങ്ങി, ഇപ്പോൾ മൊത്തവ്യാപാര ലൈസൻസായി, ചെറുകിട വിപണനത്തിന് ഇനിയും കാത്തിരിക്കേണ്ടിവരും. അപ്പോഴാണ് അദ്വൈത് യു.കെ.യിലെ സാധ്യതയെക്കുറിച്ച് പറയുന്നത്. ഫാമുകളെല്ലാം വീണ്ടും ഉത്പന്നം ആവശ്യപ്പെട്ടിട്ടുണ്ട്’’ -അഭിജിത്ത് പറഞ്ഞു. മീനങ്ങാടി സുധിക്കവലയിലെ വീടിനോടു ചേർന്നുള്ള ലാബിന്റെ പരീക്ഷണകൃഷിയിടങ്ങളിൽ തോളൊപ്പം നീളത്തിൽ വളർന്ന ചുവപ്പുചീരയും വെണ്ടയും കറുത്തമണ്ണും കാണിച്ച് മണ്ണിനെ വീണ്ടെടുക്കാമെന്ന് ഉറപ്പുനൽകുകയാണ് ഈ യുവസംരംഭകർ.
Content Highlights: Wayanad entrepreneurs Abhijith and Advaith developed a liquid bio-organic fertilizer through Reclaimer Industries., Tested across 92 farms and 25,000+ hectares in Hertfordshire, UK., Won the 2026 Flare Enterprise Champion award and positive impact recognition from the University of Hertfordshire., The fertilizer uses natural microorganisms and 19 types of bacteria to rejuvenate chemically degraded soil.
Published: 14 Aug 2026, 09:51 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented