ജോലിയില്‍നിന്ന് വിരമിച്ചവര്‍ക്ക് പെട്ടെന്ന് പ്രായമാകാതിരിക്കാന്‍ എന്തെങ്കിലും കുറുക്കുവഴികള്‍ ഉണ്ടോയെന്ന് തിരക്കുന്നവര്‍ക്ക് അതിനുള്ള ഉത്തരം തേടി കലഞ്ഞൂര്‍ തെക്കേടത്ത് വളവുകയത്തില്‍ സിനി ബാബു ജോര്‍ജിന്റെ അരികിലേക്ക് എത്താം. പ്രായമാകാതിരിക്കുക മാത്രമല്ല ജീവിതത്തില്‍ എങ്ങനെയാണ് സന്തോഷം നിറയ്ക്കുക എന്നതും ഇവിടെനിന്ന് കണ്ടറിഞ്ഞുപോകാം. ഒപ്പം ഹരിതാഭമായ സുന്ദരമായ കോര്‍ണര്‍‌സ്റ്റോണ്‍ എന്ന അവരുടെ ഫാമിന്റെ വിശേഷങ്ങളും അറിയാം.

To advertise here,

കാടായിക്കിടന്നിടം ഇന്ന് മനംകുളിര്‍പ്പിക്കുന്നിടം

കലഞ്ഞൂര്‍ വാഴപ്പാറയില്‍നിന്ന് ഒരു കിലോമീറ്ററോളം ഓഫ് റോഡ് യാത്രചെയ്താല്‍ മാത്രമാണ് കൊല്ലപാറയിലുള്ള കോര്‍ണര്‍ സ്റ്റോണ്‍ എന്ന ഹരിതാഭമായ ഫാമിലെത്താന്‍ സാധിക്കുക. ഇത്രയും യാത്രചെയ്ത് ഒരു മലമുകളിലേക്ക് എത്തുമ്പോള്‍ കാണുന്നത് ചുറ്റും നിരവധി വെള്ളച്ചാട്ടങ്ങളാല്‍ സമൃദ്ധമായ ഒരിടമാണ്. ഇതിന് നടുക്കായി ഏറുമാടത്തിനും മുളങ്കമ്പുകളാല്‍ നിര്‍മിച്ച ഫാമിനും എല്ലാം പ്രകൃതിയോടിണങ്ങിനില്‍ക്കുന്ന ചന്തമാണ്. ഇവിടെയാണ് സിനി ബാബു ജോര്‍ജ് സ്വന്തം കോര്‍ണര്‍‌സ്റ്റോണ്‍.

placeholder
ഫാമിലെ പോത്തുകൾ

20 പോത്തുകള്‍, ഇരുപത് ആടുകള്‍, രണ്ട് ജര്‍മന്‍ ഷെപ്പേര്‍ഡ് നായകള്‍ ഒരു രാജപാളയം, ഒരു ഗ്രേറ്റ് ഡേയിന്‍, ഒരു റോക്ക് വീലര്‍ നായകള്‍ എന്നിവയും സ്വതന്ത്രമായി ഈ ഫാമിനകത്ത് വിഹരിക്കുന്നു. മൂക്കുകയറില്ലാതെ കഴുത്തില്‍ കയറില്ലാതെ ഹരിതാഭമായ ഈ പ്രകൃതി അവരുടേതുംകൂടിയാണെന്ന വിശ്വസത്തിലാണ് ഇവരെ തുറന്നുവിട്ടിരിക്കുന്നത്. സിനി ടീച്ചര്‍ ആദ്യം ഇവിടെയെത്തുമ്പോള്‍ ചുറ്റും കാടുകയറി കിടക്കുന്നിടമായിരുന്നു. ഓരോവര്‍ഷവും നാല് പ്രാവശ്യം കാട് എടുപ്പിക്കുമ്പോള്‍തന്നെ ലക്ഷക്കണക്കിന് രൂപ ചെലവുവരുമായിരുന്നു. ഈ സമയത്താണ് ഒരു സുഹ്യത്ത് പറഞ്ഞത് കാട് നീക്കം ചെയ്യുന്നതിന് ഇത്രയധികം രൂപ ചെലവഴിക്കാതെ കുറച്ച് പോത്തുകളെ വാങ്ങി വളര്‍ത്തിക്കൂടെ എന്ന്. ഈ ചോദ്യമാണ് ജീവിതത്തില്‍ ഒരു പുതിയ സംരംഭത്തിന് നിയോഗമാതെന്നാണ് സിനി ടീച്ചര്‍ പറയുന്നത്. അന്ന് അഞ്ച് പോത്തുകളെ വാങ്ങി ഇവിടെ പരീക്ഷണാടിസ്ഥാനത്തില്‍ വളര്‍ത്താന്‍ തുടങ്ങി. പിന്നീടത് പത്തായി ഇപ്പോള്‍ ഇരുപത് പോത്തിലും ഇരുപത് ആടിലും കുറെ നായ്ക്കകളിലുമായി എത്തിനില്‍ക്കുന്നു. ഉടന്‍തന്നെ ഹരിയാനയില്‍നിന്ന് കുറച്ച് പോത്തുകളെക്കൂടി ഇവിടേക്ക് എത്തിക്കുന്നുണ്ടെന്നും സിനി ടീച്ചര്‍ പറഞ്ഞു.

വലിയ ടൂറിസം സാധ്യതയും

കൊല്ലപാറയിലെ ഈ പ്രദേശം വലിയ ടൂറിസം സാധ്യതയുള്ളയിടവുമാണ്. സംസ്ഥാന സര്‍ക്കാരിന്റെ ഡെസ്റ്റിനേഷന്‍ ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് പദ്ധതി തയ്യാറാക്കിയാല്‍ വലിയ രീതിയില്‍ പ്രയോജനപ്പെടുത്താവുന്നിടവുമാണിത്. ഫാമിനോടുചേര്‍ന്നാണ് ഇരുതോട് അരുവി ഒഴുകുന്നത്. ആ ഫാം തുടങ്ങുന്നിടത്തുതന്നെയാണ് ഉരക്കുഴി വെള്ളച്ചാട്ടവും. നാല്പതടിയോളം ഉയരത്തില്‍നിന്ന് തട്ടുതട്ടുകളായി വെള്ളം താഴേക്ക് പതിക്കുന്നിടത്തേക്ക് ഇപ്പോഴും നിരവധി ആളുകളാണ് എത്തുന്നത്. ഇതിനൊപ്പം മറ്റ് നിരവധി ചെറിയ വെള്ളച്ചാട്ടങ്ങളും ഇവിടെയുണ്ട്. വേനല്‍ക്കാലത്തുപോലും ഇവിടെ വെള്ളത്തിന് ക്ഷാമം ഉണ്ടാകാറില്ല. യാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഓഫ് റോഡ് യാത്രയും ഹരിതാഭമായ പ്രദേശവും വെള്ളച്ചാട്ടങ്ങളും അരുവിയും ഒപ്പം ഫാമും എല്ലാംകൂടി ചേര്‍ത്ത് ഒരുദിനം സുന്ദരമാക്കുന്നതിനുള്ള എല്ലാ വിഭവങ്ങളും ഇവിടെയുണ്ട്.

പത്തനാപുരം സെയ്ന്റ് സ്റ്റീഫന്‍സ് സ്‌കൂളിലെ അധ്യാപന ജീവിതത്തിനുശേഷം തന്റെ സമയം വീട്ടിലിരുന്ന് വെറുതേ കളയാന്‍ സിനി ടീച്ചറിന് കഴിയില്ലായിരുന്നു. അതിനായി ആദ്യംചെയ്തത് കുറച്ചുപേര്‍ക്ക് തയ്യല്‍തൊഴിലില്‍ ജോലിസാധ്യത ഉറപ്പുവരുത്തി വീടിനോടുചേര്‍ന്ന് ക്വീന്‍ സീബാ എന്ന പേരില്‍ ഒരു ബൊട്ടീക് ആരംഭിക്കുകയായിരുന്നു. ഇതിന്റെ വിജയത്തെത്തുടര്‍ന്നാണ് പിന്നീട് ഫാമിന്റെ പ്രവര്‍ത്തനത്തിലേക്ക് തിരിഞ്ഞത്. രാഷ്ട്രീയത്തിലും പൊതുപ്രവര്‍ത്തനത്തിലും തിരക്കുള്ള ഭര്‍ത്താവ് ബാബു ജോര്‍ജ് വലിയ പിന്തുണയുമായി ഒപ്പമുണ്ട്.