ഇന്ത്യക്കാരുടെ സാമ്പത്തിക മുൻഗണനകളിൽ റിട്ടയർമെന്റ് ആസൂത്രണത്തിനാണ് പ്രാഥമിക പരിഗണനയെന്ന് പിജിഐഎം ഇന്ത്യ മ്യൂച്വൽ ഫണ്ടിന്റെ റിട്ടയർമെന്റ് റെഡിനസ് റിപ്പോർട്ട്. കൂടുതൽ പ്രാധാന്യം നൽകുന്നുണ്ടെങ്കിലും കൃത്യമായി ആസൂത്രണം ചെയ്യുന്നവരുടെ എണ്ണത്തിൽ കാര്യമായ ഇടിവുണ്ടായതായും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. 2023ൽ 67 ശതമാനമായിരുന്നത് 2025ൽ 37 ശതമാനമായി.

To advertise here,

നിക്ഷേപ രീതികളിൽ കാര്യമായ മാറ്റം പ്രകടമാണ്. സ്ഥിര നിക്ഷേപം, സ്വർണം തുടങ്ങിയ പരമ്പരാഗത മാർഗങ്ങളിൽനിന്ന് മാറി മ്യൂച്വൽ ഫണ്ടുകൾ പോലുള്ള വിപണി അധിഷ്ഠിത പദ്ധതികളിലേക്ക് നിക്ഷേപകർ കൂടുതലായി എത്തി. റിട്ടയർമെന്റ് പ്ലാൻ ഉള്ളവർ ഇല്ലാത്തവരെ അപേക്ഷിച്ച് വൈവിധ്യമാർന്ന പോർട്ട്‌ഫോളിയോകൾ നിലനിർത്തുന്നു. സാമ്പത്തിക ഭദ്രത മാനസികാരോഗ്യത്തെ സ്വാധീനിക്കുന്നുണ്ടെന്നും പ്ലാൻ ഇല്ലാത്തവരിലേറെയും ഉത്കണ്ഠാകുലരാണെന്നും റിപ്പോർട്ട് പറയുന്നു.

നിക്ഷേപ രീതികളിലെ മാറ്റം

നിക്ഷേപകർ പരമ്പരാഗത നിക്ഷേപ മാർഗങ്ങളിൽ നിന്ന് ക്രമേണ മാറുന്നുണ്ടെങ്കിലും മാറ്റം സാവധാനത്തിലാണ്. സ്ഥിര നിക്ഷേപം,സ്വർണ്ണം എന്നിവയുടെ സ്വീകാര്യതയിൽ നേരിയ കുറവുണ്ടായപ്പോൾ, മ്യൂച്വൽ ഫണ്ടുകൾ നേട്ടമുണ്ടാക്കി.

 

2023-ലെ സ്വീകാര്യത

2025-ലെ സ്വീകാര്യത

മാറ്റം

മ്യൂച്വൽ ഫണ്ടുകൾ

23%

35%

+12%

സ്ഥിര നിക്ഷേപം (FD)

59%

52%

-7%

സ്വർണ്ണം

50%

45%

-5%

റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെൻ്റ് ട്രസ്റ്റ് (REITs)

4% (2022-ൽ)

13%

+9%

മ്യൂച്വൽ ഫണ്ടുകൾ: 87% പേർക്ക് മ്യൂച്വൽ ഫണ്ടുകളെക്കുറിച്ച് അറിവുണ്ട്. അതിൽ 35% പേർ നിക്ഷേപം നടത്തുന്നു. വളർച്ചാധിഷ്ഠിത നിക്ഷേപങ്ങളിലുള്ള വർധിച്ചുവരുന്ന വിശ്വാസത്തെ ഇത് സൂചിപ്പിക്കുന്നു. ഇക്വിറ്റി ഇടിഎഫിന്റെ സ്വീകാര്യത ഇരട്ടിയായി. 11% ആയി ഉയർന്നു.

പിപിഎഫ്, എൻപിഎസ്: പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (18%), നാഷണൽ പെൻഷൻ സിസ്റ്റം (17%) എന്നിവയുടെ സ്വീകാര്യതയിൽ മാറ്റങ്ങളില്ലെങ്കിലും സ്ഥിരത പുലർത്തുന്നു.

റീറ്റ്‌സ് (REITs): സങ്കീർണ്ണത, അസ്ഥിരത എന്നിവയെക്കുറിച്ചുള്ള ആശങ്കകൾക്കിടയിലും 2022-ലെ 4 ശതമാനത്തിൽ നിന്ന് 2025-ൽ 13 ശതമാനമായി റീറ്റ്‌സുകളിലുള്ള താല്പര്യം വർധിച്ചു.

മ്യൂച്വൽ ഫണ്ടുകളുടെ സ്വീകാര്യത വർധിപ്പിക്കുന്ന ഏറ്റവും വലിയ ഘടകം വിശ്വാസമാണ്. പ്രായമായ നിക്ഷേപകരിൽ (51-60 വയസ്സ്) 73% പേർ ഇതിന് മുൻഗണന നൽകുമ്പോൾ യുവ നിക്ഷേപകരിൽ (26-40 വയസ്സ്) ഇത് 62% ആണ്.

സമ്പത്തിലെ വർധനവും മഹാമാരിയും റിട്ടയർമെന്റ് ആസൂത്രണത്തിന് പ്രാധാന്യം നൽകാനിടയാക്കിയെന്ന് പിജിഐഎം ഇന്ത്യ അസറ്റ് മാനേജ്മെന്റിലെ സീനിയർ അഡൈ്വസർ അജിത് മേനോൻ പറയുന്നു. ജീവിതശൈലി മെച്ചപ്പെടുത്തൽ, സംരംഭകത്വം തുടങ്ങിയ വ്യക്തിഗത ലക്ഷ്യങ്ങളെ പരമ്പരാഗത കുടുംബ കേന്ദ്രീകൃത ആശങ്കകൾക്കൊപ്പം മുന്നോട്ട് കൊണ്ടുവന്നതായും കാണാം. ഇത് 'എല്ലാം കുടുംബത്തിന് വേണ്ടി' എന്നതിൽ നിന്ന് മാറി 'എനിക്ക് വേണ്ടി എന്ത്?' എന്ന് കൂടി ചോദിക്കുന്ന ഒരു മാനസിക പരിണാമത്തെ അടയാളപ്പെടുത്തുന്നതായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.