
ന്യൂഡൽഹി: പ്രായം എന്നത് വെറും അക്കങ്ങൾ മാത്രമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വെള്ളിയാഴ്ച നടന്ന ‘പരീക്ഷാ പേ ചർച്ച’ പരിപാടിയുടെ ഭാഗമായി വിദ്യാർഥികളുമായി നടത്തിയ സംവാദത്തിലാണ് ജന്മദിനത്തിൽ തനിക്ക് വന്ന ഫോൺ കോളിനേപ്പറ്റി പ്രധാനമന്ത്രി പരാമർശിച്ചത്.
തനിക്ക് 75 വയസ്സായെന്ന് ഓർമിപ്പിച്ചുകൊണ്ട് കഴിഞ്ഞ ജന്മദിനത്തിൽ ഒരു നേതാവ് തന്നെ വിളിച്ചിരുന്നതായും എന്നാൽ ‘ഇനി 25 വർഷം കൂടി ബാക്കിയുണ്ട്’ എന്നാണ് താൻ അദ്ദേഹത്തിന് മറുപടി നൽകിയതെന്നും പ്രധാനമന്ത്രി പറഞ്ഞു. കടന്നുപോയ വർഷങ്ങളല്ല, മറിച്ച് മുന്നിലുള്ള വർഷങ്ങളാണ് താൻ എണ്ണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ബിജെപിയിൽ സാധാരണയായി 75 വയസ്സിൽ വിരമിക്കുന്ന ഒരു രീതി മുൻപ് പിന്തുടർന്നിരുന്നു. ഈ സാഹചര്യത്തിൽ 2025 സെപ്റ്റംബർ 17- ന് നരേന്ദ്ര മോദിയ്ക്ക് 75 വയസ്സ് തികഞ്ഞത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. പ്രധാനമന്ത്രിയെന്ന നിലയിൽ നിലവിലെ കാലാവധി അവസാനിക്കുമ്പോൾ നരേന്ദ്ര മോദിക്ക് 79 വയസ്സാകും.
ആർഎസ്എസ് മേധാവി മോഹൻ ഭഗവത് നടത്തിയ ചില പരാമർശങ്ങൾ പ്രധാനമന്ത്രിയുടെ വിരമിക്കൽ സംബന്ധിച്ച വിവാദങ്ങൾക്ക് ആക്കം കൂട്ടിയിരുന്നു. 75 വയസ്സ് തികയുമ്പോൾ ഷാൾ അണിയിച്ച് ആദരിക്കുന്നത് വിരമിക്കാനുള്ള സമയമായി എന്നതിന്റെ സൂചനയാണെന്ന് മുതിർന്ന നേതാവ് മോരോപാന്ത് പിംഗ്ലെ തമാശരൂപേണ പറഞ്ഞിരുന്നതായി ഭാഗവത് അനുസ്മരിച്ചിരുന്നു. ഭഗവതും മോദിയും ഒരേ മാസത്തിൽ (2025 സെപ്റ്റംബർ) 75 വയസ്സ് തികഞ്ഞവരായതിനാൽ ഈ പരാമർശം പ്രധാനമന്ത്രിയെ ലക്ഷ്യംവെച്ചുള്ളതാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. എന്നാൽ, താൻ ഒരു തമാശ പറഞ്ഞതാണെന്നും വിരമിക്കലിനെക്കുറിച്ചല്ല സംസാരിച്ചതെന്നും ഭാഗവത് പിന്നീട് വ്യക്തത വരുത്തിയിരുന്നു.
പ്രധാനമന്ത്രിയുടെ പ്രായത്തെ മുൻനിർത്തി പ്രതിപക്ഷ പാർട്ടികൾ വിമർശനവുമായി രംഗത്തെത്തിയിരുന്നു. എൽ.കെ. അദ്വാനി, മുരളി മനോഹർ ജോഷി, ജസ്വന്ത് സിങ് തുടങ്ങിയ മുതിർന്ന നേതാക്കളെ 75 വയസ്സ് തികഞ്ഞപ്പോൾ വിരമിക്കാൻ നിർബന്ധിച്ച മോദി, തനിക്ക് ആ നിയമം ബാധകമാക്കുമോ എന്ന് ശിവസേന (യുബിടി) എംപി സഞ്ജയ് റാവത്ത് ചോദിച്ചിരുന്നു. മുതിർന്ന നേതാക്കൾക്കായി രൂപവത്കരിച്ച 'മാർഗദർശക് മണ്ഡലിൽ' നിലവിലെ നേതൃത്വത്തിന് ഇളവ് നൽകുന്നത് ഇരട്ടത്താപ്പാണെന്ന് കോൺഗ്രസ് നേതാവ് അഭിഷേക് സിംഗ്വിയും അഭിപ്രായപ്പെട്ടു.
അതേസമയം, പ്രധാനമന്ത്രി സ്ഥാനമൊഴിയുമെന്ന വാർത്തകളെ ബിജെപി നേതൃത്വം തള്ളി. ബിജെപി ഭരണഘടനയിൽ വിരമിക്കലിനെക്കുറിച്ച് പ്രത്യേക നിബന്ധനകളൊന്നുമില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ 2023-ൽ തന്നെ വ്യക്തമാക്കിയിരുന്നു. 2047-ഓടെ ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കി ('വികസിത് ഭാരത്') മാറ്റുക എന്ന വലിയ ലക്ഷ്യത്തിലേക്കാണ് പ്രധാനമന്ത്രി ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും 2029-ലെ തിരഞ്ഞെടുപ്പിലും എൻഡിഎയുടെ സാരഥി മോദിതന്നെയായിരിക്കുമെന്നും ബിജെപി നേതൃത്വം വ്യക്തമാക്കിയിരുന്നു.
Content Highlights: PM Narendra Modi discusses his views on turning 75, emphasizing future goals over past years. Read his insights from `Pariksha Pe Charcha`.
Published: 07 Feb 2026, 04:33 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented