ക്ഷിണേന്ത്യയിൽ വിശേഷിച്ചും ആന്ധ്രയിലും കടപ്പയിലും സമീപപ്രദേശങ്ങളിലും ധാരാളം വളരുകയും കൃഷി ചെയ്യുകയും ചെയ്യുന്ന ഔഷധസസ്യമാണ് രക്തചന്ദനം. കേരളത്തിലും ഇത് നന്നായി വളരും. ഫാബേസി എന്ന സസ്യകുടുംബത്തിലെ അംഗമായ രക്തചന്ദനത്തിന്റെ ശാസ്ത്രീയനാമം ടീറോകാർപ്പസ് സാന്റലൈനഡ് എന്നാണ്. ആയുർവേദത്തിൽ ഇതിനെ രക്തചന്ദനം, രക്തസാരം, ക്ഷുദ്രചന്ദനം, ഹരിചന്ദനം എന്നീ പേരുകളിൽ പരാമർശിച്ചിരിക്കുന്നു.

To advertise here,

ചെറിയ വൃക്ഷമായി വളരുന്ന ഇതിന്റെ തൊലി ആഴത്തിൽ വെടിച്ചുകീറിയതായി കാണാം. ഇതിന്റെ കാതലാണ് ഔഷധയോഗ്യമായിട്ടുള്ളത്. രക്തപിത്ത രോഗങ്ങൾക്ക് ശമനമുണ്ടാക്കാനും വിഷം, ജ്വരം, വ്രണം, നേത്രരോഗങ്ങൾ,  പ്രമേഹം ഇവയെ ശമിപ്പിക്കുന്നു. ശ്വാസകോശത്തിന്റെ സങ്കോച വികാസ ക്ഷമത വർധിപ്പിക്കും. ചർമ്മത്തിന്റെ ആരോഗ്യവും കാന്തിയും വർധിപ്പിക്കാനും ഇതിന് സവിശേഷമായ കഴിവുണ്ട്.

ഇതിലെ രാസഘടകങ്ങളിൽ സന്റാലിൻ എ, ബി എന്നീ ചുവന്ന നിറം നൽകുന്ന ഘടകങ്ങൾ ഉണ്ട്. കൂടാതെ ടർപ്പനോയ്ഡ്‌സ്, ഫ്‌ളാവനോയ്ഡ്‌സ്, ടാനിൻ, ഫിനോളിക് സംയുക്തങ്ങൾ, സാപോനിൻ, ഗ്ലൈക്കോസൈഡ്, സ്റ്റിറോയ്ഡ്‌സും അടങ്ങിയിരിക്കുന്നു. ഇവയെല്ലാം തന്നെ ആന്റി ഓക്‌സിഡൻസ്, ആന്റി ഇൻഫ്‌ലമേറ്ററി ധർമ്മങ്ങൾ നിർവഹിക്കുന്നതുകാണ്ട് രോഗശമനത്തിനും സഹായിക്കുന്നു. ഗുളുച്യാദി കഷായം, മഹാരാസ്‌നാദി കഷായം, അസനാദി കഷായം, സഹചരാദിതൈലം, കുങ്കുമാദി തൈലം, ഇവയെല്ലാം രക്തചന്ദനം അടങ്ങിയിട്ടുള്ള ചില ഔഷധയോഗങ്ങളാണ്.

ഇതിന്റെ വളർച്ചാചക്രം 20-25 വർഷങ്ങൾ വരെയാണ്. നന്നായി പരിപാലിക്കപ്പെട്ട രക്തചന്ദന മരങ്ങൾക്ക് കാതലിനുള്ള ഉയർന്ന വില കാരണം നല്ല ഡിമാൻഡുണ്ട്. നല്ല നീർവാർച്ചയുള്ള മണ്ണുള്ള ചൂടുള്ള ഉഷ്ണമേഖലാ  പ്രദേശങ്ങളിൽ ഇത് നന്നായി വളരുന്നു. വിത്തുകൾ വഴിയോ, ടിഷ്യൂകൾച്ചർ വഴിയോ പ്രജനനം നടത്താം. നട്ട് പ്രാരംഭഘട്ടത്തിൽ പതിവായി നനവ് ആവശ്യമാണ്. വേരുകളിലെ രോഗങ്ങൾ തടയാൻ അമിത നന ഒഴിവാക്കണം. വലിയ പരിചരണം ആവശ്യമില്ലാത്ത ഈ വൃക്ഷത്തിന്റെ ചുവട്ടിൽ പുതയിടുന്നത് ഈർപ്പം നിലനിർത്താനും കളകളെ നിയന്ത്രിക്കാനും സഹായിക്കും.

ഇതൊരു സംരക്ഷിത വൃക്ഷമായത് കൊണ്ട് ഇതിന്റെ കൃഷി ആവശ്യത്തിനുള്ള നടീലും വിളവെടുക്കലും സംസ്ഥാന വനംവകുപ്പുമായോ കേന്ദ്രസർക്കാരുമോയോ ബന്ധപ്പെട്ടിട്ട് മാത്രമാകണം ചെയ്യേണ്ടത്. ഔഷധാവശ്യങ്ങൾക്ക് പുറമേ അലങ്കാരവസ്തുക്കൾ നിർമ്മിക്കുന്നതിനും രക്തചന്ദനം ഉപയോഗിക്കാറുണ്ട്. കാതലിന് മൂപ്പ് കൂടുന്നതനുസരിച്ച് വിലയും കൂടാറുണ്ട്. നല്ല കാതലിന് കിലോയ്ക്ക് 15000 മുതൽ 20000 വരെ വില ലഭിക്കാറുണ്ട്.