വന്യമൃഗശല്യം കർഷകർ നേരിടുന്ന വലിയ വെല്ലുവിളിയാണ്. ഇതിനൊരു പരിഹാരമാണ് കൃഷിയിടത്തിന്റെ അതിരുകളിൽ മുള്ളു ചെറുനാരകം കനത്തനിരകളായി വെച്ചുപിടിപ്പിച്ച് ജൈവവേലി നിർമിക്കൽ. ഇതൊരു പരിസ്ഥിതിസൗഹൃദ മാർഗവുമാണ്. ചെടികളിലെ മുള്ളുകളും രൂക്ഷമായ ഗന്ധവുമാണ് വന്യമൃഗങ്ങളെ അകറ്റാൻ സഹായിക്കുന്നത്. ചെറുനാരകത്തിന്റെ ഇലകളിൽ സിട്രോണെല്ല എന്ന തൈലം അടങ്ങിയിരിക്കുന്നു. ഈ തൈലത്തിന്റെ ഗന്ധം വന്യമൃഗങ്ങൾക്കുണ്ടാക്കുന്ന അസ്വസ്ഥതയാണ് ഇവയെ ചെടികളിൽനിന്ന്‌ അകറ്റുന്നത്. കൂർത്ത മുള്ളുഭാഗങ്ങളും കൃഷിയിടത്തിലേക്കുള്ള നുഴഞ്ഞുകയറ്റത്തിന് തടസ്സം സൃഷ്ടിക്കുന്നു.

To advertise here,

ഇനങ്ങൾ

നാടൻ ചെറുനാരങ്ങ ഇനങ്ങളെല്ലാം പൊതുവേ മുള്ളുകളുള്ളതിനാൽ ജൈവവേലിക്ക് യോജിച്ചതാണ്. സിട്രസ് വർഗങ്ങൾ മിക്കതും മൂർച്ചയുള്ള മുള്ളുകൾ ഉള്ളതിനാൽ അവയും ഉപയോഗിക്കാം.

തൈകൾ തയ്യാറാക്കൽ

വിത്തു മുളപ്പിച്ചും കമ്പുകൾ മുറിച്ച് വേരുപിടിപ്പിച്ചും മുള്ളുനാരകത്തൈകൾ തയ്യാറാക്കാം. ജൈവവേലിക്ക് കൂടുതൽ തൈകൾ വേണമെങ്കിൽ വിത്ത് മുളപ്പിക്കുന്നതാണ് എളുപ്പം. നല്ല ആരോഗ്യമുള്ള കായ്കളിൽനിന്ന് വിത്തുകൾ ശേഖരിക്കണം. കായ്കളിൽനിന്ന് എടുത്ത ഉടൻ വിത്തുകൾ നടണം. പഴകുന്തോറും വിത്തിന് കിളിർപ്പുശേഷി കുറയും.

വിത്തിലെ പൾപ്പ് (പശ) നന്നായി കഴുകിക്കളയണം. മണൽ, മണ്ണ്, ചാണകപ്പൊടി അല്ലെങ്കിൽ കമ്പോസ്റ്റ് എന്നിവ തുല്യ അളവിൽ എടുത്ത മിശ്രിതം ഉപയോഗിച്ച് പ്രോട്രേകളിലോ അല്ലെങ്കിൽ ചെറിയ പോളിത്തീൻ കവറുകളിലോ നടണം. ദിവസവും ആവശ്യത്തിന് നനയ്ക്കണം. നേരിട്ടുള്ള കടുത്ത സൂര്യപ്രകാശം ഏൽക്കാത്ത സ്ഥലത്ത് വെക്കണം. രണ്ടാഴ്ചമുതൽ ഒരു മാസംകൊണ്ട് വിത്ത് മുളയ്‌ക്കും. തൈകൾക്ക് ആറുമുതൽ പന്ത്രണ്ടുമാസം പ്രായമാകുമ്പോൾ, അല്ലെങ്കിൽ 15 മുതൽ 30 സെന്റീമീറ്റർവരെ ഉയരംവെക്കുമ്പോൾ വേലിക്കായി ഉപയോഗിക്കാം.

കമ്പു മുറിച്ചുനട്ട് വേര് പിടിപ്പിക്കുകയാണെങ്കിൽ ആരോഗ്യമുള്ള ചെറുനാരകത്തിൽനിന്ന് ഏകദേശം 15 മുതൽ 25 സെന്റീമീറ്റർവരെ നീളമുള്ള, പെൻസിൽ കനത്തിലുള്ള, പച്ചനിറംകലർന്ന തവിട്ടുനിറമുള്ള ശിഖരം മുറിച്ചെടുക്കണം. താഴത്തെ അറ്റത്ത് ഇലകൾ നീക്കംചെയ്യണം. മുകളിലായി മൂന്ന്-നാല് ഇലകൾ നിലനിർത്താം. വേരുകൾ പെട്ടെന്നുണ്ടാകാൻ മുറിച്ചെടുത്ത കമ്പിന്റെ ചുവടുഭാഗം റൂട്ടിങ് ഹോർമോൺ പൊടിയിൽ മുക്കുന്നത് നല്ലതാണ്. മണൽ, മണ്ണ്, ചാണകപ്പൊടി അല്ലെങ്കിൽ കമ്പോസ്റ്റ് എന്നിവചേർന്ന നടീൽമിശ്രിതത്തിൽ കമ്പ് നടാം. തൈകൾ വേരുപിടിക്കുന്നതുവരെ നേരിട്ടുള്ള സൂര്യപ്രകാശം ഏൽക്കാത്തസ്ഥലത്ത് വെക്കണം. മിതമായ ഈർപ്പം നിലനിർത്തണം. വേരുപിടിച്ചാൽ നടാം.

മണ്ണൊരുക്കൽ

തൈകൾ നടാനുള്ള സ്ഥലം ഏകദേശം ഒരടി ആഴത്തിലും രണ്ടടി വീതിയിലും കൃഷിയിടത്തിന് ചുറ്റും നീളത്തിൽ കിളച്ചിടണം. നാരകത്തിന് ജൈവവസ്തുക്കൾ ധാരാളമുള്ള മണ്ണാണ് ഇഷ്ടം. ഇളക്കിയ മണ്ണിൽ ധാരാളം കംബോസ്റ്റ്, കാലിവളം അല്ലെങ്കിൽ മറ്റു ജൈവവളങ്ങൾ ചേർത്ത് കൂട്ടിക്കലർത്തണം.

ജൈവവേലി നിർമിക്കൽ

നടുന്ന സ്ഥലത്ത് വെള്ളം കെട്ടിനിൽക്കാതിരിക്കണം. തൈകൾക്ക് നല്ല സൂര്യപ്രകാശം വേണം. വേലിക്ക് ബലം കിട്ടാനായി തൈകൾ രണ്ടുവരിയായി നടാം. തൈകൾ തമ്മിൽ ഒരടിമുതൽ രണ്ടടിവരെ അകലം നൽകാം. തൈകൾ വളർന്നുവരുമ്പോൾ മുകൾഭാഗം മുറിക്കുന്നത് പാർശ്വശാഖകൾ ഉണ്ടാകാനും കുറ്റിച്ചെടിയായി വളരാനും വേലിക്ക് നല്ല കട്ടിലഭിക്കാനും സഹായിക്കും. വേലിയുടെ ഏറ്റവും താഴത്തെ ഭാഗംമുതൽ ഇടതൂർന്ന് വളരണം. അതിനായി വളർന്നുവരുന്ന ചെറിയ തൈകളുടെ അറ്റം ചെറുപ്പത്തിൽത്തന്നെ കോതിമാറ്റാം. പാർശ്വശിഖരങ്ങൾ നിലനിർത്തണം.

മറ്റു പരിചരണങ്ങൾ

മഴക്കാലത്തിന് തൊട്ടുമുൻപ്‌ കാലിവളം, കമ്പോസ്റ്റ്‌, എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക് എന്നിവ ചേർക്കുന്നത് ചെടികളുടെ ആരോഗ്യകരമായ വളർച്ചയ്ക്കും നിലനിൽപ്പിനും സഹായകമാകും. വേപ്പെണ്ണ എമൽഷൻപോലുള്ള ജൈവകീടനാശിനികൾ തളിക്കുന്നത് കീടബാധനിയന്ത്രണത്തിനുപകരിക്കും.

വയനാട് എം.എസ്. സ്വാമിനാഥൻ ഗവേഷണ കേന്ദ്രം ഇത്തരം ജൈവവേലികൾ നിർമിക്കുന്നതിനും മറ്റും കർഷകർക്ക് സാങ്കേതിക നിർദേശങ്ങൾ നൽകുന്നുണ്ട്. മറ്റു കൃത്രിമവേലികളെ അപേക്ഷിച്ച് കുറഞ്ഞ നിർമാണച്ചെലവും ദീർഘകാലത്തേക്ക് കുറഞ്ഞ പരിപാലനച്ചെലവും മതിയാവും. വിവരങ്ങൾക്ക്: 9446088605