വിദേശത്തെ തിളക്കമാർന്ന കരിയർ, കൈ നിറയെ ശമ്പളം, സുഖസൗകര്യങ്ങൾ... ഇതൊക്കെ ഉപേക്ഷിച്ച് പൊരിവെയിലത്ത് മണ്ണിലിറങ്ങാൻ ഒരാൾ തയ്യാറാകുമോ? കർഷകന് എന്നും കണ്ണീരിന്റെയും നഷ്ടങ്ങളുടെയും കണക്കുകൾ മാത്രമാകും ബാക്കിയാകുക എന്ന ധാരണകളെ ഭേദിച്ച് കൃഷിയെ  ശാസ്ത്രമായും ലാഭകരമായ ബിസിനസ്സായും മാറ്റുകയാണ് കൊല്ലം പുതുച്ചിറ സ്വദേശിയായ വിഷ്ണു. ഹോട്ടൽ മാനേജ്‌മെന്റ് ബിരുദവും വിദേശത്തെ ആറുവർഷത്തെ കരിയറും ഉപേക്ഷിച്ച് കൃഷിയിലേക്കിറങ്ങുമ്പോൾ വിഷ്ണുവിന് ആശങ്കളൊട്ടും തന്നെ ഉണ്ടായിരുന്നില്ല. പരിചയസമ്പന്നരായ കർഷകർ ഒരു പുസ്തകമെന്നവിധം വിഷ്ണുവിന് മുന്നിലുണ്ടായിരുന്നു. സംശയങ്ങൾ ശാസ്ത്രീയമായും പ്രായോഗികമായും പരിഹരിച്ച് മുന്നോട്ടുപോകുന്ന ഈ യുവ കർഷകൻ കാലത്തിനൊപ്പം സഞ്ചരിച്ച് കൃഷിയിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുകയാണ്.

To advertise here,

കൃഷിയിലെ സന്തോഷം

കുട്ടിക്കാലം മുതലേ അച്ഛനും അമ്മയും കൃഷി ചെയ്യുന്നത് കണ്ടു വളർന്ന വിഷ്ണുവിന് മണ്ണുമായുള്ള ബന്ധം അന്നേ തുടങ്ങിയതാണ്. കൃഷി ചെയ്യുമ്പോൾ കർഷകന് മാത്രം മനസ്സിലാകുന്ന ഒരു സന്തോഷം ഉണ്ട്. ഒരോ വിത്തും മുളച്ച് തൈ ആകുന്നതും വളരുന്നതും നോക്കി പരിചരിച്ച് ഒടുവിൽ അതിൽനിന്നു ഫലം ലഭിക്കുമ്പോൾ കിട്ടുന്ന സന്തോഷം മറ്റൊന്നിനും നൽകാൻ സാധിക്കില്ലെന്ന് ഈ യുവകർഷകൻ പറയുന്നു. അച്ഛനും അമ്മയും ചെറുപ്പം മുതലേ പകർന്നു നൽകിയതുക്കൊണ്ടാണ് തനിക്കിപ്പോൾ ആ സന്തോഷം അത്രമേൽ ആസ്വദിക്കാൻ കഴിയുന്നതെന്നും മുന്നോട്ടുള്ള യാത്രയിൽ അതിലും വലിയ പ്രചോദനം ആവശ്യമില്ലെന്നും വിഷ്ണു പറയുന്നു.

കോയമ്പത്തൂർ അമൃത ഇന്റർനാഷണൽ കാറ്റഗറി സ്കൂളിൽനിന്നു ബിഎസ്സി ഹോട്ടൽ മാനേജ്‌മെന്റ് പൂർത്തിയാക്കിയ ശേഷം ആറുവർഷം മിഡിൽ ഈസ്റ്റിൽ ജോലി ചെയ്തു. എന്നാൽ ,കൃഷിയിലുള്ള താല്പര്യവും ആ ജോലിയിൽനിന്നുള്ള സംതൃപ്തിയും തിരിച്ചറിഞ്ഞതോടെ നാട്ടിലെത്തി പൂർണ്ണസമയ കർഷകനായി മാറാൻ തീരുമാനിക്കുകയായിരുന്നു.

എക്‌സ്‌പെരിമെന്റൽ ഫാമിങ്

എക്‌സ്‌പെരിമെന്റൽ ഫാമിങ് ആണ് തന്റെ രീതിയെന്ന് വിഷ്ണു പറയുന്നു. പരീക്ഷണാടിസ്ഥാനത്തിൽ പുതിയ വിത്തുകൾ നട്ടുപിടിപ്പിക്കുകയും അതിന്റെ ഗുണനിലവാരം ഉറപ്പുവരുത്തിയ ശേഷം മാത്രം മറ്റ് കർഷകരിലേക്ക് എത്തിക്കുകയും ചെയ്യുക എന്ന വലിയൊരു ദൗത്യമാണ് ഇദ്ദേഹത്തിനുമുന്നിലുള്ളത്. എല്ലാ തരത്തിലുള്ള പച്ചക്കറി വിത്തുകളുടെയും പരീക്ഷണ- നിരീക്ഷണ ശാലയാണ് ഈ യുവാവിന്റെ കൃഷിയിടം. പരീക്ഷണാടിസ്ഥാനത്തിൽ കൃഷി ചെയ്യുമ്പോൾ ചെടിക്കുണ്ടാകുന്ന രോഗങ്ങൾ, അതിന്റെ രോഗപ്രതിരോധ മാർഗങ്ങൾ, അതുപോലെ തന്നെ ചെയ്യേണ്ട വളപ്രയോഗങ്ങൾ... ഇതിനെ കുറിച്ചൊക്കെ വ്യക്തമായി പഠിക്കും. കാലാവസ്ഥയ്ക്കും മണ്ണിനും അനുയോജ്യമായ നല്ല വിളവ് തരുന്ന വിത്തുകൾ തിരിച്ചറിഞ്ഞ് വ്യാവസായിക അടിസ്ഥാനത്തിൽ കൃഷി വ്യാപിപ്പിക്കുന്നതിനൊപ്പം ഈ വിത്തുകൾ മറ്റു കർഷകർക്ക് കൂടി കൈമാറുകയും താൻ സ്വീകരിച്ച മാർഗങ്ങളും നിരീക്ഷണങ്ങളും പങ്കുവെച്ച് അവരെയും കൃഷിയിൽ ഉറപ്പിച്ചു നിർത്തുകയും ചെയ്യുന്നുണ്ട് ഈ യുവ കർഷകൻ. 

വാഴ നനയുമ്പോൾ ചീരയും നനയും

വിവിധ പ്രദേശങ്ങളിലായി ഒരേക്കറോളം ഭൂമിയിലാണ് കൃഷി. മണ്ണും കർഷകരുമാണ് പാഠപുസ്തകം. എത്ര പഠിച്ചാലും തീരാത്ത പുതിയ പുതിയ പാഠങ്ങളാണ് പ്രകൃതി ഒരുക്കിവെച്ചിരിക്കുന്നത്. പ്രകൃതിക്കൊപ്പം സഞ്ചരിക്കുക, മണ്ണറിഞ്ഞ് കൃഷിയിറക്കുക എന്നതാണ് തന്റെ നയമെന്നാണ് വിഷ്ണു പറയുന്നത്. ഏകവിള കൃഷി കർഷകന് ഒരിക്കലും ലാഭം തരില്ല എന്നതുപോലെ തന്നെ വ്യക്തമായ ധാരണയില്ലാതെ ഒരുപാട് വിളകൾ ഒരേ സമയം കൃഷി ചെയ്യുന്നതും നഷ്ടങ്ങൾക്ക് കാരണമാകാം. കൃത്യമായ പരിചരണം ഉറപ്പുവരുത്താൻ സാധിക്കുന്നത്ര വിളകൾ നിശ്ചിതസ്ഥലത്ത് കൃഷി ചെയ്യുകയെന്നതാണ് സ്വീകരിക്കുന്ന നയം. വാഴയ്ക്കൊപ്പം ഇടവിളയായി ചീര കൃഷി ചെയ്യുന്നു. വഴുതന, തക്കാളി, പാവൽ, പടവലം, കുക്കുമ്പർ, പയർ, പച്ചമുളക് മുതലായവയും വിഷ്ണുവിന്റെ കൃഷിയിടത്തിൽ തഴച്ചുവളരുന്നു.

വിളവിന് വിലയിടേണ്ടത് കർഷകൻ

ഉത്പാദിപ്പിക്കുന്ന കാർഷികവിളകൾക്ക് കർഷകന് തന്നെ വിലയിടാൻ സാധിക്കാത്തതാണ് എല്ലാകാലത്തും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. പച്ചക്കറികൾക്ക് മാർക്കറ്റിൽ നല്ല ഡിമാൻഡ് ഉണ്ടെങ്കിലും ഇടനിലക്കാരെത്തുന്നതോടെ കർഷകന് യഥാർത്ഥ ലാഭം ലഭിക്കുന്നില്ല. കൂടുതലും നഷ്ടമായിരിക്കും ഉണ്ടാകുക. ജൈവരീതിയിലാണ് വിഷ്ണുവിന്റെ കൃഷി. അതുകൊണ്ട് തന്നെ ആവശ്യക്കാരും ഏറെയാണ്. ചുറ്റുപാടുള്ളവർക്കും തേടിയെത്തുന്ന ആവശ്യക്കാർക്കും നൽകിയതിന് ശേഷം മിച്ചമുള്ളവ റോഡ് സൈഡിൽ വിൽക്കുന്നു. കടകളിൽ കൊണ്ടു കൊടുത്താൽ 40 രൂപ ലഭിക്കുന്ന പച്ചക്കറികൾഅവർ 70 രൂപയ്ക്കോ 75 രൂപയ്ക്കോ ഒക്കെയായിരിക്കും വിൽക്കുന്നത്. നമുക്ക് സ്വന്തം മാർക്കറ്റ് കണ്ടെത്താൻ സാധിച്ചാൽ ആ വില നേരിട്ട് ലഭിക്കും. അതുകൊണ്ട് റോഡ് സൈഡിലാണ് വിഷ്ണു ഉത്പന്നങ്ങൾ വിറ്റഴിക്കുന്നത്. പച്ചക്കറി സ്ഥിരമായിട്ട് വാങ്ങിക്കുന്ന കുടുംബങ്ങളുണ്ട്. അവരിൽനിന്ന് ഓർഡർ എടുത്തിട്ട് പച്ചക്കറികൾ എത്തിച്ചു കൊടുക്കാറുമുണ്ട്.

സോഷ്യൽ മീഡിയയിൽ ഹിറ്റാണ് വിഷ്ണുവിന്റെ സ്വപ്ന ജീവിതം

വിഷ്ണൂസ് ഡ്രീംലൈഫ് ഇപ്പോൾ സാമൂഹികമാധ്യമങ്ങളിലും തരംഗമാണ്. കർഷകരിൽനിന്നും പുസ്തകങ്ങളിൽനിന്നും ഇന്റർനെറ്റിൽനിന്നും താനറിഞ്ഞ കൃഷിപാഠങ്ങൾ യുവതലമുറയിലെ കൃഷി ഇഷ്ടമുള്ളവർക്ക് കൂടി പങ്കുവെക്കുക എന്ന ലക്ഷ്യത്തോടെയാണ് വിഷ്ണൂസ് ഡ്രീംലൈഫ് എന്ന പേരിൽ സാമൂഹികമാധ്യമങ്ങളിൽ അക്കൗണ്ട് തുറന്നത്. കൃഷി ഇഷ്ടപ്പെടുന്നവർ നിരവധിയാണെന്നും തലമുറ മാറ്റത്തിൽ കൃഷിയെ പാടേ ഉപേക്ഷിക്കുന്നവർക്കിടയിൽ തന്റെ വീഡിയോ കണ്ട് ഒരാളെങ്കിലും സ്വന്തം വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികളെങ്കിലും ഉത്പാദിപ്പിക്കാൻ തയ്യാറായാൽ അതിലും വലിയ സന്തോഷം മറ്റൊന്നിനും തരാൻ കഴിയില്ലന്ന് വിഷ്ണു പറയുന്നു.

തുടക്കക്കാർ ശ്രദ്ധിക്കണം നിരവധി കാര്യങ്ങൾ

മുഴുവൻ സമയ കൃഷിയിലേക്ക് തിരിയുംമുമ്പ് ഒട്ടേറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് വിഷ്ണു പറയുന്നു. വ്യാവസായിക അടിസ്ഥാനത്തിൽ മുഴുവൻ സമയ കൃഷിയിലേക്ക് തിരിയുന്ന തുടക്കക്കാർ ഒരുപാട് ഇനം വിത്തുകൾ വാങ്ങിച്ചിട്ട് ഒരുമിച്ച് കൃഷി ചെയ്യാൻ നോക്കും. പക്ഷേ, ഓരോ ചെടിക്കും അതിന്റേതായുള്ള വളപ്രയോഗങ്ങളും പരിചരണ രീതികളും ഉണ്ട്. കാലവസ്ഥയും പ്രധാന ഘടകമാണ്. എല്ലാ കാലവസ്ഥയിലും എല്ലാ വിളകളും കൃഷി ചെയ്യാൻ സാധിക്കില്ല. അത് കൃത്യമായി മനസ്സിലാക്കി കൃഷി ചെയ്യുന്നില്ലെങ്കിൽ വലിയ നഷ്ടങ്ങളുണ്ടാകാൻ സാധ്യത ഏറെയാണ്. കൃഷിയിലും പഠിക്കാനുണ്ട് ഒട്ടനവധി കാര്യങ്ങൾ. ചെറിയ തോതിൽ തുടങ്ങി വിളയുടെ ഓരോ കാലവും അടുത്തറിഞ്ഞ് തെറ്റുകളിൽനിന്നും വീഴ്ചകളിൽനിന്നും പഠിച്ച് അവ തിരുത്തി കൂടുതൽ സ്ഥലത്തേക്കും കൂടുതൽ വിളകളിലേക്കും കൃഷി വ്യാപിപ്പിക്കുന്നതായിരിക്കും ഉചിതമെന്ന് വിഷ്ണു പറയുന്നു.

വിദേശത്തെ നല്ല ജോലി ഉപേക്ഷിച്ച് കൃഷിയിലേക്ക് തിരിഞ്ഞപ്പോൾ പലരും പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും കൃഷിയോടുള്ള താത്പര്യമാണ് വിഷ്ണുവിന്റെ യാത്രയുടെ വിജയം. കൃഷിയിൽ ഭാവി ഉണ്ടോ എന്ന് ചോദിച്ചവർക്ക് മുന്നിൽ ഭാവി മാത്രമല്ല, നേട്ടങ്ങളുടെ വലിയ നിര തന്നെ ചൂണ്ടികാണിക്കാനുണ്ട് വിഷ്ണുവിന്. പ്രാക്ടിക്കൽ വർക് ഷോപ്പുകളും ഫാം ടൂറിസം അടക്കമുള്ള കാലത്തിനനുസൃതമായ കൃഷി സാധ്യതകളെല്ലാം പ്രയോജനപ്പെടുത്തി മുന്നോട്ട് പോകുകയാണ് ഈ യുവ കർഷകൻ.