
മണ്ണിനോട് ഇണങ്ങി കൃഷി ചെയ്യുന്നതെങ്ങനെയെന്ന് പഠിക്കേണ്ടവർക്ക് കാസർകോട് വെള്ളരിക്കുണ്ട് ഭീമനടിയിലെ സെബാസ്റ്റ്യൻ പി.അഗസ്റ്റിന്റെ കൃഷിയിടത്തിലെത്താം. രാസവളവും രാസകീടനാശിനിയുമില്ലാതെ പ്രകൃതിസൗഹൃദ കൃഷിരീതികൾ ഇവിടെ കാണാം. സൗരോർജ വിളക്ക് തെളിച്ച് വിളവ് വർധിപ്പിക്കുന്ന നൂതനവിദ്യ പഠിക്കാം. മണ്ണും ജലവും പ്രകൃതിയും ജീവികളും സമന്വയത്തോടെ കഴിയുന്ന കാഴ്ചകളാണ് മുൻ റവന്യൂ വകുപ്പുദ്യോഗസ്ഥൻ കൂടിയായ ഈ 82-കാരന്റെ പതിനഞ്ചേക്കർ കൃഷിയിടത്തിൽ നിറയെ.
വെളിച്ചമണയാത്ത ഡ്രാഗൺ പഴത്തോട്ടം
പത്ത് വർഷം മുൻപ് തുടങ്ങിയ ഡ്രാഗൺ പഴക്കൃഷി വൻ വിജയമാണ്. ആയിരത്തോളം ഡ്രാഗൺ തൈകൾ വളരുന്നു. തോട്ടത്തിൽനിറയേ രാത്രി സൗരോർജ വിളക്കുകൾ പ്രകാശിക്കുന്നു. പ്രത്യേകം രൂപകല്പന ചെയ്ത വിളക്കുകൾ ഡ്രാഗൺ ചെടികൾ പൂവിടാനും കായ്ക്കാനുമുള്ള പ്രേരണ കൂട്ടുന്നു. പ്രത്യേക സ്‌പെക്ട്രത്തിലുള്ള പ്രകാശം പ്രകാശസംശ്ലേഷണം ത്വരപ്പെടുത്തി പഴങ്ങളുടെ വലിപ്പവും നിറവും സ്വാദും കൂട്ടുന്നതായാണ് അനുഭവമെന്ന് സെബാസ്റ്റ്യൻ പറയുന്നു. മറ്റ് വിളകളിലും ഇതിന് സാധ്യതയേറെയാണെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. 10 കിലോവാട്ടിന്റെ സൗരോർജ പാനലുണ്ട്. വീട്ടാവശ്യത്തിനും സൗരോർജമാണ്. സൗരോർജവൈദ്യുതി അധികമായുള്ളത് വൈദ്യുതിവകുപ്പിന് വിൽക്കുന്നു.

കാട് നിറഞ്ഞ് റബ്ബർത്തോട്ടം
സമീപവർഷങ്ങളിൽ ചൂട് കൂടിവരുന്നതറിഞ്ഞ് കൃഷിരീതിയിൽ വീണ്ടും മാറ്റം വരുത്തി. ചൂടിനെ ചെറുക്കാൻ അഞ്ചേക്കർ സ്ഥലത്തെ റബ്ബർതോട്ടത്തിൽ കാട് സംരക്ഷിച്ചുനിർത്തുന്നു. തോട്ടത്തിൽ ടാപ്പിങ്ങിനും പാലെടുക്കാനുമുള്ള വഴി മാത്രം. വർഷങ്ങളായി കാടുതെളിക്കാറില്ല. രണ്ടേക്കർ സ്ഥലത്ത് ചൂണ്ടപ്പനയും മറ്റ് വലിയ മരങ്ങളും സംരക്ഷിച്ചുനിർത്തിയിട്ടുണ്ട്. മാവും പ്ലാവും റബ്ബറും തെങ്ങും മുതൽ വിദേശ പഴവർഗങ്ങൾവരെ. സമ്മിശ്രകൃഷിയിലൂടെ പച്ചപ്പ് നിലനിർത്തുന്നു. കാസർകോട് കുള്ളൻ, വെച്ചൂർ പശു, മത്സ്യക്കൃഷി തുടങ്ങിയവയുമുണ്ട്. പണിക്കാർക്കൊപ്പം സെബാസ്റ്റ്യനും ഭാര്യ മേരിക്കുട്ടിയും മുഴുവൻസമയവും കൃഷിയിടത്തിലുണ്ടാകും. കേരകേസരി ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
മണ്ണാകെ മാറി
ആറ് പതിറ്റാണ്ട് മുൻപ് മലങ്കാട് തെളിച്ച് കുടുംബത്തോടൊപ്പം കുടിയേറിയതാണ്. കപ്പയും ചേനയും ചേമ്പുമെല്ലാമുള്ള സാധാരണ കൃഷിരീതിയിലായിരുന്നു തുടക്കം. കാലം പിന്നിട്ടപ്പോൾ മണ്ണിന്റെ പ്രകൃതം മാറി. അതോടെ കൃഷിശൈലി മാറ്റി. മലഞ്ചെരുവിൽ കയ്യാല കെട്ടി മണ്ണൊലിപ്പ് തടഞ്ഞു. ജൈവാവശിഷ്ടങ്ങളെല്ലാം മണ്ണിൽത്തന്നെ മറവുചെയ്തു. പറമ്പുനിറയെ വലിയ കുഴിയെടുത്ത് ചകിരി നിറച്ചു. ജൈവഘടന തിരിച്ചുപിടിച്ചു. 25 വർഷമായി പൂർണ ജൈവകൃഷി പിന്തുടരുന്നു.
കരിക്കിൽനിന്ന് വൈൻ
കരിക്കിൻ വെള്ളത്തിൽനിന്ന് വൈൻ ഉണ്ടാക്കുന്നതിനുള്ള പേറ്റന്റ് 2004-ൽ ലഭിച്ചതാണ്. ഇതിന്റെ അടിസ്ഥാനത്തിൽ ബിവറേജസ് കോർപ്പറേഷന് വൈൻ നിർമിച്ചുനൽകാൻ നൽകിയ അപേക്ഷ അടുത്തിടെ സർക്കാർ അംഗീകരിച്ചു. സമ്മതപത്രം ഉടൻ ലഭിക്കും. പഴങ്ങളും കരിക്കും ചേർത്ത് വൈൻ ഉണ്ടാക്കുന്ന ആദ്യ സംരംഭമായി ഇത് മാറും
Content Highlights: farmer scripts success in mixed farming
Published: 18 Aug 2024, 02:25 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented