ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച ചെയ്യാത്ത ബ്രാന്‍ഡ് ജനങ്ങളുടെ പ്രിയപ്പെട്ട ബ്രാന്‍ഡായി മാറി.

ബിസിനസ് തകർച്ചയെ തുടർന്ന് കാലിടറിയ കുടുംബത്തെ കരയ്‌ക്കെത്തിക്കാൻ പതിനാറാം വയസ്സിൽ പഠനം ഉപേക്ഷിക്കേണ്ട വന്ന കൗമാരക്കാരൻ ഇന്ന് പതിനായിരം കോടി വിപണി മൂല്യമുള്ള ഒരു ബ്രാൻഡിന്റെ അമരക്കാരനാണ്. ആ കൗമാരക്കാരന്റെ പേര് സതീഷ് കുമാർ ടി എന്നാണ്, ബ്രാൻഡിന്റെ പേര് മിൽക്കി മിസ്റ്റ് എന്നും. തമിഴ്നാട്ടിലെ ഈറോഡിൽനിന്ന് കഠിനാധ്വാനത്തിന്റെ മാത്രം ബലത്തിലാണ് സതീഷ് കുമാർ ഇന്ത്യയിലെ പാലുൽപ്പന്ന വിപണിയിൽ തന്റേതായ സാമ്രാജ്യം തീർക്കുന്നത്.
പവർ ലൂം ബിസിനസ്സായിരുന്നു സതീഷ് കുമാറിന്. 1980കളുടെ തുടക്കത്തിൽ തന്നെ ആ ബിസിനസ്സ് പൂർണമായും തകർന്നു. പിന്നീട് കുടുംബം മുന്നോട്ടുകൊണ്ടുപോകുന്നതിനായി അവർ കണ്ടെത്തിയ മാർഗം പാൽ കച്ചവടമായിരുന്നു. സമീപപ്രദേശങ്ങളിൽ നിന്നും പാൽശേഖരിച്ച് ബെംഗളുരുവിൽ വിൽക്കും. നിത്യവും 3000 ലിറ്റർ പാലാണ് വിറ്റിരുന്നത്, എന്നാൽ വൈകാതെ ആ ബിസിനസ്സും നഷ്ടത്തിലായി. 1992 ആയതോടെ പാൽ ബിസിനസ് പൂർണമായും അവർക്ക് അവസാനിപ്പിക്കേണ്ടതായി വന്നു. അന്ന് 16 വയസ്സായിരുന്നു സതീഷ് കുമാറിന്. കുടുംബത്തിന്റെ ഉത്തരവാദിത്തം സ്വന്തം ചുമലിൽ ഏറ്റെടുത്ത സതീഷ് പഠനം അവസാനിപ്പിച്ചു. ഇനിയെന്ത് എന്ന രീതിയിൽ ചിന്തകൾ പുരോഗമിക്കുമ്പോഴാണ് തങ്ങളുടെ തന്നെ പാൽ വാങ്ങി, അതിൽ നിന്നും പനീർ ഉണ്ടാക്കി പ്രാദേശിക ഹോട്ടലുകൾക്കും റെസ്റ്റോറന്റുകൾക്കും വൻവിലയ്ക്ക് വിൽക്കുന്ന ഉപഭോക്താവ് സതീഷിന്റെ ശ്രദ്ധയിൽ പെടുന്നത്.
പനീറിന്റെ സാധ്യത തിരിച്ചറിഞ്ഞ സതീഷ് പനീർ ബിസിനസ്സ് തുടങ്ങാനുള്ള തീരുമാനത്തിലേക്കെത്തി. പക്ഷേ, പനീർ ഉണ്ടക്കിയോ വിതരണം ചെയ്‌തോ നേരത്തേ പരിചയമില്ലാത്തതിനാൽ തുടക്കം അത്ര എളുപ്പമായിരുന്നില്ല. ഇന്നത്തെപ്പോലെ ഇന്റർനെറ്റോ യൂട്യൂബ് ട്യൂട്ടോറിയലുകളോ ഇല്ലാതിരുന്ന കാലവും. മാസങ്ങളോളം നീണ്ട കഠിനമായ പരീക്ഷണങ്ങളിലൂടെയായിരുന്നു തുടക്കം. പാൽ തിളപ്പിച്ചും വിനാഗിരി ഉപയോഗിച്ച് കട്ടപിടിപ്പിച്ചും പനീറിന്റെ പാകവും ഘടനയും പരീക്ഷിച്ചറിഞ്ഞു.
ഒടുവിൽ 1993-ൽ തന്റെ കയ്യിലുള്ള ബാഗിൽ വെറും 10 കിലോഗ്രാം പനീറുമായി സതീഷ് ബെംഗളൂരുവിലെ മൊത്തവ്യാപാരികളുടെ അടുത്തേക്ക് വണ്ടി കയറി. ആ പരിശ്രമം വെറുതെയായില്ല. 1995 ആയപ്പോഴേക്കും ദിവസേനയുള്ള വിൽപ്പന 50 മുതൽ 100 കിലോഗ്രാം വരെയായി ഉയർന്നു. പാൽ വിൽക്കുന്നതിനേക്കാൾ ലാഭം പനീർ വില്പനയിലാണെന്ന് സതീഷ് തിരിച്ചറിഞ്ഞു. പാൽ വിൽപ്പന പൂർണമായി ഉപേക്ഷിക്കാൻ കുടുംബം തീരുമാനിച്ചു.
1997-ൽ 'മിൽക്കി മിസ്റ്റ്' എന്ന ബ്രാൻഡിൽ അവർ കച്ചവടം ആരംഭിച്ചു. പനീറിൽ തുടങ്ങി തൈര്, വെണ്ണ, നെയ്യ്, ചീസ്, യോഗർട്ട്, ഐസ്‌ക്രീം തുടങ്ങി ഡയറി മേഖലയിലെ സകല സാധ്യതകളും മിൽക്കി മിസ്റ്റ് പരീക്ഷിച്ചു. ബ്രാൻഡ് പതിയെ പടർന്നുപന്തലിച്ചു. ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാത്ത ബ്രാൻഡ് ജനങ്ങളുടെ പ്രിയപ്പെട്ട ബ്രാൻഡായി മാറി. ഉൽപ്പന്നങ്ങളുടെ പുതുമ നഷ്ടപ്പെടാതെ സൂക്ഷിക്കാൻ സ്വന്തമായി റഫ്രിജറേറ്റഡ് വാഹനങ്ങളും ചില്ലറ വിൽപ്പനശാലകൾക്കായി കൂളറുകളും കമ്പനി ഉറപ്പാക്കി. 90കളുടെ അവസാനമായപ്പോഴേക്കും ബെംഗളുരു, ചെന്നൈ, കോയമ്പത്തൂർ നഗരങ്ങളിൽ മിൽക്കി മിസ്റ്റിന്റെ പ്രൊഡക്ടുകൾ ലഭ്യമായി തുടങ്ങി. 2007ലാണ് ബ്രാൻഡിന്റെ ലോഗോ ലോഞ്ച് നടത്തുന്നത്. 2010ലാണ് മിൽക്കി മിസ്റ്റിന്റെ ആദ്യ ടെലിവിഷൻ പരസ്യം പ്രത്യക്ഷപ്പെടുന്നത്. ഇതോടെ ദക്ഷിണേന്ത്യയിൽ ബ്രാൻഡിന് വലിയ പ്രചാരം ലഭിച്ചു.
പതിനാറാം വയസ്സിൽ പത്തുകിലോ പനീറുമായി കച്ചവടത്തിന് ഇറങ്ങിയ ആ ഗ്രാമീണ ബാലന്റെ ഇച്ഛാശക്തി, ഇന്ന് ഇന്ത്യയിലെ ലക്ഷക്കണക്കിന് യുവസംരംഭകർക്ക് വലിയൊരു പാഠപുസ്തകമാണ്. സതീഷ് കുമാറിന്റെ ഈ വിജയഗാഥ, കഠിനാധ്വാനവും കൃത്യമായ ലക്ഷ്യബോധവുമുണ്ടെങ്കിൽ പ്രതിസന്ധികളെല്ലാം വഴിമാറുമെന്നതിന്റെ നേർസാക്ഷ്യമാണ്.
Content Highlights: Satish Kumar dropped out of school at age 16 to support his financially struggling family., Started the business in 1993 carrying just 10 kilograms of homemade paneer in a bag to Bengaluru., Launched the 'Milky Mist' brand in 1997, expanding from paneer to various dairy products like curd, butter, and cheese., Built a dairy empire worth ₹10,000 crore through sheer hard work and strict quality control.
Published: 15 Aug 2026, 10:13 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented