കുടിയേറ്റ കർഷകരുടെ പല തലമുറകൾ കണ്ട മണ്ണാണ്. മണ്ണിനോടും പന്നിയോടും പനിയോടും പോരടിച്ച് ജയിച്ച മനുഷ്യൻ. വിയർപ്പൊഴുക്കി അവർ മെരുക്കിയ ഭൂമി, കഴിഞ്ഞ നൂറ്റാണ്ടിലെ ആ ആദ്യ പലായനത്തിലാണ് 1930 കളിൽ ഷേർളി ടീച്ചറുടെ കുടുംബവും തൊടുപുഴ ഉടുമ്പന്നൂരിൽ നിന്ന് വയനാട് മാനന്തവാടിയിലെ കല്ലോട്ട് എത്തിയത്. ഭർത്താവ് ജസ്റ്റിന്റെ കുടുംബം തൃശൂരിൽ നിന്നാണ് വന്നത്. ജോസ് മാഷും മേരി ടീച്ചറും സെന്റ് ജോസഫ്‌സ് സ്‌കൂളിൽ അധ്യാപകരായിരുന്നു.

To advertise here,

ആറേക്കറോളം മണ്ണിൽ ഇവർ ചെയ്യാത്ത കൃഷിയില്ല. കുരുമുളക്, കാപ്പി, റബ്ബർ, തെങ്ങ്, കവുങ്ങ്, വാഴ. എല്ലാം വിളവ് ക്രമേണ കുറഞ്ഞു കുറഞ്ഞു വന്നു. പണിക്ക് ആളില്ലാതായി. കുരങ്ങന്മാരും മയിലുകളും നിറഞ്ഞതോടെ കൃഷി പറ്റാതായി..' എന്ത് പറയാനാ.. തെങ്ങിൽ നിന്ന് വീട്ടാവശ്യത്തിന് വെളിച്ചെണ്ണയ്ക്കുള്ള തേങ്ങ പോലും കിട്ടാതായി' 'ടീച്ചർ പറയുന്നു.

മാനന്തവാടി ഹിൽ ബ്ലൂംസ്  സ്‌കൂളിലെ അധ്യാപികയായിരുന്നു ടീച്ചർ. പഠിപ്പിക്കുന്നത് ഒന്നിലും രണ്ടിലുമുള്ള കുട്ടികളെ. പതിയെപ്പതിയെ ശബ്ദം നഷ്ടമാവുന്ന അവസ്ഥയായി. ഏറ്റവും ഇഷ്ടപ്പെട്ട തൊഴിലിനോട് വിട പറയേണ്ടി വന്നു. ആ സങ്കടത്തിനൊടുവിൽ ടീച്ചറുടെ മുഖത്ത് ചിരി വിടർത്തിയത് കൂൺ കൃഷിയാണ്. 'ഇത് കുട്ടികളെ പഠിപ്പിക്കുന്നതു പോലെ രസകരം' ആണെന്ന് ടീച്ചർ പറയും. കൂൺ ഒരു സസ്യമല്ല. എന്നാൽ കൂൺ കൃഷി നല്ല വരുമാനമാർഗ്ഗമാണ്. 'മയിലും കുരങ്ങും വരില്ല. വൃത്തിയുള്ള മുറിയുണ്ടായാൽ മതി. എല്ലാ ദിവസവും വരുമാനം. കൃഷി കയ്യിലൊതുങ്ങും. വല്ലാത്ത മെയ്യധ്വാനവുമില്ല' -  മുപ്പതു കൊല്ലം കുട്ടികളെ പഠിപ്പിച്ച ടീച്ചർ ഇപ്പോൾ വലിയ കുട്ടികളെ പഠിപ്പിക്കുകയാണ്. ജീവിതം ഹാപ്പി.

ആദ്യം ആരോഗ്യം, ഒപ്പം വൈവിധ്യം

യൂ ട്യൂബിലും മറ്റും നോക്കിയാണ് ടീച്ചർ കൂൺ കൃഷി പഠിച്ചത്. ആദ്യം ആകർഷിച്ചത് ആരോഗ്യമാണ്. ' എനിക്ക് വൈറ്റമിൻ ഡിയുടെ കുറവുണ്ടായിരുന്നു. എന്റെ മക്കൾക്കും ഇതേ പ്രശ്‌നം. തളർച്ചയും മറ്റുമായി ചെന്നപ്പോൾ ഡോക്ടർമാരാണ് വൈറ്റമിൻ അഭാവം പറഞ്ഞു തന്നത്. ചുറ്റും നോക്കിയപ്പോൾ ബന്ധുക്കളും നാട്ടുകാരുമായ ഒട്ടേറെപ്പേർക്ക് ഇതേ അസുഖമുണ്ട്. കൂൺ ആണ് പരിഹാരം എന്നായപ്പോൾ കൃഷി ആകർഷകമായി. ' ചിപ്പിക്കൂണാണ് ടീച്ചർ കൃഷിക്ക് തിരഞ്ഞെടുത്തത്. ചിപ്പിക്കൂണുകൾക്ക് പുറമേ പാൽക്കൂണും മൊട്ടുകൂണുകളുമുണ്ട്. ലോകത്തിൽ ആകെ നാൽപതിനായിരത്തിലേറെ കൂണുകളെ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ഭക്ഷ്യയോഗ്യമായത് രണ്ടായിരത്തിൽ താഴെ മാത്രം. ഇതിൽ തന്നെ ഇരുപത്തഞ്ചോളം ഇനങ്ങൾ മാത്രമേ കൃഷിയോഗ്യമായിട്ടുള്ളൂ. ' കോയമ്പത്തൂർ സർവകലാശാല വികസിപ്പിച്ച സിഒടു ഇനത്തിൽ പെട്ട ചിപ്പിക്കൂണാണ് ഇവിടെ കൃഷി. എച് യു വൈറ്റ് ഇനത്തിൽ പെട്ട കൂണുമുണ്ട്. വയനാട്ടിലെ കാലവസ്ഥയ്ക്ക് യോജിച്ചത് ചിപ്പിക്കൂണാണ്. കൃഷി ചെയ്യാൻ ഏറ്റവും ലളിതവും ചിപ്പിക്കൂണാണ്. ചിപ്പിക്കൂണിന് താപനില താരതമ്യേന കൂടുതൽ വേണമെന്ന് ടീച്ചർ പറയുന്നു.

എങ്ങനെ കൂൺ കൃഷി

ബെഡ് റൂമൊഴിച്ച് മറ്റേത് മുറിയിലും കൂൺ കൃഷി ചെയ്യാം. നല്ല വൃത്തിയുള്ള സ്ഥലം വേണം എന്നത് പ്രത്യേകം ശ്രദ്ധിക്കണം. 'വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യണമെങ്കിൽ പ്രത്യേകം ഷെഡ് കെട്ടണം. എയർ കണ്ടീഷൻ ചെയ്ത മുറി ആയാൽ നല്ലത്. പിന്നെ കൂണിന് വളരാൻ ഒരു മാധ്യമം വേണം. അത് വയ്‌ക്കോലോ റബ്ബറിന്റെ അറക്കപ്പൊടിയോ ആവാം. അറക്കപ്പൊടി സ്റ്റെറിലൈസ് ചെയ്ത പെല്ലറ്റ് ഇപ്പോൽ വിപണിയിൽ ലഭ്യമാണ്.' ഇതില്ലെങ്കിൽ വാഴപ്പോള, കടലാസ്, ഉണക്കയില എന്നിവയും മാധ്യമമാക്കാമെന്ന് ടീച്ചർ. ഒരു കിലോ പെല്ലറ്റ് എടുത്ത് ഒന്നര ലിറ്റർ തിളച്ച വെള്ളം അതിലേക്ക് ഒഴിക്കണം. പി പി (പോളി പ്രൊപലിൻപ്ലാസ്റ്റിക്) കവറിലിട്ട പെല്ലറ്റ് ഈ വെള്ളം ഒഴിക്കുമ്പോൾ എട്ടു മുതൽ പതിനഞ്ചു വരെ മണിക്കൂറിനുള്ളിൽ കുതിർന്നു വരും. അപ്പോൾ ഒന്ന് തട്ടിക്കൊടുക്കണം. എന്തെങ്കിലും കട്ടയുണ്ടെങ്കിൽ അപ്പോൾ നന്നായി പൗഡറായി വരും. പൗഡർ എന്ന് പറഞ്ഞാൽ പുട്ടു പൊടി പരുവം.' ഓരോ കൂൺ ബെഡിലും 150 ഗ്രാം വിത്താണ് നിക്ഷേപിക്കുന്നത്.

വളർച്ച കണ്മുന്നിൽ

വിത്തിനെ പല തരത്തിൽ ബെഡിന്റെ അരികിലേക്ക് എത്തിക്കാം. വൈകാതെ കുതിർന്ന പെല്ലെറ്റ് ബാഗുകൾ വെള്ള നിറത്തിലാവും. പതിനേഴ് മുതൽ മുപ്പതു ദിവസം വരെ മതി. ദാ കണ്മുന്നിൽ കൂൺ മൊട്ടുകൾ വിടരാൻ തുടങ്ങും. ഇൻസോബോർഡ് എന്ന റബ്ബറൈസ്ഡ് തെർമോക്കോൾ വച്ച് അതിനും പുറമേ അലൂമിനിയം ബബിൾ ബോർഡ് കൊണ്ട് പൊതിഞ്ഞു. 750 ചതുരശ്ര അടിയുള്ള രണ്ടു മുറികൾ കല്ലോട്  തയ്യാറാക്കി. ഔഷധിയുടെ മഷ്‌റൂം മാൻ ആയ ജഷീർ ടീച്ചറെ ഇതിന് സഹായിച്ചു. സ്‌ക്വയർ ഫീറ്റിന് ആയിരം രൂപയോളമാണ് ആദ്യ ചെലവ്. ബെഡുകൾ ആറു മാസം വരെ നിലനിർത്താം എന്നാണ് പറയുന്നത്. എന്നാൽ മൂന്നു മാസത്തിപ്പുറത്തേക്ക് കൊണ്ടുപോകാറില്ലെന്നും അതാണ് നല്ലതെന്നും ടീച്ചർ പറയുന്നു. 

വിപണി അറിയണം

എല്ലാ ദിവസവും രാവിലെ നാലു മണിയോടെ വിളവെടുപ്പ് തുടങ്ങും. ദൂരെയുള്ള ഉപഭോക്താക്കളുണ്ട്. ഏറ്റവും വേഗം അവർക്ക് എത്തിക്കണമെങ്കിൽ നേരത്തേ കൂൺ പൊട്ടിച്ചെടുക്കണം. എല്ലാ ദിവസവും രാവിലെ തന്നെ വിളവെടുപ്പ് നടത്തും. മൊട്ടു വന്നാൽ മൂന്നാം ദിവസം തന്നെ കൂൺ പൊട്ടിച്ചെടുക്കാം. 'ഇടി വെട്ടുമ്പോൾ കൂൺ പൊട്ടിക്കലായിരുന്നു പണ്ട്.. ഇതും അതുപോലെ തന്നെ. ഈർപ്പവും താപവും ക്രമീകരിച്ചാൽ കൂൺ തയ്യാര്'. 'ശുചിത്വമാണ് കൂൺ കൃഷിയിൽ പ്രധാനം. ഷെൽഫ് ലൈഫ് വളരെ കുറവാണ്. പറിച്ചെടുക്കുന്ന കൂൺ അന്നു തന്നെ വാങ്ങുന്നവർക്ക് കിട്ടണം.അതിനാൽ വിപണി ഏറെ പ്രധാനമാണ്. വിപണി അറിഞ്ഞ് കൃഷി ചെയ്യണം' കൂൺ കൃഷിയിലെ ലാഭം സ്വപ്‌നം കണ്ട് ഇറങ്ങുന്ന പലരും തകർന്നു പോകുന്നത് വിപണി അറിഞ്ഞുള്ള കൃഷി അല്ലാത്തതിനാലാണെന്ന് ടീച്ചർ ചൂണ്ടിക്കാട്ടി. വിൽക്കാൻ കഴിയുന്നത്ര മാത്രം കൂൺ ഉൽപാദിപ്പിക്കാൻ ശ്രദ്ധിക്കണം. വീടുകളിലും ഓഫീസുകളിലും കൂൺ എത്തിച്ചാണ് ടീച്ചർ ഉൽപ്പന്നം വിറ്റഴിക്കുന്നത്. ഇതിനായി മൂന്നു വനിതകളേയും ടീച്ചർ നിയോഗിച്ചിട്ടുണ്ട്. സ്‌കൂളുകളിലും ടീച്ചർക്ക് സ്ഥിരം ഉപഭോക്താക്കളുണ്ട്. പല ഹോട്ടലുകളും കൂണിന്റെ ആവശ്യം വർദ്ധിക്കുന്നത് അനുസരിച്ച് വാങ്ങാനെത്തുന്നു

വൈവിദ്ധ്യവൽക്കരണം

ഇരുന്നൂറു ഗ്രാമിന്റെ പാക്കറ്റുകളായാണ് ടീച്ചർ കൂൺ വിൽക്കുന്നത്. നൂറു രൂപയാണ് വില. ഇതിൽ മുപ്പതു രൂപ വരെവിൽക്കുന്ന സ്ത്രീകൾക്ക് കമ്മീഷനാണ്.  പലപ്പോഴും ആവശ്യത്തിനനുസരിച്ച് ദിവസേന 20 കിലോഗ്രാം കൂൺ വരെ വിൽക്കുന്നു. കൂണിന്റെ വൈവിദ്ധ്യവൽക്കരണവും ടീച്ചർ നടത്തുന്നു. കൂണുകൊണ്ടുള്ള അച്ചാറുകളും ഉണക്കിയ പൊടിയും എല്ലാം  വിപണിയിൽ എത്തിക്കുന്നുണ്ട്. കൂണിന്റെ ആരോഗ്യവിശേഷങ്ങൾ അറിഞ്ഞുവരുന്നേയുള്ളൂ. അതിനൊപ്പം ആവശ്യക്കാരും വർദ്ധിക്കുകയാണ്.

മലയോരത്ത് കുടിയിറക്കം

തൊടുപുഴ ഉടുമ്പന്നൂർ കുരീക്കാട്ടിൽ വീട്ടുകാർ മുമ്പേ പറഞ്ഞ പോലെ മുപ്പതുകളിൽ വയനാട്ടിലേക്ക് വന്നതാണ്. തൃശൂർ പാവറട്ടിയിൽ നിന്ന് വൈകാതെ ഭർത്താവ് ജസ്റ്റിന്റെ കൊമ്പൻ വീട്ടുകാരും മാനന്തവാടിയിൽ എത്തി. ജസ്റ്റിനും ഷെർളി ടീച്ചർക്കും മൂന്നു മക്കൾ. മകൾ മെറിൻ ബെംഗളുരുവിൽ മെഡി അസിസ്റ്റിൽ ഡാറ്റാ മാനേജർ. മകൻ ജോസ് കൊമ്പൻ ഗ്രാഫിക് ഡിസൈനർ. ഇളയ മകൻ പോൾ മൈസൂരിൽ ഡിഗ്രി വിദ്യാർഥി.  'ഞങ്ങളുടെ കുട്ടിക്കാലത്ത് വീട്ടിൽ ഉണ്ടാക്കുന്നത് മാത്രമേ കഴിച്ചിരുന്നുള്ളൂ. വയലിൽ കൊയ്യുന്ന നെല്ല് അരിയാക്കും. ചേന, കാച്ചിൽ, ചേമ്പ് ഇതൊക്കെ കഴിച്ച് വളർന്നു. പുതിയ തലമുറ പുതിയ രുചികൾക്ക് പിന്നാലെയാണ്.' അവർ പറയുന്നു. കർഷകർ എന്നും കർഷകരായിരിക്കുന്നതേ അവർ കാണുന്നുള്ളൂ. ഉദ്യോഗസ്ഥരും നാടുവിട്ട് പോയവരും ഒക്കെ ജീവിതസൗകര്യങ്ങൾ ആസ്വദിക്കുന്നത് അവർ കാണുന്നു. സ്വയം കൃഷി ചെയ്യാൻ ആർക്കും താൽപര്യമില്ല. കൃഷിക്ക് പണിക്കാരെ കിട്ടാനില്ല. ലാഭമില്ലെന്ന പഴി കേട്ടുകേട്ട് എല്ലാവരും കൃഷി നിർത്തി. കാലാവസ്ഥാ മാറ്റം വലിയ പ്രതിസന്ധിയുണ്ടാക്കി. പല കൃഷികളും പറ്റാതായി. പുതിയ കുട്ടികൾ പണ്ട് കുടിയേറി വന്ന മണ്ണിൽ നിന്ന് കുടിയിറങ്ങുകയാണ്. അവർ വലിയ നഗരങ്ങളിലേക്ക് കുടിയേറുന്നു. ' ഒറ്റ വർഷം കൊണ്ട് കൂൺ കൃഷി ലാഭകരമാക്കാമെന്ന് പഠിപ്പിച്ച ഷെർളി ടീച്ചർ പറയുന്നു. നമ്മുടെ നാട് മാറുകയാണ്. അല്ലാ, പലയിടത്തും മാറിക്കഴിഞ്ഞു.

(മാതൃഭൂമി ന്യൂസിൽ സംപ്രേഷണം ചെയ്യുന്ന 'കൃഷി ഭൂമി' യുടെ അവതാരകനാണ് ലേഖകൻ)