നമ്മുടെ കാലാവസ്ഥയില്‍ ഏറ്റവും ആദായകരമായി വളര്‍ത്താന്‍ യോജിച്ചതാണ് 'ചിപ്പിക്കൂണ്‍' അഥവാ 'പ്ലൂറോട്ടസ്'. വൈക്കോലാണ് കൂണ്‍കൃഷിക്ക് ഏറ്റവും അനുയോജ്യമായ മാധ്യമം. അതും ഒരു വര്‍ഷത്തിലധികം പഴക്കമില്ലാത്ത സ്വര്‍ണനിറമുള്ള നല്ല വൈക്കോല്‍ നിര്‍ബന്ധം. വൈക്കോല്‍ ചുമ്മാട് പോലെ മുറുക്കിച്ചുരുട്ടിയോ അഞ്ചുമുതല്‍ എട്ടുസെന്റീമീറ്റര്‍ വരെയുള്ള കഷണങ്ങളാക്കി മുറിച്ചോ കൂണ്‍തടം ഒരുക്കണം. 20 ലിറ്റര്‍ ശുദ്ധജലം നിറച്ച ബക്കറ്റില്‍ 12-18 മണിക്കൂര്‍ വരെ വൈക്കോല്‍ കുതിര്‍ക്കുക.
വെള്ളം വാര്‍ത്തുകളഞ്ഞിട്ടു വൈക്കോല്‍ അരമുതല്‍ മുക്കാല്‍ മണിക്കൂര്‍ നേരം തിളപ്പിക്കണം. ആവിയില്‍ പുഴുങ്ങിയെടുത്താലും മതി. ഇങ്ങനെ അണുവിമുക്തമാക്കിയ വൈക്കോല്‍ ഡെറ്റോള്‍ ലായനി പുരട്ടി ശുദ്ധീകരിച്ച പ്രതലത്തില്‍ 7-8 മണിക്കൂര്‍ നിരത്തിയിടുക. ഇതിന് ടാര്‍പ്പോളിന്‍ ഷീറ്റ് ഉപയോഗിച്ചാലും മതി. പിഴിയുമ്പോള്‍ വെള്ളം ഇറ്റുവീഴാത്തതും എന്നാല്‍, നനവില്ലാത്തതുമായ അവസ്ഥയാണ് തടങ്ങള്‍ക്ക് ഉത്തമം.
30 സെന്റീമീറ്റര്‍ വീതിയും 60 സെന്റീമീറ്റര്‍ നീളവുമുള്ള പ്ലാസ്റ്റിക് കവര്‍ (200 ഗേജ് കനം) ആണ് വൈക്കോല്‍ നിറയ്ക്കാന്‍ ഉപയോഗിക്കേണ്ടത്. കവറിന് ചുറ്റും പലയിടത്തായി ഡെറ്റോള്‍ ലായനിയില്‍ മുക്കി അണുവിമുക്തമാക്കിയ തയ്യല്‍ സൂചിയോ മറ്റോ ഉപയോഗിച്ച് ഏഴോ എട്ടോ സുഷിരങ്ങള്‍ ഇട്ടുവെക്കണം. തയ്യാറാക്കിയ വൈക്കോല്‍ വൃത്താകൃതിയില്‍ 6-8 സെന്റീമീറ്റര്‍ വണ്ണത്തിലും 18-20 സെന്റീമീറ്റര്‍ വ്യാസത്തിലും ചുറ്റണം. ഇത് കവറിന്റെ മൂലകള്‍ ഉള്ളിലേക്ക് തള്ളിവെച്ചിട്ടു ചുമ്മാട് പോലെ മുറുക്കി ചുറ്റി ഇറക്കിവെക്കുക. ഓരോ ചുമ്മാടും വെച്ചശേഷം കവറിനോട് ചേര്‍ത്ത് അരികിലൂടെ വൃത്താകൃതിയില്‍ ഒരു ടേബിള്‍സ്പൂണ്‍ (25 ഗ്രാം) കൂണ്‍വിത്തിടുക. വീണ്ടും രണ്ടിഞ്ചു കനത്തില്‍ വൈക്കോല്‍ കവറില്‍ ഇറക്കിയമര്‍ത്തി നേരത്തേ ചെയ്തതുപോലെ വിത്തിടുക. ഈവിധം 5-6 ചുമ്മാടുകള്‍ വരെ ഒരു കവറില്‍വെക്കാം.
അവസാനത്തെ ചുമ്മാടിനു മീതെ വിത്ത് വിതറിയശേഷം കവറിന്റെ വായ്ഭാഗം റബ്ബര്‍ബാന്‍ഡോ ചരടോ ഉപയോഗിച്ച് കെട്ടണം. ഇതോടെ കൂണ്‍തടം തയ്യാറായി കഴിഞ്ഞു. തുടര്‍ന്ന് കൂണ്‍ബെഡ്ഡുകള്‍ ഒരു മാസംവരെ ഈര്‍പ്പമുള്ള ഇരുട്ടുമുറിയില്‍ തൂക്കിയിടണം. വിത്തിട്ടു 12-18 ദിവസത്തിനുള്ളില്‍ കൂണിന്റെ തന്തുക്കള്‍ ബെഡ്ഡിനുള്ളില്‍ വെള്ളനിറത്തില്‍ വളരും. ഹാന്‍ഡ് സ്‌പ്രെയര്‍ ഉപയോഗിച്ച് വെള്ളംതളിച്ച് ബെഡ്ഡില്‍ നനവ് നിലനിര്‍ത്തുകയും ഒരു ബ്ലേഡുകൊണ്ട് തടത്തില്‍ 15 കീറലുകള്‍ ഉണ്ടാക്കുകയും വേണം.
ഇനി തടങ്ങള്‍ സാമാന്യം ഈര്‍പ്പവും വെളിച്ചവുമുള്ള മുറിയിലേക്ക് മാറ്റാം. ദിവസവും രണ്ടുനേരം നനയ്ക്കുക. മൂന്നുദിവസം കൊണ്ട് കൂണ്‍ പുറത്തേക്കു വളര്‍ന്നു വിളവെടുക്കാറാകും. ഇത്തരം കൂണുകള്‍ ചുവടുചേര്‍ത്തു വേണം വിളവെടുക്കാന്‍. മറ്റു കൂണുകള്‍ക്കു ക്ഷീണം പറ്റരുത്. ഒരു മാസത്തോളം വിളവെടുക്കാം. അതിനുശേഷം കവര്‍ മാറ്റി വെള്ളം തളിച്ചുവെച്ചാല്‍ ഒരുതവണ കൂടെ വിളവെടുക്കാം. 700-800 ഗ്രാം വരെ കൂണ്‍ ഒരു കിലോ വൈക്കോലില്‍ നിന്ന് അനായാസം കിട്ടും.
വിത്ത്
കൂണ്‍കൃഷിക്കുള്ള വിത്ത് (സ്‌പോണ്‍), മാതൃവിത്ത് എന്നിവ കേരള കാര്‍ഷിക സര്‍വകലാശാലയുടെ ഇന്‍സ്ട്രക്ഷണല്‍ ഫാമുകള്‍, മണ്ണുത്തി സെന്‍ട്രല്‍ നഴ്‌സറി, ഇന്‍ഫര്‍മേഷന്‍ സെയില്‍സ് കൗണ്ടര്‍, ജില്ലകള്‍ തോറുമുള്ള കൃഷി വിജ്ഞാന കേന്ദ്രങ്ങള്‍ (കെ.വി.കെ.), വി.എഫ്.പി.സി.കെ.യുടെ ബിസിനസ് കേന്ദ്രങ്ങള്‍, സെയില്‍സ് ഔട്ലെറ്റുകള്‍ എന്നിവിടങ്ങളില്‍നിന്ന് വാങ്ങാം.
ഇവിടങ്ങളില്‍ വിത്തിനു പുറമേ ചിലയവസരങ്ങളില്‍ കൂണ്‍ വളര്‍ത്താനുള്ള പോളിത്തീന്‍ കവര്‍, കൂണ്‍കൃഷിയില്‍ പരിശീലനം എന്നിങ്ങനെയും നല്‍കാറുണ്ട്. ഇതിനു പുറമേ കൂണ്‍കൃഷി കൃഷിവകുപ്പില്‍നിന്നും കേരള കാര്‍ഷിക സര്‍വകലാശാലയില്‍നിന്നും ശാസ്ത്രീയമായി പഠിച്ച സ്വകാര്യസംരംഭകര്‍ ഇന്ന് കൂണ്‍കൃഷിയിലും വിത്തുത്പാദനത്തിലും പ്രാദേശികമായുണ്ട്.
തയ്യാറാക്കിയത്: സുരേഷ് മുതുകുളം
Content Highlights: Cultivation and harvesting mushrooms