
ഒരു സ്വപ്നത്തെക്കുറിച്ചു പറഞ്ഞു തുടങ്ങാം. വ്യാഴാഴ്ച രാത്രി കണ്ട ഭീകരസ്വപ്നം. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആത്മഹത്യ ചെയ്തു, ഒരാത്മഹത്യാക്കുറിപ്പ് പോലും ബാക്കിവെയ്ക്കാതെ. ഇറാനുമായുള്ള യുദ്ധത്തിനിടയിലാണ് അത് സംഭവിച്ചത്, എന്തുചെയ്യണമെന്നറിയാതെ അമേരിക്കൻ ഭരണകൂടം വിറങ്ങലിച്ചുനിൽക്കുമ്പോൾ ഞാൻ ഞെട്ടിയുണർന്നു. വെറുമൊരു സ്വപ്നമായിരുന്നു അത് എന്നു തിരിച്ചറിഞ്ഞപ്പോൾ സമാധാനമായി. എഴുന്നേറ്റ് ഒരു ഗ്ലാസ് വെള്ളം കുടിച്ചു. ഉറക്കം പോയ സ്ഥിതിക്ക് ഒരു പോഡ്‌കാസ്റ്റ് കേൾക്കാമെന്നു കരുതി, ബി.ബി.സി കഴിഞ്ഞ ദിവസം പ്രക്ഷേപണം ചെയ്തതാതാണത്. സുന്ദരിയായ അസ്മ ഖാലിദ് ലോകരാഷ്ട്രീയം പറയുന്നത് ഞാൻ പതിവായി കേൾക്കാറുണ്ട്. ഇത്തവണ അസ്മ പറഞ്ഞത് 'എന്തുകൊണ്ടാണ് അമേരിക്കൻ പ്രസിഡന്റിന് ഇന്ത്യൻ മഹാസമുദ്രത്തിലെ ഒരു ചെറിയ ദ്വീപിനോട് ഇത്രകണ്ട് സ്നേഹം' എന്ന വിഷയത്തെക്കുറിച്ചായിരുന്നു.
ഇന്ത്യൻ മഹാസമുദ്രത്തിൽ കിടക്കുന്ന അറുപത് ചെറിയ ദ്വീപുകളുടെ സമൂഹമാണ് ചാഗോസ്. ലക്ഷദ്വീപു മുതൽ നീളുന്ന പീഠഭൂമിയുടെ തെക്കേയറ്റമാണിത്. ഈ ദ്വീപുസമൂഹത്തിലെ ഏറ്റവും വലിയ ദ്വീപാണ് ഡിയാഗോ ഗാർഷ്യ. 1970-കളിൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ഒരു ദ്വീപാണ് ഡിയാഗോ ഗാർഷ്യ. അവിടെ ഇംഗ്ലണ്ടിന്റെ (U.K) അധീനതയിലുള്ള സായുധമേഖലയിൽ അമേരിക്കയുടെ സാന്നിദ്ധ്യമുണ്ടായതായിരുന്നു രാഷ്ട്രീയചർച്ചയ്ക്ക് കാരണമായത്. ഇപ്പോഴും അത് തുടരുന്നു. എന്നാൽ, ഇറാനുമായുള്ള ഇസ്രയേലിന്റെയും അമേരിക്കയുടേയും യുദ്ധം തുടങ്ങിയതിനുശേഷം ഡൊണാൾഡ് ട്രംപ് ചാഗോസിനെക്കുറിച്ച് സംസാരിച്ചതാണ് ആ പ്രദേശത്തേക്ക് വീണ്ടും ലോകശ്രദ്ധ കൊണ്ടുവന്നിരിക്കുന്നത്.
അടുത്തിടെ വൈറ്റ് ഹൗസിൽ നടന്ന ഒരു പരിപാടിയിൽ, ഇറാനിലെ യു.എസ്.-ഇസ്രയേൽ യുദ്ധത്തോട് അമേരിക്കയുടെ സഖ്യകക്ഷികൾ എങ്ങനെ പ്രതികരിച്ചുവെന്ന് പ്രസിഡന്റ് ട്രംപ് വിലയിരുത്തുകയായിരുന്നു. ചിലരെ അദ്ദേഹം പ്രശംസിച്ചു, പക്ഷേ മറ്റുള്ളവരോട്, പ്രത്യേകിച്ച് ബ്രിട്ടണോടും അതിന്റെ പ്രധാനമന്ത്രി കെയർ സ്റ്റാർമറിനോടും, അദ്ദേഹം അരിശപ്പെട്ടു. യു.കെയോടുള്ള അദ്ദേഹത്തിന്റെ കോപം ഇന്ത്യൻ മഹാസമുദ്രത്തിലെ ബ്രിട്ടീഷ് ഉടമസ്ഥതയിലുള്ള ചാഗോസ് ദ്വീപുസമൂഹത്തെ ചുറ്റിപ്പറ്റിയായിരുന്നു, ഡിയാഗോ ഗാർഷ്യയെ അദ്ദേഹം "ആ മണ്ടൻ ദ്വീപ്" (that stupid island) എന്ന് വിശേഷിപ്പിച്ചു.
എന്നാൽ, ആരുടെ സ്വന്തമാണ് ഈ ദ്വീപുകൾ? ഇംഗ്ലണ്ട് അവരുടേതെന്നും മൗറീഷ്യസ് അവരുടേതെന്നും കരുതുന്ന ദ്വീപുസമൂഹമാണ് ചാഗോസ്. ഡൊണാൾഡ് ട്രംപ് ഇംഗ്ലണ്ടിനെ കുറ്റപ്പെടുത്തുന്നത് നയതന്ത്രപ്രധാനമായ ഈ ദ്വീപുകളുടെ സ്വയംഭരണം മൗറീഷ്യസിന് കൈമാറിയതിനെയാണ്. അതിനെയാണ് ട്രംപ് 'മണ്ടത്തരം' എന്ന് വിളിക്കുന്നത്. ഇന്ത്യയുടെ തെക്കെ മുനമ്പിൽനിന്നു വെറും 1700 കിലോമീറ്റർ അകലെയാണ് ഈ തർക്കമേഖല. ഇറാനിലേക്ക് ഇവിടെനിന്നും ഈ സംഘർഷവേളയിൽ അമേരിക്ക മിസൈൽ ആക്രമണം നടത്തിയെന്നു ചിലരെങ്കിലും വിശ്വസിക്കുന്നു.
ഇനി കുറച്ചു ചരിത്രം പറയാം. പതിനെട്ടാം നൂറ്റാണ്ടുവരെ ഈ ദ്വീപുസമൂഹത്തിൽ മനുഷ്യവാസമില്ലായിരുന്നു. ഈ ഉഷ്ണമേഖലാ വന ദ്വീപുസമൂഹത്തിൽ ആദ്യമായി കാലുകുത്തിയത് 1512-ൽ പോർച്ചുഗീസ് നാവികരായിരുന്നു. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഫ്രഞ്ചുകാർ ഈ ദ്വീപിനെ കുഷ്‌ഠരോഗികളെ നാടുകടത്താനുള്ള പ്രദേശമാക്കി. അതിനാൽ ഈ പ്രദേശത്ത് ആദ്യമായി താമസമാക്കിയ മനുഷ്യർ കുഷ്ഠരോഗികളായിരുന്നു എന്നതോർക്കുക. അക്കൂട്ടത്തിൽ അവിടെ വലിയ തെങ്ങുകൃഷിയും വ്യാപകമായി. 1803 മുതൽ പന്ത്രണ്ടു കൊല്ലക്കാലം നീണ്ടുനിന്ന നെപ്പോളിയണിക് യുദ്ധകാലത്ത് (നെപ്പോളിയൻ ഒന്നാമന്റെ നേതൃത്വത്തിലുള്ള ഫ്രാൻസും മറ്റു യൂറോപ്യൻ രാജ്യങ്ങളുടെ സഖ്യവും തമ്മിൽ നടന്ന ആംഗ്ലോ -ഫ്രഞ്ച് യുദ്ധം ) ഈ പ്രദേശം ഇംഗ്ലണ്ടിന് അവകാശപ്പെട്ടതായി മാറുകയായിരുന്നു. 1803-നെക്കുറിച്ചുപറയുമ്പോൾ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഇന്ത്യയിലാകമാനം അധികാരമുറപ്പിച്ചു കഴിഞ്ഞ കാലമാണ് എന്നതുകൂടി ഓർക്കേണ്ടതുണ്ട്. അതിനാൽ ചാഗോസ് ദ്വീപുസമൂഹവും ഉപഭൂഖണ്ഡത്തോടു ചേർന്ന ഇന്ത്യൻ മഹാസമുദ്രവും ബ്രിട്ടീഷ് പ്രദേശമായി മാറിക്കഴിഞ്ഞിരുന്നു.
വിവിധ കൊളോണിയൽ ഭരണങ്ങൾ ഉണ്ടായ മൗറീഷ്യസിലെ ബ്രിട്ടീഷ് ഭരണം അവസാനിച്ചത് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടി ഇരുപത്തിയൊന്നു വർഷങ്ങൾക്കുശേഷമാണ്. സ്വാതന്ത്ര്യം കിട്ടിയ മൗറീഷ്യസിന് അയൽ ദ്വീപുസമൂഹമായ ചാഗോസിന്റെ നിയന്ത്രണാധികാരവും ലഭിക്കുകയായിരുന്നു. എന്നിരുന്നാലും, 1968-നും 1973-നും ഇടയിൽ, ബ്രിട്ടീഷ് -അമേരിക്കൻ സൈനികത്താവളത്തിന് വഴിയൊരുക്കുന്നതിനായി ചാഗോസിയൻ നിവാസികളെ ബലമായി ദ്വീപുകളിൽനിന്നു നീക്കം ചെയ്തു. അറുപതോളം ദ്വീപുകളുള്ള ചാഗോസിൽ ഏക ജനവാസമുള്ള ദ്വീപാണ് ഡിയാഗോ ഗാർഷ്യ. അവിടെ ഏകദേശം 4,000 പേർ ഇപ്പോൾ താമസിക്കുന്നുണ്ട്. പ്രധാനമായും അമേരിക്കൻ, ബ്രിട്ടീഷ് സൈനികരാണ് അവർ. ഇന്ത്യ-പസഫിക് മേഖലയിലെ രണ്ട് നിർണായക യുഎസ് ബോംബർ താവളങ്ങളിൽ ഒന്നാണിത്. ഇന്ത്യൻ മഹാസമുദ്രത്തിലെ ഡിയാഗോ ഗാർഷ്യയുടെ ആകൃതിയും തന്ത്രപ്രധാനമായ സ്ഥാനവും കണക്കിലാക്കി യുഎസ് നാവികസേന ഇതിനെ "സ്വാതന്ത്ര്യത്തിന്റെ പാദമുദ്ര" എന്ന് വിളിക്കാറുണ്ട്. ആരുടെ സ്വാതന്ത്ര്യം? ആരുടെ പാദമുദ്ര?
മൗറീഷ്യസിന് സ്വാതന്ത്ര്യം കിട്ടിയപ്പോഴും അതിൻ്റെ ഭാഗമായ ചാഗോസ് ദ്വീപുകളുടെ നിയന്ത്രണം ബ്രിട്ടൻ കൈവശം വെച്ചത് ഇന്ത്യൻ മഹാസമുദ്രത്തിലെ ഏറ്റവും വലിയ അമേരിക്കൻ സൈനികത്താവളങ്ങളിലൊന്നായി അത് മാറാൻ അവസരമുണ്ടാക്കി. എന്നാൽ, ട്രംപ് ഇപ്പോൾ ഇംഗ്ലണ്ടുമായി കലഹിക്കുന്നത് ഈ ദ്വീപുകൾക്കു മുകളിൽ മൗറീഷ്യസിന് ഇപ്പോഴുമുള്ള അധികാരം അവസാനിപ്പിക്കുവാൻ ഇംഗ്ലണ്ട് തയ്യാറാകുന്നില്ല എന്നതിനാലാണ്. 1968-ൽ വലിയ തുക നഷ്ടപരിഹാരം മൗറീഷ്യസിന് നൽകിയാണ് ഇംഗ്ലണ്ട് നൂറുവർഷത്തേക്ക് ചാഗോസ് ദ്വീപുകളുടെ പാട്ടാധികാരം നിലനിർത്തിയത്. എന്നാൽ 1968-ലെ കരാർ നീതിയുക്തമായിരുന്നില്ല എന്നും ചാഗോസ് ദ്വീപുസമൂഹം തങ്ങളുടേതാണെന്നും മൗറീഷ്യസ് പിൽക്കാലത്ത് അന്താരാഷ്ട്രവേദികളിൽ വാദിച്ചുപോന്നു. 2019-ൽ ഐക്യരാഷ്ട്ര സഭയുടെ നീതിന്യായ കോടതി ബ്രിട്ടനോട് പറഞ്ഞു, നിങ്ങൾ ഈ ദ്വീപുകളെ നിയന്ത്രിക്കുന്നത് നിയമവിരുദ്ധമായിട്ടാണ്.
2024 ഒക്ടോബർ ഇരുപത്തിനാലാം തീയതി ബ്രിട്ടീഷ് സർക്കാർ സുപ്രധാനമായ ഒരു തീരുമാനമെടുത്തു, ഈ ദ്വീപുകൾ മൗറീഷ്യസിന് കൈമാറുവാൻ. എന്നാൽ അറുപതു ദ്വീപുകളിൽ ഒന്നിന്റെ, ഡിയാഗോ ഗാർഷ്യയുടെ നിയന്ത്രണം വീണ്ടും 99 കൊല്ലത്തേക്ക് ബ്രിട്ടൻ കൈവശം വെയ്ക്കും. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഈ ഉടമ്പടിയെ പിന്തുണച്ചു. ഡൊണാൾഡ് ട്രംപ് പ്രസിഡണ്ടായപ്പോൾ ആദ്യം ഉടമ്പടിയെ പിന്തുണച്ചെങ്കിലും പിന്നീട് ഇംഗ്ലണ്ടിനെ വിമർശിക്കുകയാണ് ചെയ്തത്. ഡിയാഗോ ഗാർഷ്യ പോലുള്ള സുപ്രധാന തന്ത്രമേഖലയെ മൗറീഷ്യസിന് അടിയറവെക്കുകയാണ് ഇംഗ്ലണ്ട് ചെയ്യുന്നതെന്നാണ് ട്രംപിന്റെ വാദം.
മൗറീഷ്യസ് ജനതയുടെ ഒരു ഭയം അമേരിക്കയും ബ്രിട്ടനും അവിടെ ആണവായുധങ്ങൾ സൂക്ഷിക്കുന്നുണ്ടോ എന്നുള്ളതാണ്. അന്താരാഷ്ട്ര കോടതിയെയോ ഐക്യരാഷ്ട്ര സഭയേയോ ബഹുമാനിക്കാത്ത ഡൊണാൾഡ് ട്രംപ് എന്തിന് മൗറീഷ്യസ് ജനതയുടെ ആശങ്കകൾക്ക് ചെവികൊടുക്കണം? കിഴക്കൻ ലോകത്തെ മുഴുവൻ തകർക്കാൻ ശേഷിയുള്ള അതിഭീമൻ ബോംബറുകളുടെ താവളമാണ് ഇന്ത്യൻ മഹാസമുദ്രത്തിലെ ഈ ദ്വീപ് എന്നത് മൗറീഷ്യസിനെ മാത്രമല്ലല്ലോ ഭയപ്പെടുത്തേണ്ടത്. ആർട്ടിക് സമുദ്രത്തിലെ ഗ്രീൻലാൻഡ് അമേരിക്കയ്ക്കു സ്വന്തമായി വേണമെന്ന അവകാശവാദവുമായി ഡൊണാൾഡ് ട്രംപ് രംഗത്തുവന്നപ്പോഴാണ് ചാഗോസ് ദ്വീപുകൾ ഇംഗ്ലണ്ട് മൗറീഷ്യസിന് വിട്ടുകൊടുത്തത് മണ്ടത്തരമായി എന്ന പുതിയ വാദം അമേരിക്കൻ പ്രസിഡണ്ട് നിരത്താൻ തുടങ്ങിയത്. 2026 ജനുവരിയിലായിരുന്നു അത്. കാരണം ട്രംപിന്റെ ഗ്രീൻലാൻഡ് സ്വപ്നത്തെ ആദ്യം എതിർത്തത് ഇംഗ്ലണ്ടും നാറ്റോ രാജ്യങ്ങളുമായിരുന്നു.
ഡിയാഗോ ഗാർഷ്യയുടെ മേൽ ട്രംപ് ബഹളമുണ്ടാക്കുമ്പോൾ, ഗ്രീൻലാൻഡിനുമേൽ അവകാശവാദമുന്നയിക്കുമ്പോൾ രണ്ടു സ്ത്രീകൾ എൻ്റെ മനസ്സിലേക്കു വന്നു. ഒരാൾ കൊൽക്കത്ത നഗരത്തിലെ ചേരികളിലൊന്നിൽ ഒരു മുറിയിൽ താമസിക്കുന്ന സുൽത്താന ബീഗം. അവസാനത്തെ മുഗൾചക്രവർത്തി ബഹദൂർഷാ സഫറിന്റെ പിൻതലമുറയിലെ കണ്ണി. അവർ ഒരിക്കൽ ഡൽഹിയിലെ ചെങ്കോട്ട വിട്ടുതരണമെന്ന് അവകാശവാദമുന്നയിച്ചിരുന്നു. ബ്രിട്ടീഷുകാർ ഹുമയൂണിന്റെ ശവകുടീരത്തിൽനിന്നു തടവിലാക്കി റങ്കൂണിലേക്ക് നാടുകടത്തില്ലായിരുന്നെങ്കിൽ ആ ചക്രവർത്തിയുടെ അനന്തരതലമുറ ഇപ്പോഴും ഡൽഹിയിലെ ചെങ്കോട്ടയിൽ താമസിക്കേണ്ടതല്ലേ എന്നതാണ് വാദം.
മറ്റൊരു സ്ത്രീ ഡൽഹിയിലെ സർദാർ പട്ടേൽ മാർഗിനടുത്തുള്ള വനത്തിലെ ഒരു ഇടിഞ്ഞുപൊളിഞ്ഞ കൊട്ടാരത്തിൽ താമസിച്ചിരുന്ന ബീഗം വിലായത്ത് മഹൽ ആയിരുന്നു . അവസാനത്തെ അവധ് നവാബിന്റെ അനന്തരാവകാശിയാണെന്ന് അവകാശപ്പെട്ട് ഡൽഹിയിൽ വന്ന അവർക്ക് താമസിക്കാൻ മാൽച്ച മഹൽ എന്ന ചരിത്രാവശിഷ്ടം വിട്ടുകൊടുക്കാൻ തീരുമാനിച്ചത് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായിരുന്നു. (അങ്ങനെ ചെയ്തതിൽ ആ പ്രധാനമന്ത്രിയോട് എനിക്ക് എപ്പോഴും ആദരം തോന്നിയിട്ടുണ്ട്) ഇടിഞ്ഞുപൊളിഞ്ഞ ആ കെട്ടിടത്തിൽ വിദേശയിനത്തിലെ നായകൾക്കൊപ്പം, രാജകീയപ്രൗഢിയുടെ മുഷിഞ്ഞ അനുകരണങ്ങളുമായി ജീവിച്ച ബീഗം വിലായത്ത് മഹൽ 1993-ലെ ഒക്ടോബർ മാസത്തിലെ ഒരുദിവസം ആ കെട്ടിടത്തിൽ ആത്മഹത്യ ചെയ്തു .
മിസ്റ്റിക് സൂഫി ബുല്ലേ ഷാ എല്ലാ ഭരണാധികാരികൾക്കുമായി എഴുതിയ ഈ വരികൾ നോക്കൂ :
'എഴുന്നേൽക്കൂ, ഉണരൂ,
ഇങ്ങനെ കൂർക്കം വലിക്കരുത്.
ഒന്നുമറിയാതുള്ള ഈ ഉറക്കം നിനക്ക് നല്ലതല്ല.
ഒരു ദിവസം നീ ശവക്കുഴിയിൽ കുഴിച്ചുമൂടപ്പെടും.
പുഴുക്കൾ നിന്റെ മാംസം അരിച്ചരിച്ചു തിന്നും.
ജാഗ്രത പാലിക്കൂ, മരണത്തെ മറക്കരുത്.'
Published: 13 Mar 2026, 05:30 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented