
ലോകത്തിൽ ഏറ്റവും കൂടുതൽ വാഴപ്പഴം ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. ഏകദേശം 34 ദശലക്ഷം മെട്രിക് ടൺ വാഴപ്പഴം പ്രതിവർഷം രാജ്യത്ത് ഉത്പാദിപ്പിക്കുന്നു. ആഗോള ഉൽപാദനത്തിന്റെ 23 ശതമാനവും ഇന്ത്യയിലാണ്. എന്നാൽ, ഗവേഷണങ്ങളിൽ നിന്നും വാഴകൃഷിയുടെ ഉത്പാദനക്ഷമത ഇനിയും വർധിപ്പിക്കാം എന്നു കണ്ടെത്തിയിട്ടുണ്ട്. ഇതിനു പ്രധാന തടസ്സമായി നിൽക്കുന്നത് കീടരോഗ ബാധയാണ്.
ഇന്ത്യയുടെ സുപ്രധാന പഴവർഗ്ഗ വിളയായ വാഴ വിവിധ കീടരോഗ ബാധകൾക്ക് പുറമെ മണ്ണിൽ അധിവസിക്കുന്ന പല സൂക്ഷ്മജീവികളുടെ ആക്രമണത്തിനും വിധേയമാകാറുണ്ട്. ഈ കൂട്ടത്തിൽ പ്രധാനപ്പെട്ടവയാണ് സസ്യ പരാദ നിമാവിരകൾ. സസ്യങ്ങളുടെയും വിളകളുടെയും വേര് തുരന്ന് അവയിൽ പ്രവേശിച്ചോ അല്ലാതെയോ നീര് കുടിച്ച് ജീവിക്കുന്ന നിമാവിരകൾ സസ്യങ്ങളുടെ വേരുകളുമായി അഭേദ്യബന്ധം പുലർത്തുന്നതിനാൽ അതിരൂക്ഷമായ ആക്രമണമാണ് അഴിച്ചുവിടുന്നത്. ഇവയുടെ ആക്രമണത്തിന് വിധേയമാകുന്ന വിളകളുടെ വളർച്ച പൊതുവേ മുരടിക്കുകയും അതുകൊണ്ട് ഉത്പാദനക്ഷമത ഗണ്യമായി കുറയുകയും ചെയ്യും.
സസ്യ പരാദ നിമാവിരകൾ ബാധിക്കാത്ത ഒരു ചെടി പോലും ലോകത്തില്ല എന്നുള്ള കാര്യം കൗതുകകരമാണ്. വൻമരങ്ങൾ മുതൽ മൃദുകാണ്ഡ സസ്യങ്ങൾ വരെ ഇവയുടെ ആക്രമണത്തിന് വിധേയമാകാറുണ്ട്. മൃദുകാണ്ഡ സസ്യങ്ങളിൽ, പ്രത്യേകിച്ച് മാർദവമുള്ള വേരുകളും മാണവുമുള്ള വാഴകളിൽ ഇവയുടെ ആക്രമണം വളരെ കൂടുതലാണ്. വാഴയുടെ വേരുകൾ ചീഞ്ഞു പോകുന്നതിനും മാണത്തിൽ കാണുന്ന കരിക്കൻ കേടിനും കാരണം ഈ പരാദ നിമാവിരകളാണ്. ആഗോളതലത്തിൽ ഏകദേശം 12 മുതൽ 25 ശതമാനം വരെ വിളനാശത്തിനു പിന്നിലും നിമാവിരകളാണെന്ന് ഗവേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. അതിലുപരി വാഴയും മറ്റും നശിപ്പിക്കുന്ന മണ്ണിലൂടെ പകരുന്ന കുമിൾരോഗങ്ങളുടെ ആക്രമണം കൂടുന്നതിനും ഇവ കാരണമാകുന്നു.
ആഗോളതലത്തിൽ ഏകദേശം 146 വിധം നിമാവിരകൾ വാഴയുടെ വേരുമായി ബന്ധപ്പെട്ടു ജീവിക്കുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയിൽ പ്രത്യേകിച്ച് കേരളത്തിൽ 6 മുതൽ 14 വിവിധ വിധത്തിലുള്ള നിമാവിരകൾ വാഴയുടെ വേര് നശിപ്പിക്കുന്നു. ഒരേസമയത്ത് ഒന്നിൽ കൂടുതൽ ശത്രു നിമാവിരകൾ വാഴയുടെ വേരും വേരുപടലങ്ങളും നശിപ്പിക്കുന്നത് വഴി ആക്രമണത്തിന്റെ തോത് വർദ്ധിക്കുകയും വിളനാശം അധികരിക്കാറുമുണ്ട്.
വാഴയെ നശിപ്പിക്കുന്ന പ്രധാന നിമാവിരകളും അവയുടെ ആക്രമണ ലക്ഷണങ്ങളും താഴെപ്പറയുന്നവയാണ്
1) വേര് തുരപ്പൻ നിമാവിര (റഡോഫോളസ് സിമിലിസ്)
കേരളത്തിൽ വാഴകൃഷിയെ ബാധിക്കുന്ന നിമാവിരകളിൽ ഏറ്റവും പ്രധാനിയാണിത്. ഇവയുടെ ആക്രമണം വാഴ കൃഷി ചെയ്യുന്ന എല്ലാ പ്രദേശങ്ങളിലും ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. മണ്ണിന്റെ ഘടന, മണ്ണിലെ ഊഷ്മാവ്, ജലാംശം, പോഷകസസ്യത്തിൽ നിന്ന് ലഭിക്കുന്ന ആഹാരത്തിന്റെ അളവ് എന്നിവ അനുകൂലമായാൽ ചുരുങ്ങിയ കാലയളവിൽ ഇവയ്ക്ക് ജീവിതചക്രം പൂർത്തീകരിക്കാൻ സാധിക്കുന്നു (20-25 ദിവസം). അതിനാൽ കുറഞ്ഞ കാലയളവിനുള്ളിൽ ഇവയുടെ എണ്ണം അധികരിച്ച് വാഴയുടെ വേരുകൾ മുഴുവൻ നശിപ്പിക്കാൻ സാധിക്കുന്നു. ഇളം ദശയിലുള്ള നിമാവിരകളും (ജുവനൈൽസ്) മുതിർന്ന നിമാവിരകളും വേര് തുരന്ന് എല്ലാ ഭാഗത്തും സഞ്ചരിച്ച് വേരിനെ പൊള്ളയാക്കിത്തീർക്കുകയും (ആന്തരിക പരാദ സ്വഭാവം) സസ്യത്തിലുടനീളം വെള്ളം, പോഷകങ്ങൾ, മറ്റ് രാസവസ്തുക്കൾ എന്നിവ കൊണ്ടുപോകാൻ സഹായിക്കുന്ന പാരൻകൈമ കലകളെ നശിപ്പിക്കുകയും ചെയ്യുന്നു. പ്രായപൂർത്തിയായ പെൺ പരാദ നിമാവിരകൾ വേരിന് ഉള്ളിലെ കലകളിൽ മുട്ടകൾ നിക്ഷേപിക്കുകയും ഇവ വിരിഞ്ഞിറങ്ങുന്ന നിമാവിരകൾ വേരിന്റെ ഉള്ളിൽ തന്നെ ജീവിതചക്രം പൂർത്തീകരിക്കുന്നു. ഈ വിരകൾ വേര് തുരന്ന് പ്രവേശിച്ചു കഴിഞ്ഞാൽ ആ ഭാഗത്ത് കറുത്ത/ തവിട്ട് നിറത്തിലുള്ള പാടുകൾ ഉണ്ടാകുകയും, പിന്നീട് ഇവ വലുതായി കറുത്ത വൃണമായി മാറി വേരുകൾ ദ്രവിക്കുകയും ചെയ്യുന്നു. വേരുകൾ അഴുകി വിരകൾക്ക് ആഹാരം ലഭിക്കാത്ത അവസ്ഥയിൽ അവ വീണ്ടും മണ്ണിലേക്ക് ഇറങ്ങി ആരോഗ്യമുള്ള പുതിയ വേരുകളെയോ മാണ ഭാഗങ്ങളെയോ തേടിപ്പിടിച്ച് ആക്രമിക്കുന്നു. വേര് തുരപ്പൻ നിമാവിരകൾ ബാധിച്ച വാഴകൾ പൊതുവായ വാട്ടം, വളർച്ച മുരടിക്കൽ, അകാലത്തിലെ ഇലപൊഴിയൽ എന്നിവ പ്രദർശിപ്പിക്കുന്നു. ആക്രമണം രൂക്ഷമായാൽ വാഴയുടെ ഇലകളുടെ എണ്ണം കുറയുകയും ഇലകളുടെ പാർശ്വഭാഗത്തുനിന്ന് മഞ്ഞളിപ്പ് കുറേശ്ശെയായി ഉള്ളിലേക്ക് വ്യാപിച്ച് ക്രമേണ ഇലകൾ മുഴുവൻ മഞ്ഞനിറമായി തീരുന്നു. വേരുകൾ നശിച്ച് വളങ്ങളും പോഷകങ്ങളും വലിച്ചെടുക്കാൻ സാധിക്കാത്തതിനാൽ ചെറിയ കുലകളും പഴങ്ങളും ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. ഇളം വേരുകളിലും മുതിർന്ന വേരുകളിലും കുഴിഞ്ഞ മുറിവുകൾ അല്ലെങ്കിൽ ഉപരിതലത്തിൽ വിള്ളലുകൾ പ്രത്യക്ഷപ്പെടുന്നു.

കുലയ്ക്കാറായ വാഴകളിൽ ഊന്നു വേരുകൾ നഷ്ടപ്പെട്ട് അവ മഴക്കാലത്തോ കാറ്റുള്ള കാലാവസ്ഥയിലോ എളുപ്പത്തിൽ കടപുഴകി (Toppling) വീഴാൻ സാധ്യത കൂടുതലാണ്. ഈ സമയത്ത് വാഴയുടെ വേരുകൾ കത്തികൊണ്ട് നെടുകെ ചീന്തി നോക്കിയാൽ വേരുകളുടെ ഇരുവശത്തും അങ്ങിങ്ങായി കടും ചുവപ്പു നിറത്തിലോ കടും തവിട്ടു നിറത്തിലോ പാടുകൾ കാണാം. കൃത്യമായ നിയന്ത്രണ മാർഗ്ഗങ്ങൾ തുടക്കത്തിലേ സ്വീകരിച്ചില്ലെങ്കിൽ വാഴയുടെ വിളവിൽ 30 മുതൽ 60% വരെ നഷ്ടം വരുത്താൻ വേരു തുരപ്പൻ നിമാവിരകൾക്ക് കഴിയുമെന്ന് ഗവേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. നൂറുകണക്കിന് വിളകൾ (വാഴ, കുരുമുളക്, ചേമ്പ്, തെങ്ങ്, കമുക്, ഈന്തപ്പനകൾ എന്നിവ) ഈ നിമാവിരകളുടെ ആതിഥേയ സസ്യങ്ങൾ ആയതിനാൽ ഇവയുടെ പ്രാധാന്യം പറഞ്ഞറിയിക്കേണ്ടതില്ല.

2) വേര് ചീയൽ നിമാവിര (പ്രാട്ടിലെങ്കസ് കോഫിയെ )
വേര് തുരപ്പൻ നിമാവിരകളോട് സാദൃശ്യമുള്ള ആന്തരിക പരാദങ്ങളായ ഇവ പ്രധാനമായും വേരുകളിൽ വ്രണം ഉണ്ടാക്കുകയും അതിനോടൊപ്പം മാണത്തിലേക്ക് കടന്ന് കൂടുതൽ നാശം ഉണ്ടാക്കുകയും ചെയ്യുന്നു. സസ്യഘടനയിലും പ്രവർത്തനത്തിലും പ്രധാന പങ്ക് വഹിക്കുന്ന വേരുകളിലെ കോർട്ടെക്സ് ഭാഗത്തിലെ പാരൻകൈമ കലകളെയാണ് പ്രധാനമായും ഇവ നശിപ്പിക്കുന്നത്. ജീവിത ചക്രം പൂർത്തീകരിക്കാൻ 40-45 ദിവസം എടുക്കുന്ന ഇവ ആക്രമണ വിധേയമായ വേര് പൊള്ളയായി ജീർണിച്ച് നശിക്കുന്ന ഘട്ടത്തിൽ മണ്ണിലേക്ക് വീണ്ടും വന്നു പുതിയ വേരുകളെ ആക്രമിക്കും. വേര് ചീയൽ നിമാവിരകൾ ആക്രമിച്ച് കേടായ വേരിന്റെ ഉപരിതലത്തിൽ വ്യാപകമായി ചുവപ്പ് അല്ലെങ്കിൽ കറുപ്പ് പാടുകൾ (necrotic lesions) കാണാം . വാഴയുടെ വേരുകൾ നീളത്തിന് മുറിക്കുമ്പോൾ സംവേദക കലകളുടെ ചുറ്റും ചുവന്ന കറുത്ത പാടുകൾ കാണാൻ സാധിക്കുന്നത് ഇവയുടെ ആക്രമണത്തിന്റെ തെളിവാണ്. ആക്രമണം രൂക്ഷമാകുമ്പോൾ വേരുകളിൽ നീളത്തിലുള്ള ചുവപ്പ് കലർന്ന കറുത്ത വ്രണങ്ങൾ ഉണ്ടാകുകയും ജീർണിക്കുകയും ചെയ്യുന്നു. വേരുകളിലും മാണത്തിലും ഉണ്ടാകുന്ന കേടുപാടുകൾ വാഴയുടെ മുരടിപ്പ്, കുലയുടെ ഭാരം കുറയൽ, വർദ്ധിച്ച വിള ദൈർഘ്യം, വേരുകൾ നശിച്ച വാഴയുടെ കടപുഴകി വീഴൽ എന്നിവയിലേക്ക് നയിക്കുന്നു.

3) വേര് ബന്ധക നിമാവിര (മെലോയ്‌ഡോഗൈനെ ഇൻകോഗ്നിറ്റ)
പ്രത്യേകിച്ച് മണലിന്റെ അംശം കൂടിയ മണ്ണിൽ വാഴയുടെ വേരുകളെ സാരമായി നശിപ്പിക്കുന്ന ഈ നിമാവിര ഇന്ന് എല്ലാ കൃഷിസ്ഥലങ്ങളിലും കാണപ്പെടുന്നു. ചില സമയത്ത് പച്ചക്കറി കൃഷിയുടെ അന്തകൻ എന്ന് തന്നെ വിളിക്കാവുന്ന ഈ നിമാവിരകൾ ജീവിതചക്രം 23 മുതൽ 35 ദിവസങ്ങളിൽ പൂർത്തീകരിക്കുന്നു. ഇളം ദശയിലുള്ള നിമാവിരകൾ (രണ്ടാമത്തെ ദശ പ്രാപിച്ച ജുവനൈൽസ്) വേരിൽ പ്രവേശിച്ച ശേഷം കലകളും കോശങ്ങളുമായി ബന്ധം സ്ഥാപിച്ച് അവിടെ ഇരുന്നു തന്നെ ആഹരിച്ച് വലുതായി ഗോളാകൃതി കൈവരിക്കുന്നു. മുതിർന്ന വേര് ബന്ധക നിമാവിരകൾ ഈ സവിശേഷ ആകൃതി കൈവരിക്കുന്നത് അവയെ മറ്റു നിമാവിരകളിൽ നിന്നും വ്യത്യസ്തരാക്കുന്നു. ഇവ ആക്രമിക്കുന്നത് മൂലം വാഴയുടെ വേരുകളിലും മറ്റും വലിയ മുഴകൾ ഉണ്ടാകുകയും വേരുകളുടെ പ്രവർത്തനശേഷി നഷ്ടപ്പെടുകയും ചെയ്യുന്നു. ആക്രമണം കൂടുതലായി കാണുന്ന വേരുകളിൽ മുഴകളുടെ താഴെ നിന്ന് ധാരാളം പൊടിവേരുകൾ ഉണ്ടാകുന്നു. ഇത്തരം വേരുകളിൽ സസൂക്ഷ്മം നിരീക്ഷിച്ചാൽ നിമാവിരകളുടെ മുട്ടക്കൂട്ടങ്ങളെയും കാണാൻ സാധിക്കും. ഈ നിമാവിരകൾ വേരിൽ നിന്നും നേരിട്ട് വളരെയധികം പോഷകങ്ങൾ വലിച്ചെടുക്കുന്നതിനാൽ പൊട്ടാസ്യത്തിന്റെ അഭാവ ലക്ഷണങ്ങൾ ഇലകളിൽ പ്രത്യക്ഷപ്പെടുന്നു. ഇലകളുടെ അരികുകൾ ഒരേ വണ്ണത്തിന് കരിഞ്ഞു പോകുന്നതും ഇലകളുടെ വിസ്തൃതി കുറയുന്നതുമായി കർഷകർക്ക് കാണാൻ സാധിക്കും. ചെടികൾ വളർച്ച മുരടിച്ച്, മഞ്ഞളിച്ച്, ചെറിയ കുലകൾ ഉണ്ടാക്കുന്നു.

വാഴയിലെ മറ്റു നിമാവിരകൾ
a) സർപ്പിള നിമാവിര (ഹെലിക്കോടൈലെൻക്കസ് മൾട്ടിസിങ്ട്ടസ്)
ഇവയുടെ ആക്രമണം മണ്ണിലെ രോഗകാരികളായ പല കുമിളകളുടെയും ബാക്ടീരിയകളുടെയും ആക്രമണം രൂക്ഷമാക്കുവാൻ സഹായിക്കുകയും വാഴകളിൽ വേര് ചീയൽ, വാട്ട രോഗം എന്നീ രോഗങ്ങൾ രൂക്ഷമാകുവാൻ കാരണമാവുന്നു.
b) സിസ്റ്റ് നിമാവിര (ഹെറ്റിറോഡിറ ഒറൈസികോള )
നെല്ലിലെ പ്രധാന ശത്രുവായ സിസ്റ്റ് നിമാവിരകൾ വയലുകളിൽ നട്ട വാഴയുടെ വേരുകൾ നശിപ്പിക്കുന്നു. ഇവ ആക്രമിച്ച വാഴയുടെ വേരുകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന മണ്ണ് മൃദുവായി മാറ്റിയശേഷം പരിശോധിക്കുമ്പോൾ മുത്തുമണി പോലെ ധാരാളം മുതിർന്ന നിമാവിരകൾ വേരിൽ പറ്റി പിടിച്ചിരിക്കുന്നത് കാണാം.
c) വൃക്ക നിമാവിര (റോടൈലെൻകുലസ് റെനിഫോർമിസ്)
വാഴയുടെ ഇളം വേരുകളാണ് ഇവ നശിപ്പിക്കുന്നത്.
നിയന്ത്രണ മാർഗങ്ങൾ
- നിമാവിരമുക്ത-ആരോഗ്യമുള്ള കന്നുകൾ തിരഞ്ഞെടുത്തു നടുന്നതാണ് ഏറ്റവും ഉത്തമം.
- കന്നുകളിലെ കേടായ ഭാഗങ്ങൾ മൂർച്ചയുള്ള കത്തി ഉപയോഗിച്ച് ചെത്തി കളഞ്ഞശേഷം നടാൻ ഉപയോഗിക്കുക.
- നിമാവിരകളുടെ ആക്രമണം ഒഴിവാക്കുന്നതിനായി വേപ്പിൻ പിണ്ണാക്ക് അരക്കിലോ വീതം വാഴ നടുന്ന സമയത്ത് കുഴിയിൽ ഇടുന്നതും വാഴ നട്ട് മൂന്നുമാസം കഴിഞ്ഞ് ചുവട്ടിൽ ചേർക്കുന്നതും നല്ലതാണ്.
- വാഴയുടെ തടങ്ങളിൽ ചെണ്ടുമല്ലി (Tagetus patula & Tagetus erecta) നടുന്നതും രണ്ടു വരി വാഴകൾക്കിടയിൽ ഒരു വരി ചെണ്ടുമല്ലി നടുന്നതും നിമാവിര നിയന്ത്രണത്തിന് സഹായകമാകും.
- മിത്രകുമിളായ പേസിലോമൈസെസ് ലൈലാസിനസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കിയ ലായനി വാഴയുടെ ചുവട്ടിൽ ഒഴിച്ചുകൊടുക്കുന്നത് ഉത്തമമാണ്.
- പേസിലോമൈസെസ് ലൈലാസിനസ് സമ്പുഷ്ടീകരിച്ച ചാണക-വേപ്പിൻ പിണ്ണാക്ക് മിശ്രിതം ഒരു കിലോ വീതം വാഴയുടെ ചുവട്ടിൽ ചേർത്തു കൊടുക്കാം.
- കാർട്ടാപ്പ് ഹൈഡ്രോക്ലോറൈഡ് എന്ന തരിരൂപത്തിലുള്ള നിമാ വിരനാശിനി ഒരു വാഴയ്ക്ക് 20 ഗ്രാം വീതം വാഴ നടുന്ന സമയത്തും വാഴ നട്ട് രണ്ടാം മാസവും അഞ്ചാമത്തെ മാസവും വാഴ തടത്തിൽ നിക്ഷേപിക്കുന്നത് 100% നിമാവിര ആക്രമണം ഒഴിവാക്കുന്നതിന് സഹായിക്കുന്നു.
Content Highlights: Combat banana root rot and Panama disease caused by nematodes. Learn effective control methods
Published: 17 Jun 2025, 04:00 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented