കേരളത്തിലെ ഫലവർഗ്ഗവിളകളിൽ പ്രഥമസ്ഥാനമലങ്കരിക്കുന്ന വിളയാണ് വാഴ. കർഷകരെ സംബന്ധിച്ച് വാഴകൃഷി നിരവധി വെല്ലുവിളികളെ മറികടന്ന് വിജയിപ്പിച്ചെടുക്കേണ്ട ഒരു സംരംഭമാണ്. വാഴകൃഷിക്ക് ഏറ്റവും പ്രധാന പ്രതിബന്ധമുയർത്തുന്നത് കീടങ്ങളുടെയും രോഗങ്ങളുടെയും ആക്രമണമാണ്. പൊതുവായ കാലാവസ്ഥയും കൃഷിയിടത്തിലെ സൂക്ഷ്‌മകാലാവസ്ഥയുമാണ് (micro climate) കീടബാധയുടെ തീവ്രത നിർണ്ണയിക്കുന്ന പ്രധാന ഘടകം. അങ്ങനെ നോക്കുമ്പോൾ മഴക്കാലം ഇലതീനിപ്പുഴുക്കളുടെ വിഹാരകാലമാണ്. മഴക്കാലത്തെ മൂടിക്കെട്ടിയ കാലാവസ്ഥയും വാഴത്തോട്ടങ്ങളിൽ ആ സമയത്ത് രൂപപ്പെടുന്ന ഉയർന്ന ആർദ്രതയുള്ള അന്തരീക്ഷവും ഇലകളിലെ നനവും ഇലതീനിപ്പുഴുക്കളുടെ അതിവേഗത്തിലുള്ള പ്രജനനത്തിന് അനൂകലമായ സാഹചര്യമൊരുക്കുന്നു. മുട്ട വിരിഞ്ഞിറങ്ങുന്ന കുഞ്ഞുപുഴുക്കൾക്ക് ആഹരിക്കാൻ ധാരാളം ഇളം ഇലകളും ലഭിക്കുന്ന സമയവുമാണിത്. അങ്ങനെ അതിവേഗം ജീവിതചക്രം പൂർത്തിയാക്കുന്ന ഇക്കൂട്ടർ വാഴത്തോട്ടങ്ങളിൽ അതിവേഗം പടർന്നുപിടിക്കുകയും ഗണ്യമായ നാശനഷ്ടം വരുത്തുകയും ചെയ്യുന്നു.
വാഴയുടെ പ്രധാന ശത്രുകീടങ്ങളായ പിണ്ടിപ്പുഴുവിനെയും മാണപ്പുഴുവിനെയും നിയന്ത്രിക്കുന്നതിൽ കാണിക്കുന്ന കരുതൽ പലപ്പോഴും ഇലതീനി പുഴുക്കളെ നിയന്ത്രിക്കുന്ന കാര്യത്തിൽ കർഷകർ കാണിക്കാറില്ല. എന്നാൽ, മുകളിൽ സൂചിപ്പിച്ച കാരണങ്ങൾ കൊണ്ട് തന്നെ ഇലതീനിപ്പുഴുക്കളുടെ നിയന്ത്രണം വാഴകൃഷിയിൽ വളരെയധികം പ്രധാനവുമാണ്.
വേണ്ട മുൻകരുതലുകൾ സ്വീകരിച്ചാൽ പൂർണമായും ഇവയുടെ ആക്രമണം തടഞ്ഞുനിർത്താൻ കഴിയും. അതിനായി കേരളത്തിലെ വാഴത്തോട്ടങ്ങളിൽ പ്രധാനമായി കാണപ്പെടുന്ന ഇലതീനിപ്പുഴുക്കൾ ഏതൊക്കെയാണെന്നും അവയുടെ ആക്രമണം എങ്ങനെ തിരിച്ചറിയാമെന്നും അവയെ നിയന്ത്രിക്കാൻ സ്വീകരിക്കേണ്ട സംയോജിത കീടനിയന്ത്രണമാർഗങ്ങൾ എന്തെല്ലാമാണെന്നും കർഷകർ അറിഞ്ഞിരിക്കേണ്ടതുണ്ട്.
വാഴചെങ്കണ്ണി (Banana Skipper, ശാസ്ത്രനാമം:Erionota torus)
ഇലതീനിപ്പുഴുക്കളുടെ വിഭാഗത്തിൽപെട്ട, വാഴയുടെ ഏറ്റവും അപകടകാരികളായ ശത്രുകീടങ്ങൾ ഏതൊക്കെയാണെന്ന് ചോദിച്ചാൽ ഒരുപക്ഷേ ഏറ്റവും മുൻപന്തിയിലുണ്ടാവുക വാഴചെങ്കണ്ണി ആയിരിക്കും. നിലവിൽ ഈ കീടത്തെ കേരളത്തിലെ കൃഷിയിടങ്ങളിൽ വ്യാപകമായി കാണുന്നില്ലെങ്കിലും അനുകൂല സാഹചര്യങ്ങൾ ഒത്തുവന്നാൽ ഇവ വളരെ വേഗം പടർന്ന് പിടിക്കുകയും വൻ നാശം വിതക്കുകയും ചെയ്യും. ഇവ വ്യാപകമായി ആക്രമിച്ച തോട്ടങ്ങളിൽ 100 ശതമാനം വരെ വിളനഷ്ടം രേഖപ്പെടുത്തിയിട്ടുണ്ട്.
ഈ പുഴുക്കൾ വാഴയിലകളുടെ അഗ്രങ്ങൾ കീറി ചുരുട്ടുപോലെ മടക്കി അറകൾ സൃഷ്ടിച്ച്, അവയ്ക്കുള്ളിലിരുന്ന് ഇല കാർന്നുതിന്നുകയാണ് ചെയ്യുന്നത്. ഇവയുടെ മുതിർന്ന രൂപമായ സ്കിപ്പർ ശലഭങ്ങൾക്ക് തവിട്ടുനിറമുള്ള ചിറകുകളും ശരീരവുമാണുള്ളത്. മുൻ ചിറകുകളിൽ മഞ്ഞ നിറത്തിലുള്ള മൂന്ന് പാടുകൾ വീതം കാണാനാകും. വലിയ ശിരസ്സും, ചുവന്ന വലിയ കണ്ണുകളും, അറ്റം കൊളുത്തുപോലെ വളഞ്ഞ സ്പർശിനികളും (antenna) ഈ ശലഭത്തിന്റെ മറ്റ് ചില പ്രത്യേകതകളാണ്. പുലർകാലത്തും സായാഹ്നങ്ങളിലുമാണ് സ്കിപ്പർ ശലഭങ്ങൾ വാഴത്തോട്ടങ്ങളിൽ പ്രധാനമായി കാണപ്പെടുന്നത്. ഈ സമയങ്ങളിൽ തന്നെയാണ് പെൺ ശലഭങ്ങൾ വാഴയിലകളിൽ മുട്ടയിടുന്നത്. സാധാരണഗതിയിൽ ഇവയുടെ മുട്ടകൾ ഒറ്റയ്ക്കോ അല്ലെങ്കിൽ 25 എണ്ണം വരെ വരുന്ന കൂട്ടങ്ങളോ ആയി വാഴയിലകളുടെ താഴ്ഭാഗത്ത് കാണപ്പെടുന്നു.

മൂന്ന് മുതൽ നാല് ദിവസം വരെ കഴിഞ്ഞ് വിരിഞ്ഞിറങ്ങുന്ന പുഴുക്കളുടെ ശരീരത്തിൽ ആദ്യ ഘട്ടത്തിൽ പച്ച നിറമായിരിക്കും അതിനുപുറമെ ശരീരത്തിൽ വെളുത്ത പാടുകളും കാണും. എന്നാൽ പുഴുക്കൾ വളർച്ചയുടെ അടുത്ത ഘട്ടങ്ങളിലേക്ക് കടക്കുമ്പോൾ അവയുടെ ശരീരത്തിന്മേൽ വെളുത്ത മെഴുകുപൊടി പോലുള്ള ഒരാവരണം പതിയെ രൂപപ്പെടുന്നതായി കാണാൻ സാധിക്കും. വിരിഞ്ഞിറങ്ങിയ ഉടനെ തന്നെ പുഴുക്കൾ വാഴയിലയുടെ അറ്റത്തേക്ക് നീങ്ങുകയും ഇല കീറി മടക്കി അറകൾ ഉണ്ടാക്കുന്ന പ്രക്രിയ ആരംഭിക്കുകയും ചെയ്യും. പുഴുക്കളുടെ ജീവിതചക്രം 20-25 ദിവസം വരെ നീളുന്നു. ഈ കാലയളവിലുടനീളം ഇവ വാഴയില തിന്നുനശിപ്പിക്കുന്നു. ആക്രമണം മൂർച്ഛിക്കുമ്പോൾ വാഴയിലകളുടെ നടുഞരമ്പുകൾ അല്ലാതെ മറ്റൊന്നും അവശേഷിക്കാത്ത സ്ഥിതി ഉടലെടുക്കാറുണ്ട്.
കേരളത്തിൽ ആദ്യമായി വാഴചെങ്കണ്ണിയെ കണ്ടെത്തിയത് 2013ലാണ്. അതേതുടർന്ന് ഈ ഇലതീനിപ്പുഴുവിൻ്റെ ജനിതക ഘടനയും ജീവിതചക്രവും നിയന്ത്രണ മാർഗ്ഗങ്ങളും കണ്ണാറ വാഴ ഗവേഷണ കേന്ദ്രത്തിൽ (ICAR - AICRP on Fruits) പഠനവിധേയമാക്കുകയുണ്ടായി. ഈ പഠനങ്ങളിൽ നിന്നും കേരളത്തിൽ കാണപ്പെടുന്ന വാഴചെങ്കണ്ണി ഏറിയോനോട്ട ടോറസ്സ് എന്ന ജീവജാതിയിൽ (species) പെട്ടതാണെന്നും അതിനെ നിയന്ത്രിക്കാൻ പച്ച ലേബലിൽ ലഭിക്കുന്ന, ക്ളോറാൻട്രാനിലിപോൾ (കൊറാജൻ) എന്ന കീടനാശിനി 3 മില്ലി/ 10 ലിറ്റർ വെള്ളത്തിലെന്ന തോതിൽ തളിച്ചുകൊടുക്കുന്നത് ഉത്തമമാണെന്നും കണ്ടെത്താനായി.

പട്ടാളപ്പുഴു (Tropical Army Worm, ശാസ്ത്രനാമം:Spodoptera litura)
കേരളത്തിലെ വാഴ കർഷകരെ സംബന്ധിച്ച് ഏറ്റവും പ്രശ്നക്കാരായ ഇലതീനികൾ പട്ടാളപ്പുഴുക്കളാണ്. വാഴയിൽ മാത്രമല്ല നെല്ലടക്കമുള്ള മറ്റ് പല വിളകളിലും ഈ പുഴുക്കളുടെ ആക്രമണം കാണാറുണ്ട്. വളർച്ചയുടെ ആദ്യ ഘട്ടങ്ങളിൽ വാഴയിലകളുടെ അടിയിൽ കൂട്ടം കൂടിയിരുന്ന് ഇലകൾ കരണ്ടുതിന്നുന്ന ഈ പുഴുക്കൾ ശരീരം കൊണ്ട് ചെറുതാണെങ്കിലും അസംഖ്യമായ തോതിൽ ഇലകളിൽ കാണപ്പെടുന്നവയാണ്. അതുകൊണ്ടുതന്നെ കാര്യമായ നാശനഷ്ടം ഉണ്ടാക്കാനുള്ള പ്രാപ്തി ഈ കീടത്തിനുണ്ട്. ഇത്തരത്തിൽ കൂട്ടമായി ആക്രമിക്കുന്നതു കൊണ്ടായിരിക്കാം ഈ പുഴുക്കൾക്ക് പട്ടാളപ്പുഴുക്കൾ എന്ന് പേര് വന്നത്.
മുതിർന്ന പെൺനിശാശലഭങ്ങൾ ഒറ്റത്തവണ 2000 മുട്ടകൾ വരെ ഇടാറുണ്ട്. ഈ മുട്ടകൾ രോമങ്ങൾ കൊണ്ട് പൊതിഞ്ഞ ഒരു കൂട്ടമായി ഇലകളിൽ കാണാൻ സാധിക്കും. ഒരാഴ്ചയ്ക്കുള്ളിൽ ഇവ വിരിഞ്ഞ് പുഴുക്കൾ പുറത്തുവരുന്നു. വിരിഞ്ഞിറങ്ങുന്ന പുഴുക്കളുടെ ശരീരം ഇളം പച്ച കലർന്ന തവിട്ടുനിറമുള്ളതും, വശങ്ങളിൽ കറുത്ത പാടുകളും മഞ്ഞ, പർപ്പിൾ നിറങ്ങളിലുള്ള കുത്തുകളുള്ളതുമായിരിക്കും. അല്പം വളർച്ചയെത്തിക്കഴിഞ്ഞാൽ പട്ടാളപ്പുഴുക്കൾ ഇലകളിൽ നിന്നും താഴോട്ട് സഞ്ചരിച്ച് വാഴക്കൈകളുടെ ഉള്ളിൽ പ്രവേശിക്കും. പകൽ സമയങ്ങളിൽ അവിടെ ഒളിച്ചിരിക്കുന്ന പുഴുക്കൾ രാത്രികാലങ്ങളിലാണ് അവയിൽ നിന്ന് പുറത്തുവന്ന് ഇലകൾ തിന്ന് നശിപ്പിക്കുന്നത്. പുതുതായി വിരിഞ്ഞു വരുന്ന ഇലകളിൽ വരിവരിയായി വെടികൊണ്ടതുപോലെയുള്ള ധാരാളം സുഷിരങ്ങൾ രൂപപ്പെട്ടിരിക്കുന്നതായി പലപ്പോഴും കാണാൻ സാധിക്കും. ഇത് വാഴക്കൂമ്പിൽ പട്ടാളപ്പുഴുക്കളുടെ ആക്രമണം നടക്കുന്നത് തിരിച്ചറിയാൻ സഹായിക്കുന്ന ലക്ഷണമാണ്.

രണ്ട് മുതൽ മൂന്നാഴ്ചകൾ കൊണ്ട് പട്ടാളപ്പുഴുക്കൾ വളർച്ച പൂർത്തിയാക്കി സമാധിദശയിലെത്തുന്നു. ഈ പ്യൂപ്പകൾ പിന്നീട് മണ്ണിൽ വീഴുകയും അവിടെ കിടന്ന് 7-15 ദിവസങ്ങൾ കൊണ്ട് ജീവിതചക്രം പൂർത്തിയാക്കി നിശാശലഭങ്ങളായി രൂപാന്തരം പ്രാപിക്കുകയും ചെയ്യും. ഈ നിശാശലഭങ്ങളുടെ മുൻ ചിറകുകൾക്ക് ചാരനിറം കലർന്ന തവിട്ട് നിറമായിരിക്കും. അതോടൊപ്പം പലദിശകളിലേക്ക് നീളുന്ന വരകളും മുൻചിറകുകളിൽ കാണാനാവും. പിൻചിറകുകൾക്ക് ആകട്ടെ വെളുത്ത നിറമായിരിക്കും.
കമ്പിളിപ്പുഴു (Castor Hairy Caterpillar, ശാസ്ത്രനാമം:Olepa (Pericallia) ricini)
ഇലകളിലെ ഹരിതകമടങ്ങിയ ഭാഗങ്ങൾ കരണ്ട് തിന്നുകയും വിടർന്ന് വരുന്ന ഇലകളിൽ സുഷിരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്ന ഈ പുഴുക്കൾ പട്ടാളപ്പുഴുക്കളെ പോലെ തന്നെ കൂട്ടത്തോടെ മുട്ട വിരിഞ്ഞിറങ്ങുന്നവയാണ്. മൂന്ന് മുതൽ അഞ്ചു ദിവസം വരെയാണ് ഇവയുടെ മുട്ട വിരിയാൻ എടുക്കുന്ന സമയം. മുട്ട വിരിഞ്ഞിറങ്ങി 25 ദിവസം വരെ ഇവ ഇലകൾ തിന്നുകയും വളർന്നുകൊണ്ടിരിക്കുകയും ചെയ്യും. കറുപ്പ് കലർന്ന തവിട്ട് നിറമുള്ള പുഴുക്കൾക്ക് ചുവന്ന നിറത്തിലുള്ള തലയും ദേഹമാസകലം രോമങ്ങളും ഉണ്ടായിരിക്കും. സിൽക്ക് നൂലുകൾകൊണ്ട് രൂപപ്പെടുത്തിയ കൊക്കൂണുകൾക്കുള്ളിലാണ് കമ്പിളിപ്പുഴുക്കളുടെ സമാധിദശ സംഭവിക്കുന്നത്. അതിന് ഏകദേശം ഏഴു മുതൽ പത്ത് ദിവസം വരെ വേണ്ടിവരുന്നു. പ്യൂപ്പകൾ മണ്ണിലാണ് സാധാരണഗതിയിൽ കാണപ്പെടുക.

മുള്ളൻ പുഴു/ ഒച്ച് പുഴു (Slug caterpillar, ശാസ്ത്രനാമം:Miresa decedens)
'എന്നെ തൊട്ടു പോകരുത്!! തൊട്ടാൽ തൊടുന്നവൻ വിവരമറിയും!!' എന്ന മട്ടിൽ മുള്ളുപോലുള്ള ആവരണമണിഞ്ഞ്, ഒച്ചു പോലെ ഇലകളിൽ പറ്റിപിടിച്ചിരിക്കുന്ന ഈ പുഴുക്കൾ കാഴ്ചയിൽ കുഞ്ഞൻമാരാണെങ്കിലും വാഴകർഷകർക്ക് അത്യാവശ്യം പ്രശ്നമുണ്ടാക്കാൻ കെൽപുള്ളവരാണ്. ശരീരത്തിൽ സ്പർശിച്ചാൽ അസഹ്യമായ ചൊറിച്ചിലും വേദനയും അനുഭവപ്പെടുമെന്നതിനാൽ പക്ഷികൾ പോലും പലപ്പോഴും ഇവയെ തിന്നാൽ മടിക്കാറുണ്ട്. പച്ച കലർന്ന വെളുത്ത നിറമുള്ള ഈ പുഴുക്കളുടെ ശരീരത്തിന് മുകളിൽ നടുവിലൂടെ കട്ടിയുള്ള കറുത്ത വര കടന്നുപോകുന്നതായി കാണാം. നാല് വരികളിലായി മുള്ളുപോലുള്ള ശരീരഭാഗങ്ങളും കാണാം. മുള്ളൻ പുഴുക്കൾ ഇലകളിൽ വലിയ സുഷിരങ്ങൾ സൃഷ്ടിക്കുകയും തന്മൂലം ഇലകൾ നഷ്ടമാകുന്നത് വഴി വിളവ് സാരമായി കുറയുകയും ചെയ്യുന്നു. മഞ്ഞ കലർന്ന തവിട്ടുനിറത്തിലുള്ള നിശാശലഭങ്ങളാണ് ഈ പുഴുക്കളുടെ പൂർണവളർച്ചയെത്തിയ രൂപം. കട്ടിയുള്ള തോടിനുള്ളിലാണ് ഇവ സമാധിദശ പൂർത്തിയാക്കുന്നത്.

മേൽപ്പറഞ്ഞ പ്രധാനപ്പെട്ട പുഴുക്കൾക്ക് പുറമെ വേറെയും ഇലതീനിപ്പുഴുക്കൾ നമ്മുടെ നാട്ടിലും പുറംനാടുകളിലുമെല്ലാം വാഴയെ ആക്രമിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. വയനാട് ജില്ലയിലെ വാഴത്തോട്ടങ്ങളിൽ കണ്ടെത്തിയ ചോളത്തിരി പുഴുക്കളും (Fall army worm, ശാസ്ത്രനാമം: Spodoptera frugiperda), പത്തനംതിട്ടയിൽ നിന്നും കണ്ടെത്തിയ ചൊറിയൻ പുഴുക്കളും (ശാസ്ത്ര നാമം : Eupterote sp.) കേരളത്തിൽ കാണപ്പെടുന്ന വാഴയിലെ ഇലതീനിപ്പുഴുക്കളുടെ ഗണത്തിലേക്കുള്ള പുതിയ കൂട്ടിച്ചേർക്കലുകളാണ്.
മുകളിൽ സൂചിപ്പിച്ച പലതരത്തിലുള്ള ഇലതീനിപ്പുഴുക്കളെ നിയന്ത്രിക്കുന്നതിനായി, പൊതുവായി സ്വീകരിക്കാവുന്ന ചില നിയന്ത്രണ നടപടികളാണ് ചുവടെ ചേർക്കുന്നത്.
- മുട്ടകളും ആദ്യ ദശയിലുള്ള പുഴുക്കളും ഇലയോടെ മുറിച്ച് കത്തിച്ച് നശിപ്പിക്കുക.
- വാഴചെങ്കണ്ണിയുള്ള ഇലച്ചുരുളുകൾ വടികൊണ്ട് തട്ടിയിട്ട് പുഴുവിനെ നശിപ്പിക്കുക.
- വാഴ കൂടാതെ ഇലതീനിപ്പുഴുക്കൾക്ക് ആഹാരമാക്കാൻ കഴിയുന്ന ഇതര ആതിഥേയ സസ്യങ്ങളായ (alternate host plants) കളകളെ നിയന്ത്രിക്കുന്നതിലൂടെ പരോക്ഷമായി ഈ കീടങ്ങളുടെ നിയന്ത്രണം ഒരു പരിധിവരെ സാധ്യമാകും.
- തോട്ടത്തിൽ സന്ധ്യാസമയത്ത് കരിയില കൂട്ടിയിട്ട് കത്തിക്കുന്നത് പുഴുക്കളുടെ മുതിർന്ന രൂപങ്ങളായ ശലഭങ്ങളെ ആകർഷിച്ച് നശിപ്പിയ്ക്കാൻ സഹായിക്കും.
- മിത്രബാക്ടീരിയായ ബാസില്ലസ്സ് തുറിഞ്ചിയൻസിസ് (ബി.ടി.കെ) 1 ലിറ്റർ വെള്ളത്തിൽ 3 മില്ലി എന്ന തോതിൽ ചേർത്ത് നിർമ്മിക്കുന്ന ലായനി വൈകുന്നേരം ഇലകളിൽ തളിക്കുക.
- മിത്രകുമിളായ ബ്യുവേറിയ ബാസിയാന 20 ഗ്രാം/ ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ ഇലക്കവിളിലും, ഇലകളിലും തളിക്കുക.
- പട്ടാളപ്പുഴുവിനെതിരേ ഒരു ഹെക്റ്ററിന് SlNPV 250 LE എന്ന തോതിൽ 2.5 കിലോഗ്രാം ശർക്കര അല്ലെങ്കിൽ പഞ്ചസാരയോടൊപ്പം ചേർത്ത് വൈകുന്നേരങ്ങളിൽ തളിക്കാം. ആവശ്യമെങ്കിൽ ഈ നിയന്ത്രണമാർഗ്ഗം ഒരാഴ്ച ഇടവിട്ട് പിന്നെയും ആവർത്തിക്കാം.
- പട്ടാളപ്പുഴുവിനെതിരെ ഫലപ്രദമായ മറ്റൊരു നിയന്ത്രണ മാർഗ്ഗമാണ് ആഹാരകെണി. ഇതുണ്ടാക്കാൻ 1.25 കിലോഗ്രാം തവിടിനോടൊപ്പം 0.25 കിലോഗ്രാം ശർക്കരയും പൊടിരൂപത്തിലുള്ള 100 ഗ്രാം കീടനാശിനിയും അല്പം വെള്ളവും കൂഒട്ടിക്കലർത്തിയെടുക്കുകയാണ് ചെയ്യേണ്ടത്. അതിനുശേഷം ഈ പദാർത്ഥം മണ്ണിലും ഇലകളിലും വിതറുക.
ഇലതീനിപ്പുഴുക്കളുടെ ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തിൽ താഴെപ്പറയുന്ന കീടനാശിനികളിൽ ഏതെങ്കിലുമൊന്ന് വാഴയുടെ ഇലകളിൽ തളിക്കുകയും ഇലക്കവിളുകളിൽ ഒഴിച്ചുകൊടുക്കുകയും ചെയ്യാം.
- ക്ളോറാൻട്രാനിലിപോൾ (കൊറാജൻ) - 3 മില്ലി ലിറ്റർ/ 10 ലിറ്റർ
- ഫ്ലൂബെൻഡിയാമൈഡ് (ഫെയിം) - 2 മില്ലി ലിറ്റർ/ 10 ലിറ്റർ
സന്ധ്യാനേരമാണ് കീടനിയന്ത്രണം ഫലപ്രദമാക്കാൻ ഈ മരുന്നുകൾ തളിക്കുന്നതിനുള്ള അനുയോജ്യമായ സമയം.
Content Highlights: Learn about common banana leaf-eating pests
Published: 03 Jun 2025, 07:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented