
കൃത്യമായ ഡാറ്റയുടെ അടിസ്ഥാനത്തിൽ തീരുമാനങ്ങൾ എടുക്കാൻ കർഷകരെ പ്രാപ്തരാക്കുന്ന ഒരു ഡിജിറ്റൽ വിപ്ലവത്തിനാണ് ലോകം സാക്ഷ്യം വഹിക്കുന്നത്. മണ്ണിൽ വേരൂന്നി, സാങ്കേതികവിദ്യയെ കൂട്ടുപിടിക്കുന്ന കർഷകർ വലിയ നേട്ടങ്ങളിലേക്ക് ചുവടുവെക്കുന്നു. എ.ഐ ഗവേഷകനും രണ്ടാംതലമുറ കാപ്പി കർഷകനുമായ വയനാട് സ്വദേശി സൂരജ് കെ. ബാബുവും കൊച്ചി സ്വദേശിയായ ഡോ. സൂരജ് കൃഷ്ണയും ചേർന്ന് തങ്ങളുടെ ഗവേഷണപാടവം കർഷകർക്ക് എങ്ങനെ ഉപകാരപ്പെടുത്താം എന്ന ആശയത്തിൽ നിന്ന് രൂപപ്പെടുത്തിയെടുത്തതാണ് വയനാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡീപ്‌ടെക് സ്റ്റാർട്ടപ്പായ ന്യൂബയോം ലാബ്സ്. ഇന്ത്യൻ കാപ്പിക്ക് ആഗോള വിപണിയിൽ അർഹമായ പ്രാധാന്യം ലഭിക്കുന്നില്ലെന്ന തിരിച്ചറിവാണ് ഇത്തരമൊരു സ്റ്റാർട്ടപ്പിന് തുടക്കമിടാൻ ഇവർക്ക് പ്രേരണയായത്.
ഇന്ത്യൻ കാപ്പി വ്യവസായത്തിന്, പ്രത്യേകിച്ച് ചെറുകിട കർഷകർക്ക് വേണ്ടി ഇവർ പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ ആണ് കനോപി. പതിറ്റാണ്ടുകൾക്കുള്ളിൽ ലോകത്തെ പകുതിയോളം കാപ്പിക്കൃഷിയുടെ ഭൂമിയും കൃഷിക്ക് അനുയോജ്യമല്ലാത്ത അവസ്ഥയിലേക്ക് മാറുമെന്നാണ് ആഗോള പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തിലാണ് 'കനോപി' എന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) പ്ലാറ്റ്‌ഫോം കാപ്പിക്കൃഷിയുടെ ഭാവി സുരക്ഷിതമാക്കുക എന്ന വലിയ ലക്ഷ്യം ഏറ്റെടുക്കുന്നത്. വലിയ കോർപ്പറേറ്റ് തോട്ടങ്ങൾക്ക് മാത്രം ലഭ്യമായ ആധുനിക സാങ്കേതികവിദ്യകൾ സാധാരണ കർഷകർക്കും ലഭ്യമാക്കുക എന്നതാണ് കാനോപ്പി എഐയുടെ ഉദ്ദേശ്യമെന്ന് സൂരജ് കെ ബാബു പറയുന്നു. സാറ്റലൈറ്റ് ഇമേജറി, നിർമ്മിത ബുദ്ധി, ഹൈപ്പർലോക്കൽ ഡാറ്റ എന്നിവ പ്രയോജനപ്പെടുത്തി ഓരോ ചെറിയ തോട്ടത്തിലും വിളവും ലാഭവും ഉറപ്പാക്കാൻ ഈ പ്ലാറ്റ്‌ഫോം സഹായിക്കുന്നു.
പ്രതിസന്ധിയിലായ കർഷകരും മാറുന്ന തരംഗങ്ങളും
ഇന്ത്യയിലെ കാപ്പി വ്യവസായത്തിന്റെ നട്ടെല്ല് കാപ്പി കർഷരാണ്. ഇതിൽ 99 ശതമാനവും ചെറുകിട കർഷകരാണ്. പ്രവചനാതീതമായ കാലാവസ്ഥാ വ്യതിയാനങ്ങളും മാറുന്ന ഋതുക്കളും കർഷകർക്ക് കൃഷി മുന്നോട്ടുക്കൊണ്ടുപോകുന്നതിൽ ഏറെ പ്രതിസന്ധികൾ സൃഷ്ടിക്കുന്നുണ്ട്. വൻതോതിലുള്ള ഉത്പാദനം നടന്നിരുന്ന ഒരു കാലം കാപ്പിക്ക് ഉണ്ടായിരുന്നു. എന്നാൽ, ഇന്ന് സ്ഥിതിഗതികൾ ആകെ മാറിമറിഞ്ഞു. കൃഷി പാടേ ഉപേക്ഷിക്കാൻ കർഷകർ നിർബന്ധിതരാകുന്ന ഒരു കാലത്താണ് കനോപി കർഷകരെ കാപ്പിക്കൃഷിയിൽ പിടിച്ചുനിർത്താൻ സഹായിക്കുന്നത്.
കാപ്പികർഷകർക്കായി പ്രത്യേകം തയ്യാറാക്കിയ ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോമാണ് കനോപി. ആപ്പിലൂടെ ഒരു കർഷകന് തന്റെ പ്ലാന്റേഷന്റെ അതിരുകൾ മാപ്പ് ചെയ്ത് അതിന്റെ ഒരു 'ഡിജിറ്റൽ ട്വിൻ ' അഥവാ ഡിജിറ്റൽ മാതൃക നിർമ്മിക്കാൻ സാധിക്കും. ഇത് കേവലം ഒരു ഭൂപടം മാത്രമല്ല, മൊബൈൽ ആപ്പ് വഴി ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ തോട്ടങ്ങളുടെ ആരോഗ്യം വിലയിരുത്തി പ്രതിമാസ റിപ്പോർട്ടുകൾ ഉൾപ്പടെ കർഷകന് ലഭ്യമാക്കുന്ന എഐ ടൂളാണ്. രോഗബാധകളും വിളവ് കുറയാനുള്ള സാധ്യതകളും മുൻകൂട്ടി കണ്ടെത്താൻ ഇത് സഹായിക്കുന്നു. വളപ്രയോഗം, ജലസേചനം എന്നിവ എപ്പോൾ, എങ്ങനെ നടത്തണമെന്ന് കൃത്യമായി മനസ്സിലാക്കാനും ആപ്പ് സഹായിക്കുന്നുവെന്ന് സൂരജ് പറയുന്നു.
കാപ്പിക്കൃഷിയിൽ കാലാവസ്ഥ വലിയ വെല്ലുവിളികൾ ഉയർത്താറുണ്ട്. എന്നാൽ, ഈ പ്ലാറ്റ്‌ഫോം വഴി കൃത്യമായ ഇടവേളകളിൽ മഴയെക്കുറിച്ചും കാലാവസ്ഥാ വ്യതിയാനങ്ങളെക്കുറിച്ചും വിവരം ലഭിക്കും. ഇത് ഒരു പൊതുവായ അറിയിപ്പല്ല, മറിച്ച് ഓരോ പ്ലാന്റേഷന്റെയും കൃത്യമായ ലൊക്കേഷൻ അനുസരിച്ചുള്ള 'പ്ലാന്റേഷൻ സ്പെസിഫിക്' വിവരങ്ങളാണ് നൽകുന്നത്. കൃഷിചക്രത്തിലെ എല്ലാ പ്രവർത്തനങ്ങളും ചെലവുകളും ട്രാക്ക് ചെയ്യാൻ ഒരു ഡിജിറ്റൽ ഡയറി ഇതിലൂടെ നിലനിർത്താൻ കർഷകന് സാധിക്കുന്നു.
കനോപി മൊബൈൽ ആപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്ന എഐ അസിസ്റ്റന്റ് വഴി കർഷകർക്ക് രോഗം ബാധിച്ച ഇലയുടെയോ ചെടിയുടെയോ ചിത്രം അപ്‌ലോഡ് ചെയ്യാം. കൂടാതെ, വോയ്‌സ് ക്ലിപ്പുകളിലൂടെ സ്വന്തം ഭാഷയിൽ ചോദ്യങ്ങൾ ചോദിക്കാനും സാധിക്കും. മലയാളം, കന്നഡ, തമിഴ്, ഹിന്ദി തുടങ്ങി വിവിധ പ്രാദേശിക ഭാഷകളിൽ ഈ സേവനം ലഭ്യമാണ്.
ഡിജിറ്റൽ ഐഡന്റിറ്റിയും ആഗോള വിപണിയും
ഓരോ പ്ലാന്റേഷനും മാപ്പ് ചെയ്യപ്പെടുന്നതോടെ കർഷകർക്ക് അവർ കൃഷി ചെയ്യുന്ന കാപ്പിയുടെ ഒരു ഡിജിറ്റൽ റെക്കോർഡ് ഉണ്ടാക്കാൻ സാധിക്കുന്നു. ഇന്ത്യൻ കാപ്പി വ്യവസായം നേരിടുന്ന ഒരു വലിയ വെല്ലുവിളിയാണ് ഉൽപ്പന്നത്തിന്റെ ഉറവിടം വ്യക്തമാക്കുക എന്നത്. പ്രത്യേകിച്ച് യൂറോപ്പ് ഉൾപ്പെടെയുള്ള വിദേശ വിപണികളിൽ സുസ്ഥിരതയും ഉറവിടവും സംബന്ധിച്ച നിയമങ്ങൾ ഇപ്പോൾ വളരെ കർശനമാണ്. കാനോപ്പിയുടെ 'എൻഡ്-ടു-എൻഡ് ട്രേസബിലിറ്റി' സംവിധാനം, കാപ്പി ഏത് തോട്ടത്തിൽ നിന്നാണ് വന്നതെന്നും ഏത് രീതിയിലാണ് കൃഷി ചെയ്തതെന്നും വ്യക്തമാക്കാൻ സഹായിക്കുന്നു. ഇത് അന്താരാഷ്ട്ര കയറ്റുമതി മാനദണ്ഡങ്ങൾ പാലിക്കാനും ഇന്ത്യൻ കാപ്പിക്ക് വിപണിയിൽ മുൻപന്തിയിൽ നിൽക്കാനും കരുത്ത് പകരുന്നു. വിദേശ വിപണികളിൽ, പ്രത്യേകിച്ച് യൂറോപ്യൻ രാജ്യങ്ങളിൽ, കാപ്പി കയറ്റുമതി ചെയ്യണമെങ്കിൽ അത് വനനശീകരണം (Deforestation) നടത്താത്ത ഭൂമിയിൽ നിന്നാണെന്ന കൃത്യമായ രേഖകൾ ആവശ്യമാണ്. ഇത്തരം ഡിജിറ്റൽ റെക്കോർഡുകളുള്ള കർഷകർക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾ അന്താരാഷ്ട്ര വിപണിയിലെത്തിക്കുന്നതിനും വലിയ പ്രീമിയം വില ഉറപ്പാക്കുന്നതിനും സഹായകമാകും.
കേരള കാർഷിക സർവ്വകലാശാലയുടെയും കോഫി ബോർഡ് ഓഫ് ഇന്ത്യയുടെയും പിന്തുണയോടെ വയനാട്ടിൽ വിജയകരമായി ഇതിന്റെ പൈലറ്റ് പഠനങ്ങൾ പൂർത്തിയാക്കിയാണ് ഇപ്പോൾ കർഷകരിലേക്കെത്തിച്ചിരിക്കുന്നത്. ഗൂഗിൾ ക്ലൗഡിന്റെ നാഷണൽ ലെവൽ മത്സരങ്ങളിൽ ഈ സൊല്യൂഷൻ അംഗീകരിക്കപ്പെട്ടിട്ടുണ്ട്.
വലിയ കോഫി ബ്രാൻഡുകൾക്ക് അവരുടെ തോട്ടങ്ങൾ മാനേജ് ചെയ്യാൻ പ്രത്യേക ടീമുകളും സംവിധാനങ്ങളുമുണ്ടാകും. എന്നാൽ, സാധാരണക്കാരായ കർഷകർക്ക് ഇത്തരം സൗകര്യങ്ങൾ ലഭ്യമല്ലായിരുന്നു. ഈ വിടവ് നികത്താനാണ് കനോപി ശ്രമിക്കുന്നത്. വളരെ കുറഞ്ഞ ചെലവിൽ ഒരു കർഷകന് തന്റെ എത്ര പ്ലാന്റേഷനുകൾ വേണമെങ്കിലും ഈ പ്ലാറ്റ്‌ഫോമിൽ മാപ്പ് ചെയ്യാം. 2999 രൂപയ്ക്ക് വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന സേവനമാണ് ഇതിലൂടെ ലഭിക്കുന്നത്. കർഷകന്റെ അനുഭവപരിചയത്തോടൊപ്പം കൃത്യമായ സാറ്റലൈറ്റ് റിപ്പോർട്ടുകൾ കൂടി ചേരുമ്പോൾ പ്ലാന്റേഷനുകളുടെ ആരോഗ്യം മെച്ചപ്പെടുകയും മികച്ച വിളവ് ലഭിക്കുകയും ചെയ്യുന്നു.
കേരളത്തിലെയും കർണാടകയിലെയും കാപ്പി കർഷകർക്കിടയിൽ ഈ ആപ്പ് ഇപ്പോൾ പരിചിതമായി തുടങ്ങിയിട്ടുണ്ട്. സാങ്കേതികവിദ്യ കർഷകനെ മണ്ണിൽ നിന്ന് അകറ്റുകയല്ല, മറിച്ച് മണ്ണിലെ അധ്വാനത്തിന് കൃത്യമായ ഫലം ഉറപ്പാക്കുകയാണ് ചെയ്യുന്നത്. പരമ്പരാഗത അറിവുകളും ആധുനിക ഡാറ്റയും ഒത്തുചേരുമ്പോൾ ഇന്ത്യൻ കാപ്പിക്കൃഷി കൂടുതൽ സുസ്ഥിരവും ലാഭകരവുമായി മാറുന്നു. വയനാടൻ കുന്നുകളിൽ നിന്ന് ആഗോള വിപണികളിലേക്ക് നമ്മുടെ കാപ്പി കൂടുതൽ കരുത്തോടെ എത്തുന്ന കാലം വിദൂരമല്ല. ഒരു സ്മാർട്ട്ഫോൺ ഉപയോഗിച്ച് സ്വന്തം തോട്ടത്തെ ആകാശത്തുനിന്ന് വീക്ഷിക്കുന്ന കർഷകൻ, മാറുന്ന ഇന്ത്യയുടെ അഭിമാനകരമായ കാഴ്ചയാണ്.
കാനോപ്പി മൊബൈൽ ആപ്പ് ഇപ്പോൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാണ്. ഡൗൺലോഡ് ലിങ്ക്: https://play.google.com/store/apps/details?id=com.neubiomlabs.canopy
Content Highlights: Revolutionize coffee farming in Wayanad & beyond with Canopy AI. Get data-driven insights, improve yield, and access global markets.
Published: 10 Jan 2026, 10:12 am IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented