ഓണത്തിന് വ്യത്യസ്തമായ ചേനപ്പായസവും ചേന അടയുമായി കൊല്ലം ജില്ലയിലെ ഹരിതലക്ഷ്മി കൃഷിക്കൂട്ടം. കോവിഡ് കാലത്ത് ചേന വിറ്റഴിക്കാൻ ബുദ്ധിമുട്ടനുഭവിച്ച കർഷകരുടെ പ്രയാസം മറികടക്കാൻ തുടങ്ങിയ ഈ ആശയം ഇന്ന് കൊല്ലം കൃഷിഭവന്റെ പിന്തുണയോടെ വിജയകരമായ സംരംഭമാക്കി മാറ്റിയിരിക്കുകയാണ് ഹരിതലക്ഷ്മിയിലെ അംഗങ്ങൾ.

To advertise here,

ചേനപ്പായസം തയ്യാറാക്കൽ

ഒരു കിലോഗ്രാം ചേന വൃത്തിയാക്കി കഷണങ്ങളാക്കി കുക്കറിൽ മൂടിതുറന്ന് വേവിക്കുക. ചേനയിൽ ചൊറിച്ചിലുണ്ടാക്കുന്ന കാൽസ്യം ഓക്സലേറ്റ് എന്ന ഘടകത്തിന്റെ അംശം കളയാനാണ് മൂടി തുറന്നുവെക്കുന്നത്. 500-600 ഗ്രാം ശർക്കര പാനിയാക്കിയതും 100 ഗ്രാം ചൗവരിയുംകൂടി ചേർത്തിളക്കി പരുവമാകുമ്പോൾ ചേന വേവിച്ചുടച്ചത്, രണ്ടു തേങ്ങയുടെ ഒന്നാംപാൽ, രണ്ടാംപാൽ, നെയ്യിൽ മൂപ്പിച്ച കിസ്മിസ്, അണ്ടിപ്പരിപ്പ്, തേങ്ങാക്കൊത്ത് എന്നിവ ചേർത്ത് തയ്യാറാക്കിയെടുക്കുക. ഒരുകിലോ ചേനയിൽനിന്നും രണ്ടേകാൽ ലിറ്റർ പായസം ലഭിക്കും. അരലിറ്റർ ചേനപ്പായസം 150 രൂപ നിരക്കിലാണ് വിറ്റഴിക്കുന്നത്. 50 മുതൽ 60 രൂപ വിലവരുന്ന ഒരുകിലോ ചേനയിൽനിന്നും 600 രൂപയ്ക്ക് മുകളിൽ രണ്ടേകാൽ ലിറ്റർ പായസം ലഭിക്കുന്നു. രുചികരമായ ചേനപ്പായസത്തിന് ഓഫീസുകളിലും മേളകളിലും നല്ല ഡിമാൻഡാണ്.

അടയ്ക്കുപകരം ചേന അട

ചേനപ്പായസം ഹിറ്റായതോടെ ആവശ്യക്കാരേറി. ദീർഘകാലം ചേനപ്പായസം എങ്ങനെ കേടുകൂടാതെ സൂക്ഷിക്കാമെന്നായി ഇവരുടെ ചിന്ത. അങ്ങനെയാണ് സാധാരണ മൈദയിൽനിന്നുള്ള അടയ്ക്കുപകരം ചേന അട ആയാലോ എന്ന് ഇവർക്ക് ആശയമുദിച്ചത്. കൃഷിവകുപ്പ് മുഖേന കൃഷിക്കൂട്ടത്തിന് സബ്സിഡിനിരക്കിൽ നൽകിയ മൾട്ടിപർപ്പസ് ഡ്രയറിലാണ് അട  തയ്യാറാക്കുന്നത്. സി.ടി.സി.ആർ.ഐ. ആണ്‌ സാങ്കേതികവിദ്യ നൽകുന്നത്. അനാരോഗ്യകരമായ മൈദ അടയ്ക്കുപകരം പോഷകഗുണമേറെയുള്ള ചേനയിൽനിന്നുമുള്ള അട ഒട്ടേറെ പരീക്ഷണ നിരീക്ഷണങ്ങൾക്കുശേഷമാണ് ഇവർ വികസിപ്പിച്ചത്.  ഗജേന്ദ്രയിനം ചേനയാണ് അടനിർമാണത്തിനു ഉപയോഗിക്കുന്നത്. ഈ ഉത്‌പന്നം ആകർഷകമായ പാക്കിങ്ങിൽ വിപണിയിൽ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇവർ. വിവരങ്ങൾക്ക്: 9895462314