പെരുമ്പളം ദ്വീപിലെ നാളികേരപ്പെരുമയും തന്റെ കൈപ്പുണ്യവും പുറംലോകത്തിനു പകർന്ന് ജീവിതം പച്ചപിടിപ്പിക്കുകയാണ് ലതിക. 11 വർഷമായി സ്വന്തം വീട്ടിലുണ്ടാക്കിയ നാളികേര ഉത്പന്നങ്ങൾ വിറ്റാണ് ലതികയുടെ ഉപജീവനം. പെരുമ്പളം രണ്ടാംവാർഡ് പനമ്പുകാട്ടിൽ സലിയുടെ ഭാര്യയാണ് ലതിക. തനി നാടൻ ഉരുക്കുവെളിച്ചെണ്ണ, നാളികേര ലഡു, ചോക്ളേറ്റ്, ചമ്മന്തിപ്പൊടി, തീയൽക്കൂട്ട് തുടങ്ങിയവയാണ് ഉത്പന്നങ്ങൾ. യന്ത്രസഹായമില്ലാതെയാണ് ഇവ ഉണ്ടാക്കുന്നത്. ചെറിയ സഞ്ചികളിലാക്കി സർക്കാർ ഓഫീസുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവിടങ്ങളിൽ നേരിട്ടാണു വിൽപ്പന. തനി നാടനായതിനാൽ ഒരിക്കൽ വാങ്ങിയവർ വീണ്ടും വാങ്ങാൻ മടിക്കില്ല.

To advertise here,

ഉത്പന്നങ്ങൾ വിറ്റുകിട്ടിയ പണവും ചുമട്ടുതൊഴിലാളിയായ ഭർത്താവിന്റെ വരുമാനവുംകൊണ്ടാണ് വീടു പണിതത്. മൂത്തമകൾ വൃന്ദയെ ബി.എസ്‌സി.എം.എൽ.ടി. കോഴ്സ് പഠിപ്പിച്ചു. വിവാഹവും നടത്തി. ഇളയമകൾ വന്ദന എം.ബി.എ.യ്ക്കു പഠിക്കുന്നു. അച്ഛൻ രാജനാണ് ലതികയുടെ വഴികാട്ടി. നാളികേര ഉത്പന്നങ്ങൾ വീട്ടിൽ തയ്യാറാക്കി കൊണ്ടുനടന്നു വിൽക്കുമായിരുന്നു അദ്ദേഹം. ജീവിതപ്രാരബ്ധങ്ങളെ നേരിടാൻ ഭർത്താവിന്റെ മാത്രം വരുമാനം മതിയാകാതെവന്നപ്പോഴാണ് ലതിക അച്ഛന്റെ വഴിയിലേക്കു തിരിഞ്ഞത്.

ഗുണമേന്മയുള്ള തേങ്ങയ്ക്കു പേരുകേട്ട സ്ഥലമാണ് പെരുമ്പളം ദ്വീപ്. ഇവിടെനിന്ന് പാണാവള്ളി, ആലപ്പുഴ, തൃപ്പൂണിത്തുറ, പൂത്തോട്ട തുടങ്ങിയ സ്ഥലങ്ങളിൽ ലതികയുടെ ഉത്പന്നങ്ങളെത്തും. അൻപത്തിയൊന്നുകാരിയായ ലതികയ്ക്ക് യാത്രയ്ക്കു ബുദ്ധിമുട്ടുണ്ടെങ്കിലും കാര്യമാക്കാറില്ല. കേരള കാർഷികവികസന-കർഷകക്ഷേമ വകുപ്പിന്റെ ‘ആത്മ’യിൽ രൂപംകൊണ്ട ത്രിവേണി എഫ്.ഐ.ജി. (ഫാർമേഴ്‌സ് ഇന്ററസ്റ്റ് ഗ്രൂപ്പ്) കൺവീനറാണ് ലതിക. കൃഷിവിജ്ഞാനകേന്ദ്രത്തിൽനിന്ന് പരിശീലനവും നേടിയിട്ടുണ്ട്.

ഉരുക്കുവെളിച്ചെണ്ണ കുട്ടികളെ കുളിപ്പിക്കാനും താരൻ തടയാനും വയറിന്റെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുമാണ് പലരും വാങ്ങുന്നത്. തേങ്ങ ചിരകി തേങ്ങാപ്പാൽ അടുപ്പത്തുവെച്ച് ചിരട്ടത്തീയിൽ 15 മണിക്കൂർ വറ്റിച്ചെടുത്താണ് ഇതു തയ്യാറാക്കുന്നത്. തേങ്ങാപ്പാൽ, പാൽപ്പൊടി, കൊക്കോ പൗഡർ, ഗ്ലൂക്കോസ് തുടങ്ങിയവ ചേർത്താണ് ചോക്ലേറ്റ് ഉണ്ടാക്കുന്നത്. ആത്മയുടെ ഭക്ഷ്യസുരക്ഷാ പദ്ധതിയിൽ 10,000 രൂപ ലഭിച്ചത് പാത്രങ്ങൾ വാങ്ങാൻ ഉപകരിച്ചതായി ലതിക പറഞ്ഞു.