ണത്തിന് മധുരം പകരാൻ പത്തനംതിട്ട  ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നാടൻ ശർക്കര തയ്യാറാകുന്നു. ഓണമെന്നാൽ ശർക്കരയുടെയും ശർക്കരവരട്ടിയുടെയും കാലംകൂടിയാണ്. ജില്ലയുടെ അഭിമാനമായി നിലനിന്ന്, പിന്നീട് അന്യമായിപ്പോയ കരിമ്പുകൃഷിയും ശർക്കര ഉത്പാദനവും ഇന്ന് തിരിച്ചുവരവിന്റെ പാതയിലാണ്. കരിമ്പ് കർഷകരും ഓണനാളിനെ കാത്തിരിക്കുന്നു. 50 ടണ്ണോളം ശർക്കര ഓണത്തിന്‌ വിപണിയിലേക്ക് എത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കർഷകർ. വള്ളിക്കോട്, പന്തളം, തിരുവല്ല ഭാഗങ്ങളിലാണ് പ്രധാനമായും ശർക്കര ഉത്പാദനം.

To advertise here,

മധുരമൂറുന്ന തിരിച്ചുവരവ്

ഒരുകാലത്ത് ജില്ലയുടെ പ്രതാപമായിരുന്നു വള്ളിക്കോട് ശർക്കര. എന്നാൽ, പതിയെ കരിമ്പുകൃഷി അന്യംനിന്നു. വള്ളിക്കോടിന്റെ മധുരത്തെ തിരിച്ചുപിടിക്കാൻ ഇറങ്ങിയ കർഷകരും കൃഷിഭവനുംചേർന്ന് ഇരുപതുവർഷം മുമ്പ് നഷ്ടമായ പ്രതാപം വീണ്ടെടുത്തു. മൂന്നുവർഷമായി ഓണനാളുകളിൽ വിപണിയിൽ മധുരം നിറയ്ക്കുകയാണ് വള്ളിക്കോട് ശർക്കര. വള്ളിക്കോട്, മായാലിൽ, വള്ളിക്കോട് വാഴമുട്ടം, നരിയാപുരം ഭാഗങ്ങളിലാണ് കരിമ്പുകൃഷിയേറെ. ഓണവിപണിയിലേക്ക് പത്തുടൺ ശർക്കരയാണ് വള്ളിക്കോട് ലക്ഷ്യമിടുന്നത്. പന്തളം കൃഷിഫാമിൽനിന്ന്‌ എത്തിച്ച മാധുരി, മധുരിമ, മറയൂരിൽനിന്ന്‌ എത്തിച്ച സി.ഒ. 86032 ഇനത്തിൽപ്പെട്ട തലക്കവുമാണ് കൃഷിചെയ്യുന്നത്‌. വള്ളിക്കോട് കരിമ്പ് ഉത്പാദകസംഘത്തിന്റെ മായാലിൽ പ്രവർത്തിക്കുന്ന കരിമ്പ് സംസ്കരണ യൂണിറ്റിലും തൃക്കോവിൽ ക്ഷേത്രത്തിന് അടുത്തും ശർക്കര ഉത്പാദിപ്പിക്കുന്നുണ്ട്.

തിരുവല്ലയിലും പന്തളത്തും ഉത്പാദനം

കൃഷിവകുപ്പിന്റെ അധീനതയിലുള്ള പന്തളം കടയ്ക്കാട് കരിമ്പ് വിത്തുത്പാദന കേന്ദ്രത്തിൽ പന്തളം ശർക്കര വില്പനയ്ക്ക് തയ്യാറായിട്ടുണ്ട്. പതിയൻ ശർക്കരയാണ് ഇവിടെ തയ്യാറായത്. തിരുവല്ല മേഖലയിൽനിന്ന്‌ ആറ് ടൺ ശർക്കര ഓണത്തിനായി തയ്യാറായിട്ടുണ്ട്. കുറ്റൂർ കൃഷിഭവനുകീഴിൽ വെൺപാലയിലും ശർക്കര ഉത്പാദനമുണ്ട്. കേരള അഗ്രോ ബ്രാൻഡിങ് ലഭിച്ച ശർക്കരയാണിത്. ഒരുകിലോയ്ക്ക് 160 രൂപ നിരക്കിലാണ് വില്പന.