ഏറെ ഗുണങ്ങളുള്ള പിങ്ക് നിറത്തിലുള്ള വ്ലാത്താങ്കര ചീരയിൽ നിന്ന് ശീതളപാനീയമുണ്ടാക്കി വിപണി കീഴടക്കിയിരിക്കുകയാണ് ഗുരുവായൂർ പാലുവായ് അരീക്കര വീട്ടിൽ സുജാത സുകുമാരൻ. സ്വന്തമായി ജൈവകൃഷി ചെയ്ത ചീര ഉപയോഗിച്ചാണ് നിർമാണം. ഒരുകിലോ ചീരയിൽനിന്ന് 1.5 ലിറ്റർ ചീര സ്ക്വാഷാണ് ഈ അമ്പത്തിമൂന്നുകാരി നിർമിക്കുന്നത്.
ഇത് ചീരമാർഗം
‘‘ഒരു കിലോ ചീര വിറ്റാൽ തുച്ഛമായ തുകയാണ് ലഭിക്കുക. പക്ഷേ, ചീര ജ്യൂസ് നിർമിച്ചു വിറ്റാൽ ലാഭമാണ്’ -സുജാത പറയുന്നു. ഒരു കുപ്പിക്ക് ശരാശരി 150 രൂപ വില വിപണിയിലുണ്ട്. കഴിഞ്ഞ തവണ 300 കുപ്പിയിലേറെ സ്ക്വാഷാണ് വിറ്റുപോയത്. ധാരാളം പോഷകാംശങ്ങളുള്ള ജ്യൂസ് കുട്ടികൾക്കും പ്രിയപ്പെട്ടതാണ്.
ചീര കഴിക്കാൻ ഇഷ്ടമല്ലാത്ത വീട്ടിലെ കുട്ടികളെ ചീര കഴിപ്പിക്കാനുള്ള മാർഗമായാണ് സുജാത സ്ക്വാഷ് പരീക്ഷണം നടത്തുന്നത്. ഉണ്ടാക്കിയ പാനീയം കുപ്പിയിലാക്കി തണുപ്പിച്ച് കൊടുത്തപ്പോൾ കൂടുതൽ വേണമെന്നായി കുട്ടികൾ. മുൻ കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ ഉൾപ്പെടെയുള്ള മുതിർന്നവരുടെ പ്രിയം നേടാൻ സ്ക്വാഷിനായി. 60 മില്ലി സ്‌ക്വാഷിൽ 200 മില്ലി വെള്ളം ചേർത്താണ് കുടിക്കേണ്ടത്. മക്കൾക്ക് ആരോഗ്യപ്രദമായ ആഹാരം നൽകണമെന്ന ചിന്തയാണ് സുജാതയെ കർഷകയാക്കി മാറ്റുന്നത്. അന്ന് 10 സെന്റ് പുരയിടത്തിന്റെ ചുറ്റുമായി കൃഷി ആരംഭിച്ചു. പിന്നീട്, ഒരേക്കർ സ്ഥലം പാട്ടത്തിനടുത്ത് വിപുലീകരിച്ചു. ഇപ്പോൾ താമസിക്കുന്ന ഏഴ് സെൻറ് ഭൂമിയിലും കൃഷിയുണ്ട്.
നിർമാണം ആവശ്യാനുസരണം
നിലവിൽ ആവശ്യക്കാർക്കുവേണ്ടി മാത്രമാണ് നിർമാണം. ലഭിക്കുന്ന ഓർഡർ അനുസരിച്ച് ഉണ്ടാക്കും. ഉപഭോക്താവിന്റെ ആവശ്യാനുസരണമുള്ള വസ്തുക്കളാണ് മധുരത്തിനായി ഉപയോഗിക്കുന്നത്. പഞ്ചസാര, തേൻ, കൽക്കണ്ടം, പനം കൽക്കണ്ടം തുടങ്ങിയവ മധുരത്തിനായി ഉപയോഗിക്കാറുണ്ട്.
യാതൊരുവിധ പ്രിസർവേറ്റീവുകളും ഉപയോഗിക്കാതെയാണ് നിർമാണം. എന്നാൽ, ആവശ്യക്കാർ വർധിച്ചതോടെ കൂടുതൽ ദിവസം സൂക്ഷിക്കാവുന്ന തരത്തിൽ വാണിജ്യാടിസ്ഥാനത്തിൽ വിപുലീകരിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ. ഇതോടെ, രണ്ടുദിവസം പുറത്തും പത്തു ദിവസത്തിനടുത്ത് ഫ്രിഡ്ജിലും വെച്ച് ഉപയോഗിക്കാമെന്ന രീതിയിൽനിന്ന് രക്ഷയാകും. രാത്രി വീട്ടിലെ അടുപ്പുപയോഗിച്ചാണ് പാനീയം ഉണ്ടാക്കുന്നത്. ചൂടാറിയതിനു ശേഷം കുപ്പികളിലേക്കു നിറയ്ക്കും.
അടുത്തലക്ഷ്യം കാലിത്തീറ്റ
നാലുവർഷം മുൻപാണ് സ്ക്വാഷ് വിപണിയിലെത്തിക്കുന്നത്. ഇപ്പോൾ ഗുരുവായൂർ നഗരസഭയുടെ ആഴ്ചച്ചന്തയിലും വിവിധ പ്രദർശനമേളകളിലുമാണ് വിൽപ്പന. നേരിട്ടെത്തി വാങ്ങുന്നവരും കൂട്ടത്തിലുണ്ട്. ഗുരുവായൂർ കിഴക്കേ നടയിലുള്ള കുടുംബശ്രീയുടെ നഗരച്ചന്തയിലും വിൽപ്പനയുണ്ട്. പേറ്റന്റിന് അപേക്ഷിക്കാനും ബ്രാൻഡ് ചെയ്യാനുമുള്ള തയ്യാറെടുപ്പിലാണെന്ന് സുജാത പറയുന്നു. നിലവിൽ എഫ്എസ്എസ്ഐ, ആരോഗ്യവകുപ്പ് അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.
പാട്ടത്തിനെടുത്ത ഒരു ഏക്കർ കൃഷിയിടത്തിലെ വ്ലാത്താങ്കര ചീരയും സമീപത്തുള്ള ജൈവകൃഷി കർഷകരിൽനിന്ന് ചീര വാങ്ങിയുമാണ് സ്ക്വാഷ് നിർമാണത്തിനായി ഉപയോഗിക്കുന്നത്. നഗരസഭയിലെ കൃഷിക്കൂട്ടങ്ങളെ ഉപയോഗിച്ച് ചീര കൃഷി നടത്താനുള്ള ആലോചനയുണ്ട്. അടുത്തതായി ശീതളപാനീയം ഉപയോഗിച്ച ചീരയുടെ അവശിഷ്ടത്തിൽ നിന്നു കാലിത്തീറ്റയുണ്ടാക്കാനുള്ള തയ്യാറെടുപ്പിലാണ്.
12 ഇനം ചീരകളാണ് കൃഷിചെയ്യുന്നത്. നെല്ല്, പച്ചക്കറികൾ, പെരിഞ്ചീരകം തുടങ്ങിയവയെല്ലാം ജൈവകൃഷിയിലൂടെ ഉത്പാദിപ്പിക്കുന്നുണ്ട്. കാലാവസ്ഥയ്ക്കനുസരിച്ചാണ് കൃഷി. വീട്ടിലേക്കെത്തി സാധനങ്ങൾ വാങ്ങുന്നതിനാൽ ചന്തയിലേക്കെത്തിക്കാൻപോലും പലപ്പോഴും സാധിക്കാറില്ല -സുജാത പറയുന്നു.
നഗരസഭയും കൃഷിവകുപ്പും കുടുംബശ്രീയും സുജാതയുടെ ശീതളപാനിയത്തിനെ സ്വീകരിച്ചു. ഭർത്താവ് പരേതനായ സുകുമാരൻ കൃഷിഭവനിൽനിന്ന് വിത്തു വാങ്ങുന്നതുമുതൽ പച്ചക്കറി വിപണിയിലെത്തിക്കാൻവരെ സഹായിച്ചിരുന്നതായി സുജാത പറയുന്നു. മരുമകൾ ശില്പ, മക്കളായ എ.എസ്. വിപിൻ, എ.എസ്. നീതു, എ.എസ്. നിത്യ എന്നിവർ പൂർണ പിന്തുണയുമായി ഒപ്പമുണ്ട്.
കുട്ടികൾക്ക് ആരോഗ്യകരമായ ഭക്ഷണം നൽകുന്നതിനായി ആരംഭിച്ച ചീര സ്ക്വാഷിന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. യന്ത്രവത്കരണം നടക്കാത്തതിനാൽ ആവശ്യാനുസരണമുള്ള ഉത്പാദനം നടക്കുന്നില്ലെന്നതും ആവശ്യമായ ചീര ലഭിക്കാത്തതുമാണ് നിലവിലുള്ള പരിമിതികൾ. തൈക്കാട് കൃഷിഭവൻ കൃഷി ഓഫീസർ വി.സി. രജിന പറയുന്നു.
Content Highlights: Discover the health benefits of Vlathangara Cheera squash made from organic produce. This innovative drink is a hit for kids and adults alike, offering a delicious way to consume nutritious greens.
Published: 08 Oct 2025, 02:43 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented