കര്‍ഷകര്‍ക്ക് ശല്യം, പരിസ്ഥിതിക്ക് ദോഷം; എങ്ങനെ നിയന്ത്രിക്കാം ആഫിക്കന്‍ ഒച്ചിനെ?


പ്രമോദ്കുമാര്‍ വി.സി.

ആഫ്രിക്കൻ ഒച്ച്‌ | Photo-Mathrubhumi

ലോകത്തെ പ്രധാനപ്പെട്ട നൂറ് അക്രമി ജീവിവര്‍ഗങ്ങളില്‍പ്പെട്ട ഭീമന്‍ ആഫ്രിക്കന്‍ ഒച്ച് കാര്‍ഷികലോകത്തെ വിറപ്പിക്കാന്‍ മഴക്കാലത്താണെത്തുക. കേരളത്തിലെ പല സ്ഥലങ്ങളും ഇവയുടെ ആക്രമണത്തില്‍ വലിയ കൃഷിനാശമാണ് സംഭവിക്കുന്നത്. വിളകളടക്കമുള്ള വിവിധ സസ്യങ്ങളെ മുച്ചൂടും തിന്നു നശിപ്പിക്കുക മാത്രമല്ല, കുടിവെള്ള സ്രോതസ്സുകള്‍, വീടുകളിലെ താരതമ്യേന തണുപ്പും ജലാംശവുമുള്ള സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ കൂട്ടമായെത്തി കാഷ്ഠവും സ്രവവും കൊണ്ട് മലിനമാക്കുകയും ചെയ്യും. ചത്ത ഒച്ചുകള്‍ ചീയുമ്പോള്‍ അസഹ്യമായ ദുര്‍ഗന്ധമുണ്ടാകും. കാര്‍ഷികലോകത്തിനും പരിസ്ഥിതിക്കും ഇവയേല്‍പ്പിക്കുന്ന ആഘാതം വളരെ വലുതാണ്.

മൂന്നുവര്‍ഷം വരെ ഉറക്കം1847-ല്‍ പശ്ചിമ ബംഗാളിലാണ് ഇന്ത്യയിലാദ്യമായി ഇവയെ കണ്ടുതുടങ്ങിയത്. 1970-കളില്‍ പാലക്കാട്ടെത്തി. അക്കാറ്റിന ഫൂലിക്ക (Achatina fulica) എന്നാണ് ശാസ്ത്രനാമം. 2005 മുതലാണ് കേരളത്തിലങ്ങോളമിങ്ങോളം ഈ ഒച്ചുകളെ കണ്ടുതുടങ്ങിയത്. ആറുമുതല്‍ 10 വര്‍ഷംവരെ ജീവിച്ചിരിക്കും. പൂര്‍ണ വളര്‍ച്ചയെത്തുമ്പോള്‍ 20 സെന്റീമീറ്റര്‍വരെ വലുപ്പവും 250 ഗ്രാം തൂക്കവുമുണ്ടാകും. അമിതമായ ചൂടും തണുപ്പും അനുഭവപ്പെടുന്ന അവസരത്തില്‍ ഇവ മണ്ണിനുള്ളില്‍ 10-15 സെന്റീമീറ്റര്‍ താഴ്ചയില്‍ കുഴിയുണ്ടാക്കി ദീര്‍ഘസുഷുപ്തിയിലാണ്ട് കാലാവസ്ഥയെ അതിജീവിക്കും. മൂന്നു വര്‍ഷംവരെ ഇതു നീളാം.

ഒരു ഒച്ചില്‍ത്തന്നെ ആണ്‍-പെണ്‍ ലൈംഗികാവയവങ്ങളുണ്ട്. ഇവ ഇണയെ കണ്ടെത്തി, വലിയ ഒച്ചുകളാണെങ്കില്‍ ഇണ ചേര്‍ന്ന് രണ്ട് ഒച്ചുകളിലും മുട്ടകള്‍ ഉണ്ടാകും. ഇണകളില്‍ ഒന്ന് ചെറുതാണെങ്കില്‍ വലിയ ഒച്ചു മാത്രമേ മുട്ടയിടൂ. ഒച്ചിന് തന്റെ ശരീരത്തില്‍ രണ്ടു വര്‍ഷത്തോളം ബീജങ്ങളെ സൂക്ഷിച്ചുവെക്കാന്‍ കഴിയും. ഇണചേരല്‍ കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളില്‍ ഇവ മണ്ണിനുള്ളില്‍ 500 മുട്ടകളടങ്ങിയ മുട്ടക്കൂട്ടങ്ങളിടുന്നു. മുട്ടകള്‍ രണ്ടാഴ്ചകൊണ്ട് വിരിയും.

ആറു മാസംകൊണ്ട് പ്രായപൂര്‍ത്തിയായി പുതിയ തലമുറ മുട്ടയിട്ടു തുടങ്ങുകയും ചെയ്യും. ഒരു ആഫ്രിക്കന്‍ ഒച്ചിന്റെ രണ്ടു മുട്ടയിടലുകള്‍ തമ്മിലുള്ള ഇടവേള രണ്ട്-മൂന്ന് മാസമാണ്. അനുകൂല കാലാവസ്ഥയില്‍ ഒരു വര്‍ഷത്തിനുള്ളില്‍ ഒരു ഒച്ച് നാലു പ്രാവശ്യമായി 1200 മുട്ടവരെ ഇടും.

രാത്രിസഞ്ചാരി

സന്ധ്യകഴിഞ്ഞാണ് ഒച്ചുകള്‍ തടങ്ങളില്‍നിന്ന് പുറത്തുവരുന്നത് പുലര്‍ച്ചെവരെ ചെടികള്‍ തിന്നുതീര്‍ക്കും. വാഴ, മഞ്ഞള്‍, കൊക്കോ, കാപ്പി, കമുക്, ഓര്‍ക്കിഡ്, ആന്തൂറിയം, പച്ചക്കറികള്‍, കിഴങ്ങുവര്‍ഗങ്ങള്‍ എന്നിവ തിന്നു മുടിക്കും. പുല്ലുവര്‍ഗം ഒഴികെ മറ്റെല്ലാ ചെടികളും പ്രത്യേകിച്ച് തൈകളും തളിരുകളും നശിപ്പിക്കും.റബ്ബര്‍പാല്‍ പോലും ഇവയ്ക്ക് ഇഷ്ടപാനീയമായതോടെ വലിയ സാമ്പത്തികനഷ്ടമാണ് കര്‍ഷകര്‍ക്കുണ്ടാവുന്നത്.

പായലുകള്‍, അഴുകുന്ന ജൈവാവശിഷ്ടങ്ങള്‍, പേപ്പര്‍, തടി, ചെറിയ കല്ലുകള്‍, എല്ലുകള്‍, കോണ്‍ക്രീറ്റ് കഷണങ്ങള്‍ തുടങ്ങി വിവിധ ജൈവ-അജൈവ വസ്തുക്കളെ ഇത് ആഹാരമാക്കുന്നു. എണ്‍പതിനായിരം പല്ലുകളുള്ള റിബണ്‍പോലെയുള്ള 'റാഡുല' എന്ന അവയവം ആഹാരം കടിച്ചുമുറിച്ചു തിന്നാന്‍ ഇവയെ സഹായിക്കുന്നു. സ്വാഭാവികമായുള്ള ആഹാരശൃംഖലയില്‍ കടന്നുകയറ്റം നടത്തി പരിസ്ഥിതിസന്തുലനം താറുമാറാക്കുന്നു. ഇവയുടെ കാഷ്ഠത്തില്‍നിന്നും കൊക്കോയുടെ കായ് അഴുകല്‍ ഉണ്ടാക്കും.

രോഗകാരി

മനുഷ്യനില്‍ രോഗങ്ങള്‍ ഉണ്ടാക്കാനും ഇവ കാരണമാകുന്നു. ഒച്ചിന്റെ ശരീരത്തില്‍ തെങ്ങിന്റെ കൂമ്പുചീയല്‍ തുടങ്ങിയ മാരകരോഗങ്ങള്‍ക്ക് ഹേതുവായ ഫൈറ്റോഫാറ് കുമിളിനെ കണ്ടത്തിയിട്ടുണ്ട്. മനുഷ്യര്‍ക്കും ഉപദ്രവകാരികളായ ഈ ഒച്ചുകള്‍ കുട്ടികളുടെ തലച്ചോറിനെ ബാധിക്കുന്ന ഈസ്നോഫിലിക് മെനഞ്ചൈറ്റിസ് എന്ന രോഗത്തിന്റെ വാഹകരാണ്. ഒച്ചിനെ നന്നായി പാകം ചെയ്യാതെ ഭക്ഷിക്കുന്നവരിലാണിതു കണ്ടുവരുന്നത്.

കേരളത്തിലുള്ള ആഫ്രിക്കന്‍ ഒച്ചില്‍ നിമാ വിരയുണ്ടോയെന്നുള്ള പഠനങ്ങള്‍ വനഗവേഷണ കേന്ദ്രത്തില്‍ നടക്കുന്നുണ്ട്. എന്നാല്‍, ചില ആളുകളില്‍ ഒച്ചിനെ സ്പര്‍ശിക്കുമ്പോള്‍ ചൊറിച്ചിലും വ്രണങ്ങളും ഉണ്ടാകാറുണ്ട്. കൂടാതെ ഒരു ബാക്ടീരിയയുടെ സാന്നിധ്യം പ്രതിരോധശേഷികുറഞ്ഞ ആളുകളില്‍ വിവിധ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നു. അതുകൊണ്ട് പെറുക്കിയെടുത്ത് ഒഴിവാക്കേണ്ടി വരുമ്പോള്‍ കട്ടിയുള്ള തുണിയോ ഗ്ലൗസോ നിര്‍ബന്ധമായും ഉപയോഗിക്കണം.

നിയന്ത്രണമാര്‍ഗങ്ങള്‍

ബോര്‍ഡോമിശ്രിതം തളിക്കുന്നതിലൂടെയും ഒച്ചുശല്യമുള്ള പറമ്പുകളുടെ അതിരിലൂടെ കുമ്മായം തൂവുന്നതും ഇവയെ നിയന്ത്രിക്കാന്‍ ചെയ്യാറുണ്ട്.
പുതിയ കടന്നുകയറ്റക്കാരനായതുകൊണ്ട് ഇവയ്ക്ക് ശത്രുക്കള്‍ കുറവാണ്. ഉപ്പന്‍ (ചകോരം, ചെമ്പോത്ത്) ഒച്ചുകളെ ആക്രമിച്ചു തിന്നുന്നുണ്ട്. പക്ഷേ, ഇതുകൊണ്ടുമാത്രം നിയന്ത്രണമാകുന്നില്ല. നിയന്ത്രണത്തിനായി വിവിധ രാജ്യങ്ങളില്‍ താറാവിനെ ഉപയോഗിച്ചിരുന്നു.

  • ഒച്ചുബാധയുള്ള സ്ഥലങ്ങളില്‍നിന്നും ചെടികള്‍, ജൈവവളം, മണ്ണ്, കാര്‍ഷിക പണിയായുധങ്ങള്‍, തടി, വാഹനങ്ങള്‍ എന്നിവ മറ്റു സ്ഥലങ്ങളിക്ക് കൊണ്ടുപോകുമ്പോള്‍ ഇവ ഒച്ചുകളും മുട്ടകളുമുള്‍പ്പെടെ വിമുക്തമാണെന്ന് ഉറപ്പുവരുത്തുക.
  • ഒച്ചിന് ഒളിച്ചിരിക്കാനുള്ള സ്ഥലങ്ങള്‍ നശിപ്പിക്കുക, ചപ്പുചവറുകള്‍, മരക്കഷണങ്ങള്‍ എന്നിവ കൂട്ടിയിടാതിരിക്കുക, കുറ്റിക്കാടുകള്‍ വെട്ടിത്തെളിക്കുക, ഓടകള്‍ വൃത്തിയാക്കുക, വീടും പരിസരവും കൃഷിയിടവും വൃത്തിയായി സൂക്ഷിക്കുക.
  • ഒച്ചുശല്യമുള്ള സ്ഥലങ്ങളില്‍ വാഹനം നിര്‍ത്തിയിടുമ്പോള്‍ ഇവ പറ്റിപ്പിടിക്കുന്നില്ലെന്ന് ഉറപ്പാക്കുക. മില്ലുകളില്‍നിന്ന് തടികളെടുക്കുമ്പോള്‍ ഒച്ചുകളുണ്ടെങ്കില്‍ അവയെ നശിപ്പിക്കുക. ഈര്‍പ്പമേറിയ ഇടങ്ങളില്‍ സൂര്യപ്രകാശം പതിക്കാന്‍ സാഹചര്യമൊരുക്കുക.
ആകര്‍ഷിച്ച് നശിപ്പിക്കാം

കീടനാശിനികളുപയോഗിച്ചുള്ള നിയന്ത്രണം ഉപദ്രവകാരികളല്ലാത്ത പല ജീവികളെയും കൊല്ലാന്‍ സാധ്യതയുള്ളതുകൊണ്ട് അതു പോംവഴിയല്ല. ഒച്ചിനെ കൊന്നു നശിപ്പിക്കുക തന്നെ വേണം. നനച്ച ചണച്ചാക്ക് വിരിച്ച് ഒച്ചിനെ ആകര്‍ഷിക്കാം (കാബേജ് ഇല, പപ്പായ ഇല, പഴത്തൊലി തുടങ്ങിയവ വിതറിയിട്ടാല്‍ ഇവയിലേക്ക് ഒച്ച് ആകര്‍ഷിച്ചെത്തും). ഇങ്ങനെ കൂട്ടംകൂടുന്ന ഒച്ചുകളെ ശേഖരിച്ച് നശിപ്പിക്കാം. ഇത്തരത്തില്‍ ആകര്‍ഷിച്ചെത്തുന്ന ഒച്ചുകളെ പുകയില കഷായം, തുരിശ് മിശ്രിതം തുടങ്ങിയവ തളിച്ച് കൊല്ലാനാണ് സംസ്ഥാന വന ഗവേഷണകേന്ദ്രത്തിന്റെ ശുപാര്‍ശ. ഇതിനായി 28 ഗ്രാം പുകയില ഒന്നര ലിറ്റര്‍ വെള്ളത്തില്‍ തിളപ്പിച്ച് ഒരു ലിറ്ററായി കുറുക്കുക. അരിച്ച് തണുപ്പിക്കുക. ഒരു ലിറ്റര്‍ വെള്ളത്തില്‍ 60 ഗ്രാം തുരിശ് ലയിപ്പിക്കുക. ഇവക്കുട്ടി കലര്‍ത്തിയ ശേഷം ഒച്ചുകളുടെ മേല്‍ തളിക്കുക.

പുകയിലക്കഷായത്തിനു പകരം അകാരി എന്ന കീടനാശിനി ഒരു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി തുരിശുലായനിയുമായി ചേര്‍ത്താലും മതി. ഒച്ചുകളെ ഉപ്പ് ഉപയോഗിച്ചും നശിപ്പിക്കാം. ഈര്‍പ്പമുള്ള സ്ഥലങ്ങളില്‍ ഇവ വന്നു കൂടുമെന്നതുകൊണ്ട് ഇവിടങ്ങളില്‍ പലക, ഓലമടല്‍, പാള കമഴ്ത്തിയിടുക. ഇതിനടിയില്‍ കൂട്ടംകൂടുന്ന ഒച്ചുകളെ പിടിച്ചു നശിപ്പിക്കാം. തുരിശു മാത്രമുള്ള ലായനി ഇവയ്ക്കെതിരേ ഫലപ്രദമാണ്. ഇതിനായി കോപ്പര്‍ സള്‍ഫേറ്റ് (തുരിശ്) ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ചുണ്ടാക്കിയ ലായനി വിളകളില്‍ തളിക്കണം. വാഴ പോലുള്ള വിളകള്‍ക്കു ചുറ്റും ഒരു ശതമാനം വീര്യമുള്ള തുരിശുലായനി തളിക്കാം. ഇവയുടെ വളര്‍ച്ചാഘട്ടത്തില്‍ കാത്സ്യത്തിനായി കോണ്‍ക്രീറ്റ് വസ്തുക്കളില്‍ പറ്റിപ്പിടിക്കാറുണ്ട്. അപ്പോള്‍ ആറു ശതമാനം തുരിശുലായനി തളിച്ചു നശിപ്പിക്കാം.

തീറ്റക്കെണികള്‍ സ്ഥാപിക്കാം

തീറ്റക്കെണികള്‍ സ്ഥാപിച്ച് ചെറിയ കുഴികളിലേക്ക് ഒരുമിച്ച് ഒച്ചിനെ എത്തിച്ചും നശിപ്പിക്കാം. ഇതിനായി 500 ഗ്രാം ഗോതമ്പുപൊടിയും 200 ഗ്രാം ശര്‍ക്കരയും അല്പം യീസ്റ്റുംകൂടി കുഴച്ച് ഒരു മണ്‍കലത്തിലാക്കിയ ശേഷം ചെറിയ കുഴിയെടുത്ത്, കലത്തിന്റെ വായ ഭാഗം നിലംനിരപ്പില്‍ വരത്തക്കവിധം കുഴിച്ചിടുക. ഇത് ഒച്ചുകളെ ആകര്‍ഷിക്കുവാന്‍ ഫലപ്രദമാണ്. ഇങ്ങനെ ശേഖരിച്ച ഒച്ചുകളെ നശിപ്പിക്കാം. കള്ള്-യീസ്റ്റ്-പഞ്ചസാരലായനിയും കെണിയായി ഉപയോഗിക്കാം.

തോട് ഉപയുക്തമാക്കാം മാംസവും

ധാരാളം കാത്സ്യമടങ്ങിയ ഇവയുടെ തോട് പൊടിച്ചു മണ്ണില്‍ ചേര്‍ക്കുന്നത് മണ്ണിന്റെ പുളിരസം കുറയ്ക്കാനും കാത്സ്യം കിട്ടാനും ഉപകരിക്കുന്നു. തെങ്ങിന്‍ തടത്തില്‍ ഇവയെ കൊന്നു കുഴിച്ചുമൂടുന്നത് നല്ല വളമാണ്. കൂടാതെ ഒച്ചുകളെ ചാണകവും മറ്റു ജൈവവസ്തുകളും ഉപയോഗിച്ച് കമ്പോസ്റ്റാക്കാനും സാധിക്കും. താറാവ്, കോഴി, പന്നി, മീന്‍ എന്നിവയ്ക്ക് തീറ്റയായി ഇവയെ നല്‍കാം. മലേഷ്യയിലും ശ്രീലങ്കയിലും താറാവിനും മീനിനും തീറ്റയായി ഈ ഒച്ചുകളെ ഉപയോഗിച്ചിരുന്നു.

Content Highlights: african snail control in kerala


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022

Most Commented