തൃശ്ശൂര്‍: തൃശ്ശൂര്‍ ജില്ലയിലെ പാറളം പഞ്ചായത്തില്‍ ആഫ്രിക്കന്‍ ഒച്ചിന്റെ ശല്യം വ്യാപകമാകുന്നു. പഞ്ചായത്തിലെ 1, 2, 15 വാര്‍ഡുകളിലാണ് ആഫ്രിക്കന്‍ ഒച്ചുകള്‍ പെരുകുന്നത്. മഴ പെയ്തുതുടങ്ങിയതോടെ ശല്യം ഇരട്ടിച്ചു. മുറ്റം മുതല്‍ ശുചിമുറി വരെ ഇവ കൂട്ടമായി എത്തി പറ്റിപ്പിടിച്ചിരിക്കും. 

To advertise here,

വീട്ടുവളപ്പിലെ വാഴ, പപ്പായ, മുരിങ്ങ, ചേമ്പ് തുടങ്ങിയ കൃഷിവിളകള്‍ കൂട്ടമായി ആക്രമിച്ച് നശിപ്പിക്കും. അതിരാവിലെ മുതല്‍ വെയില്‍ ചൂടാവുന്നത് വരെ ഇവയെ കാണാം. വെയില്‍ കനത്താല്‍ പിന്നെ പുറത്ത് കാണില്ല. വൈകിട്ട് ചൂട് മാറിയാല്‍ വീണ്ടും സജീവമാകും ഇക്കൂട്ടര്‍. 

വീട്ടിനകത്ത് വരെ ഇവയുടെ ശല്യമാണ്. നേരം വെളുത്താല്‍ ഇവയെ നശിപ്പിക്കുകയാണ് പ്രദേശവാസികളുടെ പ്രധാന പണി. വേനല്‍ക്കാലത്ത് ഇവയുടെ ശല്യമില്ലെന്ന് നാട്ടുകാര്‍ പറയുന്നു. 

മുന്‍പ് കാര്‍ഷിക സര്‍വകലാശാല ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് ഒച്ചുകളെ തുരത്താന്‍ മരുന്ന് നിശ്ചയിച്ച് നല്‍കിയിരുന്നു. കിലോഗ്രാമിന് 1000 രൂപ വില വരുന്നിന് പഞ്ചായത്ത്  ഫണ്ടും അനുവദിച്ചു. ലക്ഷങ്ങള്‍ പൊടിഞ്ഞിട്ടും ശല്യത്തില്‍ ഒരു കുറവുമുണ്ടായില്ല.