ഉഴവൂര്‍: ഗ്രാമപ്പഞ്ചായത്തിന്റെ വിവിധയിടങ്ങളില്‍ വീണ്ടും ആഫ്രിക്കന്‍ ഒച്ചിന്റെ സാന്നിധ്യം കണ്ടുതുടങ്ങി. കഴിഞ്ഞവര്‍ഷവും ഉഴവൂരില്‍ ആഫ്രിക്കന്‍ ഒച്ച് കൃഷിനാശം വരുത്തിയിരുന്നു. ഉഴവൂര്‍ ഈസ്റ്റിലാണ് ഇവയുടെ ശല്യം കൂടുതല്‍. കഴിഞ്ഞ വര്‍ഷം മൂന്ന് ശാസ്ത്രസംഘങ്ങള്‍ പഠനത്തിന് എത്തിയിരുന്നു. ഇവയെ നശിപ്പിക്കാനുള്ള മാര്‍ഗം അടങ്ങിയ വീഡിയോ ഇവര്‍ നല്‍കിയിരുന്നു. തൊഴിലുറപ്പ് തൊഴിലാളികള്‍ വഴി ബോധവത്കരണവും നടത്തി. ഈ വര്‍ഷവും നശീകരണത്തിന് ആളുകളെ തയ്യാറാക്കി തുടങ്ങിയെന്ന് പ്രസിഡന്റ് ജോണീസ് പി.സ്റ്റീഫന്‍ പറഞ്ഞു.

To advertise here,

വ്യാപനം കൂടുതല്‍

ഉഭയലിംഗ കീടമായ ഇവ ഒരുവര്‍ഷം 900 മുട്ടകള്‍ വരെയിടും. അതിനാല്‍ വ്യാപനസാധ്യത കൂടുതലാണ്. നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളില്‍കയറി ഇവ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്കെത്തും. 2018-ലെ പ്രളയത്തിനുശേഷം ഇവ പെരുകിയതായി പഠനങ്ങളില്‍ സൂചനയുണ്ട്. ആഫ്രിക്കന്‍ ഒച്ചുകളുള്ള സ്ഥലങ്ങളില്‍ നിന്നെത്തിച്ച സാധനങ്ങളോ, ചെടികളോ വഴിയാകാം വീണ്ടും ഇവ എത്തുന്നത്. കര ഒച്ച് ആയതിനാല്‍ വെള്ളം ആഫ്രിക്കന്‍ ഒച്ചുകള്‍ക്ക് ഇഷ്ടമല്ല. ഈര്‍പ്പമുള്ളയിടങ്ങളാണ് ഇഷ്ടം. അതുകൊണ്ടുതന്നെ ഇവയുടെ സ്രവം വെള്ളത്തില്‍ കലരുമെന്ന പേടി വേണ്ട. കേരളത്തിലെ 300-350 ഇനം വിളകള്‍ ഇവ നശിപ്പിക്കുന്നതായി കേരള കാര്‍ഷിക സര്‍വകലാശാലയുടെ പഠനങ്ങള്‍ വ്യക്തമാക്കുന്നു. വാഴ, പപ്പായ, ചേന, കോളിഫ്‌ളവര്‍, ചേമ്പ്, മഞ്ഞള്‍, ഇഞ്ചി തുടങ്ങിയവയെ ആക്രമിക്കും. എല്ലാത്തരം പച്ചക്കറികളെയും പിടികൂടും. അടുത്തകാലത്ത് വാഴക്കൃഷിയെ കൂടുതല്‍ ആക്രമിക്കുന്നുണ്ട്.

കല്ലുപ്പും തുരിശും

ആഫ്രിക്കന്‍ ഒച്ചുകളെ പ്രതിരോധിക്കാന്‍ കല്ലുപ്പും തുരിശും അനുയോജ്യമായ വസ്തുക്കളാണ്. രാസകീടനാശിനികള്‍ പ്രചാരത്തിലുണ്ടെങ്കിലും അത് പരിസ്ഥിതിക്കും വളര്‍ത്തുജീവികള്‍ക്കും ഭീഷണിയായതിനാല്‍ കല്ലുപ്പും തുരിശ് ലായനിയും ഉപയോഗിച്ച് നശിപ്പിക്കുന്നതാണ് നല്ലത്. വൈകീട്ട് നനഞ്ഞ ചണച്ചാക്ക് വിരിച്ച് അതില്‍ പപ്പായയുടെയോ കാബേജിന്റെയോ കോളിഫ്‌ളവറിന്റെയോ ഇലകള്‍ വിതറി ഒച്ചുകളെ ആകര്‍ഷിക്കണം.

ഈ ഇലകളുടെ ഗന്ധമേറ്റാല്‍ ഒച്ചുകള്‍ മരത്തില്‍നിന്ന് ഇറങ്ങിവരും. ഇവയെ കല്ലുപ്പ് വിതറിയോ തുരിശ് ലായനി (കോപ്പര്‍ സള്‍ഫേറ്റ്)യില്‍ ഇട്ടോ കൂട്ടത്തോടെ കൊല്ലാം. കൊന്നവയെ ആഴത്തില്‍ കുഴിച്ചുമൂടണം. പുകയില തിളപ്പിച്ച വെള്ളവും തുരിശുലായനിയും ചേര്‍ത്ത മിശ്രിതവും പ്രയോഗിക്കാം.

വ്യാപകമാകുന്നു

ഉഴവൂരില്‍ കുറച്ചുഭാഗത്തു മാത്രം കണ്ടിരുന്ന ഒച്ച് ഇപ്പോള്‍ വ്യാപകമായിത്തന്നെയുണ്ട്. ഉഴവൂര്‍-ഇടക്കോലി റോഡില്‍ മഴപെയ്തുകഴിഞ്ഞ് ഇവയുടെ എണ്ണം കൂടുതലാണ്. വ്യാപകമായ കൃഷിനാശം, ആരോഗ്യപ്രശ്‌നം എന്നിവയ്ക്കിടയാക്കിയേക്കാം.