
കുട്ടനാട്(ആലപ്പുഴ): ജില്ലയിലെ പല ഭാഗങ്ങളിലും കാണപ്പെടുന്ന ആഫ്രിക്കൻ ഒച്ചിന്റെ (ജയന്റ് ആഫ്രിക്കൻ സ്നേൽ) സാന്നിധ്യം ജനങ്ങൾക്ക് തലവേദനയാകുന്നു. ഇവയുടെ സ്രവങ്ങളിൽ കാണപ്പെടുന്ന പരാദവിര മനുഷ്യരുടെ ഉള്ളിൽച്ചെന്നാൽ മസ്തിഷ്കജ്വരത്തിനു കാരണമാകും. കാർഷികവിളകളും ഇവ വ്യാപകമായി തിന്നു നശിപ്പിക്കും. അതിനാൽ ഇവയ്ക്കെതിരേ ജാഗ്രത പാലിക്കണമെന്ന് കീടനീരിക്ഷണകേന്ദ്രം പ്രോജക്ട് ഡയറക്ടർ സ്മിതാ ബാലൻ അറിയിച്ചു. ജില്ലയിലെ എല്ലായിടത്തും ഇവയുടെ സാന്നിധ്യം റിപ്പോർട്ടുചെയ്തിട്ടുണ്ട്, എടത്വാ, പുറക്കാട്, കൊടുപ്പുന്ന, കരുവാറ്റ, കാവാലം, നീലംപേരൂർ എന്നിവിടങ്ങളിലാണ് കൂടുതലായി കാണപ്പെടുന്നത്.
കൃഷി നശിപ്പിക്കും
വാഴ, കിഴങ്ങുവർഗങ്ങൾ, ഇഞ്ചി, മഞ്ഞൾ, പപ്പായ, നാരകം, ഇലവർഗ പച്ചക്കറികൾ മുതലായ വ്യത്യസ്ത കാർഷികവിളകളെ ആക്രമിച്ച് വിളനാശമുണ്ടാക്കുന്നവയാണ് ആഫ്രിക്കൻ ഒച്ചുകൾ. വാഴയിലയ്ക്കാണ് ഏറ്റവുമധികം നാശമുണ്ടാക്കുന്നത്.
പ്രത്യുത്പാദനശേഷി വളരെ കൂടുതൽ
ഇവയുടെ പ്രത്യുത്പാദനശേഷിയും വളരെ കൂടുതലാണ്. ആൺ-പെൺ ജാതികൾ ഒരേജീവിയിൽത്തന്നെയാണ്. ഒരു ഒച്ച് ശരാശരി 900 മുട്ടകളെങ്കിലുമിടും. ഇവയിൽ 90 ശതമാനവും വിരിഞ്ഞിറങ്ങുകയും ചെയ്യും. അനുകൂല സാഹചര്യങ്ങളിൽ ഏഴുമുതൽ പത്തുവർഷം ജീവിക്കുന്ന ഇവയുടെ വംശവർധന ഭീമമായ തോതിൽ നടക്കുകയും ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രദേശമാകെ പെരുകുകയും ചെയ്യും.
നിയന്ത്രിക്കാൻ കൂട്ടായ പ്രയത്നം ആവശ്യം
എലി നിയന്ത്രണത്തിലെന്ന പോലെ സാമൂഹികാടിസ്ഥാനത്തിലുള്ള നിയന്ത്രണ മാർഗങ്ങൾ അവലംബിച്ചാൽ മാത്രമേ ഇവയെ ഇല്ലാതാക്കാൻ കഴിയൂ. ഇവയുടെ സ്രവങ്ങളിൽ കാണുന്ന നാടവിരകൾ മനുഷ്യരിൽ മസ്തിഷ്കജ്വരം ഉണ്ടാക്കാൻ സാധ്യതയുണ്ട്. ഇതൊരു സാമൂഹികാരോഗ്യ പ്രശ്നമായിക്കൂടി പരിഗണിച്ച് തദ്ദേശഭരണ സ്ഥാപനങ്ങൾ, കൃഷി, ആരോഗ്യ വകുപ്പുകൾ, സന്നദ്ധ സംഘടനകൾ, കാർഷിക കൂട്ടായ്മകൾ എന്നിവയുടെയെല്ലാം നേതൃത്വത്തിൽ ബോധവത്കരണവും നിയന്ത്രണ പ്രവർത്തനങ്ങളും ഏറ്റെടുത്തു നടത്തണം. കീടനീരീക്ഷണ കേന്ദ്രം പ്രോജക്ട് ഡയറക്ടർ സ്മിതാബാലൻ പറഞ്ഞു.
നിയന്ത്രണ മാർഗങ്ങൾ
- ജൈവ അവശിഷ്ടങ്ങൾ കൂട്ടിയിടാതിരിക്കുക, കാടുകയറിക്കിടക്കുന്ന പറമ്പുകൾ വൃത്തിയാക്കുക.
- രാത്രികാലങ്ങളിലാണ് ഇവ കൂട്ടമായി പുറത്തേക്കുവരുന്നത്. പപ്പായയുടെ ഇല, തണ്ട്, മുരിങ്ങയില, കാബേജ് ഇലകൾ മുതലായവ ഒരു നനഞ്ഞ ചണച്ചാക്കിലാക്കി ഒരു ദിവസംവെച്ചശേഷം പുറത്തുവെക്കുക. ഇവയിലേക്ക് ആകർഷിക്കപ്പെടുന്ന ഒച്ചുകളെ ഒരു കുഴിയിലിട്ട് ഉപ്പ് വിതറിയോ തുരിശുലായനി തളിച്ചോ നശിപ്പിക്കാം. പിന്നീട് തെങ്ങിൻചുവട്ടിൽ കുഴിച്ചിട്ടാൽ വളമായും മാറും.
- ഗ്ലൗസ് ഇടാതെ ഒച്ചിനെ കൈകാര്യം ചെയ്യരുത്. തുടർന്ന് കൈകൾ സോപ്പിട്ട് കഴുകണം.
- മണ്ണിൽ ഒരടി താഴ്ചയിൽ കുഴിയെടുത്ത്, അതിൽ ഒരുദിവസം പുളിപ്പിച്ച പൈനാപ്പിൾ, പഴം, പപ്പായ എന്നിവ ശർക്കരയും ഈസ്റ്റും ചേർത്ത് ഇട്ടുകൊടുക്കുക. ഇതിലേക്ക് ആകർഷിച്ചെത്തുന്ന ഒച്ചുകളെ ഉപ്പ് വിതറി നശിപ്പിച്ചതിനുശേഷം കുഴി മൂടുക.
- 60 ഗ്രാം തുരിൾ ഒരു ലിറ്റർ വെ ള്ളത്തിൽ എന്ന തോതിൽ കലർത്തി തളിച്ചാൽ മതിലുകളിലും തടികളിലും മറ്റുമുള്ള ഒച്ചുകളെ നശിപ്പിക്കാം. പറമ്പുകളിലാണെങ്കിൽ
- 10 ഗ്രാം തുരിശ് ഒരു ലിറ്റർ വെള്ള ത്തിൽ എന്ന തോതിൽ കലർത്തി തളിക്കുക.
- മഴ മാറി വേനൽ തുടങ്ങുമ്പോൾ ഒച്ചുകൾ മണ്ണിനടിയിൽ സുഷുപ്താവസ്ഥയിലേക്കു പോകുകയും പിന്നീട് വീണ്ടും മഴ ആരംഭിക്കുമ്പോൾ കൂട്ടമായി പ്രത്യക്ഷപ്പെടുകയുമാണ് ചെയ്യുന്നത്. അതിനാൽ മഴക്കാലം കഴിയുമ്പോൾത്തന്നെ മണ്ണിളക്കിക്കൊടുത്താൽ ഒച്ചുകൾ മണ്ണിനടിയിലിട്ട മുട്ടകൾ നശിച്ചുപോവുകയും അടുത്ത മഴക്കാലത്ത് ഇവയുടെ വംശവർധന നിയന്ത്രിക്കാൻ കഴിയുകയും ചെയ്യും.
Content Highlights: Giant African snails are destroying crops and spreading disease. Learn effective control methods
Published: 24 Jun 2025, 07:16 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented