
ചൂടുകൂടുമ്പോൾ വിയർത്ത് ശരീരമൊന്ന് തണുപ്പിക്കുന്നതിന് വേണ്ട വിയർപ്പുഗ്രന്ഥികൾ മനുഷ്യരിൽ ഉള്ളതു പോലെ നായ്ക്കളുടെ ശരീരത്തിലില്ല. ഉയർന്ന ചൂടിൽ ശരീരതാപനില ക്രമീകരിക്കാൻ കഴിയാതെ വന്നാൽ സൂര്യാതപം, സൂര്യാഘാതം എന്നിവയ്ക്ക് നായ്ക്കളിലും സാധ്യതയേറെയുണ്ട്. ഉയർന്ന ശരീരതാപനില, ഉന്മേഷക്കുറവ്, തളർച്ച, നടക്കാനും ഓടാനും മടി, നാവ് പുറത്തേക്കിട്ട് അമിതമായ അണപ്പ്, കിതയ്ക്കൽ, ഉയർന്ന നിരക്കിലുള്ള ഹൃദയമിടിപ്പ്, വായിൽ നിന്ന് കട്ടികൂടിയ ഉമിനീർ ധാരാളമായി ഒലിക്കൽ, കൈകാലുകളിലേയും തലയിലെയും പേശികളിൽ വിറയൽ, വിളറിയ കണ്ണുകൾ, ചുവന്ന മോണയും നാക്കും, വേച്ച് വേച്ചുള്ള നടത്തം, അലക്ഷ്യമായ ചലനങ്ങൾ, ഛർദ്ദി, വയറിളക്കം, തളർന്ന് വീഴൽ എന്നിവ നായ്ക്കളിലെ ഉഷ്ണസമ്മർദത്തിന്റെ ലക്ഷണങ്ങളാണ്. ശരീരഭാരം ഏറിയവയിലും ഹൃദയ-ശ്വാസകോശ സംബന്ധമായ രോഗങ്ങൾ ബാധിച്ചവയിലും ശ്വസനനാളിയ്ക്ക് തകരാറുള്ളവയിലും പ്രായം ചെന്ന നായ്ക്കളിലും പൊതുവെ ഉഷ്ണാഘാതത്തിന് സാധ്യത ഏറെയാണ്.
പഗ്ഗുകൾ, ലാസ ആപ്സോ, ബുൾ മാസ്റ്റിഫ്, ബുൾഡോഗ്, ഇംഗ്ലീഷ് ടോയ് സ്പാനിയൽ, ചൗ ചൗ തുടങ്ങിയ ശരീരത്തെ അപേക്ഷിച്ച് തീരെ ചെറിയ തലയും പതിഞ്ഞ മൂക്കുമുള്ള ബ്രാക്കിസെഫാലിക് വിഭാഗത്തിൽപ്പെട്ട നായ്ക്കൾക്ക് വേനൽ കരുതൽ ഏറെ വേണം. ശരീരത്തെ അപേക്ഷിച്ച് ചെറിയ തലയും മൂക്കും വായയുമായതിനാൽ മതിയായ വായുവും ഈർപ്പവും ശരീരത്തിൽ നിന്ന് പുറന്തള്ളി അണപ്പിലൂടെ താപനില ക്രമീകരിക്കാൻ ഈ ഇത്തിരി കുഞ്ഞന്മാർക്ക് കഴിയില്ല. വിറയലും ഛർദ്ദിയും വരണ്ട മോണയും വിളറിയ കണ്ണുകളുമെല്ലാം ഈയിനങ്ങളിലെ താപസമ്മർദത്തിന്റെ ലക്ഷണങ്ങളാണ്. കട്ടിയായ രോമാവരണമുള്ള പൊമറേനിയൻ, ജർമ്മൻ ഷെപ്പേർഡ് തുടങ്ങിയ ഇനങ്ങളിലും ഉഷ്ണാഘാതസാധ്യത കൂടും. പകൽ ഓടിച്ചാടി വ്യായാമം ഇഷ്ടപ്പെടുന്ന ലാബ്രഡോർ റിട്രീവർ, ജർമ്മൻ ഷെപ്പേർഡ് തുടങ്ങിയ ഊർജസ്വലരായ നായ ഇനങ്ങളെ പകൽച്ചൂടിൽ ഇറക്കിവിട്ടാൽ താപാഘാതത്തിന് സാധ്യതയുണ്ട്.
വേണം എപ്പോഴും കുടിവെള്ളം
നായ്ക്കൾക്ക് മുഴുവൻ സമയവും തണുത്ത കുടിവെള്ളം ഉറപ്പാക്കണം. ചെറിയ ഇനം നായ്ക്കൾക്ക് 2-3 ലിറ്റർ വരെ കുടിവെള്ളവും ഇടത്തരം ഇനം നായ്ക്കൾക്ക് 4-5 ലിറ്റർ വരെ കുടിവെള്ളവും വലിയ ജനുസ്സ് നായ്ക്കൾക്ക് 6-10 ലിറ്റർ വരെ കുടിവെള്ളവും ദിവസവും ആവശ്യമാണ്. വേനൽച്ചൂട് ഏറുംതോറും നായ്ക്കൾ തീറ്റയെടുക്കുന്നത് കുറയും. ചൂട് കൂടിയ സമയങ്ങളിൽ തീറ്റ നൽകുന്നത് ഒഴിവാക്കണം. ആകെ ഒരു ദിവസം നൽകുന്ന തീറ്റ രാവിലെയും വൈകീട്ടും മൂന്നോ നാലോ തവണകളായി നൽകണം. ദഹനശേഷി കൂട്ടാനും വിശപ്പുണ്ടാവാനും ആഹാരത്തിൽ യീസ്റ്റ്, അല്ലെങ്കിൽ മറ്റ് പ്രോബയോട്ടിക്കുകൾ ഉൾപ്പെടുത്തണം. ഇതിനായി തീറ്റയിൽ തൈര് ചേർത്താൽ മതി. വിറ്റാമിൻ സി, ഇ എന്നിവ അടങ്ങിയ ടാബ്ലെറ്റുകളും, ലിവർ ടോണിക്കുകളും പതിവായി നൽകി ശരീരസമ്മർദം ഒട്ടൊക്കെ കുറയ്ക്കാം. പപ്പായ, തണ്ണിമത്തൻ, വെള്ളരി തുടങ്ങിയ ഫലവർഗങ്ങൾ നായ്ക്കളുടെ പകൽ ആഹാരത്തിൽ ഉൾപ്പെടുത്താവുന്നതാണ്.
കൂട്ടിൽ ശ്രദ്ധിക്കാൻ
കൂടിന്റെ മേൽക്കൂരയ്ക്ക് മുകളിൽ ഓട്, വൈക്കോൽ എന്നിവ പാകുന്നതും ചണച്ചാക്കോ, പനയോലയോ തെങ്ങോലമടഞ്ഞോ വിരിക്കുന്നതും നനയ്ക്കുന്നതും കൂടിനുള്ളിലെ ചൂട് കുറയ്ക്കും. താപാഘാതം തടയുന്നതിനായി പകൽ, നനച്ച തുണികൊണ്ട് നായ്ക്കളുടെ ശരീരം തുടച്ചു നൽകാം. നായ്ക്കളുടെ കൂട്ടിൽ ഒരു ഫാൻ ഒരുക്കി നൽകാവുന്നതാണ് വേനലിൽ ആഴ്ചയിൽ ഒന്നോ രണ്ടോ തവണ കുളിപ്പിക്കണം. ദിവസവും ഇടക്കിടെ നായ്ക്കളെ നനച്ചുനൽകുന്ന രീതി ശാസ്ത്രീയമല്ല. ഇത് ത്വക്രോഗങ്ങൾ പിടിപെടാനുള്ള സാധ്യത കൂട്ടും. എന്നാൽ, ദിവസവും ബ്രഷ് ചെയ്യുവാൻ മറക്കരുത്. ബാഹ്യപരാദങ്ങൾ വേനലിൽ പെരുകുന്നതിനാൽ ബാഹ്യപരാദനാശിനികൾ അടങ്ങിയ സോപ്പോ, ഷാംപുവോ തേച്ച് കുളിപ്പിക്കുന്നതാണ് ഉത്തമം. നല്ല ശരീരരോമമുള്ള ഇനങ്ങൾക്ക് മേനി മിനുങ്ങുന്നതിനായി സ്കിൻ ടോണിക്കുകൾ നൽകണം.
വാഹനങ്ങളിലടച്ച് പോവരുതേ
ഉയർന്ന ഊഷ്മാവുള്ള ഏത് അന്തരീക്ഷവും നായ്കളിൽ ഉഷ്ണസമ്മർദമുണ്ടാക്കും. നമ്മുടെ അശ്രദ്ധയും അതിനൊരു കാരണമാണ്. നല്ല ചൂടുള്ള പകലിൽ നായ്ക്കളെ കാറിനുള്ളിലോ മുറിയ്ക്കുള്ളിലോ അടച്ച് പുറത്ത് പോയാൽ എന്ത് സംഭവിയ്ക്കും? കാർ അടക്കമുള്ള വാഹനങ്ങൾ തണലിലാണ് നിർത്തിയിട്ടിരിക്കുന്നതെങ്കിൽ പോലും അഞ്ചു മിനിറ്റ് കൊണ്ടു തന്നെ പുറത്തെ താപനിലയേക്കാൾ 10 % വരെ വാഹനങ്ങൾക്കുള്ളിലെ താപനില ഉയരാൻ ഇടയുണ്ട്. ഈ താപം താങ്ങാനാവാതെ നിർജലീകരണവും സൂര്യാഘാതവുമേറ്റ് അരുമകൾ അപകടത്തിലാവുന്ന അവസ്ഥ അല്പം ശ്രദ്ധിച്ചാൽ ഒഴിവാക്കാം. വെള്ള കാറുകളെ അപേക്ഷിച്ച് കറുത്ത നിറമുള്ള കാറുകളാണെങ്കിൽ താപാഘാതത്തിന് സാധ്യത കൂടും. നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളിൽ പകൽവേളകളിൽ അൽപ്പ സമയത്തേക്കാണെങ്കിൽ പോലും അരുമകളെ ഉള്ളിലടച്ച് പുറത്ത് പോവരുത്.
നായ്ക്കൾക്ക് പകൽ 9 നും 3 നുമിടയ്ക്ക് പരിശീലനവും വ്യായാമവും നൽകൽ, മതിയായ തണലോ കുടിവെള്ളമോ ഒരുക്കിവെക്കാതെ പുറത്ത് വിടൽ എന്നിവയെല്ലാം ഉഷ്ണാഘാതത്തിനുള്ള സാധ്യത കൂട്ടും. അരുമകളുമായുള്ള വാഹനയാത്രകളും പരിശീലനവും വ്യായാമവും നടത്തവുമെല്ലാം ചൂട് കുറവുള്ള രാവിലെയും വൈകുന്നേരവുമായി ക്രമീകരിക്കണം. വീട്ടിൽ പല സ്ഥലങ്ങളിലായി വെള്ളപ്പാത്രങ്ങൾ നിറച്ച് ഒരുക്കിവെക്കണം. പുറത്ത് പാർപ്പിക്കുന്ന നായ്ക്കളെ ചൂട് കൂടിയ നേരങ്ങളിൽ അകത്തോ പുറത്ത് തണൽ ഒരുക്കിയോ പാർപ്പിക്കണം.
രക്തമൂറ്റും, രോഗം പടർത്തും ബാഹ്യപരാദങ്ങളെ തടയാം
പട്ടുണ്ണി, ചെള്ള്, പേൻ, മണ്ഡരി തുടങ്ങിയ ബാഹ്യ പരാദങ്ങളുടെ ശല്യം വേനലിൽ കൂടുതലായതിനാണ്. പലപ്പോഴും ഒന്നും രണ്ടുമായി തുടങ്ങി ഇവ പെറ്റുപെരുകി നിയന്ത്രണാതീതമാവാറുണ്ട്. വിളർച്ച, ക്ഷീണം, ചൊറിച്ചിൽ, രോമം കൊഴിയൽ തുടങ്ങിയ നായ്ക്കളിലെ ലക്ഷണങ്ങൾ ബാഹ്യ പരാദബാധയുടെതാവാം. ഇവയെ നിയന്ത്രിക്കുന്നതിനായ് ടിക്ക്/ഫ്ളീ കോളറുകളോ, സ്പോട്ട് ഓൺ, പോറോൺ മരുന്നുകളോ കുത്തിവെയ്പുകളോ നൽകാം. ബാഹ്യപരാദനാശിനികൾ അടങ്ങിയ ഷാംപു ഉപയോഗിച്ച് നായ്ക്കളെ കുളിപ്പിക്കുകയോ ചെയ്യാം. മാസങ്ങളോളം ബാഹ്യപരാദങ്ങളെ നായ്ക്കളിൽ നിന്ന് അകറ്റി നിർത്തുന്ന ചില ഗുളിക രൂപത്തിലുള്ള പുതിയ മരുന്നുകളും ലഭ്യമാണ്, വില അൽപ്പം കൂടുതലാണെന്ന് മാത്രം. കുഞ്ഞുങ്ങളിലെ പരാദ നിയന്ത്രണത്തിന് പൗഡറുകൾ മേനിയിൽ തളിയ്ക്കാൻ ലഭ്യമാണ്. അമിതമായി വളർന്ന രോമകൂപങ്ങൾ വെട്ടിയൊതുക്കി എന്നും ഒരു ബ്രഷ് കൊണ്ട് മേനി ചീവാൻ മറക്കരുത്. രോമവളർച്ച കൂടുതലുള്ള ജർമൻ ഷെപ്പേർഡ് പോലുള്ള ഇനങ്ങളുടെ അധികമായി വളർന്ന രോമങ്ങളും ജഡകളും വെട്ടിയൊരുക്കി ഒരു ബ്രഷ് കൊണ്ട് ഗ്രൂമിങ്ങ് ചെയ്യുന്നത് ശരീരത്തിന്‍റെ രക്തയോട്ടം കൂട്ടാനും താപസമ്മർദ്ദത്തെ കുറയ്ക്കാനും സഹായിക്കും. നായ്ക്കളുടെ രക്തം കുടിച്ച് വളരുന്ന ചെള്ള്/പട്ടുണ്ണി കീടങ്ങൾ വഴി പടരുന്ന ബബീസിയോസിസ്, ഹീമോബാർട്ടനെല്ലോസിസ്, എർലീച്ചിയോസിസ് തുടങ്ങിയ രക്താണുരോഗങ്ങൾക്ക് വേനലിൽ സാധ്യത കൂടുതലാണ് വിളർച്ച, പനി, ദിവസങ്ങളോളം നീളുന്ന തീറ്റമടുപ്പ്, ക്ഷീണം, മെലിച്ചിൽ തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ വേഗത്തിൽ ചികിത്സ തേടണം.
വേനൽക്കാലത്തെ പകർച്ചവ്യാധികൾ
നായ്ക്കളിൽ വേനൽക്കാലത്ത് കൂടുതലായി, പ്രത്യേകിച്ച് വേനൽ മഴ കഴിഞ്ഞ് കണ്ടുവരുന്ന പകർച്ചവ്യാധികളിൽ ഒന്നാണ് പാർവോ രോഗം. ആറ് ആഴ്ച മുതൽ ആറ് മാസം വരെ പ്രായമുള്ള നായക്കുഞ്ഞുങ്ങളാണ് പാർവോ വൈറസിന്റെ പ്രധാന ഇരകൾ. എന്നിരുന്നാലും പ്രതിരോധശേഷി കുറഞ്ഞ ഏത് പ്രായത്തിലുള്ള നായ്ക്കളിലും രോഗമുണ്ടാക്കാനുള്ള ശേഷി ഈ വൈറസിനുണ്ട്. വിശപ്പില്ലായ്മ, പനി, ഛർദ്ദി, ക്ഷീണം, ശരീരതളർച്ചയും വയറിലെ വേദനയും കാരണം സദാസമയം തണുപ്പുള്ള തറയിൽ കിടയ്ക്കൽ, തുടർച്ചയായി ദുർഗന്ധമുള്ള ഛർദ്ദി, രക്തം കലർന്ന മലത്തോട് തുടർച്ചയായ വയറിളക്കം, ദഹിച്ച രക്തം കലർന്ന് കറുത്ത നിറത്തിൽ ദുർഗന്ധത്തോട് കൂടിയ മലം എന്നിവയെല്ലാമാണ് ലക്ഷണങ്ങൾ. രോഗലക്ഷണങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ഉടൻ ഡോക്ടറുടെ സേവനം തേടണം. പാർവോ ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾക്കെതിരെ പ്രതിരോധ കുത്തിവയ്പ് എടുത്തില്ലങ്കിൽ ഉടനെ നായ്ക്കൾക്ക് വാക്സിനേഷൻ ഉറപ്പാക്കണം. എട്ടാഴ്ച പ്രായമെത്തിയ നായ്ക്കുഞ്ഞുങ്ങൾക്ക് ആദ്യ വാക്സിൻ നൽകാം.
ചൂടുതാങ്ങാനാവാതെ തളർന്നാൽ
ഉഷ്ണസമ്മർദത്തിന്‍റെ ലക്ഷണങ്ങൾ ഏതെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ നായ്ക്കളെ തണലിടങ്ങളിലേക്ക് മാറ്റി തണുത്ത വെള്ളത്തിൽ മുക്കിയ ടവ്വൽ മേനിയിൽ പുതപ്പിക്കണം. കാറ്റും നൽകണം. ചെറിയ ഇനത്തിൽ പെട്ട നായ്ക്കളെ തണുത്ത വെള്ളം നിറച്ച ഒരു ചെറിയ ടാങ്കിലോ പാത്രത്തിലോ തല മുങ്ങാതെ അൽപ്പസമയം മുക്കണം. ഫാനിനടിയിൽ നല്ല കാറ്റു കിട്ടുന്നിടത്ത് കിടത്തി മേനിയിൽ വെള്ളം സ്പ്രേ ചെയ്ത് നനയ്ക്കുകയും ചെയ്യാം. തലയുടെ പിൻഭാഗത്തും കഴുത്തിലും തണുത്തവെള്ളം കൊണ്ട് നന്നായി നനയ്ക്കണം. താപാഘാതമേറ്റ നായ്ക്കക്കൾക്ക് തണുത്ത വെള്ളം ധാരാളം കുടിയ്ക്കാൻ നൽകണം. എന്നാൽ വെള്ളം നിർബന്ധിച്ച് കുടിപ്പിക്കരുത്. ശരീരതാപനില സാധാരണ നിലയിൽ (103 ഡിഗ്രി ഫാരൻ ഹിറ്റ് /39.5 ഡിഗ്രി സെൽഷ്യസ്) ആവുന്നതുവരെ ഈ ക്രമീകരണങ്ങൾ ചെയ്യണം. മലദ്വാരത്തിൽ ഒരു തെർമോ മീറ്ററിന്റെ അറ്റം അമർത്തി പടിച്ച് ശരീരതാപനില പരിശോധിക്കാം. താപാഘാത ലക്ഷണങ്ങൾ കൂടുതൽ ഗുരുതരമാണെങ്കിൽ ഉടൻ വൈദ്യസഹായം തേടണം. തലക്കുള്ളിലെ നീർക്കെട്ട്, വൃക്കയുടെ പ്രവർത്തനം തകരാറിലാവൽ, കുടലിലെ രക്തസ്രാവം, രക്തം കട്ടപിടിയ്ക്കുന്നതിലെ തടസ്സം തുടങ്ങിയ സങ്കീർണ്ണതകൾക്ക് താപാഘാതം കാരണമായേക്കാം.
Content Highlights: Protect your dogs from heatstroke this summer. Learn expert tips on hydration, grooming, and safe exercise routines to keep your pets cool and healthy.
Published: 01 Apr 2026, 11:01 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented