
കേരളത്തിലെ കർഷകരുടെ അഭിമാന അജജനുസ്സായ മലബാറി അഥവാ തലശ്ശേരി ആടുകൾ കേവലം ഒരു പ്രാദേശിക മൃഗസമ്പത്ത് മാത്രമല്ലെന്ന് പുതിയ ശാസ്ത്രീയ പഠനങ്ങൾ വ്യക്തമാക്കുന്നു. നൂറ്റാണ്ടുകൾക്ക് മുൻപ് അറബിക്കടലിലൂടെ നടന്നിരുന്ന ആഗോള സമുദ്രവ്യാപാരത്തിന്റെയും സാംസ്കാരിക വിനിമയത്തിന്റെയും ജീവിക്കുന്ന തെളിവുകളാണ് ഈ ആടിനമെന്ന് ശാസ്ത്രലോകം സാക്ഷ്യപ്പെടുത്തുന്നു. കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ നടത്തിയ ഈ നിർണായക ജീനോം പഠനഫലം പ്രശസ്ത അന്താരാഷ്ട്ര ശാസ്ത്ര പ്രസാധകരായ സ്പ്രിംഗർ നേച്ചറിന്റെ 'മാമേലിയൻ ജീനോം' എന്ന മാസികയിലാണ് പ്രസിദ്ധീകരിച്ചത്.
വടക്കൻ കേരളത്തിലെ വിവിധ ഭാഗങ്ങളിൽനിന്നുള്ള മലബാറി ആടുകളുടെ രക്തസാമ്പിളുകൾ ശേഖരിച്ച്, അവയുടെ മാതൃപരമ്പരയിലൂടെയുള്ള ജനിതക ഘടന വിശദമായി പരിശോധിച്ചാണ് ശാസ്ത്രജ്ഞർ ഈ നിഗമനത്തിൽ എത്തിച്ചേർന്നത്.
മലബാറിക്ക് സാമ്യം അറേബ്യൻ ആടുകളുമായി
ഇന്ത്യയിലെ ഭൂരിഭാഗം തദ്ദേശീയ ആടുകളിൽനിന്നു ജനിതകമായി വേറിട്ടുനിൽക്കുന്ന സവിശേഷ പാരമ്പര്യമാണ് മലബാറി (തലശ്ശേരി) ആടുകൾക്കുള്ളത്. ഇന്ത്യയിലുടനീളമുള്ള സാധാരണ ആടുകൾ വിശാലമായ മൈറ്റോകോൺഡ്രിയൽ 'ഹാപ്ലോഗ്രൂപ്പ് A' (Haplogroup A) എന്ന ജനിതക വിഭാഗത്തിലാണ് ഉൾപ്പെടുന്നതെങ്കിൽ, കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ നടത്തിയ സമ്പൂർണ്ണ മൈറ്റോകോൺഡ്രിയൽ ജീനോം വിശകലനത്തിൽ മലബാറി ആടുകൾ അപൂർവ്വമായ 'B1 ഹാപ്ലോഗ്രൂപ്പിൽ' പെട്ടവയാണെന്ന് കണ്ടെത്തി.
ഈ പ്രത്യേക ജനിതക ഘടന ഇറാഖിലെ 'മെരീസ്' (Meriz) ആടുകളുമായി 99.7% വരെ വിസ്മയിപ്പിക്കുന്ന സാമ്യം കാണിക്കുന്നുണ്ട്. കൂടാതെ, ഒമാൻ ഉൾപ്പെടെയുള്ള അറേബ്യൻ നാടുകളിലെ ആടുകളുമായി ശക്തമായ മാതൃജനിതക ബന്ധവും (Maternal Lineage) ഇവ പുലർത്തുന്നു. സമുദ്രവ്യാപാര പാതയിലുണ്ടായിരുന്ന ഗുജറാത്തിലെ ചില ആടിനങ്ങളുമായും വിയറ്റ്നാം, മലേഷ്യ തുടങ്ങിയ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലെ ആടുകളുമായും ഇവയ്ക്ക് വംശപരമായ ബന്ധമുണ്ട്.
മൈറ്റോകോൺഡ്രിയൽ ഡി.എൻ.എ. മാതൃവഴിയിലൂടെമാത്രം അടുത്ത തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന ഒന്നായതിനാൽ മലബാറി ആടുകളുടെ മാതൃപരമ്പര രൂപപ്പെട്ടത് കരമാർഗ്ഗമുള്ള കുടിയേറ്റത്തിലൂടെയല്ല; മറിച്ച് അറേബ്യൻ കടലിലൂടെ കപ്പലുകളിൽ എത്തിയ അറേബ്യൻ പെണ്ണാടുകളിൽനിന്നാണെന്ന് ഈ പഠനം വ്യക്തമാക്കുന്നു.
കോഴിക്കോട്, കണ്ണൂർ, പൊന്നാനി, കൊടുങ്ങല്ലൂർ തുടങ്ങിയ പുരാതന മലബാർ തുറമുഖങ്ങൾ കേന്ദ്രീകരിച്ച് നടന്നിരുന്ന ചരിത്രപ്രസിദ്ധമായ സുഗന്ധവ്യഞ്ജന വ്യാപാരത്തിന്റെ ജീവനുള്ള തെളിവാണ് ഈ ജനിതക കണ്ടെത്തൽ. മാസങ്ങൾ നീണ്ട കടൽയാത്രകളിൽ പാലിനും ഇറച്ചിക്കുമായി അറബ് വ്യാപാരികൾ പെണ്ണാടുകളെ കൂടെ കരുതിയിരുന്നു. മലബാർ തീരങ്ങളിൽ കപ്പലുകൾ അടുത്തപ്പോൾ കൈമാറ്റം ചെയ്യപ്പെടുകയോ ഇറക്കപ്പെടുകയോ ചെയ്ത അറേബ്യൻ പെണ്ണാടുകൾ, തദ്ദേശീയമായി ഇവിടെയുണ്ടായിരുന്ന ആടുകളുമായി തലമുറകളോളം വംശസങ്കരത്തിലേർപ്പെട്ടിരിക്കാം.
അങ്ങനെ മലബാർ തീരങ്ങളിൽ ഇറക്കപ്പെട്ട അറേബ്യൻ പെണ്ണാടുകളിൽനിന്നാണ് ഇന്നത്തെ മലബാറി ആടുകളുടെ മാതൃപരമ്പര രൂപപ്പെട്ടതെന്ന ചരിത്രപരമായ നിഗമനത്തിന് ഈ പഠനം ശക്തമായ തെളിവ് നൽകുന്നു. അക്കാലത്തെ സമുദ്രവ്യാപാര ബന്ധങ്ങളുടെ ജീവനുള്ള തെളിവായി മലബാറി ആടുകൾ മാറുന്നെങ്കിലും കൃത്യമായി ഏത് കാലഘട്ടത്തിലാണ് ഈ വംശസങ്കരം സംഭവിച്ചതെന്നു വ്യക്തമാകാൻ കൂടുതൽ ആഴത്തിലുള്ള ചരിത്ര പഠനങ്ങൾ കൂടി ആവശ്യമാണ്.
മികവേറും മലബാറിയാടുകൾ
നൂറ്റാണ്ടുകൾകൊണ്ട് കേരളത്തിലെ ഉയർന്ന ഈർപ്പവും മഴയുമുള്ള അന്തരീക്ഷത്തോട് പൂർണ്ണമായി പൊരുത്തപ്പെട്ട മലബാറി ആടുകൾ, പാലിനും ഇറച്ചിക്കുമായി ഒരുപോലെ വളർത്താവുന്നതും (Dual-purpose) ഉയർന്ന പ്രജനന ശേഷിയുള്ളതുമായ ആടിനമാണ്. ശരീരപ്രകൃതിയിലും ബാഹ്യരൂപത്തിലും ഏറെ സവിശേഷതകൾ നിറഞ്ഞവയാണ് മലബാറി ആടുകൾ. ഇടത്തരം ശരീര വലിപ്പവും വളർച്ചയുമുള്ള ഇവയുടെ പ്രധാന ആകർഷണം വർണ്ണവൈവിധ്യമാണ്. വെളുപ്പാണ് പ്രധാന നിറമെങ്കിലും വെളുപ്പിൽ കറുപ്പ്, വെളുപ്പിൽ തവിട്ട്, പൂർണ്ണമായും കറുപ്പ്, തവിട്ട് തുടങ്ങിയ നിറങ്ങളിലെല്ലാം മലബാറി ആടുകളെ കാണാം.
തലമുറകളായി വിവിധ ജനുസ്സുകൾ തമ്മിൽ നടന്ന ജനിതക മിശ്രണത്തിന്റെ ഫലമായിരിക്കാം ഈ വർണ്ണവൈവിധ്യം. ഭൂരിഭാഗം ആണാടുകളിലും ചെറിയൊരു ശതമാനം പെണ്ണാടുകളിലും താടിരോമങ്ങളും ചില ആടുകളിൽ കഴുത്തിൽ തൂങ്ങിനിൽക്കുന്ന തൊങ്ങലുകളും (ആടകൾ) കാണപ്പെടുന്നു. പിന്നോട്ട് പിരിഞ്ഞു വളർന്ന ചെറിയ കൊമ്പുകളും, '7' എന്ന അക്കത്തിന്റെ മാതൃകയിൽ മധ്യഭാഗംവരെ നിവർന്നും ബാക്കി ഭാഗം തൂങ്ങിക്കിടക്കുന്നതുമായ അരയടിമാത്രം നീളമുള്ള ചെവികളും മലബാറിയുടെ തനത് ലക്ഷണങ്ങളാണ്. കൊമ്പുള്ളവയും കൊമ്പില്ലാത്തവയും ഈ ജനുസ്സിലുണ്ടെങ്കിലും, വളരെ നീണ്ട കൊമ്പുകളോ ഇഴകളും പിരിവുകളുമുള്ള നീണ്ട ചെവികളോ മലബാറി ആടുകളുടെ ശരീര സവിശേഷതയല്ല.
പ്രത്യുല്പാദനക്ഷമതയിലും രോഗപ്രതിരോധ ശേഷിയിലും പ്രാദേശിക കാലാവസ്ഥയോടുള്ള ഇണക്കത്തിലും ഒന്നാമതാണ് മലബാറി ആടുകൾ. കൂടുതൽ എണ്ണം കുഞ്ഞുങ്ങളെ ഉല്പാദിപ്പിക്കുന്നതിനും മാംസോത്പാദനത്തിനുമാണ് മലബാറി ആടുകൾ ഏറ്റവും അനുയോജ്യമാകുന്നത്. അതിനാൽതന്നെ, ആടുസംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ആദ്യഘട്ടത്തിൽ വാങ്ങി വളർത്താൻ ഉത്തമമായ ഇനവും വേഗത്തിൽ ഇണങ്ങുന്ന മലബാറി തന്നെയാണ്.
മലബാറി പെണ്ണാടുകളെ ബീറ്റൽ, സിരോഹി, ജമുനാപാരി തുടങ്ങിയ ഉത്തരേന്ത്യൻ ജനുസ്സുകളിൽപ്പെട്ട മുട്ടനാടുകളുമായി പ്രജനനം നടത്തിയുണ്ടാകുന്ന ഒന്നാം തലമുറയിലെ സങ്കരയിനം ആട്ടിൻകുട്ടികളും വളർച്ചാനിരക്കിലും മാംസോത്പാദനത്തിലും രോഗപ്രതിരോധ ഗുണത്തിലും ഏറെ മികച്ചവയാണ്. മാത്രമല്ല, ജനിതകമേന്മ കുറഞ്ഞ നാടൻ ആടുകളുടെ വർഗ്ഗമേന്മ ഉയർത്താൻ സ്വീകരിക്കാവുന്ന ഏറ്റവും നല്ല മാർഗ്ഗം മലബാറി മുട്ടനാടുകളുമായുള്ള പ്രജനനമാണ്.
മലബാറി ആടുനൽകും ആദായവും സാമ്പത്തിക നേട്ടങ്ങളും
മലബാറി ആടുകളുടെ സാമ്പത്തികനേട്ടവും ആദായക്ഷമതയും എടുത്തുപറയേണ്ട ഒന്നാണ്. പൂർണ്ണ വളർച്ചയെത്തിയ പെണ്ണാടുകൾക്ക് ശരാശരി 35 മുതൽ 40 കിലോ ഗ്രാംവരെയും മുട്ടനാടുകൾക്ക് ശരാശരി 55 മുതൽ 60 കിലോ ഗ്രാംവരെയും ശരീരത്തൂക്കമുണ്ടാകും. കറവയിലുള്ള ഒരു മലബാറി പെണ്ണാടിൽനിന്നു ദിവസം ശരാശരി 750 മുതൽ 900 മില്ലി ലിറ്റർവരെ പാൽ ലഭിക്കും; പാലുല്പാദന ദൈർഘ്യം പരമാവധി നാല് മാസമാണ്.
മറ്റ് ജനുസ്സ് ആടുകളുമായും സങ്കരയിനങ്ങളുമായും താരതമ്യപ്പെടുത്തുമ്പോൾ ശരീരത്തൂക്കവും പാലുത്പാദനവും അല്പം കുറവാണെങ്കിലും ചുരുങ്ങിയ കാലയളവിൽ കിട്ടുന്ന കൂടുതൽ കുട്ടികളാണ് മലബാറി ആടുകളുടെ പ്രധാന മികവ്. വളർച്ചാനിരക്കിൽ ഈ കുഞ്ഞുങ്ങൾ ഒട്ടും പിന്നിലല്ല, മൂന്ന് മാസം പ്രായമെത്തുമ്പോൾ പത്ത് കിലോ ഗ്രാംവരെ ശരീരത്തൂക്കം ഇവ കൈവരിക്കും. മലബാറി ആടുകളിൽ ഓരോ പ്രസവത്തിലെയും പാലുല്പാദനദൈർഘ്യം കുറവാണെങ്കിലും കുറഞ്ഞ കാലയളവിലെ മികച്ച പാലുത്പാദനം കൊണ്ടും അടുത്ത പ്രസവ പ്രക്രിയകൾ പെട്ടെന്ന് തന്നെ ആരംഭിക്കുന്നത് കൊണ്ടും ഈ കുറവിനെ മലബാറി ആടുകൾ മറികടക്കുന്നതായി വെറ്ററിനറി സർവ്വകലാശാലയിൽ നടത്തിയ പഠനങ്ങൾ വിലയിരുത്തിയിട്ടുണ്ട്.
ചുരുങ്ങിയ കാലയളവിൽ കിട്ടുന്ന കൂടുതൽ ആട്ടിൻകുട്ടികളും സാമാന്യം നല്ല വളർച്ചാനിരക്കും തീറ്റ പരിവർത്തനശേഷിയും ഉയർന്ന രോഗപ്രതിരോധ ഗുണവും പ്രതികൂല കാലാവസ്ഥയിൽ പിടിച്ചുനിൽക്കാനുള്ള കഴിവും സംരംഭകന് മികച്ച ആദായം ഉറപ്പുനൽകുന്നു.
കേരളത്തിലെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയുമായി എളുപ്പം ഇണങ്ങി ജീവിക്കാനുള്ള ശേഷിയും പാലിനും ഇറച്ചിക്കും ഒരുപോലെ ഉപകരിക്കുന്ന ദ്വിഗുണ വംശഗുണവും മലബാറി ആടുകളുടെ മൂല്യം വർദ്ധിപ്പിക്കുന്നു. തദ്ദേശീയവും വിദേശീയവുമായ ജീനോമുകൾ സമ്മേളിക്കുന്ന ഈ അപൂർവ്വ പാരമ്പര്യം തിരിച്ചറിഞ്ഞത്, മലബാറി ആടുകളുടെ സവിശേഷ ഗുണമേന്മകൾ നഷ്ടപ്പെടാതെ അവയെ വരുംതലമുറയ്ക്കായി മികച്ച രീതിയിൽ സംരക്ഷിക്കാൻ കർഷകർക്കും ശാസ്ത്രജ്ഞർക്കും ഒരുപോലെ കരുത്തേകും.
Published: 06 Oct 2026, 03:00 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented