
കോഴികൾ വെള്ളം കുടിക്കുമ്പോൾ ഓരോ തവണയും കൊക്ക് വെള്ളത്തിൽ മുക്കിയ ശേഷം തല മുകളിലേക്ക് ഉയർത്തുന്നത് നമ്മൾ കാണാറുണ്ട്. പലരും ഇതൊരു വെറും ശീലമോ സ്വഭാവവിശേഷമോ ആയി കരുതുന്നുവെങ്കിലും ഇതിനു പിന്നിൽ കൃത്യമായ ശരീരഘടനാ ശാസ്ത്രമുണ്ട്. മനുഷ്യരും പശു, ആട്, നായ തുടങ്ങിയ സസ്തനികളും ചുണ്ടുകളും കവിളുകളും മൃദുവായ അണ്ണാക്കും (Soft palate) ഉപയോഗിച്ച് വായ അടച്ചുപിടിച്ച്, വായയ്ക്കുള്ളിൽ ഒരു വായുശൂന്യത (Suction) സൃഷ്ടിച്ചാണ് വെള്ളം ഉള്ളിലേക്ക് വലിച്ചെടുക്കുന്നത്. എന്നാൽ, കോഴികൾക്ക് ഇത്തരം ചുണ്ടുകളോ വെള്ളം വലിച്ചെടുക്കാൻ സഹായിക്കുന്ന കവിളുകളോ വായ പൂർണ്ണമായി അടച്ചുപിടിക്കാനുള്ള സംവിധാനങ്ങളോ ഇല്ല. അതിനാൽ, കൊക്ക് ഉപയോഗിച്ച് വെള്ളം കോരിയെടുത്ത ശേഷം തല മുകളിലേക്ക് ഉയർത്തി ഭൂഗുരുത്വാകർഷണത്തിന്റെ (Gravity) സഹായത്തോടെയാണ് വെള്ളം തൊണ്ടയിലേക്കും അന്നനാളത്തിലേക്കും എത്തിക്കുന്നത്.
കോഴികൾക്ക് വെള്ളം വലിച്ചു കുടിക്കാൻ കഴിയാത്തത് എന്തുകൊണ്ട് ?
കോഴികൾക്ക് വായയ്ക്കുള്ളിൽ വായുശൂന്യത അല്ലെങ്കിൽ സക്ഷൻ ഉണ്ടാക്കാൻ കഴിയാത്തതിന്റെ പ്രധാന ശാസ്ത്രീയ കാരണം അവയുടെ മേലണ്ണാക്കിലുള്ള 'ചൊവാനൽ സ്ലിറ്റ്' (Choanal slit) എന്ന് പേരുള്ള പിളർപ്പാണ്. മേലണ്ണാക്കിന്റെ മധ്യഭാഗത്തായി നീളത്തിൽ കാണപ്പെടുന്ന ഈ ചെറിയ പിളർപ്പ് നാസാരന്ധ്രങ്ങളെ വായുമായി നേരിട്ട് ബന്ധിപ്പിക്കുന്ന ഭാഗമാണ്. അതിനാൽ വായ അടച്ചുപിടിച്ചാലും മൂക്കിലൂടെ വായു വായയ്ക്കുള്ളിലേക്ക് കടക്കുന്നതിനാൽ വായുശൂന്യത ഉണ്ടാക്കാൻ സാധിക്കില്ല. കൂടാതെ, കോഴികളുടെ നാവിന്റെ ഉപരിതലത്തിൽ പിന്നിലേക്ക് തിരിഞ്ഞുനിൽക്കുന്ന ചെറിയ കൊളുത്തുകൾ പോലെയുള്ള ഭാഗം അഥവാ പാപ്പില്ലകൾ (Backward-pointing papillae) കാണാം. തല മുകളിലേക്ക് ഉയർത്തുമ്പോൾ ഈ പാപ്പില്ലകൾ വെള്ളത്തെ തൊണ്ടയുടെ പിന്നിലേക്ക് വഴുതിവീഴാൻ സഹായിക്കുന്നുവെങ്കിലും വെള്ളം സ്വയം അകത്തേക്ക് പമ്പ് ചെയ്യാൻ നാവിനും ശേഷിയില്ല. തൊണ്ടയുടെ അടിഭാഗത്തായി, നാവിനോട് തൊട്ടുചേർന്നാണ് ശ്വാസനാളത്തിന്റെ പ്രവേശന കവാടമായ 'ഗ്ലോട്ടിസ്' (Glottis) സ്ഥിതിചെയ്യുന്നത് എന്നതും കർഷകർ പ്രത്യേകം ഓർത്തിരിക്കേണ്ട വസ്തുതയാണ്.
കോഴിപരിപാലനത്തിൽ പ്രാധാനം ഈ ശാസ്ത്രം
കോഴികളുടെ ഈ പ്രത്യേക ശരീരശാസ്ത്രം മനസ്സിലാക്കുന്നത് ഫാമുകളിൽ ദ്രാവകമരുന്നുകൾ നൽകുന്ന രീതിയിൽ വളരെ നിർണ്ണായകമാണ്. സിറിഞ്ചോ ഡ്രോപ്പറോ ഉപയോഗിച്ച് വൈറ്റമിനുകളോ മറ്റ് സിറപ്പുകളോ നൽകുമ്പോൾ വായിലേക്ക് ബലമായി ഒഴിച്ചു കൊടുക്കരുത്. അങ്ങനെ ചെയ്യുന്നത് നാവിന്റെ അടിഭാഗത്തുള്ള ഗ്ലോട്ടിസിലേക്ക് (ശ്വാസനാളദ്വാരം) മരുന്ന് നേരിട്ട് കടക്കാൻ കാരണമാകും. അമിതമായ അളവിലോ വേഗതയിലോ മരുന്ന് ഒഴിച്ചാൽ അത് ശ്വാസകോശത്തിലേക്ക് ഇറങ്ങി ശ്വാസംമുട്ടൽ, അസ്പിരേഷൻ ന്യൂമോണിയ (Aspiration Pneumonia), ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ എന്നിവയുണ്ടാകുകയും കോഴി ഉടനടി ചത്തുവീഴുകയും ചെയ്യാം. അതിനാൽ കോഴികൾക്ക് മരുന്നുകളും മറ്റും നൽകുമ്പോൾ ചെറിയ അളവിൽ മാത്രം മരുന്ന് നൽകുകയും, കോഴി സ്വാഭാവികമായി തല ഉയർത്തി അത് വിഴുങ്ങാൻ സമയം നൽകുകയും വേണം. കോഴി സ്വയം തല ഉയർത്തുന്നില്ലെങ്കിൽ, ബലപ്രയോഗമില്ലാതെ തല സാവധാനം മുകളിലേക്ക് ഉയർത്തിപ്പിടിച്ച് മരുന്ന് വിഴുങ്ങാൻ സഹായിക്കാം.
ഫാമുകളിലെ കുടിവെള്ള പരിപാലനത്തിലും ഈ അറിവുകൾക്ക് വലിയ പ്രാധാന്യമുണ്ട്. കോഴികൾ സാധാരണയായി കഴിക്കുന്ന തീറ്റയുടെ ഇരട്ടിയോളം ഭാരം വെള്ളം ദിവസേന കുടിക്കാറുണ്ട്. നൽകുന്ന കുടിവെള്ളത്തിന്റെ താപനില 30°C-ൽ കൂടുകയാണെങ്കിൽ കോഴികൾ വെള്ളം കുടിക്കുന്നത് കുത്തനെ കുറയ്ക്കുകയും ഇത് തീറ്റയെടുപ്പിനെയും വളർച്ചയെയും പ്രതികൂലമായി ബാധിക്കുകയും ചെയ്യും. അതിനാൽ എപ്പോഴും തണുത്തതും ശുദ്ധവുമായ വെള്ളം ലഭ്യമാക്കണം. വെള്ളപ്പാത്രത്തിൽ കൊക്ക് സൗകര്യപ്രദമായി മുക്കാൻ കഴിയുന്നത്ര വെള്ളം ഉണ്ടായിരിക്കേണ്ടതും, നിപ്പിൾ ഡ്രിങ്കറുകൾ ഉപയോഗിക്കുകയാണെങ്കിൽ അവയുടെ ഉയരം കോഴികൾക്ക് തല നേരിയ തോതിൽ ഉയർത്തിപ്പിടിച്ച് കുടിക്കാൻ പാകത്തിൽ ക്രമീകരിക്കേണ്ടതും അത്യന്താപേക്ഷിതമാണ്. അതേസമയം താറാവ്, വാത്ത എന്നിവയ്ക്ക് കൊക്കിന്റെയും നാവിന്റെയും പ്രത്യേക ഘടന കാരണം കോഴികളെപ്പോലെ ഓരോ തവണയും തല ഉയർത്തേണ്ട ആവശ്യമില്ല.
ചുരുക്കത്തിൽ, കോഴികൾ തല ഉയർത്തി വെള്ളം കുടിക്കുന്നത് ഒരു സാധാരണ ശീലമല്ല, മറിച്ച് അവയുടെ ശരീരഘടനയ്ക്ക് അനുയോജ്യമായ പ്രകൃതി നൽകിയ ആനുകൂല്യമാണ്. ഈ ശാസ്ത്രീയസത്യം മനസ്സിലാക്കി ദ്രാവകമരുന്നുകൾ നൽകുന്നതിലും കുടിവെള്ള പരിപാലനത്തിലും ശരിയായ രീതികൾ പിന്തുടർന്നാൽ അപകടങ്ങൾ ഒഴിവാക്കാനും കോഴികളുടെ ആരോഗ്യം ഉറപ്പാക്കി പരിപാലനം മെച്ചപ്പെടുത്താനും കർഷകർക്ക് സാധിക്കും.
Content Highlights: Chickens cannot create suction to drink water due to the choanal slit in their upper palate. They rely on gravity by lifting their heads after scooping water with their beaks. Understanding this anatomy helps prevent aspiration pneumonia when administering liquid medicines.
Published: 07 Sept 2026, 02:57 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented