വെച്ചൂർ പശുവിന് ശേഷം രാജ്യത്തിന്റെ തനത് ബ്രീഡായി (Indigenous Breed) ദേശീയതലത്തിൽ അംഗീകരിക്കപ്പെടുന്ന കേരളത്തിൽനിന്നുള്ള രണ്ടാമത്തെ കന്നുകാലി ഇനമാണ് 'പെരിയാർ പശു'. ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിന്റെ (ICAR) കീഴിലുള്ള കർണാലിലെ നാഷണൽ ബ്യൂറോ ഓഫ് അനിമൽ ജനറ്റിക് റിസോഴ്‌സസ് (NBAGR) ആണ് പെരിയാർ കുള്ളനെ പ്രത്യേക ഇനമായി ഔദ്യോഗികമായി അംഗീകരിച്ച് രജിസ്റ്റർ ചെയ്തത്. പെരിയാർ പശുക്കളുടെ ജനിതക, ശാരീരിക പ്രത്യേകതകളെ കുറിച്ച് കൂടുതലറിയുന്നതിനും ഒരു പ്രത്യേക ബ്രീഡ് പദവി നൽകുന്നതിനുമുള്ള സാധ്യതകൾ കണ്ടെത്തുന്നതിനായും പെരിയാർ തീരത്തെ കർഷകരുമായും കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരുമായും സഹകരിച്ച് ഐ.സി.എ.ആർ. നേരത്തെ തന്നെ പഠനങ്ങൾ ആരംഭിച്ചിരുന്നു. കേരളത്തിൽനിന്ന് ഇതുവരെ വെച്ചൂർ പശു, മലബാറി ആട്, അട്ടപ്പാടി ബ്ലാക്ക് ആട്, തലശ്ശേരി കോഴി, കുട്ടനാടൻ ചാര/ചെമ്പല്ലി താറാവ് എന്നീ അഞ്ചിനങ്ങൾക്ക് മാത്രമായിരുന്നു തനത് മൃഗ/പക്ഷി ബ്രീഡുകളായി ദേശീയ തലത്തിൽ അംഗീകാരം ലഭിച്ചിരുന്നത്. ഈ പട്ടികയിലാണ് ഇപ്പോൾ പെരിയാർ പശുക്കൾ ആറാമത്തെ ഇനമായി ഇടം പിടിച്ചിരിക്കുന്നത്.

To advertise here,

പെരിയാർ പശുപ്പെരുമ

കേരളത്തിന്‍റെ ജീവരേഖയെന്ന് പേരും പെരുമയുമുള്ള പെരിയാർ നദിയുടെ തീരപ്രദേശങ്ങളിലെ വനാതിർത്തി ഗ്രാമങ്ങളും കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന തോട്ടമേഖലകളും മലയടിവാരങ്ങളുമാണ് പെരിയാർ പശുക്കളുടെ വംശഭൂമിക. പെരിയാറിന്‍റെ തീരപ്രദേശങ്ങളും വനാതിർത്തി ഗ്രാമങ്ങളും തോട്ടം മേഖലകളുമായ എറണാകുളം ജില്ലയിലെ കോടനാട്, പാണംകുഴി, പാണിയേലി, മലയാറ്റൂർ, വടാട്ടുപാറ, കാലടി പ്ലാൻറേഷൻ, ഭൂതത്താൻകെട്ട് ഡാമിന്‍റെ ചുറ്റുമുള്ള പ്രദേശങ്ങൾ തുടങ്ങിയ മേഖലകളിൽ പെരിയാർ പശുക്കളെ ധാരാളമായി കാണാം. ആലുവാ പുഴയെന്നും ചൂർണ്ണയെന്നും പൂർണ്ണയെന്നും പെരിയാറിന് പല പേരുകളുള്ളതുപോലെ ഹൈറേഞ്ച് ഡ്വാർഫ്, കുട്ടമ്പുഴ കുള്ളൻ, പാണിയേലി കുള്ളൻ, അയ്യൻപുഴ കുള്ളൻ എന്നിങ്ങനെ പെരിയാർ ഒഴുകുന്ന നാടുകളിൽ പെരിയാർ പശുക്കൾക്കും വിളിപ്പേരുകൾ പലതാണ്. നദിയുടെ തീരത്തെ തോട്ടങ്ങളിൽ വ്യാപകമായതിനാൽ തോട്ടപ്പശുക്കൾ എന്ന പേരും പെരിയാർ പശുക്കൾക്ക് സ്വന്തം. നദീതീരത്തെ കർഷകരെ കൂടാതെ തോട്ടം മേഖലയിലെ തൊഴിലാളികളും ഈ പശുക്കളെ ഇന്ന് സംരക്ഷിക്കുന്നുണ്ട്.

അതിരാവിലെ തീറ്റ തേടിയിറങ്ങുന്ന ഈ പശുക്കൾ ചെറുകൂട്ടങ്ങളായി കിലോ മീറ്ററുകളോളം വനത്തിൽ മേഞ്ഞ് നടന്നശേഷം സന്ധ്യയാവുമ്പോൾ തിരികെയെത്തി തോട്ടങ്ങളിലും കൃഷിയിടങ്ങളിലും തമ്പടിക്കും. ഈ കൂട്ടത്തിൽനിന്നു പ്രസവിക്കാറായ പശുക്കളെ കണ്ടെത്തി കർഷകർ തങ്ങളുടെ വീടുകളിലേക്ക് കൊണ്ടുപോവും. ചെവികൾ ചെറുതായി വെട്ടി അടയാളമിട്ടാണ് കർഷകർ തങ്ങളുടെ പശുക്കളെ തിരിച്ചറിയുന്നത്. നൂറിൽപരം പെരിയാർ പശുക്കളെ സ്വന്തമായുള്ള തൊഴിലാളികൾ കാലടി, മലയാറ്റൂർ പ്ലാൻറേഷനുകളിലുണ്ട്. ഒരു മീറ്ററോളം മാത്രമാണ് പശുക്കളുടെ ഉയരമെങ്കിലും കുത്തനെ വളർന്ന് അകത്തേക്ക് വളഞ്ഞ മുകളറ്റം കൂർത്ത ബലിഷ്ഠമായ കൊമ്പുകളും പാർശ്വങ്ങളിലേക്ക് നീണ്ട ചെവികളും തോളിലെ കുഞ്ഞൻ പൂഞ്ഞിയും കഴുത്തിനടിയിൽ ഇളകിയാടുന്ന ഇറക്കമുള്ള താടയും നിലത്തറ്റം മുട്ടുന്ന വാലുകളും കുറുകിയ കുളമ്പുമെല്ലാം പെരിയാർ പശുക്കളുടെ സൗന്ദര്യത്തിന് മാറ്റ് കൂട്ടും.

ആട്ടുകൊമ്പുകൾ എന്നറിയപ്പെടുന്ന ഇളകിയാടുന്ന കൊമ്പുകളുള്ളവയെയും കൊമ്പുകളില്ലാത്ത പശുക്കളെയും കാണാം. വെളുപ്പ്, കറുപ്പ്, ചാരനിറം, തവിട്ട് തുടങ്ങിയ വർണ്ണ വൈവിധ്യങ്ങളിൽ പെരിയാർ പശുക്കളെ കാണാം. മുപ്പതു വർഷത്തിലേറെ ആയുസ്സുള്ള ഈ പശുക്കൾ വർഷാവർഷം പ്രസവിക്കുന്നതിനാൽ 'ആണ്ടുകണ്ണി' എന്ന വിശേഷണവുമുണ്ട്. ഒരു കറവക്കാലത്ത് സാധാരണയായി 160 മുതൽ 200 ദിവസം വരെയാണ് ഇവ പാലുൽപ്പാദനം തരുന്നത്.

പ്രതിദിനം ശരാശരി 2.5 മുതൽ 4 ലിറ്റർ വരെ മാത്രമാണ് പാൽ ഉത്പാദനമെങ്കിലും ഇതിന്റെ സ്വാദും മണവും ഗുണവുമെല്ലാം പകരം വെക്കാനില്ലാത്തതാണ്, പാലിന്‍റെ കൊഴുപ്പളവും ഏറെയാണ്. കാട്ടിലും മറ്റും മേയുന്നതിനിടെയേൽക്കുന്ന ചെറുമുറിവുകളൊഴിച്ചാൽ മറ്റ് രോഗങ്ങളൊന്നും പെരിയാർ പശുക്കളെ കാര്യമായി ബാധിക്കാറില്ലെന്ന ഉയർന്ന രോഗപ്രതിരോധ ശേഷിയും ഇവയുടെ സവിശേഷതയാണ്.

സംരക്ഷണത്തിന് തുടക്കമിട്ടത് മാതൃഭൂമി സീഡും കോസ് കുര്യനും

പെരിയാർ പശുക്കളുടെ സംരക്ഷണ ചരിത്രത്തിൽ മാതൃഭൂമി സീഡ് പരിസ്ഥിതി ക്ലബ്ബും എറണാകുളം കോടനാട് സ്വദേശിയായ കർഷകൻ കോസ് കുര്യനും വഹിച്ച പങ്ക് വളരെ വലുതാണ്. പത്ത് വർഷങ്ങൾക്ക് മുൻപ് മാതൃഭൂമി സീഡിന്റെ നേതൃത്വത്തിൽ കോടനാട് മാർ ഔഗേൻ ഹൈസ്‌കൂളിലെ വിദ്യാർത്ഥികളാണ് പെരിയാർ പശുക്കളുടെ സംരക്ഷണവും ബോധവൽക്കരണവും ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. കുട്ടികളുടെ ഈ പദ്ധതിയിൽ ആകൃഷ്ടനായ സ്‌കൂൾ മാനേജറും കർഷകനും കൂടിയായ കോസ് കുര്യൻ പെരിയാർ പശുക്കളുടെ വംശസംരക്ഷണം സ്വന്തം ദൗത്യമായി ഏറ്റെടുക്കുകയായിരുന്നു.

വർഷങ്ങൾ നീണ്ട പരിശ്രമത്തിലൂടെ ഇന്ന് നൂറിലധികം പെരിയാർ പശുക്കളെയാണ് അദ്ദേഹം സ്വന്തമായി സംരക്ഷിച്ചുപോരുന്നത്. പെരിയാർ പശുക്കളുടെ വംശസംരക്ഷണത്തിനും പ്രജനനത്തിനും നൽകിയ മികച്ച സംഭാവനകൾക്ക് ലഭിച്ച അംഗീകാരമായി 2019-ൽ നാഷണൽ ആനിമൽ ജനറ്റിക് റിസോഴ്‌സസ് ബ്യൂറോയുടെ 'ബ്രീഡ് സേവ്യർ' പുരസ്‌കാരവും കോസ് കുര്യനെ തേടിയെത്തി. പെരിയാർ പശുക്കളുടെ ബ്രീഡ് നേട്ടത്തിന് പിന്നിൽ അദ്ദേഹത്തിന്റെ നിരന്തരമായ പരിശ്രമങ്ങളും ഇടപെടലുകളും നിർണ്ണായകമായ പങ്ക് വഹിച്ചിട്ടുണ്ട്.

ബ്രീഡ് കടമ്പ കടന്നാൽ കർഷകർക്ക് നേട്ടം

രാജ്യത്തെ വളർത്തുമൃഗയിനങ്ങളെയും പക്ഷിയിനങ്ങളെയും രജിസ്റ്റർ ചെയ്ത് പ്രത്യേകം ബ്രീഡുകളായി പ്രഖ്യാപിക്കുന്നതിനായുള്ള നോഡൽ ഏജൻസിയാണ് നാഷണൽ ബ്യൂറോ ഓഫ് ആനിമൽ ജനറ്റിക്സ് റിസോഴ്സസ് (NBAGR). ഈ സ്ഥാപനത്തിന്റെ ആസ്ഥാനം ഹരിയാനയിലെ കർണാലിലാണ്. ഐ.സി.എ.ആർ., ജൈവവൈവിധ്യ ബോർഡ്, കേന്ദ്ര മൃഗസംരക്ഷണ-ക്ഷീരമന്ത്രാലയം തുടങ്ങിയ കേന്ദ്രങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഉൾപ്പെട്ട ബ്രീഡ് രജിസ്ട്രേഷൻ കമ്മിറ്റിയാണ് പുതിയ ബ്രീഡുകൾക്ക് അംഗീകാരം നൽകുന്നത്. ഈ കമ്മിറ്റിയുടെ അംഗീകാരം നേടി ഒരിനം വളർത്തുമൃഗത്തിന് 'ബ്രീഡ്' പദവി സ്വന്തമാക്കണമെങ്കിൽ കടമ്പകൾ ഏറെയുണ്ട്.

ഒന്നാമതായി, പ്രസ്തുത ഇനത്തിന്റെ സ്വന്തം വംശഭൂമികയിൽ പ്രത്യുൽപ്പാദനക്ഷമതയുള്ള ചുരുങ്ങിയത് ആയിരം മൃഗങ്ങളെങ്കിലും ഉണ്ടായിരിക്കണം. ജനിതകപഠനങ്ങളിലൂടെ നിലവിലുള്ള മറ്റ് തദ്ദേശീയ ഇനങ്ങളിൽ നിന്ന് ഇവ ജനിതകമായി വേറിട്ടുനിൽക്കുന്നുവെന്ന് കൃത്യമായി തെളിയിക്കപ്പെടേണ്ടതുമുണ്ട്. കൂടാതെ, ഇവ കാണപ്പെടുന്ന ഭൂപ്രകൃതി, പാരമ്പര്യമായി കൈമാറിവന്ന വളർത്തൽരീതികൾ, പ്രാദേശിക സമൂഹവുമായുള്ള ബന്ധം എന്നിവ ശാസ്ത്രീയമായി രേഖപ്പെടുത്തണം.ഈ കടമ്പകളെല്ലാം പൂർത്തിയാക്കി ബ്രീഡ് പദവി ലഭിക്കുന്നതോടെ പ്രസ്തുത ഇനം ദേശീയ-അന്തർദേശീയ തലത്തിൽ അംഗീകരിക്കപ്പെടും.

കൂടാതെ, ദേശീയ ഗോകുൽ മിഷൻ അടക്കമുള്ള കേന്ദ്ര പദ്ധതികളിൽ ഉൾപ്പെടുത്തി ഈ തനത് ജനുസ്സിന്റെ ഗവേഷണത്തിനും സംരക്ഷണത്തിനുമായി കർഷകർക്കും ഗവേഷണ സ്ഥാപനങ്ങൾക്കും സാമ്പത്തിക സഹായങ്ങൾ ലഭ്യമാകുകയും ചെയ്യും.