
പ്രണയവും ലൈംഗികതയും ആസ്വാദനത്തിനുപരി പ്രതിബദ്ധതയാവുന്ന ദാമ്പത്യം; ഈ അമിത പ്രതിബദ്ധതയും പരസ്പരമുള്ള കടപ്പാടും ബാധ്യതയിലേക്കും ബാധ്യത ഫോബിയയിലേക്കും വഴിമാറുമ്പോൾ വിവാഹമേ വേണ്ടായിരുന്നുവെന്ന് തോന്നും ചിലർക്ക്. എന്നാൽ അവിവാഹിതയായ ഒരുവളെ/ ഒരുവനെ സമൂഹം കൈകാര്യം ചെയ്യുന്ന ചില രീതികളിലെ ഭയം വിവാഹത്തിന് പലരെയും നിർബന്ധിതരാക്കും. ഒറ്റയ്ക്കൊരു വീടുനോക്കുമ്പോഴും എതിർലിംഗത്തിലുള്ളവരോട് കൂട്ടുകൂടുമ്പോഴും ഈ ബുദ്ധിമുട്ടുകൾ അവിവാഹിതർ നേരിടാറുണ്ട്. ഇത്തരക്കാർക്കുള്ള ബദൽ വഴിയാണ് ഫ്രണ്ട്ഷിപ്പ് മാര്യേജ് അഥവാ സൗഹൃദ വിവാഹം. സൗഹൃദ വിവാഹത്തിൽ പങ്കാളിയോടുള്ള പ്രണയവും ലൈംഗികതയും നിങ്ങൾക്കൊരിക്കലും ബാധ്യതയാവില്ല. ഈ വിവാഹത്തിൽ പങ്കാളി നിങ്ങളിൽ നിന്ന് ഇതു രണ്ടും ഡിമാന്റ് ചെയ്യുന്നുമില്ല.
പ്രണയത്തിനും വിവാഹത്തിനും വ്യത്യസ്തമായ മാനങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് കടന്നുപോകുന്ന തലമുറയാണ് വളർന്നുവരുന്നത്. സിറ്റുവേഷന്‍ഷിപ്പ്, ഫ്രണ്ട്‌സ് വിത്ത് ബെനിഫിറ്റ്‌സ് എന്നിങ്ങനെ നീളുന്ന വ്യത്യസ്ത ബന്ധങ്ങളുടെ പാഠം ഇതിനോടകം തന്നെ ജെന്‍സി എന്ന പുതുതലമുറ മില്ലേനിയല്‍സിന് പരിചയപ്പെടുത്തിക്കൊടുത്തിട്ടുണ്ട്.. ഇതിലേക്ക് കൂട്ടിച്ചേര്‍ക്കാനാവുന്ന, ഇതിനോടകം പ്രാവർത്തികമാക്കപ്പെട്ട ആശയമാണ് ഫ്രണ്ട്ഷിപ്പ് മാര്യേജ്.
എന്താണ് ഫ്രണ്ട്ഷിപ്പ് മാര്യേജ് ?
തന്റേതു പോലുള്ള ഇഷ്ടങ്ങളും താത്പര്യങ്ങളുമുള്ള ഒരാളെ വിവാഹം കഴിക്കുന്നതാണ് ഫ്രണ്ട്ഷിപ്പ് മാര്യേജ്. പ്രണയിക്കുന്നവരും ഇതുതന്നെയല്ലെ ചെയ്യുന്നതെന്ന സ്വാഭാവികമായ ചോദ്യം ഉയർന്നേക്കാം. എന്നാൽ സൗഹൃദ വിവാഹത്തിൽ പ്രണയമോ ലൈംഗികതയോ ഉണ്ടാവില്ല. പ്രണയിക്കുന്നവരെ വിവാഹം കഴിക്കുന്നതല്ല ഫ്രണ്ട്ഷിപ്പ് മാര്യേജ്. മറിച്ച് ഏറ്റവും നല്ല സുഹൃത്തിനെ വിവാഹം കഴിക്കുന്നതാണ്. ആശയക്കുഴപ്പത്തിലായെങ്കിൽ ഒന്നുകൂടെ വിശദമാക്കാം- ഒരേ പോലുള്ള താത്പര്യങ്ങളും ചിന്തകളുമുള്ള രണ്ട് വ്യക്തികള്‍, അല്ലെങ്കില്‍ സുഹൃത്തുക്കള്‍ നിയമപരമായി വിവാഹം കഴിക്കുന്നു. ഇവര്‍ തമ്മില്‍ പ്രണയമോ ലൈംഗികതയോ ഉണ്ടാകുന്നില്ല. വിവാഹ ബന്ധത്തിൽ തുടരുമ്പോൾ തന്നെ വേറൊരു പ്രണയം ഉണ്ടാകുന്നത് തെറ്റാകുന്നിമില്ല. കുഞ്ഞ് വേണമെന്ന ആഗ്രഹം ഉണ്ടാകുമ്പോള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍സെമിനേഷന്‍ പോലുള്ള മാര്‍ഗങ്ങളെയും ഈ ബന്ധത്തിലുള്ളവർക്ക് കൂട്ടുപിടിക്കാം. ഇതാണ് ഫ്രണ്ട്ഷിപ്പ് മാര്യേജ് കൊണ്ട് ഉദ്ദേശിക്കുന്നത്.
സൗത്ത് ചൈന മോര്‍ണിങ്ങ് പോസ്റ്റ് (SCMP) റിപ്പോര്‍ട്ട് പ്രകാരം അസെക്ഷ്വലായ (ലൈംഗികതയോട് താത്പര്യമില്ലാത്തവർ) വ്യക്തികളും ഹോമോസെക്ഷ്വലായ വ്യക്തികള്‍ക്കുമിടയിലാണ് ഈ ട്രെന്‍ഡ് കൂടുതലായും കാണപ്പെടുന്നത്. ഹോമോസെക്ഷ്വല്‍ വിവാഹങ്ങള്‍ നിയമപരമല്ലാത്ത ജപ്പാനില്‍ ഇത്തരക്കാര്‍ക്ക് ബദല്‍മാര്‍ഗമെന്ന തരത്തില്‍ ഫ്രണ്ട്ഷിപ്പ് മാര്യേജുകൾ നടക്കുന്നുണ്ട്. കൂടാതെ പ്രണയവും ട്രെഡിഷണല്‍ വിവാഹവും പോലുള്ള വലിയ ബാധ്യതകൾ ആഗ്രഹിക്കാത്ത ഹെട്രോസെക്ഷലായ വ്യക്തികളും ഇത് തിരഞ്ഞെടുക്കുന്നുണ്ട്. ഫ്രണ്ട്ഷിപ്പ് മാര്യേജിൽപെടുന്നവര്‍ക്ക് പരസ്പര സമ്മതത്തോടെ മറ്റൊരു വ്യക്തിയെ പ്രണയിക്കാമെന്നുള്ളതും ഈ വിവാഹങ്ങളെ ട്രെന്‍ഡായി മാറ്റുന്നതില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. പരമ്പരാഗത വിവാഹങ്ങള്‍ ആഗ്രഹിക്കാതിരിക്കുകയും സിംഗിളായതിനാൽ കുഞ്ഞിനെ വളര്‍ത്താന്‍ നിയമം അനുവദിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥയിൽ ജപ്പാനില്‍ സ്ത്രീകള്‍ ഫ്രണ്ട്ഷിപ്പ് മാര്യേജുകൾ തിരഞ്ഞെടുക്കുന്നുണ്ട്. നിയമപ്രകാരം വിവാഹം റെജിസ്റ്റര്‍ ചെയ്തിട്ടുള്ളത് കൊണ്ട് തന്നെ ഒന്നിച്ച് ജീവിക്കാനും വിവാഹിത എന്ന ലേബലോടെ ഒറ്റയ്ക്ക് ജീവിക്കാനും സാധിക്കുന്നു. സിമ്പിളായി പറഞ്ഞാല്‍ ഒരു റൂംമേറ്റിനെ വിവാഹം ചെയ്യുന്നത് പോലെ തന്നെയാണ് ഈ ട്രെന്‍ഡ്.
വിവാഹത്തെ വ്യവസ്ഥാപിത സംവിധാനമായി കണക്കാക്കുന്ന ഇന്ത്യ പോലുള്ള രാജ്യത്ത് ഇത് ഏതു തരത്തിൽ പ്രാവര്‍ത്തികമാകും എന്നത് വലിയൊരു ചോദ്യമാണ്. പുതിയ തലമുറയുടെ ട്രെന്‍ഡിനോടൊപ്പം ഇന്ത്യ ചലിക്കുന്നുണ്ടെങ്കിലും പരമ്പരാഗത വിവാഹ സങ്കല്‍പങ്ങളെ തച്ചുടയ്ക്കുന്ന രീതിയില്‍ സംസാരിക്കുന്നവര്‍ നാട്ടുകാരുടെ കണ്ണിലെ കരടാണ്. എന്നിരുന്നാലും പുരോഗമന ചിന്താഗതികളെ മുറുകേ പിടിക്കുന്ന ഒരുപറ്റം ആളുകളുണ്ടാകും ഫ്രണ്ട്ഷിപ്പ് മാര്യേജുകളെ ഇന്ത്യയില്‍ പ്രോത്സാഹിപ്പിക്കാന്‍.
ഡബിൾ ഇൻകം, നോ കിഡ്സ് ഫാമിലിയുടെ മറ്റൊരു വേർഷൻ
ഡോ. സി ജെ ജോണ്‍,
(സീനിയര്‍ സൈക്യാട്രിസ്റ്റ്, മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പ്പിറ്റല്‍ കൊച്ചി)
"ലൈംഗികതയും കുട്ടികളും വേണ്ടെന്ന് വെച്ചുള്ള വിവാഹങ്ങള്‍ ഇന്ത്യയില്‍ തന്നെയുണ്ട്. ഡബിള്‍ ഇന്‍കം നോ കിഡ്‌സ് ഫാമിലി എന്നതിനെ പറയാം. വിദ്യാസമ്പന്നരായ ഇന്ത്യയിലെ കുറച്ച് ശതമാനം ആളുകള്‍ക്കിടയില്‍ ഇതുണ്ട്. ജപ്പാനിലുള്ള ഫ്രണ്ട്ഷിപ്പ് മാര്യേജ് മാതൃകയും അതുകൊണ്ട് വന്നുകൂടായ്കയില്ല. ചങ്ങാത്തം മാത്രമുള്ള വിവാഹ ബന്ധമാണല്ലോ ഇത്. എന്നാൽ എത്ര വിവാഹങ്ങളില്‍ ഒന്ന് രണ്ട് വര്‍ഷം കഴിഞ്ഞും പ്രണയം അവശേഷിക്കുന്നുണ്ട്' എന്ന ചോദ്യം ബാക്കി. ഭൂരിഭാഗം വിവാഹങ്ങളിലെ പ്രണയം ശോഷിച്ച്, പ്രതിബദ്ധത മാത്രമാണ് നിലനില്‍ക്കുന്നത്. പ്രണയത്തിന്റെ മൂന്ന് ഘടകങ്ങളിലൊന്ന് മാത്രമാണ് പ്രതിബദ്ധത. രണ്ടുപേർ തമ്മില്‍ ഉടമ്പടിയില്‍ ഏര്‍പ്പെട്ട്, കുട്ടികളായി, ഇടയ്ക്ക് മാത്രമുണ്ടാകുന്ന അഭിനിവേശം മൂലമുണ്ടാകുന്ന രതിബന്ധവുമാണ് പരമ്പരാഗത വിവാഹങ്ങളിലുണ്ടാവുക. ജപ്പാനിലെ ഫ്രണ്ട്ഷിപ്പ് മാര്യേജിന്റെ പശ്ചാത്തലത്തില്‍ ഈ കാര്യങ്ങള്‍ ആലോചിക്കാം. പാഷന്‍, ഇന്റിമസി, കമ്മിറ്റ്‌മെന്റ് എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളാണ് പ്രണയത്തിലുള്ളത്. പാഷന്‍ എന്ന അഭിനിവേശം സെക്ഷ്വാലിറ്റിയില്‍ അധിഷ്ഠിതമാണ്. ഇത് മൂന്നും ചേരുമ്പോഴാണ് മാതൃകാപരമായ പ്രണയമുണ്ടാവുക. ഇതില്‍ എന്തെങ്കിലും കൂടിയാല്‍ തന്നെ പ്രണയത്തിന്റെ അര്‍ത്ഥലങ്ങള്‍ മാറുന്നു. പല പ്രണയങ്ങളും പാഷന്‍ കൂടുതലായത് കൊണ്ടാണ് പലപ്പോഴും നേരത്തെ അവസാനിക്കുന്നത്. ഞാന്‍ നിന്നെ പിന്തുണയ്ക്കുന്നു, നീ എന്നെ പിന്തുണയ്ക്കുന്നു എന്ന ഇന്റിമസി വ്യക്തിത്വങ്ങള്‍ തമ്മിലുള്ള അടുപ്പമാണ്. ഈ ബന്ധം നിലനിര്‍ത്താന്‍ ഞാന്‍ എന്തും ചെയ്യുമെന്നത് കമ്മിറ്റ്‌മെന്റാണ്. ഇന്ത്യയില്‍ വിവാഹമെന്നത് ഒരു ഇന്‍സ്റ്റിറ്റ്യൂഷനാണ്. പരമ്പാരഗത വിവാഹത്തില്‍ കാലാന്തരത്തില്‍ ബന്ധം ചങ്ങാത്തമായി ചുരുങ്ങാം. ഫലത്തില്‍ അഞ്ച് വര്‍ഷം കഴിഞ്ഞാല്‍ ഇന്ത്യയും ഈ ജാപ്പനീസ് മോഡല്‍ സ്വീകരിച്ചേക്കാം".
യോജിക്കാനാവില്ല
ആദില നസ്രീന്‍
(ക്വീര്‍ പങ്കാളികള്‍)
'' ഈ ആശയത്തോട് യോജിക്കാന്‍ ബുദ്ധിമുട്ടുണ്ട്. വിവാഹത്തിലേക്ക് കടക്കാതെ വെറും റൂംമേറ്റ്‌സായി നില്‍ക്കുന്നതോ സിംഗിളായി നില്‍ക്കുന്നതോ ആവും ഉചിതം. പ്രണയമില്ലാത്ത അവസ്ഥയിൽ റൂം മേറ്റ്സായി നിലനിൽക്കാൻ കഴിയവെ ഫ്രണ്ട്ഷിപ്പ് മാര്യേജിന്റെ ആവശ്യമെന്താണ്. റൂംമേറ്റ്‌സായി നില്‍ക്കുമ്പോഴും പല കാര്യങ്ങളും ഷെയര്‍ ചെയ്യേണ്ടതായി വരുന്നുണ്ടല്ലോ. വിവാഹം നിയമപരമാക്കാതെ വളരെയധികം ബുദ്ധിമുട്ടുന്ന ഒരു കമ്മ്യൂണിറ്റിയിലാണ് ഞങ്ങളെന്നത് കൊണ്ടു തന്നെ ഫ്രണ്ട്ഷിപ്പ് മാര്യേജ് പോലുള്ളത് ഒരു കടന്ന കൈയാണെന്നാണ് തോന്നുന്നത്. ഇത്തരം വിവാഹങ്ങള്‍ക്ക് ആളുകള്‍ നിര്‍ബന്ധിക്കപ്പെടുകയാണ്. വിവാഹമെന്നതിന് ഒരു തനതായ അര്‍ത്ഥമുണ്ട്. അതുകൊണ്ട് ഇത്തരം വിവാഹം ആ രാജ്യത്തിന്റെ തന്നെ വീഴ്ചയാണ്. പരമ്പരാഗത മാര്‍ഗങ്ങളില്‍ പൊറുതിമുട്ടുന്നത് കൊണ്ടാണല്ലോ ആളുകള്‍ ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നത്. വിവാഹം കഴിച്ചിട്ട് ഹോമോ സെക്ഷ്വലായിട്ടുള്ള ആളുകള്‍ മറ്റ് പങ്കാളിയോടൊപ്പം നില്‍ക്കുന്നത് ബന്ധങ്ങളെ വീണ്ടും സങ്കീർണ്ണമാക്കുകയാണ് ചെയ്യുന്നത്. ഇനി ഇത് സംഭവിച്ചാലും വൈകാരികമായ അടുപ്പമുണ്ടാവില്ല. ചിലയിടങ്ങളില്‍ പ്രത്യേകിച്ച് അറേഞ്ച്ഡ് മാര്യേജിൽ കൂടെയുള്ള ആളെ അറിഞ്ഞ് ഇഷ്ടപ്പെട്ട് അതു ഒരു പ്രണയമാകുന്നതാണല്ലോ പതിവ്. അത് സാധിക്കാത്തവര്‍ ഇത്തരം വിവാഹങ്ങള്‍ ചെയ്ത് സമൂഹത്തെയും കുടുംബത്തെയും ബോധിപ്പിക്കുന്നതെന്തിനാണ്. സമൂഹത്തെ ബോധിപ്പിക്കാൻ വേണ്ടി മാത്രം ഒരു വിവാഹം കഴിക്കുക എന്നത് അവനവനെ കബളിപ്പിക്കൽ കൂടിയല്ലേ.
ഇന്ത്യയിലുള്ളത് ലാവൻഡർ മാര്യേജ്
ആദി
(ക്വീര്‍ ആക്ടിവിസ്റ്റ് )
വിവാഹമെന്നത് നിയമപരമായി അംഗീകാരവുമായി ബന്ധപ്പെട്ട കാര്യമാണല്ലോ. കേവലം വൈകാരികമായ ഊന്നലുകളെക്കാള്‍ കൂടുതല്‍ നിയമപരമായി കിട്ടുന്ന അനൂകല്യങ്ങളില്‍ അധിഷ്ഠിതമായാണ് വിവാഹമെന്ന സ്ഥാപനം നിലനില്‍ക്കുന്നത്. ഫ്രണ്ട്ഷിപ്പ് മാര്യേജ് ജപ്പാനില്‍ കൂടുതലാണെങ്കില്‍ ഇന്ത്യയില്‍ ലാവന്‍ഡര്‍ മാര്യേജ് എന്ന ആശയമാമ് നിലനില്‍ക്കുന്നുണ്ട്. ഗേ, ലെസ്ബിയനായ രണ്ട് വ്യക്തികള്‍ക്ക് വിവാഹം കഴിക്കാതെ സമൂഹത്തില്‍ നിലനില്‍ക്കാന്‍ സാധിക്കില്ല എന്ന സാഹചര്യം വരുമ്പോള്‍ നിയമപരമായി വിവാഹം കഴിക്കുന്നു. അതുകൊണ്ട് തന്നെ അവര്‍ക്ക് എല്ലാ തരത്തിലുള്ള ആനുകൂല്യങ്ങളും ലഭിക്കുന്നു. എന്നിട്ട് അവര്‍ അവരുടെ ഹോമോസെക്ഷ്വല്‍ പങ്കാളിയുമായി ബന്ധം നിലനിര്‍ത്തിപ്പോകുന്നു. ഫ്രണ്ട്ഷിപ്പ് മാര്യേജ് എന്നത് തന്ത്രപരമായ നീക്കമാണ്. വിവാഹത്തിലൂടെ ലഭിക്കുന്ന നേട്ടങ്ങള്‍ ആഗ്രഹിച്ചാവും പല ഫ്രണ്ട്ഷിപ്പ് മാര്യേജുകളും നടക്കുന്നത്. എന്നിരുന്നാലും വിവാഹത്തെ കുറിച്ചുള്ള പതിവ് സങ്കൽപങ്ങളെ ഇത്തരം വിവാഹങ്ങള്‍ വെല്ലുവിളിക്കുന്നുണ്ട്'.
ചൂഷണമില്ലാത്ത ഏത് ബന്ധവും ആശയവും സാധാരണമാണ്
(അഡ്വ. ആശ ഉണ്ണിത്താന്‍ )
''ലോകത്തുടനീളം ഇത്തരം വിവാഹങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടുന്നുണ്ടാകാം. ലോകത്ത് വരുന്ന മാറ്റങ്ങള്‍ എല്ലായിടത്തും ഒരുപോലെ തന്നെയാണ്. ഭൂരിഭാഗം ആളുകളും പാരമ്പര്യത്തിന് പുറകെ പോകുമ്പോള്‍ അതില്‍ ചില പുരോഗമന ചിന്തകള്‍ പിന്തുടരുന്നവര്‍ ബന്ധങ്ങള്‍ക്ക് പുതിയ നിര്‍വചനം നല്‍കാന്‍ ആഗ്രഹിക്കുന്നു. ഡേറ്റിങ് ആപ്പ് ഉപയോഗിച്ച് ഒരാളെ കണ്ടുപിടിച്ച് കുടുംബത്തിന്റെ കണ്‍സെപ്റ്റിനോട് യോജിക്കുന്ന തരത്തിലാകുമ്പോൾ നിബന്ധനകള്‍ വെച്ച് വിവാഹം ചെയ്യുന്നവരും വിരളമല്ല. കേരളത്തില്‍ പണ്ട് പോളിഗമി, പോളി ആന്‍ഡ്രി എന്നത് വളരെ സാധാരണമായിരുന്നു. നാഗരിഗരായ ശേഷമാണ് മോണോഗമി സംഭവിച്ചത്. എന്നിരുന്നാലും ചൂഷണത്തിനിരയാകാതെ ഇരുന്നാല്‍ എല്ലാം സാധാരണമാണ്. ഇന്ത്യക്കാരുടെ ധാർമ്മികത എന്നത് ഭരണഘടനാപരമായ ധാർമ്മികതയാണ്. അതുകൊണ്ട് തന്നെ അതിനോടനുബന്ധമായി പരസ്പര സഹകരണത്തിലും മനസിലാക്കിയും മുന്നോട്ട് പോയാല്‍ എല്ലാ ബന്ധങ്ങളും സാധാരണമാവും. അതുകൊണ്ട് അവിടെ കള്ളത്തരങ്ങളൊന്നും ചെയ്യേണ്ട ആവശ്യമില്ല. ഇപ്പോഴുള്ള കൂടുതല്‍ വിവാഹമോചന കേസുകളും വരുന്നത് വിവാഹേതര ബന്ധങ്ങളെ മുന്‍ നിര്‍ത്തിയാണ്. ബന്ധത്തിലെ കൗതുകവും പ്രണയവും നിലനിര്‍ത്തി ബോറിങ്ങാകാതെ മുന്നോട്ട് പോയാല്‍ ഇത് സംഭവിക്കില്ല. എന്തിനേറെ പാട്രിയാര്‍ക്കി എന്നത് പുരുഷന്‍മാര്‍ പോലും വെറുത്ത് തുടങ്ങി. തങ്ങളുടെ പങ്കാളി സ്വയം പര്യാപ്തയായി ഇരിക്കാന്‍ പലരും ആഗ്രഹിക്കുന്നുണ്ട്. ഇത് പുരോഗമന മനോഭാവമാണ്. ഇതുപോലെ തന്നെ സാമ്പത്തികമായി മുകളില്‍ നില്‍ക്കുന്ന വ്യക്തികള്‍ ചെയ്യുന്ന പല കാര്യങ്ങളും താഴെ തട്ടിലുള്ള കുറേയേറെ ആളുകള്‍ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കാറുണ്ട്. ഇതിന് ഉത്തമ ഉദാഹരണമാണ് കേരളത്തിലെ മെഹന്‍ന്തി, ഹല്‍ദി പോലുള്ള ചടങ്ങുകള്‍. അതുപോലെ തന്നെയാണ് വിവാഹത്തിന്റെ ഈ പുതിയ പാറ്റേണ്‍ ഉള്‍ക്കൊള്ളുന്നതിലും. പുരുഷ മേധാവിത്വത്തെയും, വെര്‍ജിനിറ്റിയെയും പോലുള്ള പരമ്പരാഗത ചിന്തകളെ തകര്‍ത്തുകളയുന്ന തരത്തിലാണ് നിലവിലുള്ള ബന്ധങ്ങളുടെ ട്രെന്‍ഡ്''.
ഇന്നും വീട് വാടകയ്ക്ക് ലഭിക്കാന്‍ പങ്കാളികള്‍ വിവാഹിതരാകണമെന്ന ചട്ടകൂട് നിലനില്‍ക്കുന്ന സമൂഹത്തിൽ ഫ്രണ്ട്ഷിപ്പ് മാര്യേജ് പോലുള്ള വൈവാഹിക ബന്ധങ്ങള്‍ പലർക്കും ഗുണകരമാണ്. ലൈംഗികതയോട് യോജിപ്പില്ലാത്ത അസെക്ഷ്വലായ വ്യക്തികള്‍ക്ക് ഒരു വിവാഹത്തില്‍ ഏര്‍പ്പെട്ട് ആര്‍ട്ടിഫിഷ്യല്‍ ഇന്‍സെമിനേഷന്‍ വഴി കുട്ടികളുണ്ടാവാന്‍ ഈ ബന്ധങ്ങൾ ഒരു പരിധിവരെ സഹായിക്കും. ഇത്തരത്തില്‍ വിവാഹം കഴിക്കാതെ ഗത്യന്തരമില്ലാതെയുള്ളവര്‍ക്ക് ഫ്രണ്ട്ഷിപ്പ് മാര്യേജ് ഒരുതരം പരീക്ഷണമാണ്. സിംഗിള്‍ പാരന്റിങ്ങിന് സാധിക്കാത്ത വ്യക്തികള്‍ക്ക് കുട്ടികളെ ദത്തെടുക്കുന്നതിനും സൗഹൃദ വിവാഹം ശരിയായ മാര്‍ഗമായി പറയാം. വിവാഹത്തിന്റെ മറ്റൊരു നിര്‍വചനമായി സുഹൃത്ത് ബന്ധത്തെ മാറ്റുന്ന തരത്തില്‍ വിവാഹത്തിന്റെ എല്ലാ തരം ആനുകൂല്യങ്ങളും നിലനിര്‍ത്തിക്കൊണ്ട് ഫ്രണ്ട്ഷിപ്പ് മാര്യേജ് പ്രോത്സാഹിപ്പിക്കുന്നത് മാറുന്ന സമൂഹത്തിന്റെ മാറ്റത്തിനോടൊപ്പം കൂട്ടി ചേര്‍ക്കപ്പെടേണ്ടതാണ്...
Content Highlights: what is friendship marriage relevance in today's society
Published: 01 Jun 2024, 04:30 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented