സ്ത്രീകള്‍ പ്രായമാകുമ്പോള്‍ പെട്ടെന്ന് കൂടുതല്‍ ലൈംഗിക താല്പര്യമുള്ളവരാകുന്നു എന്നല്ല, പ്രായവും അനുഭവസമ്പത്തും നല്കുന്ന ആത്മവിശ്വാസം കൊണ്ട് സ്വന്തം ആഗ്രഹങ്ങള്‍ തുറന്നുപറയാന്‍ പ്രാപ്തരാകുന്നു

മധ്യവയസ്സിലേക്ക് കടക്കുന്നതോടെ സ്ത്രീയുടെ ലൈംഗിക താല്പര്യങ്ങൾ അവസാനിക്കുമെന്ന പൊതുധാരണയെ കാറ്റിൽപ്പറത്തുന്ന പുതിയ പഠന റിപ്പോർട്ട് പുറത്ത്. ഡേറ്റിംഗ് പ്ലാറ്റ്ഫോമായ ആഷ്ലി മാഡിസണും ആഗോള ഡാറ്റാ അനലിറ്റിക്സ് സ്ഥാപനമായ യുഗോവും (YouGov) ചേർന്ന് നടത്തിയ പുതിയ സർവേയിലാണ് ലൈംഗികതയുടെ മികച്ച പ്രായം നാൽപതുകളാണെന്ന് കണ്ടെത്തിയിരിക്കുന്നത്. സർവേയിൽ പങ്കെടുത്ത 45 ശതമാനം സ്ത്രീകളും ലൈംഗികതയുടെ മികച്ച ഘട്ടം ആരംഭിക്കുന്നത് 40 വയസ്സിലോ അതിനുശേഷമോ ആണെന്ന് അഭിപ്രായപ്പെട്ടു. മധ്യവയസ്സിലേക്ക് കടക്കുമ്പോൾ താല്പര്യങ്ങൾ കുറയുന്നതിന് പകരം കൂടുതൽ ആത്മവിശ്വാസവും ജിജ്ഞാസയും സ്വന്തം ശരീരത്തെക്കുറിച്ചുള്ള കൃത്യമായ അവബോധവുമാണ് ലഭിക്കുന്നതെന്ന് സ്ത്രീകൾ സാക്ഷ്യപ്പെടുത്തുന്നു.
885 സ്ത്രീകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സർവേയാണ് ആഷ്ലി മാഡിസൺ നടത്തിയത്. ഇതിനുപുറമേ 11 രാജ്യങ്ങളിലായി 13,597 മുതിർന്ന വ്യക്തികൾക്കിടയിൽ യുഗോവ് നടത്തിയ സമഗ്ര സർവേയുടെ വിവരങ്ങളും പഠനവിധേയമാക്കി. സർവേയിൽ പങ്കെടുത്ത 45% സ്ത്രീകളും 40 വയസ്സിലോ അതിനുശേഷമോ ആണ് തങ്ങളുടെ ലൈംഗിക ജീവിതം ഏറ്റവും മികച്ച ഘട്ടത്തിലെത്തിയതെന്നു രേഖപ്പെടുത്തി.
ആദ്യഘട്ടത്തിലെ ബന്ധങ്ങളിൽ സ്വന്തം ലൈംഗിക താല്പര്യങ്ങൾക്കോ സന്തോഷത്തിനോ മുൻഗണന ലഭിച്ചിരുന്നില്ലെന്ന് 39% സ്ത്രീകൾ വെളിപ്പെടുത്തി. 25-34 വയസ്സുള്ള സ്ത്രീകളിൽ 48% പേർ ബന്ധങ്ങളിൽ സ്വന്തം താല്പര്യങ്ങൾക്ക് പ്രാധാന്യം ലഭിച്ചതായി പറയുന്നുണ്ട്. പങ്കാളിയുമായുള്ള ദാമ്പത്യ ബന്ധത്തിനുള്ളിൽ സ്വന്തം യഥാർത്ഥ ലൈംഗിക താല്പര്യങ്ങൾ വെളിപ്പെടുത്താനോ പരീക്ഷിക്കാനോ ഒരിക്കലും കഴിഞ്ഞിട്ടില്ലെന്ന് സർവേയിൽ പങ്കെടുത്ത അഞ്ചിലൊന്ന് സ്ത്രീകൾ (20%) തുറന്നുപറഞ്ഞു. മധ്യവയസ്സിലെത്തുന്ന സ്ത്രീകൾ ആഗ്രഹങ്ങളിൽനിന്ന് പിൻവാങ്ങുകയല്ല, മറിച്ച് തങ്ങളുടെ ആഗ്രഹങ്ങളെ മടിയില്ലാതെ തുറന്നുപറയാൻ തുടങ്ങുകയാണ് ചെയ്യുന്നതെന്നു വ്യക്തമാക്കുന്ന ഡേറ്റയാണ് സർവേ റിപ്പോർട്ട് നൽകുന്നത്.
എന്തുകൊണ്ട് 40-ന് ശേഷം ഈ മാറ്റം?
വർഷങ്ങളോളം കുടുംബം, കുട്ടികളുടെ സംരക്ഷണം, ജോലി, സമൂഹത്തിന്റെ പ്രതീക്ഷകൾ എന്നിവയ്ക്കനുസരിച്ച് ജീവിച്ചുതീർക്കുന്ന സ്ത്രീകൾ മധ്യവയസ്സിലെത്തുമ്പോൾ സ്വന്തം വ്യക്തിത്വത്തെക്കുറിച്ചും ആഗ്രഹങ്ങളെക്കുറിച്ചും കൂടുതൽ വ്യക്തത കൈവരിക്കുന്നു.
വർധിച്ച ആത്മവിശ്വാസവും ഭയമില്ലായ്മയും
യൗവനകാലത്ത് സ്വന്തം ശരീരത്തിന്റെ ബാഹ്യസൗന്ദര്യത്തെക്കുറിച്ചും മറ്റുള്ളവരുടെ അഭിപ്രായങ്ങളെക്കുറിച്ചും സ്ത്രീകൾ കൂടുതൽ ആകുലപ്പെട്ടിരുന്നു. എന്നാൽ, 40 പിന്നിടുമ്പോൾ അപകർഷതാബോധത്തെ ഇവർ മറികടക്കുന്നുണ്ട്. ഒപ്പം സ്വന്തം ശരീരത്തെ അതേപടി അംഗീകരിക്കാനും സ്‌നേഹിക്കാനും ഇവർ പഠിക്കുന്നു. അതുപോലെ സ്വന്തം ആഗ്രഹങ്ങൾ എന്താണെന്ന് കൃത്യമായി മനസ്സിലാക്കാനും അത് പങ്കാളിയോട് തുറന്നുപറയാനും ഇവർ മടിക്കുന്നില്ല.
സ്വന്തം സന്തോഷത്തിന് മുൻതൂക്കം
മറ്റൊരാളെ സന്തോഷിപ്പിക്കാനോ ആകർഷിക്കാനോ ഉള്ള ശ്രമങ്ങൾക്കപ്പുറം സ്വന്തം സന്തോഷത്തിന് പ്രാധാന്യം നൽകുന്ന ഘട്ടമാണിത്. കുടുംബത്തിന് വേണ്ടി ജീവിക്കുന്നതിന് പകരം സ്വന്തം സന്തോഷങ്ങൾക്ക് പ്രാധാന്യം നൽകിത്തുടങ്ങുന്ന പ്രായമാണിത്. സ്വാഭാവികമായും സ്വന്തം ആനന്ദം ലൈംഗികതയുടെ പ്രധാന കേന്ദ്രബിന്ദുവായി മാറുമെന്ന് റിലേഷൻഷിപ്പ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
ജീവിതത്തിലെ പുതിയ തുടക്കങ്ങൾ
വിവാഹമോചനം പോലെയുള്ള വലിയ ജീവിതമാറ്റങ്ങൾക്ക് ശേഷമുള്ള കാലഘട്ടവും സ്ത്രീകളിൽ പുതിയ തിരിച്ചറിവുകൾ ഉണ്ടാക്കുന്നുണ്ട്. ദീർഘകാല ബന്ധങ്ങളിൽനിന്ന് പുറത്തുവരുന്നവർ സ്വന്തം സ്വാതന്ത്ര്യത്തെ വീണ്ടും കണ്ടെത്താനും മുൻപ് തുറന്നുപറയാൻ കഴിയാതിരുന്ന താല്പര്യങ്ങൾ പരീക്ഷിക്കാനും തയ്യാറാകുന്നു.
സിനിമകളുടെ സ്വാധീനം
സാമൂഹിക മാധ്യമങ്ങളിലും സിനിമകളിലും സാഹിത്യത്തിലും മധ്യവയസ്‌കരായ സ്ത്രീകളുടെ ആഗ്രഹങ്ങൾക്ക് കൃത്യമായ ഇടം ലഭിച്ചു തുടങ്ങിയിട്ടുണ്ട്. മുൻകാലങ്ങളിൽ ഇത്തരം ചർച്ചകൾ രഹസ്യമായി മാത്രം സൂക്ഷിച്ചിരുന്നെങ്കിൽ ഇന്ന് പൊതുസമൂഹത്തിൽ തുറന്ന ചർച്ചകൾക്ക് വഴിതുറക്കുന്നുണ്ട്.
ലൈംഗികതയ്ക്ക് 'എക്‌സ്പയറി ഡേറ്റ്'
ഈ സർവേ ഫലം വ്യക്തമാക്കുന്നത് സ്ത്രീകൾ പ്രായമാകുമ്പോൾ പെട്ടെന്ന് കൂടുതൽ ലൈംഗിക താല്പര്യമുള്ളവരാകുന്നു എന്നല്ല, മറിച്ച് പ്രായവും അനുഭവസമ്പത്തും നൽകുന്ന ആത്മവിശ്വാസം കൊണ്ട് സ്വന്തം ആഗ്രഹങ്ങൾ തുറന്നുപറയാൻ പ്രാപ്തരാകുന്നു എന്നാണ്. ജീവിതദൈർഘ്യം വർധിക്കുകയും ആധുനിക വൈദ്യശാസ്ത്രത്തിന്റെ സഹായത്തോടെ ആരോഗ്യപരിപാലനം സുഗമമാകുകയും ചെയ്ത ഇന്നത്തെ കാലഘട്ടത്തിൽ, മുപ്പതുകളിൽ അവസാനിക്കാത്ത സുദീർഘമായ ലൈംഗിക ജീവിതം സ്ത്രീകൾക്ക് മുന്നിലുണ്ടെന്നാണ് സർവേ വ്യക്തമാക്കുന്നത്.
Content Highlights: 45% of surveyed women stated their sex life is best at or after 40., Increased confidence, body positivity, and self-awareness drive this change in midlife., Women in their 40s are more vocal and open about their desires compared to their younger years.
Published: 14 Sept 2026, 11:20 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented