“ഒരു റീൽ ഇടുമ്പോൾ എത്ര ലൈക്ക് കിട്ടും?” ഇന്ന് ദിനചര്യയിൽ പതിവായി ഉയരുന്ന ചോദ്യമാണിത്. ജീവിതത്തിലെ ചെറിയ അനുഭവങ്ങൾ പോലും ആദ്യം കാണുന്നത് ക്യാമറയിലൂടെ. ഒരു കാപ്പി കുടിക്കുന്നത് പോലും ‘സ്റ്റോറി’ ആക്കുമ്പോൾ, അനുഭവം ആസ്വദിക്കേണ്ട സമയം എവിടെയോ നഷ്ടമാകുന്നു.
റീൽ ലൈഫ് — അതായത് സോഷ്യൽ മീഡിയയിൽ നാം നിർമ്മിക്കുന്ന ജീവിതം — യഥാർത്ഥ ജീവിതത്തെ മറികടക്കുകയാണോ? എന്ന് ചിന്തിക്കാം.
ലൈക്കുകളുടെ മനശ്ശാസ്ത്രം
ഇൻസ്റ്റാഗ്രാം, യൂട്യൂബ് പോലുള്ള പ്ലാറ്റ്ഫോമുകൾ യുവാക്കൾക്ക് സ്വയം പ്രകടിപ്പിക്കാനുള്ള വേദിയാണ്. കല, പാചകം, ഡാൻസ്, ടെക് റിവ്യൂ — എല്ലാം ഒരു ക്ലിക്കിൽ ലോകം കാണും. പക്ഷേ, ഈ വേദി ഒരു താരതമ്യ യുദ്ധഭൂമിയായി മാറിക്കൊണ്ടിരിക്കുന്നു. സുഹൃത്തിന്റെ വിദേശ യാത്ര, മറ്റൊരാളുടെ സോ കോൾഡ് ‘പെർഫക്റ്റ്’ ബോഡി, ആഘോഷ ചിത്രങ്ങൾ, പുതിയ കാറും പുതിയ ജോലിയും ഇവയെല്ലാം തുടർച്ചയായി കാണുമ്പോൾ, സ്വന്തം ജീവിതം ‘മതി വരാത്തത്’ പോലെ തോന്നുന്നു. ഇതിനെ സോഷ്യൽ കമ്പാരിസൺ എന്നാണ് വിളിക്കുന്നത്. മറ്റൊരാളുടെ ഹൈലൈറ്റ് മോമന്റുകളെ നമ്മുടെ സാധാരണ ദിവസങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ, ആത്മവിശ്വാസം പതുക്കെ കുറയുന്നു.
ഫിൽറ്ററുകളുടെ ലോകം, യാഥാർത്ഥ്യത്തിന്റെ മങ്ങൽ
ഫിൽറ്ററുകൾ മുഖത്തെ മാറ്റുമ്പോൾ, അത് മനസിനെയും സ്വാധീനിക്കുന്നു.
ഫിൽറ്റർ ഇല്ലാതെ ഫോട്ടോ പോസ്റ്റ് ചെയ്യാൻ മടിയാണ് പലർക്കും. ‘പെർഫക്റ്റ്’ സ്കിൻ, ‘പെർഫക്റ്റ്’ ബോഡി — ഇതെല്ലാം സ്വപ്നം കാണുന്നതാണ് ഇന്നത്തെ ട്രെൻഡ്. റീലുകളിൽ അത് സാധാരണയായി കാണപ്പെടുന്നു. അതുകൊണ്ട് തന്നെ ജീവിതം പലരും ആഗ്രഹിച്ച് പോകുന്നു.
ഈ പ്രവണത ശരീരബോധ പ്രശ്നങ്ങൾക്കും, സ്വയം അപമാനത്തിനും വഴിയൊരുക്കുന്നു. ചിലർക്ക് അത് ഭക്ഷണ ശീലങ്ങളിലും, ഉറക്ക രീതികളിലും, ബന്ധങ്ങളിലും പ്രതിഫലിക്കുന്നു.
ഇൻഫ്ലുവൻസർ സംസ്കാരം: പുതിയ കരിയറോ പുതിയ സമ്മർദ്ദമോ?
ഇന്ന് നിരവധി യുവാക്കൾക്ക് ‘ഇൻഫ്ലുവൻസർ’ ആകുന്നത് സ്വപ്ന കരിയറാണ്. ഒരു വൈറൽ വീഡിയോ ജീവിതം മാറ്റുമെന്ന വിശ്വാസം പലരെയും തുടർച്ചയായ കണ്ടന്റ് ക്രിയേഷനിലേക്ക് എത്തിപ്പെടുന്നു. എന്നാൽ, ഈ രംഗം അനിശ്ചിതത്വം നിറഞ്ഞതാണ്.
ഇന്നത്തെ വൈറൽ നാളെ മറക്കപ്പെടാം
നെഗറ്റീവ് കമന്റുകൾ മാനസികമായി ബാധിക്കാം, സ്വകാര്യത നഷ്ടപ്പെടാം, ഒരു വീഡിയോയ്ക്ക് ആയിരങ്ങൾ ലൈക്ക് നൽകിയാലും, ഒരു നെഗറ്റീവ് കമന്റ് പലപ്പോഴും കൂടുതൽ ദൈർഘ്യം മനസിൽ നിലനിൽക്കും.
‘എന്തോ നഷ്ടപ്പെടുന്നു’ എന്ന ഭയം
FOMO (Fear of Missing Out) ഇന്ന് അധികം കാണപ്പെടുന്നു. സുഹൃത്തുക്കളുടെ പാർട്ടി, ട്രിപ്പ്, റിലേഷൻഷിപ്പ് അപ്‌ഡേറ്റുകൾ കാണുമ്പോൾ, “എന്റെ ജീവിതത്തിൽ എന്താണ് നടക്കുന്നത്?” എന്ന ചോദ്യമുയരും. ഇത് ചിലപ്പോൾ അനാവശ്യ ചെലവുകൾക്കും, സമ്മർദ്ദത്തിലൂടെ തീരുമാനങ്ങൾ എടുക്കാനും, ഏകാന്തതയ്ക്കും വഴിവെക്കുന്നു.
മാനസികാരോഗ്യത്തിന്റെ മൗനസങ്കടം
പല യുവാക്കൾക്കും സോഷ്യൽ മീഡിയ ‘കണക്ഷൻ’ നൽകുമ്പോൾ, ചിലർക്കത് ‘അകലം’ സൃഷ്ടിക്കുന്നു. ഓൺലൈൻ ലോകത്ത് നൂറുകണക്കിന് ഫോളോവേഴ്സ് ഉണ്ടെങ്കിലും, ഓഫ്‌ലൈൻ ജീവിതത്തിൽ സംസാരിക്കാൻ ഒരാൾ പോലും ഇല്ലാത്ത അവസ്ഥ വരാം. നിരന്തരമായ ഡിജിറ്റൽ ഉപയോഗം ഉറക്കക്കുറവ്, ഉത്കണ്ഠ, വിഷാദം, ആത്മവിശ്വാസക്കുറവ് ഇവയ്ക്ക് വഴിയൊരുക്കാൻ സാധ്യതയുണ്ട്.
ഡിജിറ്റൽ ഡിറ്റോക്സ്: പരിഹാരമോ?
ചില യുവാക്കൾ സ്വമേധയാ സോഷ്യൽ മീഡിയയിൽ നിന്ന് ഇടവേള എടുക്കുന്നു. ഒരു ആഴ്ചയുടെ ബ്രേക്ക് പോലും ചിലർക്കു നൽകുന്നത് കൂടുതൽ ഏകാഗ്രത, കൂടുതൽ ഉറക്കം, ലൈവ് സംഭാഷണം എന്നിവ സാധ്യമാക്കുന്നു. എന്നാൽ പൂർണ്ണമായ ഒഴിവാക്കൽ പ്രായോഗികമല്ല. അതിനാൽ ആവശ്യമാണ് ബോധപൂർവമായ ഉപയോഗം. സമയപരിധി നിശ്ചയിക്കുക, ഉറങ്ങുന്നതിന് മുമ്പ് സ്ക്രീൻ ഒഴിവാക്കുക, ഫോളോ ചെയ്യുന്ന അക്കൗണ്ടുകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കുക, നെഗറ്റീവ് സ്വാധീനം ഉണ്ടാക്കുന്ന കണ്ടന്റ് ഒഴിവാക്കുക
മാതാപിതാക്കളും അധ്യാപകരും: പങ്ക് എന്ത്?
സോഷ്യൽ മീഡിയയെ നിരോധിക്കുന്നത് പരിഹാരമല്ല. കമ്മ്യൂണിക്കേഷൻ തന്നെയാണ് പ്രധാന ആയുധം.യുവാക്കൾക്ക് അവരുടെ അനുഭവങ്ങൾ തുറന്നു പറയാൻ ഇടം നൽകണം. സ്കൂളുകളിലും കോളേജുകളിലും ഡിജിറ്റൽ ലിറ്ററസി, മാനസികാരോഗ്യ ബോധവത്കരണം എന്നിവ ഉൾപ്പെടുത്തണം.
റീൽ ലൈഫ് vs റിയൽ ലൈഫ്: യഥാർത്ഥ തിരഞ്ഞെടുപ്പ്
റീൽ ലൈഫ് ഫാന്റസി ലോകമാണ്. എഡിറ്റുചെയ്ത നിമിഷങ്ങൾ, തിരഞ്ഞെടുക്കപ്പെട്ട സന്തോഷങ്ങൾ മാത്രമാണ്. റിയൽ ലൈഫ് അസംപൂർണ്ണമാണ് പക്ഷേ അതാണ് യഥാർത്ഥ്യം.ലൈക്കുകൾ താൽക്കാലികമാണ് അതിനോടൊപ്പം ഫോളോവേഴ്സ് മാറിക്കൊണ്ടിരിക്കും. എന്നാൽ ആത്മമൂല്യം, ബന്ധങ്ങൾ, അനുഭവങ്ങൾ — ഇവയാണ് ദീർഘകാലം നിലനിൽക്കുന്നത്.
ഇവിടെ ഉയരുന്ന വെല്ലുവിളി സോഷ്യൽ മീഡിയ ഉപേക്ഷിക്കുക എന്നല്ല; അതിനെ നിയന്ത്രിക്കുക എന്നതാണ്.
റീൽ ഉണ്ടാക്കാം... പക്ഷേ, റിയൽ ജീവിതം നഷ്ടപ്പെടാതെ തന്നെ..
Content Highlights: Analyzes the psychological impact of 'likes' and social comparison on youth., Discusses body image issues and self-esteem problems caused by filters and influencer culture., Highlights mental health challenges like FOMO, anxiety, and depression linked to social media., Offers practical solutions, including digital detox and conscious media consumption.
Published: 11 Mar 2026, 02:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented