“നിനക്ക് എന്താ പ്രശ്നം? ഇത്രയും ഓവർതിങ്ക് ചെയ്യേണ്ട കാര്യമില്ല…”
“സ്ട്രോങ് ആകണം… എല്ലാം മനസിന്റെയാണ്…”
കേരളത്തിലെ പല യുവാക്കൾക്കും കേട്ടിട്ടുള്ള സാധാരണ വാക്കുകളാണ് ഇവ. പക്ഷേ, ഈ വാക്കുകളുടെ പിന്നിൽ ഒളിഞ്ഞിരിക്കുന്ന ഒരു വലിയ പ്രശ്നം പലപ്പോഴും കാണാതെ പോകുന്നു. മാനസികാരോഗ്യത്തെക്കുറിച്ചുള്ള നിശബ്ദത തന്നെയാണത്. കേരളം പല കാര്യങ്ങളിലും മുന്നിലാണ് എന്ന് നമ്മൾ അഭിമാനത്തോടെ പറയാറുണ്ട്. സാക്ഷരത, ആരോഗ്യം, സാമൂഹിക പുരോഗതി എന്നിങ്ങനെ നീളുന്നു ആ നിര. പക്ഷേ, ഒരു ചോദ്യമുണ്ട് മാനസിക ആരോഗ്യം ശ്രദ്ധിക്കുന്ന കാര്യത്തിൽ എവിടെയാണ് എത്തി നിൽക്കുന്നതെന്ന്. ശരീരത്തിന് രോഗം വന്നാൽ ഡോക്ടറെ കാണുന്ന പലരും മാനസിക ബുദ്ധിമുട്ടുകൾ നിസ്സാരമായി തള്ളികളയുന്നു. മനസ്സിന് ബുദ്ധിമുട്ട് അനുഭവപ്പെടുമ്പോൾ അത് തുറന്നു പറയാനും സഹായം തേടാനും പലർക്കും ഇന്നും മടിയാണ്.
“പ്രശ്നങ്ങൾ എല്ലാർക്കും ഉണ്ടാകും” “സഹിച്ചാൽ മതി” എന്നൊക്കെ തട്ടിവിട്ട് പോകുന്ന പ്രവണത പലപ്പോഴും ആത്മഹത്യയുടെ വക്കിൽ വരെ കൊണ്ടെത്തിക്കാറുണ്ട്. എല്ലാവരും അങ്ങനെ ആവണമെന്നല്ല. എന്നിരുന്നാലും പലപ്പോഴും ഇത് സംഭവിക്കാറുണ്ട്.
തെറാപ്പി എന്ന വാക്ക് കേൾക്കുമ്പോൾ തന്നെ സമൂഹത്തിൽ പല തെറ്റിദ്ധാരണകളും ഉയരുന്നുണ്ട്. “അവൻ തെറാപ്പിസ്റ്റിനെ കാണുന്നുണ്ട്” എന്നൊരു വാക്ക് പലപ്പോഴും സഹാനുഭൂതിയേക്കാൾ കൂടുതൽ സംശയത്തോടെയാണ് കാണപ്പെടുന്നത്. തെറാപ്പി എന്നത് ഗുരുതരമായ മാനസിക രോഗങ്ങൾക്കുള്ള ചികിത്സ മാത്രമാണെന്ന ധാരണ ഇന്നും ശക്തമാണ്. എന്നാൽ, യാഥാർത്ഥ്യത്തിൽ തെറാപ്പി സുരക്ഷിതമായ ഇടം ആണ്. മനസ്സിലുള്ള ചിന്തകളും ആശങ്കകളും ഭയങ്ങളും തുറന്നു പറയാൻ കഴിയുന്ന ഒരിടം.
കേരളത്തിലെ കുടുംബങ്ങൾ ഇമോഷണൽ ബോണ്ടിങ്ങിൽ ശക്തമാണെന്നു പറയാം. പക്ഷേ, ഇമോഷണൽ എക്സ്പ്രഷനിൽ എത്രത്തോളം ശക്തമാണെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. പല വീടുകളിലും വികാരങ്ങൾ തുറന്ന് പറയുന്നത് പ്രോത്സാഹിപ്പിക്കാറില്ല.
“ഇത് ചെറിയ കാര്യമല്ലെ”
“നിനക്കൊരു പ്രശ്നവുമില്ല” എന്നൊക്കെ പറയുന്നത് പിന്തുണയായി തോന്നിയാലും ശരിക്കും ഒരു അടിച്ചമർത്തലുകളായി ഇത് മാറുന്നു. സമൂഹത്തിന്റെ കണ്ണിൽ അവൻ തെറാപ്പിക്ക് പോകുന്നുണ്ട് എന്ന് പറയുന്നത് അയാൾ നോർമൽ അല്ല എന്നൊരു ചിന്ത ഉയർത്തുന്നു. ഇത് ഒരു തരം ജഡ്ജ്മെന്റാണ്. സ്റ്റിഗ്മ എന്ന് പറയുന്നതിലുപരി ഒരു തരം സാമൂഹിക ഭയം എന്ന് പറയുന്നതാണ് ഉചിതം. ആളുകൾ എന്ത് ചിന്തിക്കുമെന്ന ഭയവും സഹായം തേടാനുള്ള ആദ്യ പടിയിൽ തന്നെ തടസം സൃഷ്ടിക്കുന്നു.
ഡിജിറ്റൽ ജീവിതവും ഈ പ്രശ്നത്തെ കൂടുതൽ സങ്കീർണ്ണമാക്കുന്നു. സോഷ്യൽ മീഡിയയിൽ മറ്റുള്ളവരുടെ ജീവിതത്തിലെ മികച്ച നിമിഷങ്ങൾ മാത്രം കാണുമ്പോൾ, നമ്മൾ നമ്മളെ അവരുമായി താരതമ്യം ചെയ്യാൻ തുടങ്ങുന്നു. ഈ താരതമ്യം ചെയ്യൽ പതിയെ പതിയെ ഉത്കണ്ഠയിലേക്കും സ്വയം പരിശോധനയിലേക്കും എത്തിക്കുന്നു. എന്നാൽ, ഇതേ സോഷ്യൽ മീഡിയ തന്നെ മാനസിക ആരോഗ്യത്തെക്കുറിച്ചുള്ള ബോധവത്കരണം വർധിപ്പിക്കുന്ന പ്ലാറ്റ്ഫോമായും മാറിയിട്ടുണ്ട്.
യുവതലമുറയിൽ ഒരു മാറ്റം വ്യക്തമായി കാണാം. അവർ മാനസിക ആരോഗ്യത്തെക്കുറിച്ച് കൂടുതൽ തുറന്നാണ് സംസാരിക്കുന്നത്. തെറാപ്പിയെക്കുറിച്ചുള്ള അംഗീകാരം കൂടി വരുന്നു. “It’s okay to not be okay” എന്ന ആശയം പതിയെ പതിയെ അവരുടെ ജീവിതത്തിൽ സ്ഥാനം പിടിക്കുന്നു. എന്നാൽ, ഈ തുറന്ന് പറച്ചിലുകൾ കൂടുതലായി ഓൺലൈൻ ഇടങ്ങളിൽ മാത്രമാണോ എന്ന ചോദ്യവും നിലനിൽക്കുന്നു.
കേരളത്തിൽ തെറാപ്പിയുടെ പ്രായോഗിക പ്രശ്നങ്ങളും അവഗണിക്കാനാകില്ല. എല്ലാ സ്ഥലങ്ങളിലും പ്രൊഫഷണലുകൾ ലഭ്യമല്ല. ചിലർക്കിത് സാമ്പത്തികമായി കൈകാര്യം ചെയ്യാനും ബുദ്ധിമുട്ടാണ്. ഇതുകൊണ്ട് തന്നെ തെറാപ്പി പലർക്കും ഒരു ബുദ്ധിമുട്ടായി മാറുന്നു.
ഇതിനൊപ്പം, സെൽഫ് കെയർ എന്ന ആശയം യുവാക്കൾക്കിടയിൽ കൂടുതൽ പ്രചാരത്തിലുണ്ട്. ജേണലിങ്, മെഡിറ്റേഷൻ, ഡിജിറ്റൽ ഡിട്ടോക്സ് തുടങ്ങിയ രീതികൾ പലർക്കും സഹായകരമാണ്. എന്നാൽ, ഇവ തെറാപ്പിയുടെ പകരമാകുന്നില്ല. ചില സാഹചര്യങ്ങളിൽ പ്രൊഫഷണൽ ഹെൽപ് അത്യാവശ്യമാണെന്ന തിരിച്ചറിവ് സമൂഹത്തിൽ കൂടുതൽ വ്യാപിക്കേണ്ടതുണ്ട്.
തെറാപ്പിയെക്കുറിച്ച് ഇന്നും പല തെറ്റിദ്ധാരണകൾ നിലനിൽക്കുന്നുണ്ട്. കടുത്ത മാനസിക പ്രശ്നങ്ങൾ ഉള്ളവർ മാത്രമാണ് ഇതിന് പോകേണ്ടത്. അവിടെ ചെന്ന് കഴിഞ്ഞാൽ ജീവിതകാലം മുഴുവൻ മരുന്ന് കഴിക്കേണ്ടി വരും. ഒട്ടും അറിയാത്ത ഒരു വ്യക്തിയോട് എങ്ങനെ തുറന്ന് സംസാരിക്കുമെന്ന ചിന്തയെല്ലാം നിലനിൽക്കുന്നുണ്ട്. ഇത് ശരിയല്ല. തെറാപ്പി ഒരു സ്ട്രക്ചേഡ് കോൺവർസേഷനാണ്. സ്വയം പരിശോധിക്കാൻ അവസരമൊരുന്നു. ഫിക്സ് ചെയ്യുക എന്നതിലുപരി ഇത് ലക്ഷ്യം വെക്കുന്നത് മനസിലാക്കുക എന്നുള്ളതാണ്.
മനസ്സിന്റെ ആരോഗ്യത്തെക്കുറിച്ച് തുറന്നു സംസാരിക്കാൻ തുടങ്ങുമ്പോഴാണ് ഈ മാറ്റം വേഗത്തിലാകുക. ഒരാൾ തന്റെ അനുഭവങ്ങൾ പങ്കുവെക്കുമ്പോൾ, മറ്റൊരാൾക്കും അതിന് ധൈര്യം ലഭിക്കുന്നു. ഇത്തരത്തിലുള്ള ചെറിയ സംഭാഷണങ്ങളാണ് വലിയ സാമൂഹിക മാറ്റങ്ങൾക്ക് വഴിയൊരുക്കുന്നത്.
ശരീരത്തിന് നാം കൊടുക്കുന്ന പ്രാധാന്യം പോലെ തന്നെ, മനസ്സിനും പരിഗണന നൽകാൻ പഠിക്കേണ്ട സമയമാണ് ഇത്. സഹായം തേടുന്നത് ദൗർബല്യമല്ല, മറിച്ച് അത് ഒരാളുടെ ബോധപൂർവ്വമായ ശക്തിയെ സൂചിപ്പിക്കുന്നു.
Content Highlights: Mental health is as critical as physical health in 2026., Therapy is a safe space for self-reflection, not just for severe disorders., Social stigma and fear of judgment remain barriers to seeking help., Self-care practices like journaling are helpful but do not replace professional therapy., Open conversations are the first step toward significant societal change.
Published: 07 Apr 2026, 03:43 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented