
പിറന്നാളുകളും സര്‍പ്രൈസുകളും ജീവിതത്തില്‍ വലിയ ആഘോഷമാണ് അമേയയ്ക്ക്. എന്നാല്‍ നേരെ തിരിച്ചാണ് അവിനാശ്. സ്വന്തം പിറന്നാള്‍ പോലും ആരെങ്കിലും ഓര്‍മ്മിപ്പിക്കണം. ആഘോഷങ്ങള്‍ ഒരുക്കിക്കൊടുക്കണം. അതൊന്നും വലിയ അജണ്ടയല്ല നിത്യജീവിതത്തില്‍. ഇവര്‍ തമ്മില്‍ പ്രണയിച്ചാല്‍ എന്താകും അവസ്ഥ. തീരേ ചേരാത്ത രണ്ട് പേര്‍ പ്രണയിക്കുന്ന സ്റ്റൈലും വേറെ തന്നെയായിരിക്കും. അവിനാശിന്റെ പിറന്നാള്‍ അമേയ ആര്‍ഭാടപൂര്‍വം ആഘോഷിക്കുമ്പോള്‍ അവള്‍ക്ക് പിറന്നാളിന് തിരിച്ചുകിട്ടുന്നത് രണ്ട് വാക്കിലൊതുങ്ങുന്ന ഒരു ആശംസ മാത്രം. എന്തുകൊണ്ടാണ് ഇങ്ങനെ, എന്തുകൊണ്ട് അവിനാശ് തന്നെ പോലെയായില്ല എന്ന അമേയയുടെ ചോദ്യത്തിനുള്ള ഉത്തരം ഒരു സിദ്ധാന്തമാണ്.
പ്രണയത്തിന്റെ സൈക്കോളജി എന്നും ജിജ്ഞാസയെ ഉണര്‍ത്തുന്ന തരത്തിലാണുള്ളത്. പക്ഷേ എപ്പോഴെങ്കിലും എത്തരത്തിലാണ് സ്‌നേഹം പ്രകടിപ്പിക്കുന്നത് അല്ലെങ്കില്‍ തിരിച്ചു കിട്ടുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന റൊമാന്റിക്ക് ബന്ധങ്ങള്‍ എത്തരത്തിലായിരിക്കുമെന്ന് ആശ്ചര്യപ്പെട്ടിട്ടുണ്ടോ? ഇതിനെല്ലാം ഉത്തരം കണ്ടുപിടിക്കുന്നത് ഒരു ടാസ്‌ക്കാണ്. പല തരത്തിലുള്ള സിദ്ധാന്തങ്ങളാണ് ഈ വിഷയത്തെ ചുറ്റിപ്പറ്റി അവതരിപ്പിച്ചിട്ടുള്ളത്. അതില്‍ പ്രധാനപ്പെട്ടൊന്നാണ് കളര്‍ വീല്‍ തിയറി ഓഫ് ലൗ.
കനേഡിയന്‍ സൈക്കോളജിസ്റ്റായ ജോണ്‍ അലന്‍ ലീ-യാണ് ആറ് തരത്തിലുള്ള ലൗവ് സ്‌റ്റൈലുകളുണ്ടെന്ന് പ്രതിപാദിച്ചത്. അദ്ദേഹത്തിന്റെ ഈ തിയറിയെ കളര്‍ വീല്‍ തിയറി ഓഫ് ലൗ' എന്നാണ് വിളിക്കുന്നത്. ലാറ്റിന്‍ ഗ്രീക്ക് വാക്കുകളെ കൂട്ടുപിടിച്ചാണ് ഈ സിദ്ധാന്തം ഉരുത്തിരിഞ്ഞിരിക്കുന്നത്. ആളുകള്‍ വ്യത്യസ്ത തരത്തിലാണ് പ്രണയിക്കുന്നത്. ഇതുപ്രാകാരം എങ്ങനെ പങ്കാളികള്‍ പ്രണയിക്കുന്നതെന്ന് മനസിലാക്കാം. അതുപോലെ തന്നെ കാലം മാറുന്നതിനനുസൃതമായി ഈ സ്‌റ്റൈലും മാറുന്നതാണ്. ആദ്യമായി ഇത് മുന്നോട്ട് വെക്കുന്നത് 1973-ല്‍ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ പുസ്തകമായ 'കളേഴ്‌സ് ഓഫ് ലവ്: ആന്‍ എക്‌സ്‌പ്ലൊറേഷന്‍ ഓഫ് ദി വെയ്സ് ഓഫ് ലവിങ്' എന്നതിലാണ്. ഇതിനനുസൃതമായി മൂന്ന് പ്രൈമറി, മൂന്ന് സെക്കന്‍ഡറി, ഒമ്പത് ടെറിഷ്യറി ലൗവ് സ്റ്റൈലുകളാണുള്ളത്. ഇതിലെ ഒന്നും രണ്ടും വിഭാഗങ്ങളേതെന്ന് വിലയിരുത്താം.
1. ഇറോസ് അഥവാ വികാരതീവ്രമായ പ്രണയം
കണ്ടാല്‍ തന്നെ ഇവരെന്ത് കെമിസ്ട്രിയാണെന്ന് ചില കമിതാക്കളെ കണ്ടാല്‍ തോന്നില്ലേ. പ്രണയത്തെ പ്രണയിച്ച് പ്രണയം പ്രകടിപ്പിക്കുന്നതാണ് ഇറോസ് എന്ന പ്രണയഭാഷ. വളരെ റൊമാന്റിക്കായ ഒരു ബന്ധം ആയിരിക്കും ഇത്തരത്തില്‍ പ്രണയിക്കുന്നവര്‍ ചേര്‍ന്നാല്‍ ഉണ്ടായിരിക്കുക. ആഴമേറിയ സ്‌നേഹവും അടങ്ങാത്ത അഭിനിവേശവുമെല്ലാം ഈ രീതിയുടെ ആകെത്തുകയാണ്. ചുരുക്കി പറഞ്ഞാന്‍ ഒരു റൊമാന്റിക് സിനിമ കാണുന്നത് പോലെയാവും ഈ പ്രണയരീതി.
കമിതാക്കള്‍ പ്രണയത്തിന്റെ മൂര്‍ദ്ധാവില്‍ നിന്ന് അതേ രീതിയില്‍ തന്നെ ഏറ്റക്കുറച്ചിലുകളില്ലാതെ നിലനില്‍ക്കും. പരസ്പരമുള്ള വൈകാരിക,ശാരീരിക ആവശ്യങ്ങളെല്ലാം പങ്കുവെയ്ക്കുന്നതിനോടൊപ്പം തന്നെ വല്ലാതെ സ്‌നേഹം പ്രകടിപ്പിക്കുന്നതാണ് ഇറോസ് രീതി. മറ്റു പ്രണയ രീതികളെ അപേക്ഷിച്ച് ആദ്യ കാഴ്ചയിലെ പ്രണയം ഇറോസിന്റെ ഭാഗമാണ്. ചെല്ലപ്പേരുകളുപയോഗിച്ച് പങ്കാളിയെ വിളിക്കുന്നതിനോടൊപ്പം തന്നെ ഇവരുടെ പ്രണയം പ്രതീക്ഷകളുടെ ഭാരം അധികം ചുമക്കാത്ത തരത്തിലായിരിക്കും.
അധികമായാല്‍ അമൃതും വിഷയമാണല്ലോ. പങ്കാളിയുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ചെറിയ തെറ്റുകള്‍ പോലും സഹിക്കാന്‍ ആകാതെ വരും. കൂടാതെ അവരെ പിരിയുന്നതും വളരെയധികം ബുദ്ധിമുട്ടുകളുണ്ടാക്കുന്നു. മാനസികമായി വരെ തളര്‍ത്തിയേക്കാവുന്നതാണ് ഈ പ്രണയത്തിന്റെ അനന്തരം. ഫാന്റസി ലോകത്ത് പ്രണയമെന്ന മാന്ത്രിക ചൂലില്‍ പറക്കുന്നതിനോടൊപ്പം തന്നെ അവിടുന്ന് വീഴുമ്പോള്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്യാനും ശ്രദ്ധിക്കണം.
2. ലുഡസ് അഥവാ ഗെയിം പ്ലെയിങ് പ്രണയം
ചില പ്രണയങ്ങള്‍ വീക്ഷിച്ചാലറിയാം അവര്‍ എപ്പോഴും സന്തോഷത്തിനാണ് പ്രാധാന്യം നല്‍കുക. വിജയിക്കാന്‍ ശ്രമിക്കുന്ന ഒരു കളിയായാണ് പ്രണയത്തെ ഇവിടെ കണക്കാക്കുന്നത്. പലപ്പോഴും ഈ പ്രണയവല രണ്ട് പേരില്‍ നില്‍ക്കാത്ത ഘട്ടങ്ങളും വരാറുണ്ട്. എത്രതത്തോളം രസകരമായി മുന്നോട്ട് കൊണ്ടു പോകാമോ അത്രത്തോളം ആയുസ് മാത്രമേ ഇത്തരം പ്രണയത്തിന് ഉണ്ടാകുന്നുള്ളൂ. അതുകൊണ്ട് തന്നെ കമ്മിറ്റ്‌മെന്റുകള്‍ അധികമുണ്ടാകുന്നില്ല. ഒട്ടും സീരിയസല്ലാതെ പ്രണയത്തെ മുന്നോട്ട് കൊണ്ടുപോകുന്നവരാണ് ലുഡസ് വിഭാഗത്തില്‍ പെടുന്നത്. ചുരുക്കത്തില്‍ പ്രണയത്തിന്റെ വ്യത്യസ്ത പടവുകളില്‍ സഞ്ചരിക്കാന്‍ ഇഷ്ടപ്പെടുന്നവരായിരിക്കുമിവര്‍. വികാരപരമായി ഒട്ടും നില്‍ക്കാതെ പുതിയ പുതിയ തലങ്ങള്‍ തേടിപ്പോകുന്നു. ഇതിലെ പ്രധാന പ്രശ്‌നമെന്തെന്നാല്‍ ഒരാള്‍ ലുഡസിലും മറ്റൊരാള്‍ ഇറോസിലുമാകുമ്പോള്‍ രണ്ട് കാന്തങ്ങളുടെ ഒരേ ധ്രുവങ്ങളെ ഒരുമിപ്പിക്കാന്‍ ശ്രമിക്കുന്നതുപോലെയാണ് കാര്യങ്ങള്‍ സംഭവിക്കുക.
3. സ്‌റ്റോഗേയ് അഥവ പ്ലാറ്റോണിക് പ്രണയം
കമ്മിറ്റ്‌മെന്റും വികാരനിര്‍ഭരവുമായ ദൃഢതയുള്ള ബന്ധമാണ് ഈ കൂട്ടര്‍ കാത്തു സൂക്ഷിക്കുന്നത്. പലപ്പോഴും ഇത് വിവാഹത്തിലെത്തുന്ന പ്രണയ രീതിയായി മാറുന്നു. ഇത്തരത്തിലുള്ളവര്‍ പലപ്പോഴും ദീര്‍ഘകാലത്തെ ബന്ധങ്ങളിലേക്ക് എത്തിച്ചേരുന്നു. ചുരുക്കത്തില്‍ സ്‌റ്റോഗേയ് പ്രണയത്തിലുള്ളവര്‍ ആദ്യം സുഹൃത്തുക്കളായിരിക്കും. സുഹൃത്തില്‍ നിന്ന് പങ്കാളികളിലേക്ക് എത്തിയെന്നത് ഏത് പോയിന്റിലാണ് എന്നത് അറിയാന്‍ പലപ്പോഴും സാധിക്കില്ല. തനിക്കുള്ളതുപോലെയുള്ള ലക്ഷ്യങ്ങളും സ്വഭാവവും ആഗ്രഹങ്ങളുമെല്ലാമുള്ള പങ്കാളിയെയാവും ഇവര്‍ തിരഞ്ഞെടുക്കുക. അതുകൊണ്ടുതന്നെ പങ്കാളിക്ക് മുന്‍തൂക്കം നല്‍കാന്‍ പരമാവധി ശ്രദ്ധിക്കുന്നു. ഇത്തരം ബന്ധം ഊട്ടിയുറപ്പിക്കുന്നത് പരസ്പര വിശ്വാസമാണ്. വിവാഹത്തിലും കുട്ടികളിലും എത്തിച്ചേരാന്‍ താത്പര്യപ്പെടുന്നതും ഇതിന്റെ അനന്തഫലമായാണ്.
4. മാനിയ അഥവ ഒബ്‌സസീവ് പ്രണയം
പുതിയ പിള്ളേരുടെ ട്രോള്‍ ഭാഷയില്‍ പറഞ്ഞാല്‍ 'ഏട്ടായിയുടെ വാവ' അതാണ് ഈ പ്രണയരീതി. കൂട്ടത്തില്‍ തന്നെ ഏറ്റവും അനാരോഗ്യപരമായ പ്രണയ രീതിയാണിത്. പേര് പോലെ തന്നെ ഭ്രാന്തമായ പ്രണയം അതാണ് മാനിയ. തനിക്ക് ഇഷ്ടമുള്ള രീതിയില്‍ പ്രണയിക്കുകയും അതേ തരത്തില്‍ തന്നെ പ്രണയം തിരിച്ചു കിട്ടണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നത് ഈ ശൈലിയുടെ പ്രധാന ദോഷമാണ്. നാര്‍സിസ്റ്റ് സ്വാഭവമുള്ളവര്‍ പ്രണയിക്കുന്നത് ഈ പാത പിന്തുടര്‍ന്ന് കൊണ്ടാണ്. മറ്റുള്ളവരോട് കൂടി പങ്കാളി അടുക്കന്നത് പോലും ഭ്രാന്തമായ പൊസസീവ്‌നെസിന് വഴികാട്ടും. എപ്പോഴും തന്റേതായിരിക്കാന്‍ ആഗ്രഹമുള്ളതുകൊണ്ട് തന്നെ നിന്നോടൊപ്പമുണ്ടെന്ന ഉറപ്പ് സ്ഥിരമായി പങ്കാളിക്ക് നല്‍കേണ്ടതായി വരുന്നു. സ്വന്തമായി ഒന്നും ചെയ്യാന്‍ കഴിയാതെ എല്ലാ കാര്യങ്ങള്‍ക്കും പങ്കാളിയുടെ ആവശ്യം വേണ്ടിവരുന്നു. അവന്‍ ഇല്ലെങ്കില്‍ അവളില്ലാതെ ജീവിക്കാന്‍ കഴിയാത്ത ഒരുതരം മനഭ്രാന്തി പോലും ഉടലെടുക്കുന്നു. ഇറോസ്, ലുഡസ് എന്നിവയുടെ തുല്ല്യതയാണ് മാനിയ എന്ന പ്രണയശൈലി.
5. പ്രാഗ്മ അഥവ പ്രാക്ടിക്കല്‍ പ്രണയം
ലുഡസിന് പൂര്‍ണമായി എതിരായ ഒന്നാണ് പ്രാഗ്മ. വളരെ പ്രാക്ടികലായ രീതിയായത് കൊണ്ടുതന്നെ ലോജിക്കലായി കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ശ്രമങ്ങളുണ്ടാകുന്നു. പക്ഷേ അതിനര്‍ത്ഥം പ്രണയത്തിലുള്ളവവര്‍ പൂര്‍ണമായും വികാരങ്ങളില്ലാത്തവരെന്നല്ല, മറിച്ച് പ്രണയത്തിന്റെ വശങ്ങളോടൊപ്പം ശരിയായി സഞ്ചരിക്കുന്നവരായിരിക്കും ഇവര്‍. പങ്കാളിയെ സഹായിക്കുന്നതിനായി ഇവര്‍ മുന്നിലുണ്ടാകുന്നു. അതിനോടൊപ്പം തന്നെ സ്വന്തം ആവശ്യങ്ങളും പ്രതീക്ഷകളുമായി ഒത്തുപോകുന്ന തരത്തിലുള്ള പങ്കാളികളെയാണ് ഇക്കൂട്ടര്‍ തിരഞ്ഞെടുക്കുന്നത്. കൂടാതെ ഒരേ തരത്തിലുള്ള ലക്ഷ്യങ്ങളാണ് ഇരു കൂട്ടര്‍ക്കുമുള്ളതെങ്കില്‍ അതില്‍ എത്തിച്ചേരാന്‍ ഒരുപോലെ ശ്രമങ്ങളുണ്ടാകുന്നു. പങ്കാളിക്ക് ബഹുമാനം നല്‍കുന്നുവെന്നത് തന്നെ ഇത്തരം പ്രണയശൈലിയുടെ പ്രധാന സവിശേഷതയാണ്. അതുകൊണ്ട് കാലത്തോടൊപ്പം പ്രണയവും സഞ്ചരിക്കും. പലപ്പോഴും അറേഞ്ച്ഡ് മാര്യേജിൽ എത്തുന്നതുപോലും പ്രാഗമറ്റിക്ക് ബന്ധത്തിന്റെ ഭാഗമായാണ്.
6. അഗാപേ അഥവ സെല്‍ഫ്‌ലെസ് പ്രണയം
പങ്കാളിയില്‍ നിന്ന് ഒന്നും പ്രതീക്ഷിക്കാതെ മുന്നോട്ട് പോകുന്ന പ്രണയശൈലിയെ അഗാപേ എന്നു വിളിക്കാം. വളരെ പക്വത കാണിക്കുന്നവരാണ് ഇവര്‍. സ്വന്തം കാര്യങ്ങള്‍ക്ക് മുന്നോടിയായി പങ്കാളിയുടെ ആവശ്യങ്ങള്‍ക്ക് ഇവര്‍ മുന്‍തൂക്കം നല്‍കുന്നു. അതുകൊണ്ട് തന്നെ കുറ്റപ്പെടുത്തലുകളും വിവാദങ്ങളും താരതമ്യേന കുറവായിരിക്കും. അഗാപേ വിഭാഗത്തിലെ കമിതാവ് പങ്കാളിയെ കെയര്‍ ചെയ്യേണ്ടത് അവരുടെ കടമയായി കരുതുന്നു. കിട്ടുന്നതിനെക്കാളും കൊടുക്കുന്നതാണ് പ്രണയമെന്നത് ഈ കൂട്ടര്‍ക്ക് അറിയാം. എന്തിനേറെ ബ്രേക്ക്അപ്പ് ആയാല്‍പോലും പങ്കാളിയെ കുറ്റപ്പെടുത്താതെ അവരെ ബഹുമാനിക്കുന്നതുകൊണ്ട് ആരോഗ്യകരമായ പ്രണയ ശൈലിയാണിതെന്ന് പറയാം. ക്ഷമ, മനസിലാക്കല്‍, വിധേയത്വം, ത്യാഗം എന്നതുള്ളത് കൊണ്ടുതന്നെ പലപ്പോഴും ഇത്തരക്കാര്‍ ചൂഷണത്തിന് വിധേയരാകാറുണ്ട് എന്ന സത്യവും ഒഴിച്ചുകൂടാനാവത്തതാണ്.
മനസ്സിലെ പ്രണയം പങ്കുവെയ്ക്കുമ്പോഴാണ് പൂര്‍ണമാകുന്നത്. രീതികള്‍ വേറെയായാലും പ്രണയം ഒന്നുതന്നെ എന്ന് കരുതുന്നത് തെറ്റ്. പങ്കാളിയുടെ സ്വാതന്ത്ര്യത്തിലേക്കുള്ള അനാവശ്യമായ കൈകടത്തലുകള്‍ പ്രണയത്തെ ടോക്സിക്കാകുന്ന രീതിയില്‍ എത്തിക്കുമെന്നത് തീര്‍ച്ച. അതുകൊണ്ടുതന്നെ പരസ്പരം പ്രണയിക്കാന്‍ ശ്രദ്ധിക്കുന്നത് പോലെ തന്നെ സ്വന്തമായി ശ്രദ്ധിക്കാന്‍ സമയം അനുവദിക്കുന്നതിനോടൊപ്പം തന്നെ പങ്കാളിക്കും അതിന് വഴിയൊരുക്കണം.
Content Highlights: different style of love and colour wheel theory of love
Published: 08 Jun 2024, 02:00 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented