വളരെ പണ്ടൊന്നുമല്ലാത്ത കാലത്ത്, അഞ്ചോ ആറോ വയസ്സുള്ള ഒരു പാവം കുട്ടിയുണ്ടായിരുന്നു. അച്ഛനും അമ്മയും ചേച്ചിയും അടങ്ങുന്ന ഒരു പാവപ്പെട്ട വീട്ടിലെ കുട്ടി. പണക്കാരുടെ വീട്ടിലെ കുഞ്ഞുങ്ങൾ വളരുന്നത് നോക്കിനോക്കി പാവപ്പെട്ട വീട്ടിലെ ആ പാവം കുട്ടി, തനിക്കതെല്ലാം കിട്ടാതെപോയതോർത്ത് വേദനിച്ചു. ഒരിക്കൽ, കുട്ടി രാത്രിയിൽ കളിപ്പാട്ടം വേണമെന്നുപറഞ്ഞ് വാശിപിടിച്ചു. സ്ഥിരംമദ്യപാനിയും മുൻകോപിയുമായ അച്ഛനാവട്ടെ ആ രാത്രിയിൽ കുട്ടിയെ വീടിനുപുറത്ത് ഒറ്റയ്ക്ക് നിർത്തി വാതിലടച്ചു. ഇരുട്ടിൽ കുട്ടി ഭയന്നുവിറച്ചു.
കുട്ടി പതിയെ വളർന്നു.
മഴക്കാലത്ത് മണ്ണെണ്ണ മണമുള്ള അടുക്കളച്ചായ്പ്പിലെ ഓടിളക്കി ചോർച്ച മാറ്റിയും വേനൽക്കാലത്ത് കടം കൊടുത്ത പണം തിരികെ വാങ്ങിക്കാനെത്തുന്ന പലിശക്കാരൻ അണ്ണനെക്കണ്ട് അമ്മയോടൊപ്പം ഓല മറച്ച കുളിമുറിയിൽ ഒളിഞ്ഞുനിന്നും 'നാലു കാലി'ൽ കയറിവരുന്ന അച്ഛൻ അമ്മയെ തെറിവിളിക്കുന്നതും തല്ലുന്നതും കണ്ട് പേടിച്ചരണ്ടും ഏഴാംക്ലാസിൽ പെൺകുട്ടികളോടൊപ്പം കളിച്ചതിന് ആണത്തമില്ലെന്നുപറഞ്ഞ് ടീച്ചറിൽനിന്ന് കളിയാക്കലേറ്റു വാങ്ങിയും ആ പാവം കുട്ടി വളർന്നു. അന്നത്തെ രാത്രികളിലെല്ലാം ഉറങ്ങാൻ കിടന്ന കുട്ടി, ഭൂമിയുടെ ഏതോ ഒരറ്റത്ത് ഇരുട്ടിൽ ഒറ്റയ്ക്ക് ദിക്കറിയാതെ നിലവിളിക്കുന്ന ഒരു ആറുവയസ്സുകാരനെ സ്വപ്നം കണ്ട് ഞെട്ടിയെഴുന്നേൽക്കുമായിരുന്നു. പിന്നീട് അരക്ഷിതമായ ദിവസങ്ങളിലൊക്കെ കുട്ടി ആ ദുഃസ്വപ്നം കണ്ടു. എല്ലാ വീടുകളിലും അച്ഛന്മാർ അമ്മമാരെ കഴുത്തിനുപിടിച്ച് ചുവരുചേർക്കുമെന്നും ആൺകുട്ടികൾ പെൺകുട്ടികളോടൊപ്പം കളിക്കുന്നത് മഹാപാപമാണെന്നും കുട്ടി വിശ്വസിച്ചു. കുട്ടി പിന്നെയും വളർന്നു. അതിനിടയ്ക്ക് കുട്ടിയുടെ അച്ഛനും അമ്മയും രണ്ടു വഴിക്കായി. കുട്ടിയിപ്പോൾ പൂർണമായി വളർന്നു. എന്നിട്ടും ഇരുട്ടത്ത് ഒറ്റയ്ക്ക് കരയുന്ന ആറുവയസ്സുകാരൻ സ്വപ്നത്തിൽനിന്നു മാഞ്ഞില്ല. ഒരു മുറിവുപോലെ അതെന്നും വേദനിപ്പിച്ചു. അതിന്റെ ആഘാതം മറ്റാർക്കും തിരിച്ചറിയാനാവാത്ത വിധം കൂടിക്കൊണ്ടേയിരുന്നു...
ആ കുട്ടി ഞാനാണ്. ചിലപ്പോൾ നിങ്ങളും..!
അതങ്ങനെയാണ്,
ബാല്യത്തിലേറ്റ മുറിവ് എല്ലാകാലത്തും വെളിപ്പെടും. ഇടയ്ക്കും മുറയ്ക്കും അതിന്റെ പൊറ്റയിളകും. എത്ര വളർന്നാലും അവ ഉണങ്ങിയെന്നു വരില്ല..!
ഒരാളുടെ വ്യക്തിത്വവികാസത്തിന്റെയും ഭാവിജീവിതത്തിന്റെയും അടിത്തറയാണ് ബാല്യം. കുട്ടിക്കാലത്ത് ലഭിക്കുന്ന സ്നേഹം, സംരക്ഷണം, മാനസിക സുരക്ഷിതത്വം എന്നിവയാണ് ഒരു വ്യക്തിയെ ആരോഗ്യകരമായ സാമൂഹികജീവിയായി വളരാൻ സഹായിക്കുന്നത്. എന്നാൽ, എല്ലാ കുഞ്ഞുങ്ങൾക്കും ഇതൊന്നും ലഭിക്കണമെന്നില്ല. പലരും മാനസികപീഡനം, ശാരീരിക അതിക്രമം, ലൈംഗികപീഡനം, അവഗണന തുടങ്ങിയ ട്രോമാറ്റിക് അനുഭവങ്ങളിലൂടെയാണ് കടന്നുപോവുന്നത്. സ്വന്തം അച്ഛനിൽനിന്നും സഹോദരനിൽനിന്നും ലൈംഗികാതിക്രമം നേരിടുന്ന കുഞ്ഞുങ്ങൾ നമുക്കു ചുറ്റുമുണ്ട്. ഇത്തരം ദുരനുഭവങ്ങൾ കുട്ടികളുടെ മനസ്സിൽ ആഴത്തിലുള്ള മുറിവുകളുണ്ടാക്കുകയും അതവരുടെ യുവത്വത്തെ ബാധിക്കുകയും ചെയ്യുന്നു.
എന്താണ് ചൈൽഡ്ഹുഡ് ട്രോമ?
ട്രോമ എന്നത് സാധാരണയായി ഒരു കുട്ടിക്ക് കൈകാര്യം ചെയ്യാൻ കഴിയാത്ത വിധത്തിലുള്ള വേദനാജനകമായ അനുഭവങ്ങളാണ്. മാതാപിതാക്കളുടെ വേർപാട്, കുടുംബത്തിലെ അക്രമം, സ്നേഹക്കുറവ്, അവഗണന, ദാരിദ്ര്യം, സ്കൂളിൽനിന്നും സൈബറിടങ്ങളിൽനിന്നും ഉണ്ടാവുന്ന ബുള്ളീയിങ്, ബോഡി ഷെയ്മിങ് തുടങ്ങി പലതും ട്രോമയ്ക്ക് കാരണമാകാം.
യുവത്വത്തിലെ മാനസികാഘാതങ്ങൾ
ട്രോമയുടെ ആഘാതം ഏറ്റവും കൂടുതൽ ബാധിക്കുന്നത് മാനസികാരോഗ്യത്തെയാണ്. ബാല്യത്തിൽ അനുഭവിച്ച പീഡനങ്ങൾ യുവത്വത്തിൽ അമിതമായ ഉത്കണ്ഠ, വിഷാദരോഗം, പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ തുടങ്ങിയ രോഗങ്ങൾക്ക് വഴിയൊരുക്കുന്നു. ചെറിയ സംഭവങ്ങൾക്കുപോലും അമിതമായ വികാരപ്രകടനം, സ്ഥിരമായ ഭയം, കുറ്റബോധം, സ്വയം വിലകുറച്ച് കാണൽ എന്നിവയെല്ലാം അവരിൽ ഉണ്ടായേക്കാം.
ബന്ധങ്ങളും സാമൂഹികജീവിതവും
ആരോഗ്യകരമായ യുവത്വത്തിനായി മറ്റുള്ളവരുമായി ബന്ധങ്ങൾ സ്ഥാപിക്കുകയും സൗഹൃദങ്ങളും കുടുംബബന്ധങ്ങളും നിലനിർത്തുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണ്. എന്നാൽ, ട്രോമ അനുഭവിച്ചവർക്ക് വിശ്വാസക്കുറവ് (Trust issues) വലിയൊരു തടസ്സമാകുന്നു. ചിലർ അതിരുകടന്ന ആശ്രയത്വത്തിലേക്ക് നീങ്ങുമ്പോൾ, മറ്റു ചിലർ ആളുകളെ പൂർണമായും അകറ്റിനിർത്താൻ ശ്രമിക്കുന്നു. ഇതിന്റെ ഫലമായി സൗഹൃദങ്ങൾ, പ്രണയബന്ധങ്ങൾ, കുടുംബബന്ധങ്ങൾ എല്ലാം തകരാറിലാകുന്നു.
പെരുമാറ്റത്തിലെ വ്യതിയാനങ്ങൾ
ട്രോമ അനുഭവിച്ചവർ പൊതുവേ അന്തർമുഖരായി തീരാനുള്ള സാധ്യതയുമുണ്ട്. പഠനത്തിലും ജോലിയിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ വരുന്നതും പതിവാണ്. ഗുരുതരമായ സാഹചര്യങ്ങളിൽ ആത്മഹത്യയിലേക്ക് വരെ അവരെ നയിച്ചേക്കാം.
മനസ്സിന്റെ വേദന ശരീരത്തെയും ബാധിക്കുന്നു. ബാല്യകാല ട്രോമ നേരിട്ടവർക്ക് സ്ഥിരമായ സ്ട്രെസ് ഹോർമോണുകൾ ഉയർന്ന നിലയിൽ തുടരുന്നതിനാൽ ഉറക്കക്കുറവ്, ശരീരവേദന, വയറുവേദന, ക്ഷീണം, മറ്റ് ശാരീരികാസ്വാസ്ഥ്യങ്ങൾ എന്നിവ അനുഭവപ്പെടുന്നു.
പരിഹാരമാർഗങ്ങൾ
സമയബന്ധിതമായ ഇടപെടലുകൾ വഴി ട്രോമയുടെ ആഘാതം കുറയ്ക്കാൻ കഴിയും. പരിശീലനം നേടിയ വിദഗ്ധരിൽനിന്നുള്ള കൗൺസലിങ് തെറാപ്പി, കുടുംബത്തിൽനിന്നും സുഹൃത്തുക്കളിൽനിന്നുമുള്ള സ്നേഹവും കരുതലും, സാമൂഹിക പിന്തുണ, കലാസംബന്ധമായ ഹോബികൾ, യോഗ, ജിം തുടങ്ങിയ സ്വയംപരിപാലനരീതികൾ എന്നിവയെല്ലാം ഒരുപരിധിവരെ മാനസികസമ്മർദം കുറയ്ക്കാൻ സഹായിക്കുന്നു.
നല്ല ബാല്യമുണ്ടാവുക എന്നത് ഒരു ഭാഗ്യമാണ്. അതില്ലാത്തവർ അവരുടെ ഉള്ളിലെ മുറിവേറ്റ കുഞ്ഞിനെയും ചുമന്നാണ് ഇക്കണ്ട ജീവിതമത്രയും ജീവിച്ചുതീർക്കേണ്ടത്. എന്നിട്ടും ഉള്ളിലെ കുഞ്ഞിന്റെ മുറിവ് ആറ്റാനും മാറ്റാനും താരാട്ടുപാടിയുറക്കാനും യൗവ്വനം കാവലിരുന്നേക്കാം...
ഉണ്ടായ മുറിവുകൾ ഉണക്കലല്ല, മുറിവേൽപ്പിക്കാതിരിക്കലാണ് കുഞ്ഞുങ്ങളോട് സമൂഹം കാണിക്കേണ്ടുന്ന മിനിമം നീതി.
'മിലി' എന്ന സിനിമയിൽ ഇത്തരത്തിൽ ഒരു രംഗമുണ്ട്. അതിലെ സംഭാഷണം അവസാനിക്കുന്നത് ഇങ്ങനെയാണ്; കുട്ടിയായിരിക്കുമ്പോൾ ഇതുപോലൊരു കയ്യടി കേൾക്കാൻ ഞാനും കൊതിച്ചിട്ടുണ്ട്. പക്ഷേ, എന്റെ അച്ഛൻ ആഗ്രഹിച്ചതുപോലെ എനിക്കെവിടെയും എത്താനായില്ല. പേടിയും നിരാശമായിരുന്നു. കണക്കിലെ പത്തു മാർക്ക് കുറഞ്ഞത് ഒരന്താരാഷ്ട്ര പ്രശ്നമല്ലെന്ന് പറഞ്ഞു മനസിലാക്കാൻ ഒരാളുണ്ടായാൽ മതിയായിരുന്നു എനിക്കന്ന്. അടുത്ത വീട്ടിലെ കുട്ടി പാട്ടുപാടുമെങ്കിൽ എന്റെ കുട്ടിയും പാടണമെന്ന വാശി ഇല്ലാതാക്കുന്നത് ആ കുഞ്ഞിന്റെ ചൈൽഡ്ഹുഡ് ആണ്.
ബാല്യം നന്നാവട്ടെ. തെറ്റിപ്പോയ നേരത്ത്, ഒറ്റപ്പെട്ട നേരത്ത് നിങ്ങളുടെ അഞ്ചുവയസ്സുകാരിയെയോ അഞ്ചുവയസ്സുകാരനെയോ നെഞ്ചോടു ചേർത്തൊന്നണച്ചാൽ മതി. രാജ്യം നഷ്ടപ്പെട്ട രാജാവും കളിപ്പാട്ടം നഷ്ടപ്പെട്ട കുഞ്ഞും അനുഭവിക്കുന്ന വേദന ഒന്നുതന്നെയാണെന്ന് അറിഞ്ഞാൽ മതി. ബാല്യം നന്നാവുമ്പോൾ കൗമാരം നന്നാവും. യൗവ്വനവും നന്നാവും. പിന്നെ അവർക്കുവേണ്ടി ഉയർന്ന കയ്യടികളോർത്ത് വാർദ്ധക്യവും നന്നാവും...
Once again I realise that CHILD IS THE FATHER OF MAN..!
കടപ്പാട്:
1. ഡോ. രാഗേഷ് ജി. (ലക്ചറർ ഇൻ സൈക്യാട്രിക് സോഷ്യൽ വർക്ക്)
2. ഡോ. സീമ പി. ഉത്തമൻ
(ഹെഡ് ഡിപ്പാർട്മെൻറ് ഓഫ് സൈക്യാട്രിക് സോഷ്യൽവർക്ക്, ഇംഹാൻസ് കോഴിക്കോട്)
Content Highlights: Explore the lasting effects of childhood trauma on youth mental health, relationships & behavior
Published: 02 Sept 2025, 10:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented