ലിവിങ് ടുഗതർ പോലുള്ള ബന്ധങ്ങള്‍ പാശ്ചാത്യ സംസ്‌കാരത്തില്‍ നിന്ന് ഇന്ത്യയിലേക്ക് വന്നിട്ട് കാലങ്ങളായി.സാംസ്‌കാരത്തിനെതിര് എന്ന ടാഗ് നൽകപ്പെട്ട നിയമപരമല്ലാത്ത ഇത്തരം ദാമ്പത്യങ്ങൾ പിന്തുടർന്ന് പോരുന്ന കുറെയേറെപ്പേരുണ്ട് നമ്മുടെ സമൂഹത്തിൽ. വൈവാഹിക ബന്ധങ്ങളെ പോലെ പ്രശ്‌നങ്ങള്‍ പലതും ഒഴിവാക്കാനാണ് ആളുകള്‍ ഇത്തരം ബന്ധങ്ങളെ കൂട്ടുപിടിക്കുന്നത്. പക്ഷേ അവിടെയും പ്രശ്‌നങ്ങള്‍ ഉരുത്തിരിഞ്ഞാലോ ? അങ്ങനെയുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് ശരിയായ പരിഹാരം ലഭിക്കാതെയിരുന്നാലോ ? എന്താകും അവസ്ഥ. കഴിഞ്ഞ ദിവസം ലിവിങ് ടുഗതര്‍ ബന്ധത്തിലിരുന്ന സ്ത്രീയെ പങ്കാളി ഉപദ്രവിച്ചെന്ന കേസില്‍ കേരളഹൈക്കോടതി പറഞ്ഞത് സംഭവം ഗാര്‍ഹിക പീഢനമായി കണക്കാക്കാൻ കഴിയില്ലെന്നാണ്. ഇങ്ങനെയൊരു സാഹചര്യം സമൂഹത്തിൽ ഇത്തരം ബന്ധങ്ങൾ തുടരുന്ന സ്ത്രീകളിൽ വലിയ ആശങ്കയാണുണ്ടാക്കിയിരിക്കുന്നത്. എന്നാൽ ഇത്തരം ബന്ധങ്ങളിലുള്ള സ്ത്രീകൾക്ക് മറ്റ് നിയമപരമായ അവകാശങ്ങൾ ഉറപ്പുവരുത്താനാകുമെന്നും അതിനാൽ വിധിയിൽ ആശങ്കവേണ്ടെന്നുമാണ് വനിതാവകാശ പ്രവർത്തകയും അഭിഭാഷകയുമായ ജെ. സന്ധ്യ പറയുന്നത്.  സ്ത്രീധനനിരോധന കുറ്റം പോലുള്ളവ ആരോപിക്കാന്‍ സാധിച്ചില്ലെങ്കിലും പഴയ ഐപിസി 323 പ്രകാരം കേസുമായി മുന്നോട്ട് പോകാമെന്നാണ് അവരുടെ പക്ഷം.

To advertise here,

സാമൂഹിക വിഷയങ്ങൾ, വൈൽഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ: https://mbi.page.link/mbes

അതേ സമയം  ലിവിങ് ടുഗതർ രജിസ്റ്റർ ചെയ്യുന്നത്  ക്രിമിനല്‍ കുറ്റങ്ങള്‍ ഒരു പരിധി വരെ തടയുമെന്ന അഭിപ്രായവുമുണ്ട്. ആളുകളെയറിയിച്ച് ആഘോഷപൂര്‍വ്വം നടത്തുന്ന വിവാഹങ്ങള്‍ക്ക് സര്‍ക്കാര്‍ രജിസ്‌ട്രേഷനുറപ്പാക്കുമ്പോള്‍ ലിവിങ് ടുഗതർ പോലുള്ള ബന്ധത്തില്‍ എന്തുകൊണ്ട് അതുറപ്പാക്കുന്നില്ല എന്ന ചോദ്യമാണ് അഡ്വ. ആശ ഉണ്ണിത്താന്‍ ഉന്നയിക്കുന്നത്. രജിസ്റ്റര്‍ ചെയ്തെന്നു കരുതി വിവാഹത്തിലുള്ള പോലെ ആനുകൂല്യങ്ങള്‍ ലഭിക്കില്ല. പകരം ലിവിങ് ബന്ധത്തിലായത് കൊണ്ട് ചോദിക്കാനാരുമില്ലെന്ന ധൈര്യത്തില്‍ പല കുറ്റകൃത്യങ്ങളും അരങ്ങേറുന്നത് ഒഴിവാക്കാനാവും എന്നാണ് അഡ്വ ആശ പറയുന്നത്.

ഇന്റിമേറ്റ് പാര്‍ട്ടണര്‍ അബ്യൂസ് ഒരു പൊതുജനാരോഗ്യ പ്രശ്‌നമാണ് പക്ഷെ പലപ്പോഴും ഇത് വേണ്ട വിധം ചർച്ച ചെയ്യപ്പെടുന്നില്ല. മാത്രമല്ല വിവാഹിതരായ ബന്ധങ്ങളിലെ പ്രശ്നങ്ങളാണ് നിയമപരമായി എന്നും അഡ്രസ്സ് ചെയ്യപ്പെടുന്നത്. ഇത്തരം ബന്ധങ്ങളിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പങ്കുവെക്കാനോ ചേര്‍ത്തു നിര്‍ത്താനോ ആരുമുണ്ടാവുന്നില്ല. കൂടാതെ ബന്ധങ്ങളിലെ വിള്ളല്‍ അതുപോലെ തന്നെ വ്യക്തി സ്വഭാവത്തെ ബാധിക്കുന്ന പ്രവണതയും വര്‍ദ്ധിച്ചു വരുന്നുവെന്നാണ് മാനസ്സികാരോഗ്യ വിദഗ്ധനായ ഡോ. രാകേഷ് പറയുന്നത്.

പരാതിപ്പെടാന്‍ ഉണ്ട് മറ്റ് നിയമങ്ങള്‍

അഡ്വ. ജെ സന്ധ്യ

''കഴിഞ്ഞ ദിവസത്തെ വാര്‍ത്തയില്‍ നിന്ന് ആളുകള്‍ക്ക് മനസിലാക്കാന്‍ സാധിച്ചത് ലിവിങ് ടുഗതർ ബന്ധങ്ങളില്‍ ഗാര്‍ഹിക അതിക്രമം ഉണ്ടായാല്‍ ക്രിമിനല്‍ കുറ്റത്തിന് കീഴില്‍ കൊണ്ടു വരാന്‍ സാധിക്കില്ലയെന്നാണ്. അത് മിഥ്യാധാരണയാണ്. സ്ത്രീകൾക്കെതിരേയുള്ള  അതിക്രമങ്ങള്‍ക്ക് 498 എ എന്ന ഒറ്റ വകുപ്പ് മാത്രമല്ലുള്ളത്. പലവിധ വകുപ്പുകളുണ്ട്. ഇനി വിധിക്കാധാരമായ കേസിലാവട്ടെ ക്രിമിനല്‍ നിയമത്തിലെ 498 എ എന്ന വകുപ്പ് പ്രസ്തുത കേസില്‍ ഉള്‍പ്പെടുത്താമോ എന്നതായിരുന്നു ചോദ്യം. ഇതടിസ്ഥാനമാക്കിയാണ് ലിവിങ് ടുഗതറിൽ ഗാർഹിക പീഡനം ബാധകമാവില്ലെന്ന് കോടതി പറഞ്ഞത്. പക്ഷെ അപ്പഴും ഗാര്‍ഹിക അതിക്രമം നേരിട്ടാല്‍ അവ ചെറുക്കാനായി നമുക്ക് മറ്റ് നിയമങ്ങളെ ആശ്രയിക്കാവുന്നതേയുള്ളൂ. ശാരീരിക അതിക്രമമുണ്ടായാല്‍ പഴയ ഐപിസി 323 പോലെയുള്ള നിയമങ്ങളുണ്ട്. ഒരു സ്ത്രീയെ ഭര്‍ത്താവ് മര്‍ദ്ദിക്കുമ്പോള്‍ 498 എ വകുപ്പ് മാത്രമല്ല വേറെ പല വകുപ്പുകളും അവയോടൊപ്പമുണ്ട്. പക്ഷേ 498 എ യോടൊപ്പം ആ വകുപ്പുകള്‍ പോലീസ് ചുമത്താറില്ല. 498 എ പ്രകാരം ഒരു സ്ത്രീക്ക് ശാരീരിക പീഡനം നേരിടേണ്ടി വന്നാല്‍ കോടതി അവര്‍ക്ക് ഒരു പ്രൊട്ടക്ഷന്‍ ഓര്‍ഡര്‍ നല്‍കും. 1983 ല്‍ ഉണ്ടായ പ്രൊവിഷനാണ് 498 എ അതായത് ലിവിങ് ടുഗെതര്‍ പോലുള്ള വന്‍ തോതില്‍ പ്രാബല്യത്തില്‍ വന്നത് അടുത്ത കാലത്താണ്. അതുകൊണ്ട് തന്നെ അത് നിര്‍മിച്ചിരിക്കുന്നത് ഭര്‍ത്താവിനാലും ഭര്‍ത്താവിന്റെ വീട്ടുകാരാലും നേരിടുന്ന പീഡനങ്ങള്‍ക്കെതിരെ മാത്രമാണ് . എന്നിരുന്നാലും മറ്റ് നിയമങ്ങള്‍ കൊണ്ട് ലിവിങ് ടുഗതർ പങ്കാളിയില്‍ നിന്നുമുള്ള ആക്രമണം ചെറുക്കാവുന്നതാണ്. കോടതിയിലെ ഈ പ്രത്യേക കേസിലുണ്ടായ ഒരു തരം കണ്‍ഫ്യൂഷനാണ് പങ്കാളിയില്‍ നിന്നുണ്ടാകുന്ന ഗാര്‍ഹിക പീഡനത്തിന് കേസില്ലെന്ന പോലെ തെറ്റായി പടര്‍ന്നത്".

ഒരു തല്ല് കൊണ്ടെന്ന് വെച്ച് എന്തുണ്ടാകാനാണ് എന്നു ചോദിക്കുന്നവര്‍ അറിയുന്നില്ല ശാരീരിക പീഡനങ്ങള്‍ എത്രത്തോളം മാനസിക ആഘാതങ്ങളാണുണ്ടാക്കുമെന്ന്. നിയമ സാധുതയില്ലാത്ത ആരുടെയും ശരിയായ പിന്തുണ ലഭിക്കാത്ത ലിവിങ് ടുഗെതര്‍ ബന്ധങ്ങളിലുണ്ടാകുന്ന പല പ്രശ്നങ്ങളും വെളിച്ചത്തിലേക്ക് വരുന്നില്ല എന്നതും ഒരു യാഥാർഥ്യമാണ്.

ഇന്റിമേറ്റ് പാര്‍ട്ട്ണര്‍ വയലെന്‍സും പൊതുജനാരോഗ്യ പ്രശ്‌നമാണ്

(ഡോ. ജി രാഗേഷ് ലെക്ചറർ, ഡിപ്പാർട്ട്‌മെന്റ് ഓഫ് സൈക്യാട്രിക്ക് സോഷ്യൽ വർക്ക് IMHANS കോഴിക്കോട്)

''ഡൊമസ്റ്റിക്ക് വയലന്‍സിനേക്കാളും ഇന്റിമേറ്റ് പാര്‍ട്ട്ണര്‍ വയലന്‍സ് എന്നതായിരിക്കും ഈ പ്രശ്നത്തിനുചിതമായ പദം. കുടുംബത്തിന്റെ അറിവോട് കൂടി വിവാഹം കഴിച്ച സ്ത്രീക്ക് ഭര്‍ത്താവിനെ കൊണ്ടോ അയാളുടെ വീട്ടുകാരെ കൊണ്ടോ ഉണ്ടാകുന്ന ശാരീരിക മാനസിക പീഡനങ്ങളെ ഗാര്‍ഹിക പീഡനമായി വിലയിരുത്തുകയും അതിനെതിരെ സ്ത്രീക്ക് നിയമം സംരക്ഷണം കൊടുക്കാറുമുണ്ട്. എന്നാൽ വയലന്‍സ് എന്നത് നിയമപരമായുള്ളതോ അല്ലാത്തതോ ആയ ബന്ധങ്ങളിലും വരാം. 

പങ്കാളികള്‍ ഒന്നിച്ച് ഒരു കൂരയ്ക്ക് കീഴില്‍ താമസിക്കുന്നതാണ് നമ്മുടെയൊക്കെ മനസിലെ ലിവിങ് റിലേഷന്‍ഷിപ്പ്. എന്നാൽ പങ്കാളിയുടെ കുടുംബത്തിനോടൊപ്പം ജീവിക്കുന്ന ലിവിങ് ബന്ധങ്ങളുണ്ട്. നിയമപരമായി കല്യാണം കഴിച്ച് ജീവിക്കുന്നവര്‍ക്ക് നിയമം തന്നെ സംരക്ഷണം നല്‍കുന്നുണ്ട്. അതായത് ഒരു കേസുമായി മുന്നോട്ട് പോയാല്‍ ഭര്‍ത്താവ് ഉപദ്രവിച്ചിട്ടുണ്ടെങ്കില്‍ സ്ത്രീധന നിരോധന നിയമവും ഗാര്‍ഹിക പീഡന നിരോധന നിയമവും സംരക്ഷണം നല്‍കും. പക്ഷേ ലിവിങ് റിലേഷന്‍ഷിപ്പുകള്‍ക്ക് നിയമപരമായ സംരക്ഷണം ലഭിക്കില്ല. ഇത് സൈക്കോളജിക്കല്‍ ഇമ്പാക്ട് വര്‍ദ്ധിപ്പിക്കും. ഇത് വര്‍ദ്ധിക്കാന്‍ കാരണം ആ ബന്ധത്തിലുള്ള ഇന്‍സെക്യൂരിറ്റി മൂലമാണ്. അതായത് ലിവിങ് റിലേഷന്‍ഷിപ്പുകള്‍ രണ്ട് പേരുടെയും മാത്രം ഉത്തരവാദിത്വത്തിലുള്ള കാര്യമാണ്. വിവാഹ ബന്ധങ്ങളിലുണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് ആരുടെയടുത്തെങ്കിലും സഹായം ചോദിക്കാനാകും. നമ്മുടെ നാട്ടിലെ സാംസ്കാരിക പശ്ചാത്തലം വെച്ച്  നോക്കിയാല്‍ ലിവിങ് ബന്ധങ്ങളുടെ കാര്യത്തില്‍ ഇത് നടക്കണമെന്നില്ല. സാധാരണ പ്രണയ വിവാഹങ്ങളില്‍ കണ്ട് വരുന്നത് പോലെ തന്നെ കൂടുംബവും കൂട്ടുകാരും പറയുന്നത് നിന്റെ ഇഷ്ടത്തിന് പോയതല്ലേ അനുഭവിച്ചോ എന്നതാവും. അതുകൊണ്ട് ഒറ്റപ്പെടല്‍ സുരക്ഷിതത്വമില്ലായിമ എന്നത് ലിവിങ് ബന്ധങ്ങളില്‍ വര്‍ദ്ധിക്കും. ഇത് മാനസികമായ സംഘര്‍ഷങ്ങള്‍ക്ക് വഴിവെക്കും. ഇന്റിമേറ്റ് പാര്‍ട്ട്ണര്‍ വയലെന്‍സും ഡൊമസ്റ്റിക്ക് വയലെന്‍സുമെല്ലാം പൊതുജനാരോഗ്യ പ്രശ്നമാണ്. പിന്തുണ കുറയുന്നത് കൊണ്ട് ലിവിങ് ബന്ധങ്ങളിലാണ് ഈ പ്രശ്നങ്ങള്‍ കൂടുതലായും കണ്ട് വരുന്നത്. എടുത്തു പറയേണ്ട പ്രധാനപ്പെട്ട കാര്യം ശാരീരിക നിന്ദയെക്കാള്‍ ഇത്തരം ബന്ധത്തില്‍ കൂടുതലായി കണ്ട് വരുന്നത് വൈകാരിക നിന്ദയാണ്. നമ്മുടെ നാട്ടില്‍ ലിവിങ് പങ്കാളി തല്ലി എന്ന് പറഞ്ഞാല്‍ ചോദിക്കാന്‍ ആരുമുണ്ടാവില്ല. ലിവിങ് ബന്ധങ്ങളിലുണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേകിച്ച് ഒരു സ്ത്രീക്ക് ആരെയും ആശ്രയിക്കാന്‍ സാധിക്കാതെ വരുന്ന സ്ഥിതിവിശേഷമുണ്ട്. ഇന്നും പ്രണയ വിവാഹങ്ങളെ നിരാകരിക്കുന്ന ഒരു സംസ്കാരം നിലനില്‍ക്കുന്നത് കൊണ്ട് തന്നെ മേല്‍പ്പറഞ്ഞ കാര്യത്തില്‍ ആശ്ചര്യപ്പെടേണ്ടതില്ല''. 

വിവാഹം പോലെ തന്നെ ലിവിങ്‌ ബന്ധങ്ങളും രജിസ്റ്റര്‍ ചെയ്യപ്പെടേണ്ടതായുണ്ട്.

(അഡ്വ. ആശ ഉണ്ണിത്താന്‍ )

കല്യാണം പോലുള്ള ചടങ്ങുകളില്‍ നിലകൊള്ളാന്‍ ആഗ്രഹമില്ലാത്തവര്‍ ഒന്നിച്ചു പോകുമ്പോള്‍ അവിടെയും പണം ചോദിച്ചു കൊണ്ടുള്ള പീഡനങ്ങളുണ്ടാകാനുള്ള സാധ്യതകളുണ്ട്. അതുകൊണ്ട് ലിവിങ് റിലേഷൻഷിപ് 498 എ യില്‍ പെടുത്തണമെന്നാണ് എന്റെ അഭിപ്രായം. അതിനോടൊപ്പം തന്നെ വിവാഹം പോലെ തന്നെ ലിവിങ്ങ് ബന്ധങ്ങളും രജിസ്റ്റര്‍ ചെയ്യപ്പെടേണ്ടതുമുണ്ട്.

നിയമപരമായ ഭാര്യയല്ലാത്ത സ്ത്രീക്ക് നേരെ ഗാർഹിക പീഡനമുണ്ടായാൽ 498 എ കേസ് അതായത് ഇന്ത്യന്‍ പീനല്‍ കോഡ് പ്രകാരമുള്ള സ്ത്രീധനം ചോദിച്ച് കൊണ്ട് ഉപദ്രവിക്കുന്ന കേസ് എടുക്കാന്‍ സാധിക്കില്ല എന്നാണ് ഹൈക്കോടതി വിധി. എന്നാൽ മിസ്ട്രസായി ജീവിക്കുന്ന സ്ത്രീക്ക് പോലും  498 എ പ്രകാരം സംരക്ഷണം നല്‍കണമെന്നാണ് ഇന്ത്യന്‍ സുപ്രീം കോടതി പറയുന്നത്. പണം കൊണ്ട് വരൂ എന്ന് പറഞ്ഞ് ഉപദ്രവിക്കുകയാണെങ്കില്‍ അത് സ്ത്രീധന നിരോധന നിയമപ്രകാരത്തില്‍ കുറ്റകൃത്യമായി കണക്കാക്കാവുന്നതാണ്. അതില്‍ നിന്ന് വ്യത്യസ്തമായ ഒരു വിധിയാണ് ഹൈക്കോടതിയില്‍ നിന്നുമുണ്ടായത്. ഗാര്‍ഹിക പീഡനത്തെയും സ്ത്രീ ധന പീഡനത്തെയും വേര്‍തിരിച്ച് കാണണം. ഗാര്‍ഹിക പീഡന നിരോധന നിയമ പ്രകാരം ഒരു മേല്‍ക്കൂരയ്ക്ക് കീഴില്‍ താമസിക്കുന്ന എല്ലാ സ്ത്രീകളും സംരക്ഷിക്കപ്പെടണം. ലിവിങ് ടുഗതറിലുള്ള സ്ത്രീക്ക് ഗാര്‍ഹിക പീഡനത്തിനായുള്ള കേസില്‍ പ്രൊസീഡ് ചെയ്യാവുന്നതാണ്. സ്ത്രീധനം ചോദിച്ചു കൊണ്ടോ പിടിച്ചു വാങ്ങി കൊണ്ടോയുള്ള പണപരമായ കാര്യങ്ങള്‍ ചോദിച്ചു കൊണ്ടുള്ള വിഷയങ്ങളിലാണ് ഡൗറി പ്രൊഹിബിഷന്‍ ആക്ട് വന്നതിന് ശേഷമുള്ള അമെന്‍ഡ്മെന്റ് വഴി ഐപിസിയില്‍ 498 എ ചേര്‍ത്തത്. പണം ചോദിക്കല്‍ എന്ന ഒരു ഇന്‍ഗ്രിഡിയന്റ് ഇല്ലാത്ത സമയത്താണെങ്കില്‍ ഒരിക്കലും ലിവിങ് റിലേഷന്‍ഷിപ്പില്‍ അങ്ങനെയൊരു വിഷയം വരില്ല എന്നതായിരിക്കും ആ കോടതിയില്‍ ഒരു ജസ്റ്റിഫിക്കേഷന്‍ കാണാന്‍ പറ്റുന്നത്. അതുകൊണ്ട് തന്നെ രണ്ടും തരം തിരിക്കേണ്ടതുണ്ട്. പണം ചോദിച്ച് കൊണ്ടുള്ളതാണോ പണം ചോദിക്കാതെയുള്ളതാണോ ശാരീരിക മാനസിക പീഡനങ്ങളെന്ന് വിലയിരുത്തേണ്ടതുണ്ട്. അതായത് പ്രിവന്‍ഷന്‍ ഓഫ് വിമന്‍ ഫ്രം ഡൊമസ്റ്റിക്ക് വയലന്‍സ് എന്ന ആക്ടിന്റെ പരിധിയിലാണോ ഡൗറി പ്രൊഹിബിഷന്‍ ആക്ടിന്റെ പരിധിയിലാണോ ഈ ഗാര്‍ഹിക പീഡനം വരുന്നത് എന്ന് വേര്‍തിരിച്ചിട്ട് വേണം ജഡ്ജ്മെന്റുകളെ വിലയിരുത്താന്‍.

ജനാധിപത്യത്തെ മുറുകെപ്പിടിക്കുന്ന ഈ രാജ്യം എല്ലാ പൗരന്‍മാരെയും സംരക്ഷിക്കേണ്ടത് വളരെ അനിവാര്യമാണ്. അതുകൊണ്ട് തന്നെ നിയമം ഇല്ല എന്ന് പറഞ്ഞ് പല പീഡനങ്ങളും വെളിച്ചത്ത് കൊണ്ടു വരാതെ പോകുന്നത് ശരിയായ കാര്യമില്ല. നിയമത്തിലെ പഴുതുകള്‍ മനസിലാക്കി വേണം പരാതി ഉന്നയിക്കാന്‍ അത് സത്യസന്ധമായി വേണമെന്നതും വളരെ അത്യാവശ്യമാണ്. ഇത്തരം ബന്ധങ്ങളില്‍ സ്ത്രീകള്‍ മാത്രമല്ല പുരുഷന്‍മാരും ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ട്. എത്ര തന്നെ കമ്മിറ്റ്‌മെന്റുണ്ടെങ്കിലും മനസിനും ശരീരത്തിനും വേദന നല്‍കുന്ന ബന്ധങ്ങളില്‍ നിന്ന് ഇറങ്ങി വരാന്‍ കാണിക്കുന്ന ധൈര്യം പല കുറ്റകൃത്യങ്ങളും തടയും.