വെള്ളമുണ്ട: നവംബർ 30-ന് വീണ്ടും പഴശ്ശി വീരാഹുതി ദിനമെത്തുമ്പോൾ പഴശ്ശിയുടെ ഓർമ്മകൾക്കും പോരാട്ടവിര്യങ്ങളുടെ രണഭേരികൾ. ഒരു ജനതയുടെ യുഗപുരുഷനായി പഴശ്ശിയെന്ന നാട്ടുരാജാവ് ഈ നാടിന്റെ ഓർമ്മകളിൽ കിരീടമണിഞ്ഞ് നിൽക്കുകയാണ്. ജന്മി അടിയാൻ ജീവിത വ്യവസ്ഥകൾക്കും മുമ്പ് മലനിരകൾ കടന്നു വന്ന ബ്രിട്ടീഷ് അധിനിവേശത്തെ ചെറുത്തുനിന്ന മനോവീര്യം. അതിലുപരി ചരിത്രത്തെ രണ്ടായി മുറിച്ച പോരാട്ടങ്ങളുടെ തമ്പുരാൻ. ഇങ്ങനെയൊക്കെ പഴശ്ശിരാജാവിനെ നാടിനൊപ്പം ചേർത്ത് നിർത്തി ഈ യുഗപുരുഷന് കാലം ആദരം നൽകുന്നു. കേരളസിംഹം പഴശ്ശിരാജയുടെ ധീര രക്തസാക്ഷിത്വത്തിന്റെ ഓർമ്മകൾക്ക് 221 വയസ്സ് പൂർത്തിയാവുകയാണ്.ചരിത്ര പുസ്തകത്തിൽനിന്ന് അവഗണിക്കപ്പെട്ടെങ്കിലും നിറം മങ്ങാത്ത സായുധ കലാപത്തിന്റെ പോരാട്ടവീര്യത്തിൽ തലയുയർത്തി നിൽക്കുകയാണ് വീര പഴശ്ശി. ബ്രിട്ടീഷ് വിരുദ്ധ സ്വതന്ത്ര ഇന്ത്യയുടെ മോചനത്തിനായി ഇന്ത്യയിൽ ഏറ്റവും ആദ്യം നടന്ന കലാപത്തിനെ ചരിത്രം വിസ്മരിച്ചെങ്കിലും സ്വരാജ്യസ്നേഹിയായ പഴശ്ശിരാജാവിന് പുതിയ കാലം തികഞ്ഞ ആദരത്തിൽ പ്രണാമം അർപ്പിക്കുകയാണ്.
ഈസ്റ്റ് ഇന്ത്യാ കമ്പനി അടിച്ചേൽപ്പിച്ച നികുതി ഭാരത്തിൽനിന്നും ചൂഷണത്തിൽ നിന്നും നാട്ടുരാജ്യത്തെ വേർപ്പെടുത്താനുള്ള പഴശ്ശിയുടെ പോരാട്ടമാണ് വൈദേശിക കോളനി ഭരണത്തിന്റെ ഗതിമാറ്റിയത്. നായർ പടയുടെയും കുറിച്യപ്പടയുടെയും സഹായത്തോടെ ഇംഗ്ലീഷ് സൈന്യത്തിനെതിരേയുള്ള ചെറുത്തുനിൽപ്പുകൾ അതിശക്തമായിരുന്നു.കണ്ണവം വയനാടൻ കാടുകൾ ഇതിന് സാക്ഷ്യം വഹിച്ചു. ഇംഗ്ലീഷ് സേനയുടെ തോക്കുകൾക്കും വെടിക്കോപ്പുകൾക്കും മുന്നിൽ നാട്ടുസൈന്യത്തിന് മനോബലം നൽകി പഴശ്ശി ധീരമായ പോരാട്ടം നടത്തുകയായിരുന്നു. മൈസൂരു ആധിപത്യത്തിനോടൊപ്പം വയനാട് ഉൾപ്പെട്ട പ്രവിശ്യകൾ സ്വന്തമാക്കാൻ വന്നവരെക്കെ ഈ പോരാട്ട വീര്യത്തിന് മുന്നിൽ പലതവണ അടിയറവ് പറയേണ്ടി വന്നു. പിൽക്കാലത്തിറങ്ങിയ ഇംഗ്ലീഷ് ചരിത്ര രേഖകൾ ഇതെല്ലാം അടയാളപ്പെടുത്തുന്നു. ഗതകാല വയനാടിന്റെ ചരിത്രം കൂടിയാണ് പഴശ്ശികലാപം പങ്ക് വെക്കുന്നത്.ആദിവാസികളും നായർതറവാടുകളും വീതിച്ചെടുത്ത നാടിന്റെ കാർഷിക സമ്പദ് വ്യവസ്ഥയും ഈസ്റ്റ് ഇന്ത്യ കമ്പനി നോട്ടമിട്ടിരുന്നു. പ്രതികരിക്കാനുള്ള ശബ്ദം പോലും നഷ്ടപ്പെട്ട ജനതയിലേക്ക് സ്വന്തം നാടിനെ കാത്തുസൂക്ഷിക്കാനുള്ള ആർജവുമായാണ് കോട്ടയം രാജവംശത്തിലെ പഴശ്ശിചുരം കയറിയെത്തുന്നത്. 1805 നവംബർ 30 വരെ ഉയർത്തിയ പോരാട്ടങ്ങൾ ദുഷ്കരമായ വയനാടൻ ഭൂതലത്തിന്റെ പശ്ചാത്തലത്തിൽ അതീവ ദുഷ്കരമായിരുന്നതായി പഴശ്ശി സമരരേഖകൾ പറയുന്നു.
പഴശ്ശി എന്ന നാട്ടുരാജാവിന്റെ വ്യക്തിപരവും സൈനികവുമായ ഔന്നിത്യങ്ങൾ പിൽക്കാലത്തിനായി എഴുതിവെക്കാനും ബ്രിട്ടീഷ് ഭരണകൂടം തയ്യാറായി. പഴയ മദ്രാസ് ലൈബ്രറിയിൽ ഇതെല്ലാം സൂക്ഷിച്ചിരിക്കുന്നു. മരണം മുന്നിലെത്തിയപ്പോഴും തലകുനിക്കാൻ മടിച്ചു നിന്നതായിരുന്നു രാജാവിന്റെ ശ്രേഷ്ഠവീര്യമെന്ന് ഡോക്യുമെന്റ് ഓഫ് മലബാർ റീജിയൻ എന്ന പുസ്കത്തിൽ കേണൽ വിൽക്കെൻസി രേഖപ്പെടുത്തിയിട്ടുണ്ട്. നാട്ടുരാജ്യങ്ങളെ കൈയിലെടുത്ത് ആദിവാസികളായ കുറിച്യരെയും നായർ പടയാളികളെയും കുറുമപ്പടയെയും ഒരുമിച്ച് നിർത്തി ബ്രിട്ടീഷ് സൈന്യത്തോട് പൊരുതിയ പഴശ്ശിയുടെ പോരാട്ടത്തിനുമുന്നിൽ പലതവണ അടിപതറികയായിരുന്നു ഇംഗ്ലീഷ് തന്ത്രങ്ങളെല്ലാം. കത്തിടപാടുകളിലൂടെ വെല്ലസ്ലി ഇക്കാര്യങ്ങളെല്ലാം അറിയിച്ചിരുന്നു. ഇന്നിതല്ലൊം ചരിത്ര രേഖകളായി മാറി.
പഴശ്ശി കലാപവും അതിനുശേഷം വന്ന കുറിച്യകലാപവും വയനാടിന്റെ എഴുതപ്പെട്ട ചരിത്രത്തിൽ ആദ്യം തന്നെ സ്ഥാനം പിടിച്ചു.അതിനു മുമ്പുള്ള ചരിത്രങ്ങളിലെല്ലാം ഐതീഹ്യമായും കെട്ടുകഥകളായും പിണഞ്ഞുകിടക്കുകയാണ്.ഇതുകൊണ്ട് തന്നെ വയനാടിനെ ചരിത്രകാരൻമാർ വയനാടിന് പഴശ്ശിക്ക് മുമ്പും പിന്നുമായി രണ്ടായി തരം തിരിച്ചിരിക്കുന്നു.
നാട്ടുനയങ്ങളുടെ വേർതിരിവില്ലാതെ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഇടപെടലിനും പിന്നീട് വയനാട് സാക്ഷ്യം വഹിച്ചു. തോട്ടം ഉടമകളും സ്വർണ ഖനന കമ്പനികളും വയനാട്ടിലേക്ക് കുടിയേറുകയും സാധാരണ ജനങ്ങളുടെ ജീവിതത്തിൽ ഇടപെടുകയും ചെയ്തു. മുൻ കാല വയാനാടിന്റെ നാട്ടുരാജ്യമെന്ന വ്യവസ്ഥിതിയെല്ലാം മാറ്റിമറിക്കുകയായിരുന്നു. പഴശ്ശിയുടെ പോരാട്ടങ്ങൾക്ക് ഇതെല്ലാം കൂടുതൽ വിലനൽകി.യഥേഷ്ടം കർഷകരുടെ ഭൂമികൾ കൈയടക്കിയായിരുന്നു ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ വയനാട്ടിൽ ഉടനീളമുള്ള തേരോട്ടം.
പഴശ്ശിയുടെ സമരചരിത്രം ഇനിയും പുതിയ തലമുറയ്ക്ക് പാഠപുസ്തകമായിട്ടില്ല.പഴശ്ശിയുടെ കാലഘട്ടത്തിലെ പല അടയാളങ്ങളും മാഞ്ഞുപോവുകയാണ്. കുഞ്ഞോം വനമേഖലലയോട് ചേർന്ന് പഴശ്ശികാലഘട്ടത്തിന്റെ അടയാളങ്ങൾ ഏറെയുണ്ട്. പഴശ്ശി സൈന്യം തമ്പടിച്ചിരുന്ന വനാന്തർഭാഗത്തെ ചുരുളി വനഗ്രാമം. കുങ്കിച്ചിറയുടെ പരിസരങ്ങൾ, പഴശ്ശിയെ ഒറ്റുകൊടുത്ത ഒറ്റുപാറ തുടങ്ങി പഴശ്ശിയുടെ സഞ്ചാര വഴികളെ ഉൾപ്പെടുത്തി പഴശ്ശി ട്രെയിൽസ് എന്ന പേരിൽ ചരിത്ര പാതകളെ അടയാളപ്പെടുത്തണമെന്നും ആവശ്യം ഉയരുന്നു. പഴശ്ശിയുടെ ധീര പടയാളികളിൽ പ്രധാനിയായ എടച്ചന കുങ്കന് പുളിഞ്ഞാലിൽ സ്മാരകം വേണമെന്ന ആവശ്യത്തിനും പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. തലയ്ക്കൽ ചന്തുവിന്റെ വീട് സ്മാരകമാക്കണമെന്ന ആവശ്യം ഇതിനകം പരിഗണിക്കപ്പെട്ടുവരുന്നുണ്ട്. വീണ്ടെടുക്കാൻ കഴിയാത്ത വിധത്തിൽ ധീര ദേശാഭിമാനിയുടെ ചരിത്രം വിസ്മൃതിയാലാവുമ്പോഴും ഇവയൊന്നും സംരക്ഷിക്കപ്പെടുന്നില്ല.ഒട്ടേറെ ആർക്കൈവ്സുകളിലായി ഇവയെല്ലാം ചിതറിക്കിടക്കുന്നു.ഇവയെല്ലാം ഏകോപിപ്പിക്കുന്നതിന് ഇനിയും സംവിധാനമായിട്ടില്ല.പഴശ്ശി വിപ്ലവത്തിന്റെ പുരാരേഖകൾ വീണ്ടെടുക്കണമെന്ന ആവശ്യമാണ് ചരിത്രാന്വേഷകരിൽ നിന്നും ഉയരുന്നത്.
Content Highlights: Wayanad remembers Kerala Varma Pazhassi Raja on his 221st martyrdom anniversary while historians call for better preservation of his legacy.
Published: 29 Nov 2026, 06:14 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented