മഴ ശക്തമായാൽ നെല്ല്, കാപ്പി കർഷകർക്ക് തിരിച്ചടിയാവും
മാനന്തവാടി : വിളവെടുപ്പുകാലത്ത് അപ്രതീക്ഷിതമായി പെയ്യുന്ന മഴ കർഷകരെ ആശങ്കയിലാക്കുന്നു. കാലംതെറ്റിപ്പെയ്യുന്ന മഴ നെൽക്കർഷകരെയും കാപ്പിക്കർഷകരെയുമാണ് പ്രതിസന്ധിയിലാക്കുന്നത്. നെല്ലിന്റെയും കാപ്പിയുടെയും വിളവെടുപ്പുകാലമാണിപ്പോൾ. കഴിഞ്ഞദിവസങ്ങളിലായി കല്പറ്റയുടെ വിവിധ ഭാഗങ്ങളിൽ വൈകുന്നേരങ്ങളിൽ നല്ലരീതിയിൽ മഴപെയ്തിരുന്നു. ബുധനാഴ്ച മാനന്തവാടി, സുൽത്താൻ ബത്തേരി, പുല്പള്ളി ഭാഗങ്ങളിലും കാര്യമായി മഴപെയ്തു.
കാപ്പിവിളവെടുപ്പിന്റെ കാലമാണിപ്പോൾ. പലയിടങ്ങളിലും കാപ്പിക്കുരു ഉണക്കാനിട്ടിട്ടുണ്ട്. നല്ല വെയിൽ ലഭിച്ചില്ലെങ്കിൽ ഇത് ഉണക്കിയെടുക്കുക പ്രയാസമാണ്. നന്നായി ഉണക്കിയില്ലെങ്കിൽ ഈർപ്പംതട്ടി കാപ്പിക്കുരു പൂപ്പൽപിടിക്കുകയും നിറംമാറുകയും ചെയ്യും. ഇത് വിപണിമൂല്യത്തെ സാരമായി ബാധിക്കും. കാപ്പിപറിക്കാനുള്ള കർഷകരും പ്രയാസത്തിലാണ്. മഴപെയ്താൽ കാപ്പി പറിക്കാൻ തൊഴിലാളികളെ കിട്ടാതെവരും. യഥാസമയം പറിച്ചെടുത്തില്ലെങ്കിൽ എല്ലാം നിലത്തടിഞ്ഞു നശിക്കും. ശക്തമായി മഴപെയ്താൽ കാപ്പി പൂക്കും. പിന്നീട് തുടർച്ചയായി മഴപെയ്തില്ലെങ്കിൽ പൂക്കൾ കരിഞ്ഞുപോകും. ഇത് അടുത്തവർഷത്തെ വിളവെടുപ്പിനെ സാരമായി ബാധിക്കും.
നെല്ലുകൾ പലയിടത്തും കതിരിട്ട് കൊയ്യാൻപാകത്തിലായിരിക്കുകയാണ്. വിത്തിടുന്ന സമയത്തും നാട്ടിപ്പണിക്കും വെള്ളംകിട്ടാതെ പ്രയാസത്തിലായ കർഷകർക്ക് വിളവെടുപ്പുകാലത്ത് മഴ ശക്തമായി പെയ്താൽ വലിയ തിരിച്ചടിയുണ്ടാക്കും. ശക്തമായ മഴപെയ്താൽ ഉയരംകൂടിയ നെൽച്ചെടികളൊക്കെ വയലിൽ വീണുകിടക്കും. മഴവെള്ളം കെട്ടിക്കിടക്കുന്ന വയലിലുള്ള നെന്മണികൾ മുളവന്ന് നശിക്കാനും സാധ്യതയേറെയാണ്. കൊയ്ത്തുമെതിയന്ത്രങ്ങളുടെ സഹായത്തോടെയാണ് ജില്ലയിൽ ഭൂരിഭാഗംപേരും നെൽക്കൃഷി ചെയ്യുന്നത്. മഴ നല്ലരീതിയിൽ പെയ്താൽ വയലിലേക്ക് യന്ത്രങ്ങളിറക്കാനാവില്ല.
നെല്ല് ഉണക്കാനും സംഭരിക്കാനും വലിയരീതിയിൽ കർഷകർക്ക് പ്രയാസമുണ്ടാവും. സപ്ലൈക്കോയിലാണ് പലരും നെല്ല് നൽകുന്നത്. നിശ്ചിത അളവിൽ കൂടുതൽ ഈർപ്പമുണ്ടെങ്കിൽ തൂക്കത്തിൽ കിഴിവ് ഏർപ്പെടുത്തും.
ധനകാര്യസ്ഥാപനങ്ങളിൽനിന്നും സ്വകാര്യവ്യക്തികളിൽനിന്നും വായ്പയെടുത്താണ് പലരും കൃഷിയിറക്കുന്നത്. കിട്ടുന്ന വിളവിൽ പ്രതീക്ഷയർപ്പിച്ച് വായ്പവാങ്ങിയവർ നല്ല വിളവ് ലഭിച്ചില്ലെങ്കിൽ സാമ്പത്തികമായി തകർന്നുപോകുന്ന അവസ്ഥയുമുണ്ടാവും. നെല്ല് മുളവന്ന് നശിച്ചാൽ നഷ്ടപരിഹാരം കിട്ടാനുള്ള നൂലാമാലകളും ഏറെയാണ്. ഒരു പാടശേഖരം മുഴുവൻ നശിച്ചാൽമാത്രമേ കർഷകർക്ക് നഷ്ടപരിഹാരം ലഭിക്കൂ. വയലിൽ കൊയ്തിട്ടശേഷമാണ് നെല്ല് നശിക്കുന്നതെങ്കിൽ അതിനും സഹായമൊന്നും ലഭിക്കില്ല. കൃഷിനാശത്തിനു സഹായംനൽകുന്നതിന്റെ മാനദണ്ഡം പൊളിച്ചെഴുതി കർഷകർക്ക് ആശ്വാസമേകണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
കൃഷിക്കാർക്ക് വലിയ പ്രതിസന്ധി
കാലാവസ്ഥാവ്യതിയാനത്തെയും വന്യമൃഗശല്യത്തെയും അതിജീവിച്ചാണ് കൃഷി പിടിച്ചുനിർത്തുന്നത്. എന്തു നഷ്ടംസഹിച്ചാലും അവസാനം ലഭിക്കുന്ന വിളവ് വലിയ ആശ്വാസമാണോ ഓരോ കർഷകനും നൽകുന്നത്. തോട്ടത്തിലെ കാപ്പി ഇതുവരെ പറിച്ചിട്ടില്ല. മഴ തുടർന്നാൽ കാപ്പി, നെല്ല് എന്നിവയിൽനിന്നു ഒരു ആദായവും ലഭിക്കാത്ത സ്ഥിതിയാണുണ്ടാവുക. അപ്രതീക്ഷിതമായി പെയ്യുന്ന മഴയിൽ പ്രയാസത്തിലാവുന്ന കർഷകരെ സഹായിക്കാനുള്ള ഇടപെടൽ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാവണം.
ടി. പ്രസന്നകുമാരി, തിരുനെല്ലി
Published: 27 Nov 2026, 04:28 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented